നോട്ടിങ്ങാം: ഇംഗ്ലണ്ടിലേക്കുള്ള മലയാളികളുടെ രണ്ടാം കുടിയേറ്റത്തോടൊപ്പമുള്ള ചരിത്രത്തിന്റെ ഭാഗമാണ് മലയാളി അസോസിയേഷനുകളും. അതതു ദേശങ്ങളിലെ മലയാളി കൂട്ടായ്മകളുടെ സാമൂഹ്യ സാംസ്കാരിക കാലാ രംഗങ്ങളിൽ അസ്സോസ്സിയേഷനുകൾ നല്കി വരുന്ന സംഭാവനകൾ നിസ്തുലമാണ്.
അംഗബലം കൊണ്ടും ശക്തമായ പ്രവർത്തനങ്ങൾ കൊണ്ടും ഇംഗണ്ടിൽ സ്വന്തമായൊരു മേൽ വിലാസം നേടിയെടുത്ത പ്രശസ്തസ്തമായ സംഘടനയാണ് നീണ്ട ഇരുപതു വർഷത്തെ ചരിത്രം പറയാനുള്ള പൂർവ്വ മധ്യ ദേശത്തെ നോട്ടിങ്ങാം മലയാളി കൾച്ചറൽ സൊസൈറ്റി എന്ന എൻ എംസിഎ.
എൻ എംസിഎ യുടെ ഇരുപതാം വാർഷികത്തോട്ട് അനുബന്ധിച്ചു ഒരു വർഷം നീണ്ടു നില്ക്കുന്ന ആ ആഘോഷങ്ങൾക്കിടയിൽസംഘടനയ്ക്ക് പുതിയൊരു നേതൃത്വവും എത്തുകുകയാണ്. നല്ലൊരു സംഘടാകനും നീണ്ട കാലത്തെ എൻ എംസിഎയുമായി പ്രവർത്തന പരിചയമുള്ള സാവിയോ ജോസാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. നീണ്ട പതിനഞ്ചു വർഷമായി സംഘടനയുടെ ഭാഗമായ അഷ്‌വിൻ ജോസ് കാക്കനാട്ട് സെക്രട്ടറിയായി എത്തുമ്പോൾ അത് യുവജനങ്ങൾക്കുള്ള അംഗീകാര കൂടിയാകും എന്നത് സംഘടനയ്ക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെ.
ഡിഷാ തോമസ് വൈസ് പ്രസിഡന്റായ കമറ്റിയിൽ ലൈജു വർഗീസ് ട്രഷററും ഏബിൾ ജോസ്ഫ് ജോയന്റ് സെക്രട്ടറിയും ലിതിൻ തോമസ് ജോയന്റ് ട്രഷററുമാണ്. റോയ് ജോർജാണ് പബ്ലിക് റിലേക്ഷൻ കൈകാര്യം ചെയ്യുന്ന പുതിയ പിആർഒ.
അനിൽ മാത്യു , ആഷാ അജയ്, ബെൻസൺ ഫിലിപ്പ്, ഇർഷാദ് ബാബു, ജോണി വി തോമസ്, രാജേഷ് രാജഗോപാലൻ, മനോജ് പ്രസാദ്, ജാൻ ആലപ്പാടൻ പോൾ, സജീഷ് ഫ്രാൻസിസ്, അബിൻ മാത്യു, സിന്ദു സുനിൽ,
റോബിൻ ലൂയിസ് എന്നിവരാണ് മാനേജ്മെന്റ് കമ്മറ്റിയംഗങ്ങാളായി തെരഞ്ഞെടുക്കപ്പെട്ടത്. ജോബി പുതുകുളങ്ങരയും ബിജോയ് വർഗീസും എക്സ് ഒഫീഷോ മെമ്പറന്മാരായി കമ്മറ്റിയുടെ ഒപ്പമുണ്ടാവും.
തീപാറുന്ന ബാഡ്മിൻറൺ മത്സരങ്ങൾക്ക് സംഘാടകരായി FOP …ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ.. രണ്ടാമത് എഫ്.ഒ .പി എവറോളിംഗ് ട്രോഫിക്കായി ആവേശകരമായ ആൾ യുകെ മലയാളി ബാഡ്മിൻ്റൺ ടൂർണമെൻറിന് പ്രസ്റ്റൺ വേദിയാവുന്നു .. ജൂൺ 17 ന് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ ..FOP ഒന്നാമത് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം 42 ടീമുകൾ പങ്കെടുത്ത ആവേശ പോരാട്ടമായിരുന്നു കഴിഞ്ഞവർഷം നടന്നത് എങ്കിൽ ‘ഈ വർഷം രണ്ടാമത് എഫ്.ഒപി എവറോളിംഗ് ട്രോഫിക്കായി 48 ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ .. യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. ജൂൺ 17 ശനിയാഴ്ച 17/06/23. രാവിലെ 9 മുതൽ 6 വരെയാണ് മൽസരം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും. £501 രണ്ടാം സ്ഥാനം നേടുന്നവർക്ക് £301 മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് £101. നൽകുന്നതായിരിക്കും ..FOP രണ്ടാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് .ബിജു മൈക്കിൾ .ബിജു സൈമൺ . ബെന്നി ചാക്കോ എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ ബിജു സൈമൺ : 07891590901, സിന്നി ജേക്കബ് : 07414449497, ബെന്നി ചാക്കോ : 07865119729
ബാർകോഡ് സ്കാൻ ചെയ്തും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ സെമിനാറും മ്യൂസിക്കൽ ഈവനിംഗും ഏറെ ശ്രദ്ദേയമായി. വിവിധ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളുടെ മാറിയ ആരോഗ്യ ആവശ്യങ്ങൾ ഫലപ്രദവും സമഗ്രവുമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആരോഗ്യ രംഗത്തെ മെച്ചപ്പെട്ട ചികിത്സ രീതികളെക്കുറിച്ചും ഏറെ വിശദമായി സെമിനാറിൽ പങ്കെടുത്തു സംസാരിച്ച വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുകയുണ്ടായി.
മുതിർന്നവരിലും യുവാക്കൾക്കിടയിലെയും പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും ചികിത്സാരീതികളെക്കുറിച്ചും ഡോ . ജോർജ് ഏലിയാസ് ക്ലാസ് നയിച്ചു. സ്ട്രോക്ക് അഥവാ പക്ഷഘാതത്തെക്കുറിച്ചും അതു കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും നിലവിലുള്ള ചികിത്സ മാർഗങ്ങളെക്കുറിച്ചെല്ലാം ഡോ . ഗോപിനാഥ് രാമദുരൈ സംസാരിക്കുകയുണ്ടായി.
സ്ത്രീകളിലെ ഫോർമോൺ വ്യതിയാനത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന വിവിധ ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും അത്യധുനക ചികിത്സ രീതികളും ഡോ. സന്തോഷ് പൂഴിക്കാലായിൽ ക്ലാസ് നയിച്ചു.
മുപ്പതുകളിലും നാല്പതുകളിലും വയസ്സുകളിൽ ഓരോരുത്തരുടെയും ആരോഗ്യത്തെക്കുറിച്ചു ദുസ്സൂചനകൾ നൽകുന്ന രോഗമാണ് ഫാറ്റി ലിവർ. വിവിധങ്ങളായ കരൾരോഗങ്ങളെക്കുറിച്ചും സമയബന്ധിതമായ ചികിത്സാ രീതികളെക്കുറിച്ചും ഡോ. മോബി ജോസഫ് ക്ലാസ് നയിച്ചു. ലോകമെമ്പാടും ഇന്ന് സർവസാധാരണയായി കണ്ടു വരുന്ന രോഗമാണ് ബൊവെൽ ക്യാൻസർ. അതിന്റെ ലക്ഷണങ്ങളും പരിശോധന രീതികളെകുറിച്ചെല്ലാം ബൊവെൽ സ്ക്രീനിംഗ് പ്രാക്റ്റീഷനർ മിസ്റ്റർ ജിൻസ് ജോസ് അവതരിപ്പിക്കുകയുണ്ടായി. എൻ എച്ച് എസ് ഡോക്ടർമാരുടെ വിവിധ സേവന സംവിധാനവും, വിവിധങ്ങളായ ചികിത്സയ്ക് ഏതെല്ലാം മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്നും സമീപകാലത്തു എത്തിച്ചേർന്ന മലയാളികൾ യുകെ യിലെ ചികിത്സാരംഗത്തെ എപ്രകാരമാണ് സമീപിക്കേണ്ടതെന്നും മാർഗരീതികളെക്കുറിച്ചും വിശദമായി ഡോ. ഫെബിൻ ബഷീർ സംസാരിച്ചു. നല്ല ചിരിയാണ് എല്ലാവരുടെയും ആഗ്രഹം. കുട്ടികളിലെയും മുതിർന്നവരിലേയും ദന്ത രോഗങ്ങളും അവയുടെ പ്രതിവിധികളും ചികിത്സാരീതികളും, ദന്ത പരിചരണം അറിയേണ്ട കാര്യങ്ങളെക്കുറിച്ചും വളരെ വിശദമായി ഡോ . ടോണി സ്കറിയ സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധത മുന്നിൽകണ്ട് വിൽഷെയർ മലയാളി അസോസിയേഷൻ ഇക്കഴിഞ്ഞ ജൂൺ 4 ആം തിയതി ഞായറാഴ്ച നടത്തിയ മെഡിക്കൽ സെമിനാറും മ്യൂസിക്കൽ നൈറ്റ്, ‘സ്വരലയം 2023’ ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. വിവിധങ്ങളായ രോഗങ്ങൾക്ക് ചികിത്സയും മരുന്നും എത്രമാത്രം അത്യന്താപേകിതമാണോ അത്രമാത്രം തന്നെ പ്രധാനമാണ് ആരോഗ്യവും സന്തോഷവുമുള്ള മനസ്സെന്നും ഇവിടെയാണ് മെഡിസിനും മ്യൂസിക്കിനും നമ്മുടെ നിത്യജീവിതത്തിലെ പ്രാധാന്യമെന്നും ഇവിടെയാണ് വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ സെമിനാറിന്റെയും മ്യൂസിക്കൽ നൈറ്റിന്റെയും പ്രസക്തിയെന്നും പരിപാടിയുടെ ആമുഖമായി അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സംസാരിച്ചു.
സമൂഹത്തിൽ എല്ലാവിഭാഗത്തിലും പെട്ട ആളുകൾക്കും പ്രത്യേകിച്ച് യുകെയിലേക്ക് പുതുതായി എത്തിച്ചേർന്ന പുതുതലമുറക്കും ദൈനംദിന ജീവിതത്തിൽ ഏറെ പ്രയോജനകമായ അറിവു പകരുന്ന ഒരു പരിപാടിയാണ് ഇതെന്നും വിൽഷെയർ മലയാളി അസോസിയേഷൻ ഏറെ ദീർഘവീക്ഷണത്തോടെ സംഘടിപ്പിച്ച പരിപാടി യുകെയിലെ മലയാളി സമൂഹത്തിന് മാത്രമല്ല മറ്റിതര സാമൂഹിക കൂട്ടായ്മകൾക്ക് അനുവർത്തിക്കാവുന്നതാണെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്മോൻ മാത്യു ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. ഏറെ കൃത്യതയോടും സമയനിഷ്ഠയിലും പരിപാടി ആങ്കർ ചെയ്ത ഡോൾജി പോളിന്റെ പങ്ക് ഏറെ പ്രശംസനീയമാണ്.
മെഡിക്കൽ സെമിനാർ & മ്യൂസിക് നെറ്റുനോടനുബന്ധിച് അസ്സോസിയേഷൻന്റെ വെബ്സൈറ്റിന്റെ (www.wmauk.org) ഉത്ഘാടനവും നടന്നു.
സ്വിൻഡനിലെ സർഗ്ഗ ഗായകർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അവതരണ രീതികൊണ്ടും തനത് ശൈലികൊണ്ടും വ്യത്യസതവും മനോഹരവുമായിരുന്നു ഗായകരായ തോമസ് മാടൻപൗലോസ്, രാഗി ജി ആർ, അനു ചന്ദ്ര, വിഷ്ണു സുഗുണൻ, സ്കറിയ കുരിശിങ്കൽ, അഭിലാഷ് തേവർകുന്നേൽ, കെവിൻ എന്നിവർ നേതൃത്വം നൽകി ശബ്ദ സംവിധാനം സോണി കാച്ചപ്പിള്ളി നിവഹിച്ചു. അസോസിയേഷൻ കമ്മിറ്റി അംഗങ്ങളുടെ ഏറെ നാളത്തെ പരിശ്രമമാണ് ഈ പരിപാടി വൻ വിജയമായതിനു പിന്നിലെ മുഖ്യ കാരണം. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാം കോർഡിനേറ്റർ അഞ്ജന സുജിത് അസോസിയേഷന്റെ പേരിൽ നന്ദി പറഞ്ഞു.
ലാലിച്ചന്‍ ജോസഫ്
യു കെ യിലുടനീളമുള്ള ക്രിക്കറ്റ് ടീമുകളും ക്രിക്കറ്റ് പ്രേമികളായ അനേകം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന എം എം എ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 3 ജൂണ്‍ 25 ന് മെയ്ഡ്സ്റ്റോണില്‍ നടക്കും. അതീവ സുന്ദരവും വിശാലവുമായ ഓക്ക് വുഡ് മൈതാനവും സെന്റ് അഗസ്റ്റിന്‍സ് മൈതാനവും ഈ ആവേശ പോരാട്ടത്തിന് വേദിയാകും.
തൊട്ടടുത്തായി ചേര്‍ന്നു കിടക്കുന്ന ഈ രണ്ടു മൈതാനങ്ങളിലും ഒരേ സമയം ലീഗ് മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്നത് കൊണ്ട് തന്നെ ഒരു ദിവസത്തെ സമയക്രമം പാലിച്ചു കൊണ്ട് മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
യു കെ യിലെ മികച്ച സംരംഭകര്‍ സ്പോണ്‍സര്‍ ചെയുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉള്‍പ്പെടെ എം എം എ യുടെ ഒരു വര്‍ഷത്തെ എല്ലാ ദാത്യങ്ങള്‍ക്കും മികച്ച പിന്തുണയുമായി മുഖ്യ സ്പോണ്‍സര്‍ മാരായ ക്യു-ലീഫ് കെയര്‍ മുന്‍പില്‍ തന്നെയുണ്ട്. ജൂണ്‍ 25 ഞായറാഴ്ച്ച രാവിലെ 8 30 നു തന്നെ ആദ്യ പനത്തെറിഞ്ഞു കൊണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുമെന്നും വൈകിട്ട് 5 :30 നു സമ്മാനദാനത്തോടെ സമാപിക്കുമെന്നും ടൂര്‍ണമെന്റ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍മാരായ ഷൈജന്‍ തോമസും ബിജു ബഹനാനും അറിയിച്ചു.
8 മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാര്‍ക്ക് 750 പണ്ടും ട്രോഫിയും ലഭിക്കുമ്പോള്‍ റണ്ണേഴ്‌സ് അപ്പ് സ്വന്തമാക്കുന്നത് 450 പണ്ടും ട്രോഫിയുമായിരിക്കും. മൂന്നാം സമ്മാനം 200 പണ്ടും ട്രോഫിയും. മുന്‍ വര്‍ഷങ്ങളിലേതു പോലെ മികച്ച ബാറ്റ്സ്മാനും മികച്ച ബൌളര്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും.
അനവധി ടീമുകള്‍ താല്പര്യമറിയിച്ച എം എം എക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീമുകളെ തെരഞ്ഞെടുത്തത് മികവിന്റെയും മുന്‍ വര്‍ഷങ്ങളിലെ പങ്കാളിത്തത്തിന്‍റെയും അടി സ്ഥാനത്തിലാണെന്നും ഇത് തികച്ചും ദുഷ്കരമായ കാര്യമായിരുന്നുവെന്നും സംഘാടക സമിതി പ്രസ്താവിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ 25 നു മെയ്ഡ്സ്റ്റണിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എം എം എ പ്രസിഡന്റ് ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍, ട്രെഷറര്‍ വര്‍ഗീസ് സ്കറിയ എന്നിവര്‍ അറിയിച്ചു. കളിക്കാര്‍ക്കും കാണികള്‍ക്കും വേണ്ട സരകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും രുചികരമായ ഭക്ഷണ സ്റ്റാളുകള്‍ ക്രമികരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അനീഷ് ജോൺ
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ആദ്യ പരിപാടിയായ സമ്മർ ഫാമിലി സ്പോർട്സ് ഡേയ് ആൻഡ് ഫുഡ് ഫെസ്റ്റിവൽ ആഘോഷം . ഈ കഴിഞ്ഞ മെയ് 27ന് വിൻസ്റാൻലി സ്കൂൾ മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഭാഗമായ എല്ലാവരും കുടുംബസമേതം പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു.
കുട്ടികളും മുതിർന്നവരുമടക്കം വേനൽച്ചൂടിനൊപ്പം മൽസരച്ചൂടിലേക്കെത്തിയപ്പോൾ കായിക മേള കൂടുതൽ ആവേശമായിമാറി. കുട്ടികൾക്കും മുതിർന്നവരുമടക്കം നൂറുകണക്കിന് ആളുകൾ ആവേശത്തോടെ പങ്കെടുത്തപ്പോൾ അവർക്കായി വാശിയേറിയതും രസകരങ്ങളുമായ ഒട്ടേറെ മൽസരങ്ങൾക്കൊപ്പം പൊറോട്ടയും ഇടിയപ്പവും ബീഫ് കറിയും, നാടൻ ചിക്കൻ കറിയും, പരിപ്പുവടയും, ഉള്ളിവടയും, കട്ട്കേക്കും, ബോണ്ടയും, പൂവൻ പഴവും, മോരും വെള്ളവും, പൊതിച്ചോറും ഉൾപെടുന്ന സ്വാദിഷ്ടമായ നാടൻ ഭക്ഷണങ്ങളുമടങ്ങിയ ഫുഡ് സ്റ്റാളും കായിക മേളയുടെ ഭാഗമായി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തയ്യാറാക്കിയിരുന്നു.
ലെസ്റ്റ്ററിലെ ഒരേയൊരു മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായ എല്ലാവർക്കും ഒത്തുകൂടുവാനും പരിചയപ്പെടുന്നതിനും പുതുക്കുന്നതിനും വലിയ ഒരവസരം കൂടിയായി ഈ വർഷം ലെസ്റ്റർ കേരള കമ്യൂണിറ്റി സംഘടിപ്പിച്ച സ്പോർട്സ് ഡേ. കമ്മ്യുണിറ്റി അംഗങ്ങൾ ഏവരും കായികമേളയെ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ പതിവുപോലെ ഈ വർഷത്തെ കായിക മേളയും വൻ വിജയമായി. കമ്മ്യൂണിറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടിൽ നിന്നും വന്ന മാതാപിതാക്കൾക്കു സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാമെന്നതും അംഗങ്ങൾക്കിടയിൽ മതിപ്പുളവാക്കി. കേരളത്തിൽ നിന്നും നിന്നും വന്നിട്ടുള്ള മക്കളെ കാണുവാൻ ഇവിടെ എത്തിയ മാതാപിതാക്കൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു ഈ സ്പോർട്സ് ഡെ. രജിസ്റ്റർ ചെയ്ത എല്ലാ മിടുക്കൻമാരും മിടുക്കികളും മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കായിക മേളയുടെ ഭാഗമായി തയ്യാറാക്കിയ നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമായി തീർന്നു.
അതി രാവിലെ തന്നേ തുടങ്ങിയ പരിപാടികൾ മുഴുവൻ ദിവസവും നീണ്ടു നിന്നു. ഓട്ടമത്സരവും, ബോൾ ത്രോയും, ഗോൾ കിക്കും, മുട്ടായി പിറക്കലും, ഷോട്ട് പുട്ടും, ലെമൺ ആൻഡ് സ്‌പൂണും, വാശിയേറിയ കസേര കളിയും, തീറ്റ മത്സരവും, കൂടാതെ വടംവലിയും ഉൾപ്പെടെ നിരവധി മത്സരങ്ങൾ കാണികളിൽ ആവേശപ്പെരുമഴ പെയ്യിച്ചു. രമേശ് ബാബു, അജിത് സ്റ്റീഫൻ, ബിൻസി മാത്യു (ജോയിന്റ് സെക്രട്ടറി), അനു അംബി , ചന്ദന സുരേഷ് ജിജി, ജിതിൻ വിജയൻ, അജയ് പെരുമ്പലത്തു, സുബിൻ സുഗുണൻ, രാജേഷ് ട്രീസൺ, ടിന്റു സുബീഷ്, അനീഷ് ജോൺ, മനു ഷൈൻസ് തുടങ്ങിയവർ അണിനിരന്ന സ്പോർട്സ് കമ്മിറ്റിയുടെ പരസ്പരം കൈകോർത്തുള്ള പ്രവർത്തനം പരിപാടികൾ വിജയമാക്കിതീർക്കാൻ സഹായിച്ചു.
സ്വാദിഷ്ടമായ ഭക്ഷണം ആയിരുന്നു പരിപാടികളുടെ മാറ്റ് കൂട്ടിയത് എന്ന് എടുത്തു പറയേണ്ടതില്ല. രാവിലെ മുതൽ തുടങ്ങിയ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഷോപ്പിൽ മിതമായ നിരക്കിൽ നാടൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടികളുമായി വന്ന മാതാപിതാക്കൾക്ക് സുഗമമായി കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു. തൂശനിലയിൽ പൊതിഞ്ഞ മീൻ വറുത്തതും ചമ്മന്തിയും മൊട്ട പൊരിച്ചതും ഒക്കെ അടങ്ങിയ ഓർമകളുടെ മണമുള്ള പൊതിച്ചോറും, ബോണ്ടയും ചെറുപഴവും വെട്ടു കേക്കും ഉഴുന്ന് വടയും പരിപ്പ് വടയും തുടങ്ങി ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഫുഡ് കമ്മിറ്റി അക്ഷരാത്ഥത്തിൽ ഫാമിലി ഫൺ ഡേയുടെ യഥാർത്ഥ താരങ്ങൾ ആയി മാറി.
ടിറ്റി ജോണും ഷിബു മാത്യുവും നേതൃത്വം കൊടുത്ത കമ്മിറ്റിയിൽ ബിനു ശ്രീധരൻ, അരുൺ ഉമ്മൻ, പ്രിയദർശൻ വാസവൻ, ലൂയിസ് കെന്നടി, സനീഷ് സുകുമാരൻ, ബിജു പോൾ, ജോസ്‌ന ടോജോ , സുനിൽ ഏലിയാസ് എന്നിവരും തലേദിവസം മുതൽ പരിപാടിയുടെ വിജയത്തിനായി എല്ലാ ജോലികളും മാറ്റിവെച്ചു അണി നിരന്നു. റീസെപ്‌ഷൻ ആൻഡ് രജിസ്ട്രേഷൻ കൗണ്ടറിൽ ജെയിൻ ജോസഫും(ട്രഷറർ) ശ്യാം കുറുപ്പും (ജോ.ട്രഷറർ), സോണി ജോർജും, സ്‌മൃതി രാജീവും, അക്ഷയ് കുമാറും, രേവതി ഷൈജുവും, ബിജു മാത്യുവും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അണിനിരന്നു. കൂടാതെ എന്തിനും ഏതിനും സഹായവുമായി കമ്മ്യൂണിറ്റിയിലെ ചുണകുട്ടികളുംകൂടി ചേർന്നപ്പോൾ പരിപാടി വളരെ അനായാസമായി നടത്തിയെടുക്കുവാൻ കമ്മിറ്റിക്കായി.
രാവിലെ തുടങ്ങി വൈകിട്ട് ഒൻപതരവരെ നീണ്ടു നിന്ന പരിപാടിക്കായി വന്നു ചേർന്ന നൂറു കണക്കിന് അംഗങ്ങൾക്ക് ആസ്വാദ്യകരമായ ഭക്ഷണത്തിനൊപ്പം ആവേശോജജ്വലമായ ഓർമ്മകൾക്കൂടി സമ്മാനിച്ച് അവസാനിച്ച ഫാമിലി ഫൺ ഡേ ലെസ്റ്റർ കേരളം കമ്മ്യുണിറ്റിയുടെ ചരിത്രത്തിനു ഊടും പാവും നേർന്നു. പങ്കെടുത്ത മുഴുവൻ അംഗങ്ങളുടെയും സബ് കമ്മിറ്റികളുടെയും ആത്മാർത്ഥമായ സഹകരണത്തിന് നിസ്സീമമായ നന്ദി അറിയിക്കുന്നുവെന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജീഷ് കൃഷ്ണനും അറിയിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26ന് നടത്തുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റിയും അറിയിച്ചു.
കോവിഡ് മഹാമാരിയാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുടങ്ങി കിടന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം ഓഗസ്റ്റ് 19 ന് രാവിലെ 10 മണി മുതൽ ബർമിങ്ങ്ഹാം റോയൽ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നൂ.
ഇടുക്കി ജില്ലാ സംഗമം യുകെയിലും, നാട്ടിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നതോട് ഒപ്പം യു കെയിൽ ഓൾ യു കെ ബാഡ്മിൻ്റൺ ടുർണമെൻ്റ്, വടംവലി തുടങ്ങിയ മൽസരങ്ങൾ നടത്തിവരുന്നൂ, യുകെയിലും, നാട്ടിലുമായി ഒരു കോടി 20 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഇതുവരെ നടത്തി കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിൻ്റെ നേത്യത്തിൽ ഭവനങ്ങളില്ലാത്തവർക്ക് പത്തോളം വീടുകൾ ഇതു വരെ പൂർത്തിയാക്കി നൽകി കഴിഞ്ഞു. നമ്മുടെ കൂട്ടായ്മക്ക് പുതുജീവൻ നൽകുന്നതിനും, യു കെയിലുള്ള എല്ലാ ഇടുക്കി ജില്ലക്കാർക്കും ഒരു ദിവസം വിശേഷങ്ങൾ പങ്കു വെക്കുന്നതിനും ഇനി വരുന്ന വർഷത്തെ നമ്മുടെ കൂട്ടായ്മയെ മുൻപോട്ടു നയിക്കുന്നതിനുള്ള കമ്മറ്റിക്കാരെ തെരഞ്ഞെടുക്കുന്നതിനും, അതോടൊപ്പം വിവിധ കലാപരിപാടികൾ ആസൃദിക്കുന്നതിനും നിങ്ങൾ എല്ലാവരേയും കൂടാതെ ബ്രിട്ടണിലേക്ക് പുതിയതായി എത്തി ചേർന്ന എല്ലാ ഇടുക്കി ജില്ലക്കാരെയും ബർമിഹ്ഹാം റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിലേക്ക് ഓഗസ്റ്റ് 19 ന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കലാപരിപാടികൾ അവതരിപ്പിക്കാനും, കൂടുതൽ വിവരങ്ങൾക്കും കമ്മറ്റിക്കാരെ ബന്ധപെടുക.
സംഗമം കമ്മിറ്റിക്കു വേണ്ടി കൺവീനർ ജിമ്മി ജേക്കബ്
07572 880046
അഡ്വ ദിലീപ് കുമാർ
ലണ്ടൻ: ഭാഷാ പഠനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ നോർത്താംപ്ടനിൽ കേരള അക്കാദമി നോർത്താന്റ്സ് എന്ന പേരിൽ ആരംഭിച്ച മലയാളം സ്കൂളിന്റെ ഉദ്ഘാടനം പ്രൗഢോജ്വലമായി. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ കുട്ടികളും മാതാപിതാക്കളും അടങ്ങിയ വലിയ സദസ്സിനെ സാക്ഷി നിർത്തി മുൻമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിന്റെ മഹത്തായ സംസ്കാരവും പൈതൃകവും ചേർത്തു പിടിക്കുവാൻ മാതൃഭാഷാ പഠനം അനിവാര്യമാണെന്നും തേനൂറുന്ന ഭാഷയാണ് മലയാളമെന്നും മാതൃഭാഷയിൽ നിന്നുകൊണ്ടു മാത്രമേ സ്വത്വം നിലനിർത്താനാവുകയുള്ളുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികളെ ഒന്നിച്ചു നിർത്തുന്നത് മാതൃഭാഷയാണെന്നും മാതൃഭാഷയിലൂടെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും എന്നാൽ അത് തീവ്രമായ ഭാഷാ വാദമായി മാറിയാൽ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏവർക്കും ചിന്തനീയമായ എം വി ഗോവിന്ദൻ മാസ്റ്ററിന്റെ പ്രസംഗം ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത് .
ലോക കേരളസഭ അംഗവും കേരള അക്കാദമി നോർത്ത് ആൻഡ്സ് സ്കൂൾ ചെയർമാനുമായ അഡ്വ ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോർത്താംപ്ടനിലെ മുഴുവൻ സാംസ്കാരിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ ഒരു മലയാളം സ്കൂൾ ആരംഭിക്കുവാനായി നേതൃത്വം നൽകുവാൻ സാധിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും ഈ ഉദ്യമത്തിന് നോർത്താംപ്ടനിലെ എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ അഡ്വ ദിലീപ് കുമാർ എടുത്തുപറഞ്ഞു.
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യുകെയിൽ വളർന്നുവരുന്ന കുട്ടികൾ മറ്റു ഭാഷകളോടൊപ്പം മാതൃഭാഷയായ മലയാളവും പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും മലയാളം മിഷന്റെ പാഠ്യപദ്ധതിയെ സംബന്ധിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന നോർത്താംപ്ടനിൽ കേരള അക്കാദമി നോർത്ത്ആൻഡ്സ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന മലയാളം സ്കൂൾ യുകെയിലെ മറ്റ് സ്കൂളുകൾക്കെല്ലാം മാതൃകാപരമായ ഒരു സ്കൂൾ ആയി വളരട്ടെ എന്നും സിഎ ജോസഫ് ആശംസിച്ചു.
എം വി ഗോവിന്ദൻ മാസ്റ്ററിന്റെ പത്നി പി കെ ശ്യാമള ടീച്ചർ ആശംസ അർപ്പിച്ചു. ഓരോ വ്യക്തികളുടെയും സാംസ്കാരിക വളർച്ചയിൽ ഭാഷയുടെ സ്വാധീനം വലുതാണെന്നും അഭിപ്രായപ്പെട്ട പി കെ ശ്യാമള ടീച്ചർ അന്യദേശത്ത് താമസിക്കുന്ന കുട്ടികളാണെങ്കിലും മാതാപിതാക്കളോട് വീട്ടിൽ മലയാളം സംസാരിച്ചും പുസ്തകങ്ങൾ വായിച്ചും മാതൃഭാഷയെ പ്രിയപ്പെട്ടതാക്കി മാറ്റണമെന്നും സൂചിപ്പിച്ചു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ ചിലങ്ക സെക്രട്ടറി ജിജോ തോമസ്, ഫിനിക്സ് ക്രിക്കറ്റ് ക്ലബ് പ്രതിനിധി ഡോൺ പൗലോസ് മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടനെ പ്രീതിനിധീകരിച്ച് ബ്രീത്ത് വർഗീസ് എന്നിവരും ആശംസ അർപ്പിച്ചു.
മുഖ്യാതിഥികളായി എത്തിയ മുൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിനും പി കെ ശ്യാമള ടീച്ചറിനും കേരള അക്കാദമി നോർത്താന്റ്സ് മലയാളം സ്കൂളിന്റെ ഉപഹാരങ്ങൾ സ്കൂൾ ചെയർമാൻ അഡ്വ ദിലീപ് കുമാറും സ്കൂൾ മാനേജർ ആന്റോ കുന്നേപ്പറമ്പിലും ചേർന്ന് നൽകി.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും മുൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജും മലയാളം അക്കാദമി നോർത്താൻഡ്സ് മലയാളം സ്കൂളിന് ആശംസ സന്ദേശങ്ങളും നൽകിയിരുന്നു.
കുട്ടികളെ യാതൊരു തടസവും കൂടാതെ തുടർച്ചയായി മലയാള ഭാഷ പഠിപ്പിക്കുന്നതിന് സന്നദ്ധ സേവനം നൽകുവാൻ തയ്യാറായ അധ്യാപകരുടെ പാനലും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകരുമടങ്ങിയ ഡയറക്ടർ ബോർഡും രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ ഡെപ്യൂട്ടി ഹെഡ് ടീച്ചർ ശരത് രവീന്ദ്രൻ മറ്റ് അധ്യാപകരായ രമേശ് രത്നദാസൻ, നിവി ദിലീപ് കുമാർ, സൂസൻ ജാക്സൺ എന്നിവരെ പരിചയപ്പെടുത്തുകയും കുട്ടികൾ റോസാപ്പൂക്കൾ നൽകി അധ്യാപകരെ ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഹെഡ് ടീച്ചർ സൂസൻ ജാക്സൺ സ്വാഗതമാശംസിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും സന്നിഹിതരായവർക്കും സ്കൂൾ ഡയറക്ടർ റിജൻ അലക്സ് നന്ദിയും രേഖപ്പെടുത്തി. സംഘാടകരുടെ നേതൃത്വത്തിൽ ക്രമീകരിച്ച സ്നേഹവിരുന്നോടുകൂടിയാണ് പരിപാടികൾ പര്യവസാനിച്ചത് .
ജിമ്മി ജോസഫ് ഗ്ലാസ്ഗോ
ഗ്ലാസ്ഗോ: ബ്രിട്ടീഷ് കബഡി ലീഗിൽ മിന്നൽ പ്രകടനവുമായി യുകെ മലയാളി കബഡി ടീം സെമി ഫൈനലിലേയ്ക്ക് .യുകെയിലെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ 9 ടീമുകളുമായി മത്സരിച്ച് ചരിത്രത്തിലിതാദ്യമായി ബ്രട്ടീഷ് കബഡി ലീഗിന്റെ കളത്തിലിറങ്ങിയ മലയാളി കബഡി ടീം – നോട്ടിംഗാം റോയൽസ്, ഗ്ലാസ്ഗോ ക്ലബ് ബെല്ലാ ഗൂസ്റ്റണിനിൽ വച്ച് നടന്ന ആവേശോജ്വലമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരിചയ സമ്പത്തിന്റെ കരുത്തിൽ കേമന്മാരായ എഡിൻബർഗ്ഗ് ഈഗിൾസിനെ നിഷ്പ്രഭരാക്കുന്ന ഗംഭീര പ്രകടനത്തിലൂടെ മുട്ടുകുത്തിച്ചു; യുകെയിലെമ്പാടുമുള്ള കബഡി പ്രേമികളെ ഉൾപുളകം കൊള്ളിച്ചു കൊണ്ട് , കമ്പഡി കളിയുടെ സർവ്വമേഖലയിലും വ്യക്തമായ ആധിപത്യം നേടി മത്സരത്തിലുടനീളം ലീഡുയർത്തി കൊണ്ടേയിരുന്ന നമ്മുടെ സ്വന്തം മലയാളി ടീം തുടക്കകാരന്റെ യാതൊരുവിധ ഭയാശങ്കകളുമില്ലാതെ ബ്രട്ടീഷ് കബഡി ലീഗിലെ ഒട്ടനവധി മത്സരങ്ങളിൽ ആധികാരികമായ വിജയം നേടിയ എഡിൻബർഗ്ഗ് ഈഗിൾസിനെ മലർത്തിയടിച്ചത് 14 പോയിന്റ് വ്യത്യാസത്തിലാണ് , സ്കോർ 29-43.
ബ്രട്ടീഷ് കമ്പഡി ലീഗിൽ വരവറിയിച്ച “കൊടികയറണ പൂരമായി പൊടി പറത്തിയൊരോളമായി ചുണയുടെ പേരുമായി മലയാളത്തിന്റെ ‘അരി കൊമ്പൻ ‘ മാർ നോട്ടിംഗാം റോയൽസ് ചരിത്രം കുറിച്ചു കൊണ്ട് ബ്രട്ടീഷ് കബഡി ലീഗിൽ കരുത്തു തെളിയിച്ച് എതിരാളികളെ മലർത്തിയടിച്ച് മുന്നേറുന്ന മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നൂറു കണക്കിനാളുകൾ എത്തിച്ചേർന്നത് സംഘാടകരെയും ഇതര ടീമുകളെയും ആശ്ചര്യോ ജനകവും ആകാംക്ഷാഭരിതരുമാക്കി.”തകിലടിച്ചൊരു മുകിലു പാടി അകലെ മുകിലിൽ മംഗളങ്ങൾ ” കരമായി കുരവയായി മലയാളി കബഡി ടീമെന്ന വികാരം മനസ്സിൽ ആളികത്തുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും കബഡി കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത പുതു തലമുറയിൽ പെട്ട മലയാളി കുട്ടികളും വനിതകളും ഗ്ലാസ്ഗോ മലയാളി യുവതയും അണിചേർന്നപ്പോൾ ബ്രിട്ടീഷ് മലയാളി കുടിയേറ്റ ചരിത്രത്തിന്റെ നാൾവഴികളിലെ മറ്റൊരു പൊൻ തൂവലായിതുമാറി.
ഇന്ന് മെയ് 28 രാവിലെ 11:30 ന് ഗ്ലാസ്ഗോ ബെല്ലാ ഗൂസ്റ്റണിൽ നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങളിൽ ‘മലയാളി ‘വികാരമായ ‘നോട്ടിംഗാം റോയൽസിനെ ആർപ്പാരവങ്ങളോടെ എതിരേൽക്കാൻ , പിന്തുണയേകാൻ യുകെയിലെ പ്രത്യേകിച്ച് സ്കോട്ലാൻഡിലെ എല്ലാ മലയാളികളെയും സഹർഷം സ്വാഗതം ചെയ്യുന്നതോടൊപ്പം ഇന്നലെ നടന്ന മത്സരത്തിൽ സർവ്വാത്മനാ പിന്തുണയേകിയ എല്ലാവർക്കും പ്രത്യേകിച്ച് ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ് പുതുതായി ആരംഭിച്ച സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ കൾചറൽ കമ്മ്യൂണിറ്റി (SMaCC), കലാകേരളം ഗ്ലാസ്ഗോ ,ഫ്രണ്ട്സ് ഓഫ് ഗ്ലാസ്ഗോ , യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ (USMA) നും ടീം സ്പോൺസറായ 24/7 ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയറിനോടുമുളള അകൈതവമായ നന്ദിയും കടപ്പാടും ടീം മാനേജർ രാജു ജോർജും ടീം ക്യാപ്റ്റൻ സജു മാത്യുവും അറിയിച്ചു. ഇന്ന് നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾ നേരിൽ കണ്ട് പ്രോത്സാഹിപ്പിക്കാൻ ഏവരെയും ക്ഷണിക്കുന്നു .നേരിൽ വരാൻ സാധിക്കാത്തവർക്ക് ബിബിസി സ്പോർട്സ് ചാനലിലൂടെയും തത്സമയം മത്സരങ്ങൾ കാണാവുന്നതാണ്.
മത്സര വേദി :
31 Bellahouston Dr, Bellahouston, Glasgow G52 1HH
സമയം : 11:00 am.
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം മെയ് 21 ന് പീറ്റർ ബറോയിൽ സമാപിക്കുമ്പോൾ , അതൊരു സാംസ്കാരിക സംഘടനയുടെ ഏറെ കരുത്തോടെയുള്ള മുന്നോട്ടു കുതിപ്പിന്റെ നാന്ദികുറിക്കൽ കൂടിയായിരുന്നു.
ഗോവിന്ദൻ മാഷിന്റെയും,ആഷിഖ് അബുവിന്റെയും സാന്നിദ്ധ്യം കൊണ്ടും, വൈവിധ്യമാർന്ന കലാപ്രകടന ചാരുതകൊണ്ടും സമ്പന്നമാക്കപ്പെട്ട സാംസ്കാരിക സമ്മേളനത്തോടെ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം കൊടിയിറങ്ങി.
പൊതു സമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു. തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ വർഗ്ഗീയ വൽക്കരണത്തെക്കുറിച്ചും കേരളസർക്കാരിൻറെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഒപ്പം സമീക്ഷയുകെ യുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. ലണ്ടൻഡറിയിലെ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ റൂബൻ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും പേരു നൽകിയിരുന്ന സമ്മേളന വേദിയിൽ വെച്ച് ആ കുട്ടികളുടെ ഓർമ്മക്കായി സമീക്ഷയുകെ ലണ്ടൻഡറി ബ്രാഞ്ച് കണ്ണൂർജില്ലയിൽ വീടില്ലാത്ത നിർധന കുടുബത്തിന് ഒരു സ്നേഹ വീട് നിർമ്മിച്ചു നൽകുന്ന കാര്യം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ.ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചു.
മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ഒപ്പം ലോകകേരള സഭാംഗം ശ്രീ ശ്രീകുമാർ സദാനന്ദൻ , മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് , പീറ്റർബോറോ മലയാളികളുടെ പ്രതിനിധി ശ്രീ ജോജി മാത്യു എന്നിവർ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നൽകി.
മലയാളികളായ സ്ത്രീകൾ പ്രവാസി ജീവിതത്തിന്റെ ഭാഗമായി അധികം കടന്നു ചെല്ലാത്ത തൊഴിൽ മേഖലയായ ബസ് ഡ്രൈവിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമിൽ നിന്നുള്ള ശ്രീമതി സലീന ഹാരിസ്, സമീക്ഷ യുകെ നാഷ്ണൽ ബാഡ്മന്റൻ കോർഡിനേറ്റേഷ്സ് ആയ ജിജു സൈമൺ, ജോമിൻ ജോസ്, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.
സമീക്ഷയുകെ യുടെ സ്നേഹാദരമായി ഓരോ മൊമെന്റോ സമീക്ഷയുകെ നാഷ്ണൽ പ്രസിഡൻറ് ശ്രി ശ്രീകുമാർ ഉള്ളപ്പിള്ളിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർക്കും, നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ജോയിൻറ് സെക്രട്ടറി ശ്രീ ചിഞ്ചു സണ്ണി എന്നിവർ ചേർന്ന് ശ്രീ ആഷിഖ് അബുവിനും നൽകി.
പൊതു സമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങൾക്കു പുറമേ കഥക് ഭാൻഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കെറ്ററിംങ്ങിൽ നിന്നുള്ള കുട്ടികളുടെ മനോഹരമായ സംഘനൃത്തവും , ഒപ്പം യുകെയിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത കാലാ പ്രതിഭകളെ ശ്രീ ആഷിഖ് അബു സമീക്ഷയുകെയുടെ മൊമെന്റോ നൽകി ആദരിച്ചു. മുന്നൂറിൽ അധികം പേർ പങ്കെടുത്ത പൊതു സമ്മേളനം നാഷ്ണൽ വൈസ്സ്പ്രസിഡന്റ് ശ്രീ ഭാസ്കർ പുരയിലിന്റെ നന്ദി പ്രകാശനത്തോടെ വൈകിട്ട് ഏഴരയോടെ സമാപിച്ചു .
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസെന്റ് നഗറിൽ മെയ് 20 ശനിയാഴ്ച്ച നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷണൽ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. മത രാഷ്ട്രീയ പരിഗണകൾക്ക് അതീതമായി സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ഭാസ്കർ പുരയിൽ അനുശോചന പ്രമേയം അവതരിച്ചു. സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും, ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീമതി രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ആവശ്യമായ ഭേദഗതികൾക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു.
പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി. ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റി വെക്കുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു.പ്രസീഡിയം, മിനിട്സ് കമ്മറ്റി, പ്രമേയ കമ്മറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു.
നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന ശ്രീ. മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും, പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത ശ്രീ. മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പു നൽകി. നാഷണൽ സെക്രട്ടറിയേറ്റംഗം ശ്രീ. ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.