Association

പഴമയുടെ നല്ല ഓർമ്മകൾ ഉണർത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാൻ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു.

ശ്രീപരമേശ്വരന്റെ ജന്മനാളായാണ് നാം തിരുവാതിര ആഘോഷിക്കുന്നത്.
വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടിയുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

നാടൻ ശീലുകളുടെയും നാട്ടാചാരങ്ങളുടെയും, നാടൻ പാട്ടുകളുടെയും കൂട്ടായ്മയുടെയും ഒരു തിരുവാതിര കാലം ഈ പുതുതലമുറയിൽ ഉണ്ടാകുമോ എന്ന് സംശയം ഉദിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇതാ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റിയിലെ അംഗനമാർ പഴമയുടെ ശീലുകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോട്കൂടി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു.

ആയതിനോടനുബന്ധിച്ച് ഈ വരുന്ന ജനുവരി 14 ന് നാലുമണി മുതൽ 10 മണി വരെ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര,
മാഞ്ചസ്റ്ററിലെ ഗീതാഭവൻ ഹിന്ദു ക്ഷേത്രത്തിൽ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. 4 മണിയോടുകൂടി അലങ്കാരങ്ങൾ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ് . മുൻകാലങ്ങളിൽ അത്യധികം ഉത്സാഹത്തോടെ വനിതകൾ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്‌തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയിൽ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിരതല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാർക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങൾക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

മനസ്സുനിറയെ പഴമയുടെ കുളിരും ഓർമ്മയുമായി, തിരുവാതിര ശീലുകൾക്കൊത്ത് ചുവടു വെച്ച്, ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി GMMHC ധനുമാസ തിരുവാതിര കോ-ഓർഡിനേറ്റർമാർ അറിയിച്ചു.

വിശദവിവരങ്ങൾ അറിയുന്നതിനായി തഴെ പറയുന്ന ആളുകളുമായി ദയവായിബന്ധപ്പെടുക:
അമ്പിളി ദിനേശൻ: 07727 495553
രജനി ജീമോൻ
0 7715 461790
സിന്ധു ഉണ്ണി 07979123615

സേവനം യു കെ യുടെ ആഭിമുഖ്യത്തിൽ ഇന്ന് 28 ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കുന്ന ചതയദിന പ്രാർത്ഥനയിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നത് കോട്ടയം ജില്ലയിലെ മീനച്ചിൽ എസ്എൻഡിപി യൂണിയനിൽപ്പെട്ട തെക്കുംമുറി ശാഖ (3385) സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്ന ബഹുമാനപ്പെട്ട ശ്രീമതി ഷൈല മോഹൻ ആണ്‌.

ബഹുമാന്യയായ ശ്രീമതി ഷൈല മോഹൻ അവർകളുടെ പണ്ഡിതോചിതമായ വാക്കുകൾ ശ്രവിക്കുവാനും ഒരുമിച്ച് പ്രാർത്ഥനാ സംഗമത്തിൽ പങ്കുചേരുവാനും എല്ലാവരെയും സ്നേഹാദരവുകളോടെ ക്ഷണിക്കുകയണ്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245
Passcode: Sevanamuk

ബെഡ് ഫോർഡ് ഷെയർ മലയാളി അസോസിയേഷൻറെ [ബിഎംഎ] ഈ വർഷത്തെ വാർഷിക യോഗത്തിൽ 2022 – 2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സാബിച്ചൻ തോപ്പിൽ പ്രസിഡന്റായും ഓസ്റ്റിൻ അഗസ്റ്റ്യൻ സെക്രട്ടറിയായും ജിനേഷ് രാമകൃഷ്ണൻ ട്രഷറർ ആയും ബിനോ മാത്യു, ഡയാസ് ജോർജ് , സൂര്യ സുധീഷ് , മെറീന തോമസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും മെൽവിൻ ബിനോ, അനീറ്റ സാബിച്ചൻ എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയും തിരഞ്ഞെടുത്തു.

ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കരോൾ ഡിസംബർ 17 -ന് 5 മണി മുതൽ കെംസ്റ്റൺ സൗത്ത് ഫീൽഡ് ഹാളിലും ക്രിസ്മസ് ന്യൂ ഇയർ മെഗാ ഇവൻറെ ജനുവരി 7-ാം തീയതി ശനിയാഴ്ച നാല് മണി മുതൽ കെംസ്റ്റൺ അഡിസൺ ഹാളിലും വച്ച് നടത്തുവാൻ തീരുമാനിച്ചു.

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും , ഗാനമേളയും, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മെംമ്പേഴ്സിനേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.

കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് നിലവിൽ വന്നു. ഇംഗ്ലണ്ടിലെ യഥാർത്ഥ യൂണിവേഴ്സിറ്റി നഗരം എന്ന് വിളിക്കാവുന്ന കേംബ്രിഡ്ജിൽ ആണ് കൈരളിയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് രൂപികരിച്ചത്. ഡിസംബർ പന്ത്രണ്ടിന് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ ഉത്‌ഘാടനം നിർവഹിച്ച യൂണിറ്റ് രൂപീകരണ യോഗത്തിൽ കൈരളി യുകെ ട്രഷറർ എൽദോസ്‌ പോൾ, ജോയിൻ്റ് സെക്രട്ടറി രാജേഷ് നായർ, ദേശീയ കമ്മറ്റി അംഗങ്ങൾ അജയ്‌ പിള്ള, ഐശ്വര്യ അലൻ, ഏഐസി ദേശീയ കമ്മറ്റി അംഗങ്ങളായ രാജേഷ് ചെറിയാൻ, ബിനോജ് ജോൺ എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കൈരളി യുകെയുടെ വിവിധ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ അനുഭാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ്‌ കേംബ്രിഡ്ജ് യൂണിറ്റ് കമ്മറ്റിയെ പ്രഖ്യാപിച്ചു.

യൂണിറ്റ് ഭാരവാഹികൾ

പ്രതിഭ കേശവൻ- പ്രസിഡന്റ്, ജെറി മാത്യു വല്ല്യാര- വൈസ് പ്രസിഡന്റ്, വിജേഷ് കൃഷ്ണൻകുട്ടി- സെക്രട്ടറി, മുഹമ്മദ് – ജോയിന്റ് സെക്രട്ടറി, ബിജോ ലൂക്കോസ് – ട്രഷറർ

കമ്മറ്റി അംഗങ്ങൾ

ശ്രീജു പുരുഷോത്തമൻ, ദീപു കെ ചന്ദ്ര, രഞ്ജിനി ചെല്ലപ്പൻ രജിനിവാസ്, അനുഷ് പി എസ്, വിജയ് ജോൺ, ജേക്കബ് ജോൺ, സിനുമോൻ എബ്രഹാം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി വളരെയധികം മലയാളികൾ എത്തുന്ന അനേകം മലയാളികൾ സ്ഥിരതാമസമാക്കിയ കേംബ്രിഡ്ജിൽ വൈവിധ്യങ്ങളായ പരിപാടികൾ ഏറ്റെടുത്തു നടത്തുവാൻ കേംബ്രിഡ്ജ് യൂണിറ്റിന് കഴിയുമെന്ന് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി ആയി ചുമതലയേറ്റ വിജേഷ് യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

 

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെ വെയിൽസിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രീനാരായണ വിശ്വാസികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റിന് രൂപം നൽകി. ഡിസംബർ 10 ശനിയാഴ്ച ന്യൂ പോർട്ടിലെ ഡഫ്രിൻ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സേവനം യു കെ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ രാജീവ് സുധാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ ശ്രീ ബൈജു പാലക്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ശ്രീ അനിൽ ശശിധരൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം ശ്രീ വേണു ചാലക്കുടി, ശ്രീ ബിനു ദാമോദരൻ, എസ് എൻ ഡി പി കോട്ടയം മീനച്ചിൽ യൂണിയൻ തേക്കുംമുറി ബ്രാഞ്ച് (Br3385) ശാഖ സെക്രട്ടറി ശ്രീമതി ഷൈല മോഹൻ തുടങ്ങിയവർ ആശസകൾ അറിയിച്ചു. സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. യൂണിറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രക്ഷാധികാരിയായി ബിനു ദാമോദരനെയും പ്രസിഡന്റായി ശ്രീ ജനീഷ് ശിവദാസിനെയും , കൺവീനറായി ശ്രീ അനീഷ് കോടനാടിനെയും തെരഞ്ഞെടുത്തു. സേവനം യു കെ പുറത്തിറക്കിയ 2023 വർഷത്തെ കലണ്ടറിന്റെ ആദ്യ പതിപ്പ് ശ്രീ.ബിനോജ് ശിവനും നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീമതി അശ്വതി അനീഷ് സ്വാഗതവും ശ്രീ അനീഷ് കോടനാട് കൃതഞതയും രേഖപ്പെടുത്തി.

 

 

 

സന്ദർലാൻഡ്: ക്രിസ്തുമസ്സിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി ഒരുങ്ങികഴിഞ്ഞു.; . ബഹുമാനപെട്ട വൈദീകർ ക്രിസ്മസ് സന്ദേശം നൽകുന്ന സംഗമത്തിൽ കരോൾ സംഗീതം കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിസമാപ്തി കുറിക്കും . ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

ക്രിസ്തുമസ് സംഗമവേദി : ജനുവരി 2 , തിങ്കൾ 5 പിഎം , സെന്റ് . ജോസഫ്സ് പാരിഷ് സെന്റർ, സന്ദർലാൻഡ് – SR4 6HS .

അര്‍ഹിക്കുന്ന കൈകളില്‍ സഹായമെത്തിക്കുമ്പോഴാണ് അതിന് അര്‍ത്ഥമുണ്ടാകൂ. അങ്ങനെ നോക്കുമ്പോള്‍ ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ അസോസിയേഷനുകള്‍ക്കും മാതൃകാപരമാണ്. ആശുപത്രികളിലെ അടിയന്തര സഹായങ്ങള്‍ നല്‍കി അത് പൊതു സമൂഹത്തിന് ഗുണകരമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജിഎംഎ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ജില്ലാ ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം സഹായങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന വലിയ ആശ്വാസമാണ്.

2002 മെയ് മാസം സ്ഥാപിതമായ ജിഎംഎ 20ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

12 ജില്ലകളിലെ ജില്ലാ ആശുപത്രികള്‍ക്കായി സേവനം പൂര്‍ത്തിയാക്കി ജിഎംഎ ഇനി കണ്ണൂരും എറണാകുളത്തും കൂടി സേവനം എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കുറി പാലക്കാട് ജില്ലാ ആശുപത്രിയ്ക്ക് വാട്ടര്‍ കൂളര്‍ സിസ്റ്റം നല്‍കിയാണ് ജിഎംഎ മാതൃകയാകുന്നത്.

ഡിഎംഒ ഡോ റീത കെ പി, സൂപ്രണ്ട് ഡോ ജയശ്രീ പി കെ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കെ എ നാസര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.ആര്‍എംഒ ഡോ ഷൈജ ജെ എസ്, ചീഫ് നഴ്‌സിങ് ഓഫീസര്‍ രാധാമണി ,ആശുപത്രി പിആര്‍ഒ അജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജിഎംഎയ്ക്ക് വേണ്ടി യുകെ മലയാളികളുടെ അസോസിയേഷന്‍ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായ ഡോ ബിജു പെരിങ്ങത്തറ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചാരിറ്റിയുടെ ഭാഗമാകാന്‍ ഓരോ അംഗങ്ങളും കാണിക്കുന്ന മനസ് എടുത്തു പറയേണ്ടത് തന്നെ. ജിഎംഎ പ്രസിഡന്റ് ജോവില്‍ടണും സെക്രട്ടറി ദേവ്‌ലാല്‍ സഹദേവനും ചാരിറ്റിയുടെ ഭാഗമായ ഏവര്‍ക്കും നന്ദി അറിയിച്ചു.

യുകെയില്‍ താമസിക്കുമ്പോഴും നാട്ടില്‍ പറ്റാവുന്ന സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. 2002 മേയ് 26ന് ആരംഭിച്ച ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ അഭിമാനമായി മാറുകയാണ്.

ക്രിയാത്മക പ്രവര്‍ത്തനമാണ് ജിഎംഎയുടെ വിജയവും. ചെറിയ പരിപാടികള്‍ ആയാലും അതിലൊരു ചാരിറ്റി ഉള്‍പ്പെടുത്തുന്നതാണ് ജിഎംഎയുടെ രീതി.

അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരികയാണ് അസോസിയേഷന്‍. അതിന്റെ ഭാഗമായി 2016 ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എ യിലെ 100 % അംഗങ്ങളും അവയവ സ്റ്റം സെല്‍ ഡോനെഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യത്തിന്റെ മാതൃകയാണ് ജിഎംഎ.

സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010 ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറെന്‍സ്’ എന്ന വാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അര്‍ഹിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് അസോസിയേഷന്‍.

ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെ യില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി ലഭിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ളവരുടെ അവസ്ഥ ഏവരേയും മനസില്‍ വേദനയുണ്ടാക്കുന്നതാണ്.ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എ യുടെ തിരഞ്ഞെടുത്ത പ്രധിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു

2011 ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്‌ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.

അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എ യുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ടിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012 ല്‍ ഇടുക്കിയിലും 2013 ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014 ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോട് മെഡിക്കല്‍ കിറ്റും ഓക്‌സിജന്‍ സിലിണ്ടറും എത്തിച്ചു. 2017ല്‍ മലപ്പുറത്ത് ഐസിയു മോണിറ്ററിങ് യൂണിറ്റ് നല്‍കി,2018 ല്‍ പത്തനംതിട്ടയില്‍ 17ഓളം ത്രീ സീറ്റര്‍ എയര്‍പോര്‍ട്ട് ചെയറുകള്‍ നല്‍കി. 2019ല്‍ ആലപ്പുഴയില്‍ o2 കോണ്‍സന്‍ട്രേറ്ററും 2021 ല്‍കൊല്ലത്ത് ചെയറുകളും സ്‌റ്റോറേജ് യൂണിറ്റും കൈമാറി.2022 ല്‍ വീല്‍ ചെയറും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ചെയറുകളും കോഴിക്കോട് ആശുപത്രിയ്ക്ക് കൈമാറി. ഇപ്പോഴിതാ പാലക്കാടിലെ ജില്ലാ ആശുപത്രിയിലും സഹായം എത്തിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ വിശദമായി തിരക്കി അവര്‍ക്ക് അത്യാവശ്യമായത് എന്തോ അതാണ് ജിഎംഎ അസോസിയേഷന്‍ വാങ്ങി നല്‍കുന്നത്. അതിനാല്‍ തന്നെ ഈ ചാരിറ്റി കൂടുതല്‍ മഹത്തരവുമാണ്.

വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ജിഎംഎ തുടരുകയാണ്.

ജിഎംഎയുടെ ഹൗസിങ് പ്രൊജക്ട് ഏറെ ശ്രദ്ധേയമായിരുന്നു. പ്രളയ സമയത്ത് 25000 പൗണ്ട് ലക്ഷ്യമിട്ട് കേരള ഫ്‌ളഡ് ഫണ്ടിന് രൂപം നല്‍കി 28000 പൗണ്ട് സമാഹരിച്ചത് വെറും മൂന്നാഴ്ച കൊണ്ടാണ്. അര്‍ഹരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി യുകെ മലയാളി സമൂഹത്തിനാകെ മാതൃക കാണിച്ചിരുന്നു അന്ന് ജിഎംഎ. എന്നും സ്വന്തം നാടിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയാണ് ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും.

 

കൈരളി യുകെ ഫിലിം സൊസൈറ്റി ഡിസംബർ 9 മുതൽ 11 വരെ മലയാള സിനിമ അവനോവിലോന പ്രദർശിപ്പിക്കുന്നു. സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുവാൻ കൈരളി ഫിലിം സൊസൈറ്റി നടത്തുന്ന സിനിമ പ്രദർശനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാക്കളായ ഷെറി (ആദിമധ്യാന്തം – 2011), ടി ദീപേഷ് (ടൈപ്പ് റൈറ്റർ – 2010) എന്നിവർ സംവിധാനം ചെയ്ത അവനോവിലോനയിൽ സന്തോഷ് കീഴാറ്റൂർ, ആത്മിയ രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കീഴാറ്റൂർ പ്രൊഡക്ഷൻസിന്റെയും നിവ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേർന്നാണ് നിർമ്മാണം. കെസി കൃഷ്ണൻ, റിയാസ്, കെഎംആർ, കോക്കാട് നാരായണൻ, മിനി രാധൻ, ഒ മോഹനൻ, എ വി സരസ്വതി, കണ്ണൂരിൽ നിന്നുള്ള 20 ഓളം ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവരും താരനിരയിലുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. ഗ്രീക്ക് ദേവതയായ ‘അവനോവിലോന’ ഭിന്നലിംഗക്കാരുടെ കുടുംബദേവതയാണ്. ട്രാൻസ്‌ജെൻഡർമാരായ റിയ ഇഷയും മണികണ്ഠൻ ചുങ്കത്തറയുമാണ് ചിത്രത്തിൽ വസ്ത്രാലങ്കാരവും മേക്കപ്പും കൈകാര്യം ചെയ്യുന്നത്.

ഡിസംബർ 11 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സിനിമയുടെ നിർമ്മാതാവ് സന്തോഷ് കീഴാറ്റൂർ സംവിധായകൻ ഷെറി എന്നിവരുമായി ഓൺലൈൻ സംവാദവും ഒരുക്കിയിട്ടുണ്ട്. കൈരളി ഫിലിം സൊസൈറ്റി യുകെയുടെ പല ഭാഗങ്ങളിൽ സിനിമ പ്രദർശനവും ചർച്ചകളും സംഘടിപ്പിക്കുന്നു. സിനിമ കാണുവാനും ചർച്ചയിൽ പങ്കെടുക്കുവാനും കൈരളി യുകെ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെടുക. പരിപാടിയുടെ ലിങ്ക് – https://fb.me/e/280uzrLMh

ജെഗി ജോസഫ് 

ബ്രിസ്‌റ്റോളിലെ പ്രമുഖ മലയാളി അസോസിയേഷനായ യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അസോസിയേഷന്റെ ദശാബ്ദി ആഘോഷം നടക്കുകയാണ്. ചാരിറ്റിയുടെ ഭാഗമായി നടത്തുന്ന സര്‍ഗ്ഗസന്ധ്യ എന്ന സംഗീത നൃത്ത പരിപാടിയുടെ ടിക്കറ്റ് വിതരണ ഉത്ഘാടനം യുബിഎംഎയുടെ മുതിര്‍ന്ന അംഗമായ മാത്യു ചിറയത്തിന് നല്‍കി യു.ബി.എം.എ പ്രസിഡണ്ട് ജോൺ ജോസഫ് നിര്‍വ്വഹിച്ചു. ജനുവരി 14ന് ബ്രിസ്‌റ്റോളിലെ ഫില്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകീട്ട് നാലു മണിക്കാണ് പരിപാടി.

പരിപാടിയോട് അനുബന്ധിച്ച് സോള്‍ ബീട്‌സ് അയര്‍ലന്‍ഡിന്റെ ഗാനമേളയും, ബോളിവുഡ് ഡാന്‍സ് ടീമിന്റെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.വിഭവ സമൃദ്ധ മായ ഡിന്നറും ഒരുക്കുന്നു.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് യുബിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബീന മെജോ എന്നിവര്‍ അറിയിക്കുന്നു.

ഉണ്ണികൃഷ്ണൻ ബാലൻ

വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ കേരളത്തിലെ ഡി.വൈ.എഫ്.ഐ ഏർപ്പെടുത്തിയ “ഹൃദയപൂർവ്വം” പദ്ധതിയുടെ മാതൃകയിൽ യു കെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ ആരംഭിച്ച “ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്” വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് . യു കെ സമൂഹത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി അത് എത്തിക്കുന്നതിന് അതാത് സ്ഥലത്തെ ഫുഡ് ബാങ്കുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഫുഡ് ബാങ്കിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ മലയാളി കുടുംബങ്ങളിൽ നിന്നും ശേഖരിച്ച് കൈമാറും.

സമീക്ഷ യു കെ പ്രവർത്തകർ മാസത്തിൽ രണ്ടുതവണ വീടുകളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും.
അടുത്തകാലത്തായി ഭക്ഷ്യസാധനങ്ങൾക്ക് ഉണ്ടായ വിലക്കയറ്റത്തെ തുടർന്ന് ഫുഡ് ബാങ്കുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുകെയിലെ ഫുഡ് ബാങ്കുകൾക്ക് കൈത്താങ്ങ് ആകുവാൻ സമീക്ഷ യു കെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ചു കൊണ്ട് ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ട് എന്ന ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് . സംഘടനയുടെ ഒട്ടുമിക്ക എല്ലാ ബ്രാഞ്ചുകളും ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ കോവിഡ് കാലത്ത് സമീക്ഷ മലയാളി സമൂഹത്തിനായി ഹെല്പ് ലൈൻ വഴി നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു . പഠനത്തിനായി നാട്ടിൽ നിന്നും യു കെ യിൽ എത്തി ലോക്ക്ഡൗൺ കാലത്ത് മുറികളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു കൊടുക്കുന്നതടക്കം ഉള്ള നിരവധി പ്രവർത്തനങ്ങൾ യു കെ യിലെ പൊതുസമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിന്നു എന്ന് ,സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഓർമ്മപ്പെടുത്തി.
ഇതിനു സമാനമായിട്ടാണ് ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. യു കെ യിലെ പൊതു സമൂഹത്തിന് ഒരു സഹായഹസ്തമായി മാറാൻ ഈ പദ്ധതിയിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Copyright © . All rights reserved