അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സ്റ്റീവനേജിൽ വെച്ച് സംഘടിപ്പിക്കുന്നു. സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം, മത്സര വേദിയാവും. ഈ മാസം 21 ന് ഞായറാഴ്ച നടക്കുന്ന മത്സരം നോകൗട്ട് അടിസ്ഥാനത്തിലാവും നിയന്ത്രിക്കുക.
സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായി കോർഡിനേറ്റർമാരായ ലൈജോൺ ഇട്ടീര, മെൽവിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ലൈജോൺ ഇട്ടീര – 07883226679
മെൽവിൻ അഗസ്റ്റിൻ – 07456281428
ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെൻ്റിലെ മെഡ്വേയിൽ മലയാളികൾ ഒത്തുചേർന്നുള്ള ഓണാഘോഷം 2025 സെപ്റ്റംബർ 13 ന് ദ ഹോവാർഡ് സ്കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. കെൻ്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും കെൻ്റ് മലയാളി അസോസിയേഷനും ഒത്തു ചേർന്നാണ് ഈ വർഷവും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുൻ കാലങ്ങളിൽ ഓണാഘോഷമുൾപ്പെടെയുള്ള മറ്റ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിൻ്റെ സ്വന്തം നാട് പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് തണലേകുവാനാണ് ഭിന്നതകൾ മറന്ന് എംകെസിയും കെഎംഎയും കൈകൾ കോർത്തത്. തുടർന്ന് ഓണം,ക്രിസ്തുമസ്, സ്പോർട്സ് ഡേ തുടങ്ങിയ പരിപാടികൾ രണ്ടു സംഘടനകളും ഒന്നു ചേർന്നാണ് നടത്തി വരുന്നത്.
ഇനി മെഡ് വേ മലയാളികൾ ഒറ്റക്കെട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇതാദ്യമാണ് മെഡ്വേ മലയാളി അസോസിയേഷൻ എന്ന പേരിൽ മെഡ്വേ മലയാളികൾ ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
രണ്ട് അസോസിയേഷനുകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത നിരവധി പുതുമുഖങ്ങൾ കഴിഞ്ഞ 16 വർഷമായി എംകെസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സർവ്വസമ്മതനായ മാത്യു ജേക്കബ് പുളിക്കത്തൊട്ടിയോടും കെഎംഎയുടെ തുടക്കം മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച വിജയ് മോഹനുമൊപ്പം കൈകൾ കോർക്കുമ്പോൾ വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമായി മെഡ്വേ മലയാളി അസോസിയേഷൻ ജൈത്രയാത്ര തുടരുകയാണ്.
നിതീഷ് മത്തായി, ഷൈജൻ അബ്രഹാം,നിരേഷ് ജോസഫ്,മനോജ് പിള്ള,ഒബിൻ തോട്ടുങ്കൽ, ബിനോയി സെബാസ്റ്റ്യൻ എന്നീ പുതുമുഖങ്ങളുടെ നവീനമായ ആശയങ്ങളോടെ നടത്തിയ സ്പോർട്സ് ഡേ മുക്തകണ്ഠ പ്രശംസ നേടിയിരുന്നു.
മെഡ്വേയിലെ ജില്ലിംഗ്ഹാമിൽ തന്നെ തയ്യാർ ചെയ്യുന്ന ഓണ സദ്യ,24 വനിതകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര,ദക്ഷിണ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ നൃത്ത പ്രകടനങ്ങൾ,മെഡ്വേ മങ്കമാരുടെ നാടൻ പാട്ട് നൃത്തം, യുകെയിൽ തരംഗം സൃഷ്ടിച്ച കലാകാരൻ ആംബ്രോയുടെ സംഗീത-നൃത്ത-DJ പരിപാടി, പുലികളിയും മാവേലിമന്നന് വരവേൽപ്പും തുടങ്ങിയ പരിപാടികൾ മെഡ്വേ മലയാളിളുടെ ഓണത്തിന് മാറ്റു കൂട്ടും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
07578486841, 07940409924, 07915656907
റോമി കുര്യാക്കോസ്
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം’ ക്ലാസുകൾ വിജയകരമായി പൂര്ത്തിയായി. മലയാള ഭാഷയുടെ മാധുര്യം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റർബോറോയിലെ സെന്റ. മേരീസ് അക്കാദമിയിൽ വച്ച് വർണ്ണാഭമായി നടന്നു.
മൂന്നാം ക്ലാസ്സ് മുതൽ എ – ലെവൽ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാണ് ‘മധുരം മലയാളം’ പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്ത്തിയാക്കിയത്. പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സമാപനച്ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതവും സിബി അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.
വിദ്യാർത്ഥികൾക്കായി പന്ത്രണ്ട് ദിന പഠന പദ്ധതി തയ്യാറാക്കുകയും ക്രമീകരിക്കുകയും ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്ത പീറ്റർബൊറോ സെന്റ്. മേരീസ് അക്കാദമി ഡയറക്ടർ സോജു തോമസിനെ ചടങ്ങിൽ ആദരിച്ചു.
‘മധുരം മലയാളം’ പഠന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർത്ഥികളായ ആൽഡൺ ജോബി, അലന തോമസ് എന്നിവർ തങ്ങളുടെ അനുഭവം വേദിയിൽ പങ്കുവച്ചു. പഠന പദ്ധതിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ സാവിയോ സോജു, സ്നേഹ സോജു, സെറാഫിനാ സ്ലീബ എന്നിവർക്ക് ക്യാഷ് പ്രൈസും സ്റ്റീവൻ ടിനു, അമീലിയ ലിജോ, അലാനാ തോമസ്, കാശിനാഥ് കൈലാസ് തുടങ്ങിയവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു.
യു കെയിൽ വലിയ തരംഗമായി മാറിയ ‘മധുരം മലയാളം’ പഠന പദ്ധതിക്ക് വിദ്യാർത്ഥികളുടെയും മാതാപിതാക്കളിൽ നിന്നും മലയാളം ഭാഷ സ്നേഹികളിൽ നിന്നും വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചത്.
ഓഗസ്റ്റ് 4ന് ആരംഭിച്ച ‘മധുരം മലയാളം’ പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു നിർവഹിച്ചു. ഐ ഒ സി (യു കെ)യുടെ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ടും പഠന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ടും ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യു കെയിലെ പ്രവാസി മലയാളി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ കരൂർ സോമൻ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി.
ചടങ്ങുകൾക്ക് യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ എബ്രഹാം കെ ജേക്കബ് (റെജി കോവേലി), ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. ജില്ലിംഹാം ടൈഡ് വാളിൽ ഉള്ള ഹോളി ട്രിനിറ്റി ഹാളിൽ വച്ചായിരുന്നു ആഘോഷങ്ങൾ നടത്തപ്പെട്ടത്. ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട്, ശ്രീ ദേവകി നടരാജൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി, ചടങ്ങുകൾക്ക് വാണി സിബികുമാർ നേതൃത്വം നൽകി. സൂര്യകാലടി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് വിശിഷ്ട അതിഥി ആയിരുന്നു.
പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ 2-ാം മത് ഓണാഘോഷവും പ്രവാസി സംഗമവും സൗത്ത് വെൽസിലെ ന്യൂപോർട്ടിൽ വെച്ച് 30/08/2025 ൽ നടത്തപ്പെടുകയുണ്ടായി. പന്തളത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും യുകെയുടെ പല ഭാഗത്തായി കുടിയേറിയ കുടുംബങ്ങൾ ഒത്തു ചേരുവാനും, പരസ്പരം സ്നേഹങ്ങൾ പങ്കു വെക്കുവാനും, പരിചയം പുതുക്കുവാനും ഈ ഓണാഘോഷം കൊണ്ട് സാധിക്കുകയുണ്ടായി.
മഹാബലി തമ്പുരാന്റെ സത്യവും, നീതിയും, കള്ളത്തരങ്ങളില്ലാത്ത ഒരു യുഗത്തിന്റെ ഓർമ്മകൾ കൊണ്ടാടുവാൻ നാടും, വീടും, വിട്ടു അന്യരാജ്യത്തു കുടിയേറിയ പന്തളത്തിന്റെ സൗഹ്യദയങ്ങൾക്കു ഈ ഓണം ഒരു ഓർമ്മ പുതുക്കൽ കൂടി ആവുകയായിരുന്നു.
അത്തപ്പൂക്കളവും, മഹാബലിത്തമ്പുരാനും, പുതുവസ്ത്രങ്ങൾ അണിഞ്ഞു കേരള തനിമയോടെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും കാഴ്ചയ്ക്ക് മനോഹരമായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കേരളസ്നേഹവും വിളിച്ചോതുന്നതായിരുന്നു. പാട്ടുകളും ഡാൻസുകളും. നാടൻ കലാകായികമത്സരങ്ങളുമായി ഓണാഘോഷം ഗംഭീരമായി.
ഓണാഘോഷത്തോട് കൂടിയ യോഗത്തിൽ രക്ഷാധികാരി തോമസ് ജി ഡാനിയേൽ, പ്രസിഡന്റ് ജയൻ ജനാർദ്ദന കുറുപ്പ്, വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പാപ്പൻ, ജോയിന്റ് സെക്രട്ടറി ഷിജു ഡാനിയേൽ, ട്രഷറർ ബിബിൻ വർഗീസ് മറ്റ് കമ്മിറ്റി അംഗങ്ങൾ സന്നിഹിതായിരുന്നു. 2025 ലെ ഓണാഘോഷത്തിന് നേതൃത്വം കൊടുത്ത ബിനു ദാമോദരൻ സ്വാഗത പ്രസംഗം നടത്തുകയും, പ്രസിഡന്റ് സംഘടനയുടെ കാര്യങ്ങൾ വിശദമാക്കുകയും, ട്രഷറർ കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും, വൈസ് പ്രസിഡന്റ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പന്തളം സുധാകരൻ (മുൻ മന്ത്രി), പന്തളം പ്രതാപൻ, കുടശ്ശനാട് കനകം, എന്നിവർ മുൻകൂട്ടി ആശംസകളും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിക്കുകയുണ്ടായി.
വീണ്ടും അടുത്ത ഓണകാലതേക്കുള്ള കാത്തിരിപ്പുമായി എല്ലാവരും പിരിഞ്ഞു.
എല്ലാവർക്കും സമ്യദ്ധിയുടെയും സന്തോഷത്തിന്റെയും ഓണാശംസകൾ നേർന്നുകൊണ്ടു പന്തളം പ്രവാസി അസോസിയേഷൻ യുകെ.
ബിജു കുളങ്ങര
ലണ്ടൻ. വിദേശ രാജ്യങ്ങളില് നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് കടുത്ത മാര്ഗനിര്ദേശങ്ങളുമായി കിയേര് സ്റ്റാമെര് സര്ക്കാർ ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ മൈഗ്രേഷൻ മന്ത്രി സീമ മൽഹോത്രയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ കൂടിക്കാഴ്ച നടത്തി. ധവളപത്രത്തിലേ നിയമങ്ങൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെ കൂടി കൂടുതൽ ബാധിക്കുന്ന തരത്തിൽ ആയതിനാലാണ് മന്ത്രിയുമായി ആശങ്കകൾ പങ്കു വെച്ചതെന്ന് സുജു കെ ഡാനിയേൽ പറഞ്ഞു.
എല്ലാ മേഖലകളിലും വിഷയം പൂർണ്ണമായും ചർച്ചചെയ്തു എല്ലാ അഭ്യൂഹങ്ങളും പൂർണ്ണമായി ഒഴിവാക്കി മാത്രമേ നിയമം നടപ്പിലാക്കുകയുള്ളുവെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സുജു കെ ഡാനിയേൽ പറഞ്ഞു. സെപ്റ്റംബർ 8 ന് ധവളപത്രം പാർലമെന്റിൽ ചർച്ചക്ക് വരുന്ന സാഹചര്യത്തിൽ ഐഒസി പ്രവർത്തകർ രാഷ്ട്രീയ ഭേദമന്യേ യുകെയിലെ എംപിമാർക്ക് കത്തെഴുതുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ ഐഒസി പ്രവർത്തകർ പ്രാദേശിക എംപിമാർക്ക് ഇമെയിൽ മുഖേനെ കത്തുകൾ അയച്ചു തുടങ്ങി.
അപരിമിത താമസ അനുവാദം (ഐഎല്ആര്) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്ഷത്തില് നിന്നു പത്തു വര്ഷത്തിലേയ്ക്ക് ഉയര്ത്തുന്നത് ഉള്പ്പടെയുള്ള നിര്ദേശങ്ങള് അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില് റിഫോം യുകെ ഉയര്ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര് സര്ക്കാര് അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്.
ഐഎല്ആര് അനുവാദ കാലാവധി പത്തു വര്ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്ക്കാര് നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്ക്കാര് നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്ക്കാര് ധവള പത്രത്തില് വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഐഒസി പ്രവർത്തകർ കത്തുകൾ അയയ്ക്കുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ‘സർഗം പൊന്നോണം 2025’ സെപ്തംബർ 13 ന് ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷം സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാവും നടക്കുക. കഴിഞ്ഞ ഒരുമാസത്തോളം നീണ്ടുനിന്ന കായിക ജ്വരം പകർന്ന ഇൻഡോർ-ഔട്ഡോർ-അത്ലറ്റിക്ക് മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററും വേദികളായി.
‘സർഗം പൊന്നോണം 2025 ‘ ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയിൽ വിഭവ സമൃദ്ധവും, തിരുവോണ രുചി ആവോളം ആസ്വദിക്കുവാനുമുള്ള വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. പൂക്കളമൊരുക്കി സമാരംഭിക്കുന്ന ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക് തിരികൊളുത്തുമ്പോൾ തിരുവാതിരയോടൊപ്പം, നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും ഗാനമേളയും, മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ സ്റ്റീവനേജിന്റെ അനുഗ്രഹീത കലാകാരുടെ താര നിരയാവും അണിനിരക്കുക. മാവേലി മന്നന്റെ ആഗമനവും, ഊഞ്ഞാലും, ഓണപ്പാട്ടുകളും, ചെണ്ടമേളവും, അതിലുപരി ‘തിരുവോണ സംഗീത-നൃത്താവതരണവും’ വേദിയെ കീഴടക്കും.
സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മ്മയും, സൗഹൃദവേദിയുമായ സർഗ്ഗം ഒരുക്കുന്ന കലാവിരുന്നും, ഓണസദ്യയും മനം നിറയെ ആസ്വദിക്കുവാൻ ‘പൊന്നോണം 2025’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193
മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193
Venue: Barnwell Upper Schoo, Barnwell, Stevenage, SG2 9SR
അപ്പച്ചൻ കണ്ണഞ്ചിറ
വാട്ഫോർഡ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ കെസിഎഫ് നേതൃത്വം നൽകുന്ന ഓണാഘോഷം സെപ്തംബർ 6 ന് ശനിയാഴ്ച വിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷത്തോടൊപ്പം കെസിഎഫിന്റെ പത്താം വാർഷികവും ഹോളിവെൽ ഹാളിൽ വെച്ചാണ് സംയുക്തമായി നടത്തുക.
പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനും, അനുഗ്രഹീത ഗായകനും, സാമൂഹ്യ-ആത്മീയ-സാംസ്കാരിക- ചാരിറ്റി രംഗങ്ങളിൽ യു കെ യിൽ ശ്രദ്ധേയനുമായ ജോമോൻ മാമ്മൂട്ടിൽ കെസിഎഫ് ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കുചേരും.
ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയിൽ 23 ഇനം വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. രണ്ടു തരം പായസവും ഉണ്ടായിരിക്കും.
‘കെസിഎഫ് തിരുവോണം 2025 ‘ ആഘോഷത്തെ വർണ്ണാഭമാക്കുവാൻ ചെണ്ടമേളം, തിരുവതിര,മോഹിനിയാട്ടം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎൻ സിങ്ങേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടൊപ്പം നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാവും.
വാട്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ കെസിഎഫ്ന്റെ തിരുവോണ ആഘോഷവും, കലാപരിപാടികളും, ഗംഭീര ഓണസദ്യയും ആസ്വദിക്കുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യേണ്ടതാണ്.
കെസിഎഫിന്റെ ജൈത്രയാത്രയുടെ പത്താമത് വാർഷികത്തിന്റെയും, ഓണാഘോഷത്തിന്റേയും ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സുരജ് കൃഷ്ണൻ, കോഡിനെറ്റർമാരായ ജെബിറ്റി,ഷെറിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സണ്ണിമോൻ 07727993229,
ജെയിസൺ – 07897327523,
സിബി – 07886749305
Venue:Holywell Community Centre,Watford,Chaffinch Ln,
WD18 9QD
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ , ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2110 പൗണ്ട് (ഏകദേശം 2,49264 രൂപ ) ഇടുക്കി ചാരിറ്റിയുടെ പ്രതിനിധിയും തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റ്റിൻ വിമലഗിരിയിലെ ബിനോയിയുടെ വീട്ടിൽ എത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിനോയിയുടെ ഭാര്യ സാലിക്ക് കൈമാറി. ബിനോയ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തെ സന്മനസോടുകൂടി കണ്ടു സഹായിക്കുന്ന എല്ലാ നല്ല യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ബിനോയ് വാഹനാപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പരിമിതമായ സൗകര്യങ്ങളിലും പരസ്പരം താങ്ങും തണലുമായിരുന്ന ഹേവർഹിലിലെ മലയാളി സമൂഹം, ഇന്ന് ഒരു പുതിയ ചരിത്രത്തിന്റെ തിരക്കഥയെഴുതി. 2003-ൽ ഇരുപതോളം കുടുംബങ്ങളാൽ തുടങ്ങിയ യാത്ര, 2025-ൽ 200-ത്തിലധികം കുടുംബങ്ങളായി വളർന്ന് ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) എന്ന ഔദ്യോഗിക സംഘടന രൂപം കൊണ്ടു. ആഗസ്റ്റ് 29-ന് ഹാവെർഹിൽ സ്റ്റീപ്പിൾ ബംപ്സ്റ്റഡ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.
മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം 2025-നും ഒരുമിച്ച് അരങ്ങേറിയപ്പോൾ സന്തോഷം ഇരട്ടിയായി. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിര, വടംവലി, വിവിധ കലാപ്രകടനങ്ങൾ തുടങ്ങി വർണശബളമായ പരിപാടികൾ മലയാളി ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ശക്തി വിളിച്ചറിയിച്ചു. പ്രസിഡന്റ് ശ്രീ. സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ. സിജോ ജോർജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ. പ്രവീൺ ജോസ്, ജോയിന്റ് സെക്രട്ടറി ശ്രീ. തോമസുകുട്ടി ചാക്കോ, ജോയിന്റ് ട്രഷറർ ശ്രീ. ബിനു നാരായണൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി ജിലി ജിജോ. എന്നിവർക്കൊപ്പം, എക്സിക്യൂട്ടീവ് മെംബർമാരായ അനീഷ് ചാക്കോ, ദിൽന പ്രവീൺ, സൈനത്തു ദിവാകരൻ, വീണാ അനീഷ്, സജിത്ത് തോട്ടിയാൻ, നോബി ജേക്കബ്, നിവ്യ വിഷ്ണു, അനീവ് ആൻ്റണി, രജനി ബിനു, ബൈജു വല്ലൂരാൻ, ദിവ്യാ നോബി, സിജോ വർഗീസ്, ജിജോ കോട്ടക്കൽ, റിജു സാമുവേൽ, ബിജു ബേബി, ആണ്ടോ ജോസ്, ടോണി ടോം, സാൻ തോമസ് എന്നിവർ ചടങ്ങുകൾക്ക് സജീവ നേതൃത്വം നൽകി.
ചടങ്ങിന്റെ മുഖ്യാതിഥിയായി ഹേവർഹിൽ മേയർ ക്വിൻ കോക്സ് പങ്കെടുത്തു. മലയാളി സമൂഹത്തോടുള്ള മേയറുടെ തുടർച്ചയായ പിന്തുണ ചടങ്ങിൽ പ്രത്യേകം അടിവരയിട്ടു. യുകെയിലെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയെ പ്രതിനിധീകരിച്ച് എത്തിയ യുക്മ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ജെയ്സൺ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി.
യുക്മയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ, കേരളീയരുടെ ഐക്യവും സാഹോദര്യവും, മലയാളികളുടെ സംഘടനാപരമായ വളർച്ച എന്നിവയെ അദ്ദേഹം വിശദീകരിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി പലതവണ സേവനമനുഷ്ഠിക്കുകയും, ഇപ്പോൾ യുക്മയുടെ നാഷണൽ കമ്മിറ്റി മെമ്പറാവുകയും ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.
“ഹേവർഹിൽ മലയാളി അസോസിയേഷൻ മലയാളികൾക്ക് ഒത്തുചേരാനും, ഐക്യത്തോടെ പ്രവർത്തിക്കാനും, നമ്മുടെ സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറാനും ഒരു കേന്ദ്രമാകും” – സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ ഹാവെർഹിൽ മലയാളികൾക്കും സാമ്പത്തീക സഹായം നൽകി പ്രോത്സാഹിപ്പിച്ച സ്പോൺസേഴ്സിനും അസോസിയേഷന്റെ പേരിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി വീണാ അനീഷ് നന്ദി അറിയിച്ചു. അവസാനമായി, ഓണത്തിന്റെ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ജീവിതത്തിൽ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.