Association

അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യു.കെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്..
യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ (MAUK )’ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.

വീണ്ടും 2024 നവംബര്‍ 2, 3 തീയതികളിലായി ലണ്ടനിലെ ‘കേരളാഹൗസി’ല്‍ ‘മലയാളോത്സവം 2024’ എന്ന പേരില്‍ വേദി ഒരുങ്ങുകയാണ് . കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ , ചിത്ര/ശില്പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തിൽ സമ്മേളനങ്ങളും ഉണ്ടായിരിക്കും.
ഇതോടൊപ്പം ‘എഴുത്തച്ഛന്‍ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടത്തപ്പെടും !എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.
മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.

നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക.അന്വേഷണങ്ങള്‍ക്ക്, പ്രിയവ്രതന്‍ (07812059822) മുരളീമുകുന്ദന്‍ (07930134340) ശ്രീജിത്ത് ശ്രീധരന്‍ (07960212334).

www.mauk.org. www.coffeeandpoetry.org.

ഈ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ‘വാട്ട്‌സാപ്പ് ഗ്രൂപ്പി’ല്‍ അണിചേരുവാന്‍ എല്ലാ കലാസാഹിത്യ കുതുകികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Join the WhatsApp group https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x
Inviting volunteers to the Organising committee. Inviting sponsorship from community spirited businesses

സ്കോട്ട് ലൻഡ് : യുണൈറ്റഡ് സ്കോട്ട് ലൻഡ് മലയാളി അസോസിയേഷൻ്റെ നേത്രത്വത്തിൽ ഇദം പ്രഥമായി നടത്തപ്പെടുന്ന ഓൾ സ്കോട്ട് ലൻഡ് മലയാളി ഫുട്ബോൾ മത്സരം നവംബർ 2ാം തീയതി ശനിയാഴ്ച ലിവിംഗ്സ്റ്റണിനടുത്ത് ബാത്ത്ഗേറ്റിലുള്ള വിൻച് ബർഗ്ഗ് സ്പോർട്സ് ക്ലബ്ബിന്റെ 3G പിച്ചിലാണ് കാൽപന്തുകളിയുടെ മലയാളി മാമാങ്കം നടത്തപ്പെടുന്നത്.

സ്കോട്ട് ലൻഡിൽ ഇതാദ്യമായാണ് മലയാളി ടീമുകൾക്ക് വേണ്ടി നാഷണൻ ലെവലിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുസ്മ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഔദ്യോഗിക പ്രഖ്യാപനം സോക്ഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 9 ടീമുകളാണ് ഇതുവരെ മത്സരത്തിനായി സമീപിച്ചിട്ടുള്ളത്. ഇനിയും മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്ടോബർ 25നകം സംഘാടകരെ ബന്ധപെടേണ്ടതാണ്. യുസ്മ സ്പോർട്സ് കോർഡിനേറ്റർ അനൂജ് ഫ്രാൻസിസ്, നോബിൻ പെരുംപള്ളിയുമാണ് യുസ്മ ഫുട്ബോൾ 2024ൻ്റെ മത്സരങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

റോമി കുര്യാക്കോസ്

മാഞ്ചസ്റ്റർ: കൊച്ചി – യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളിൽ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, ഇപ്പോൾ ഗാറ്റ്വിക് എയർപോർട്ടിൽ അവസാനിക്കുന്ന സർവീസുകൾ ബിർമിങ്ങ്ഹം / മാഞ്ചസ്റ്റർ എയർപോർട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ടത്.

എയർ ഇന്ത്യ സി ഇ ഒ & എം ഡി ക്യാമ്പെൽ വിൽ‌സൺ, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹൻ നായ്ഡു, കോൺഗ്രസ്‌ നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്കാണ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്.

നിവേദനം ലഭിച്ച ഉടനെ കെ സുധാകരൻ എം പി കാര്യങ്ങൾ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെ പി സി സി അധ്യക്ഷന്റെ സമയോചിതമായ ഇടപെടൽ പ്രവാസി മലയാളികൾക്ക് ഒരു ഉണർവ്വും പ്രതീക്ഷയും പകർന്നിട്ടുണ്ട്.

വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോൾ കൊച്ചി – യു കെ വ്യോമ റൂട്ടിൽ മൂന്ന് പ്രതിവാര സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരിൽ കുറെയേറെ പേർ എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിക്കുന്നതിനായി ഗവർമെന്റുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ചു എയർ ഇന്ത്യ തങ്ങളുടെ ഡൽഹി / മുംബൈ / ബാംഗ്ലൂർ / ഗോവ എന്നിവിടങ്ങളിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തിൽ എടുത്തു കാട്ടിയിട്ടുണ്ട്.

കൂടാതെ കൊച്ചിയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ങ്ഹം, മാഞ്ചസ്റ്റർ എന്നീ എയർപോർട്ടുകൾ വരെ നീട്ടിയാൽ വടക്ക് – മദ്ധ്യ യു കെയിൽ താമസിക്കുന്ന
മലയാളികൾ ഉൾപ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈർഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്.

 

പൂള്‍: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി സീസണ്‍ 4 എത്തുകയായ്‌. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രാമ ഫെസ്റ്റിവലുകളും ഇവന്റുകളും നടക്കാറുള്ള പൂള്‍ ലൈറ്റ്‌ ഹൗസില്‍ ഈ മാസം 26 നാണ്‌ നീലാംബരി അരങ്ങേറുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയിലുണ്ടായ വന്‍ ജനപങ്കാളിത്തം പരിഗണിച്ചാണ്‌, കൂടുതല്‍ ഇരിപ്പിടങ്ങളും അത്യാധുനിക ശബ്ദ – വെളിച്ച സംവിധാനങ്ങളുമുള്ള ലൈറ്റ്‌ ഹൗസ്‌ ഇക്കുറി നീലാംബരി വേദിയാക്കുന്നതെന്ന്‌ ടീം നീലാംബരി അറിയിച്ചു.

വിവിധ ഘട്ടങ്ങളിലായ്‌ നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം ഗായകരാണ്‌ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 4 ന്റെ മാറ്റു കൂട്ടാനെത്തുന്നുണ്ട്‌. പുതുമുഖഗായകര്‍ക്കും കുരുന്നു പ്രതിഭകള്‍ക്കും ഇക്കുറി കൂടുതല്‍ അവസരം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന്‌ പരിപാടിയുടെ അമരക്കാരനായ മനോജ്‌ മാത്രാടന്‍ പറഞ്ഞു.

യുകെയിലെ സ്റ്റേജ്‌ ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകരും പങ്കെടുക്കും. തനി നാടന്‍ കേരള സ്‌റ്റൈല്‍ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ്‌ കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്‌. 2021ല്‍ ഗിരീഷ്‌ പുത്തഞ്ചേരി നൈറ്റ്‌ എന്ന പേരില്‍ ആരംഭിച്ച സംഗീത വിരുന്നിന്‌ വലിയ സ്വീകാര്യത ലഭിച്ചതോടെയാണ്‌ നീലാംബരി എന്ന പേരില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പരിപാടി സംഘടിപ്പിച്ചത്‌. ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കാണ്‌ നീലാംബരി സീസണ്‍ 4 ആരംഭിക്കുക.

വേൾഡ് മലയാളി ഫെഡറേഷന് യൂറോപ്യൻ രാജ്യമായ അയർലന്റിൽ പന്ത്രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമായ വേൾഡ് മലയാളി ഫെഡറേഷന്റെ രുപീകൃതമായ കാലയളവിൽ തന്നെ അയർലൻഡിൽ നാഷണൽ കൗൺസിൽ നിലവിലുണ്ട്. കണക്കുകൾ പ്രകാരം കാൽ ലക്ഷത്തോളം മലയാളികൾ മരതക ദ്വീപ് എന്ന് വിളിക്കപ്പെടുന്ന അയർലന്റിൽ താമസിക്കുന്നു. പുതിയ ട്രെൻഡ് പ്രകാരം യൂറോപ്പിലേക്ക് ചേക്കേറുന്ന മലയാളി വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ അയർലന്റും പെടുന്നു.

മലയാളികൾക്ക് പ്രിയപ്പെട്ട ഏഴുത്തുകാരായ ഡബ്ള്യു ബി യേറ്റ്സിന്റെയും (W.B .Yeats) ജെയിംസ് ജോസിന്റെയും (James Joyce ) ന്റെയും നാട്ടിൽ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയ്ക്കൾക്ക് ഇനി നേതൃത്വം നൽകേണ്ടത് പുതിയ കൗൺസിലിന്റെ ചുമതലയാണ്. എട്ടാം വാർഷികമാഘോഷിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പുതിയ കൗൺസിലിന് ദൗത്യങ്ങൾ ഏറെ. കൂടുതൽ അംഗങ്ങളെ വേൾഡ് മലയാളി ഫെഡറേഷന്റെ രാജ്യാന്തര നെറ്റ് വർക്കിലേക്ക് അണിചേർക്കേണ്ടതുണ്ട്. കൂടുതൽ മലയാളികൾ പുതിയ ജീവിതം തേടിയെത്തുമ്പോൾ അവർക്കെല്ലാം കരുത്തു പകരാൻ നമ്മുടെ സംഘടനക്ക് സാധിക്കുന്ന വിധത്തിൽ ശക്തിപ്പെടേണ്ടതുണ്ട്. ഇതിനെല്ലാം പുതിയ കൗൺസിലിന് സാധിക്കട്ടെ എന്നും കൂടുതൽ മലയാളികളിലേക്ക് WMF നെ പരിചയപ്പെടുത്താൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

അയർലൻഡ് നാഷണൽ കൗൺസിൽ അംഗങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു.

കോർഡിനേറ്റർ – ഷൈജു തോമസ്
പ്രസിഡന്റ് – ദിനിൽ പീറ്റർ
സെക്രട്ടറി – സന്ദീപ് കെ സുരേന്ദ്രൻ
ട്രഷറർ – സ്റ്റീഫൻ ലൂക്കോസ്
വൈസ് പ്രസിഡന്റ് – ഫിവിൻ തോമസ്
വൈസ് പ്രസിഡന്റ് – സ്മിത വർഗീസ്
ജോയിന്റ് സെക്രട്ടറി – സലിം അബ്ദുൾഖാദർ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ബിപിൻ ചന്ദ്
സച്ചിൻ ദേവ്
ജോസ് ജോസഫ്
ജോസ്മോൻ ഫ്രാൻസിസ്
റെജിൻ ജോസ്

ഗ്ലോബൽ ക്യാബിനറ്റിനു വേണ്ടി,

ഡോ. ജെ രെത്നകുമാർ,
ഗ്ലോബൽ ചെയർമാൻ

ശ്രീ. പൗലോസ് തേപ്പാല
ഗ്ലോബൽ പ്രസിഡന്റ്

ഡോ. ആനി ലിബു
ഗ്ലോബൽ കോർഡിനേറ്റർ

ശ്രീ. നൗഷാദ്

യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബർ) 30ന് ബെർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും. ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ചെലവ് ചുരുക്കുന്നതിന് ഇത്തവണ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട് ചൂരൽമലയുടെ പുനർനിർമ്മാണത്തിന് പണം സ്വരൂപിക്കുന്നതിൻ്റെ ഭാഗമായാണിത്. ദേശീയ സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങള്‍ വിവിധ നഗരങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച മാത്രം അഞ്ചിടങ്ങളിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്. കെറ്ററിംഗ്, കോവെൻട്രി, കേംബ്രിഡ്ജ്, എക്സിറ്റെർ, സൌത്ത് വെയില്‍സ് & കാർഡിഫ് എന്നിവിടങ്ങളിലെ സമ്മേളനം ഈ വരുന്ന ശനി ഞായർ ദിവസങ്ങളില്‍ ചേരും. പ്രദേശത്തെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് യൂണിറ്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.

യുകെയുടെ പൊതുമണ്ഡലങ്ങളില്‍ ആഴത്തില്‍ ഇടപെടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു. സംഘടനയുടെ മുന്നോട്ടുപോക്കിന് ശക്തിപകരുന്ന ക്രിയാത്മകമായ നിർദേശങ്ങളും ഉയർന്നുവന്നു. ഊർജ്ജ്വസ്വലരായ നേതൃത്വത്തെയും യൂണിറ്റ് സമ്മേളനങ്ങള്‍ തെരഞ്ഞെടുത്തു. ബ്രിട്ടനില്‍ സമീക്ഷയ്ക്ക് ആകെ 33 യൂണിറ്റുകളുണ്ട്. ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം ജൂലൈ 31ന് നോർത്താംപ്റ്റണിലായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂർത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കും.

സണ്ണിമോൻ മത്തായി

പകിട കളിയുടെയും,നാടൻ പാട്ടുകൾകൊണ്ടും ആരവ മുഖരിതമാക്കിയ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി. പുതുപ്പള്ളി മണ്ഡലംകാരൻ എന്ന വികാരത്തെ ആഘോഷിക്കുവാനും, നാട്ടുകാരുമായി സൗഹൃദം പങ്കുവക്കുവാനുമായി യുകെയിൽ അങ്ങോളമിങ്ങോളമുള്ള സംഗമ നിവസികൾ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കുടുബത്തോടൊപ്പം ബ്രിസ്റ്റോളിലെ സെന്റ് ജോൺസ് ഹാളിലേയ്ക്ക് ആവേശപൂർവ്വം കടന്നുവന്നത്.

എല്ലാവിധ സൗകരൃങ്ങളോട് കൂടിയ ഹാളും മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടു കൂടിയുള്ള ഒരുക്കങ്ങളുമായി സംഘാടകർ ആയ റോണിയും, ലിസയും ഇപ്രാവിശൃത്തെ സംഗമ വിജയത്തിനായി ഒരുക്കിയിരുന്നത്. രാവിലെ 9AM നുതന്നെ രജിട്രേഷൻ ആരംഭിച്ചു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടും സമാധാനത്തോടും നാടിന്റെ ഓർമ്മകളും പങ്കുവച്ച് നാടിന്റെ കായിക രൂപമായ പകിടകളി. പകിട ,പകിട,പകിട പന്ത്രണ്ട് എന്ന വിളിയിൽ ഹാളും പരിസരവും പ്രകമ്പനം കൊണ്ടു. ആവേശകരമായ മത്സരത്തിൽ ബിജൂ ഇപ്സിച്ച് ട്രോഫി കരസ്ഥമാക്കി. 10AM ന് തന്നെ ഗെയിമുകൾ ആരംഭിച്ചു.

ആബാല വൃദ്ധജനങ്ങൾക്ക് ആസ്വദിക്കാനും,കാണികളെയും പങ്കെടുത്തവരേയും ഒരുപോലെ സന്തോഷിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത് ഗെയിമുകൾ നടത്തിയ ലിസയെ എത്ര അഭിനന്ദിച്ചാലും കുടുതൽ അല്ല. പുതുപ്പളളി മണ്ഡലത്തിന്റെ സ്വന്തം മങ്കമാരുടെ പ്രാർത്ഥനാ ഗാനത്തോട് യോഗം ആരംഭിച്ചു. സണ്ണിമോൻ മത്തായി അദ്ധൃഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട പുതുപ്പള്ളി മണ്ഡലം എം.എൽ.എ ചാണ്ടി ഉമ്മൻ ഓൺലൈൻ വഴി ഉത്ഘാടനം ചെയ്തു. റോണി,ലിസാ,ബിജൂ ഇപ്സിച്ച്, എബ്രാഹാം കുരൃൻ, മാത്തുകുട്ടി എന്നിവർ തിരി തെളിച്ച് ഉത്ഘാടനത്തിൽ പങ്കുചേർന്നു. പിന്നിട് സംഗമ പ്രതിഭകളുടെ ഡാൻസ്,പാട്ട്,നാടൻ പാട്ട് എന്നിവ ഇടതടവില്ലാത് നാലുമണി വരെ തുടർന്നു.

നാലുമണിയോട് നാടൻ പന്തുകളി രാജാക്കൻമ്മാർ ഒത്തുകൂടി മത്സരം ആരംഭിച്ചു. വീറും, വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ ജെയിന്റെ നേതൃതത്തിലുള്ള ടീം കപ്പ് ഉയർത്തി. പുതിയ ഭാരവാഹികളായി ബിജോയ്,അനിൽ മർക്കോസ്, എബ്രാഹാം കുരൃൻ, രാജു എബ്രാഹാം എന്നിവർ ചുമതലയേറ്റു. മൂന്നുനേരവും തനി നാടൻ വിഭവങ്ങൾ കൊണ്ടുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം എല്ലാം നാടിന്റെ പൈതൃകവും ഗൃഹാതുരത്വ ചിന്തകളും തൊട്ടുണർത്തി. പുതുപ്പള്ളിയുടെ ആസ്ഥാന ഗായകനായ ബിജു തമ്പിയുടെ നേതൃതത്തിലുള്ള ശ്രൂതി വോയ്സ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. സംഗമം ഏറ്റവും മികച്ചതാക്കി തീർക്കാൻ വേണ്ടി കഠിന പ്രയ്ത്നം ചെയ്ത റോണി,ലിസ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു.

കൈരളിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്താനും ഭാവി മാർഗരേഖകൾ തയ്യാറാക്കുന്നതിനുമായി ‘ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത്‌ എന്ന അർത്ഥത്തിൽ നാമകരണം ചെയ്ത ക്യാമ്പിനു നോർത്താംപ്ടണിലെ റോക്ക്‌ യുകെ ഫ്രോന്റിയർ സെന്ററിൽ തിരശീല വീണു. ഒക്ടോബർ നാലു മുതൽ ആറു വരെ റീകണക്ട്, റിഫ്ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുന്നിർത്തി നടന്ന ക്യാമ്പിൽ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേർ പങ്കെടുത്തു. യുകെ പോലെയുള്ള വിശാലമായ ഭൂപ്രദേശത്ത് പല കോണുകളിൽ പ്രവർത്തിക്കുന്ന കൈരളിയുടെ വിവിധ ഭാരവാഹിത്വങ്ങൾ ഉള്ളവരെ ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ഒരു പ്രധാന ലക്ഷ്യം. പല കാലഘട്ടങ്ങളിൽ യുകെയിൽ എത്തിയവർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ, വിദ്യാർത്ഥികളായി എത്തിയവർ, ഇങ്ങനെ വിവിധ അനുഭവ സമ്പത്തുള്ള എല്ലാവരെയും ഒരുമിച്ച് കൂട്ടിയിണക്കുവാൻ ക്യാമ്പിനു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് കൊല്ലം കൈരളി എന്തായിരുന്നു, വരും വർഷങ്ങളിൽ എന്തായിരിക്കണം എന്ന് വിവിധ വീക്ഷണകോണുകളിൽ നിന്ന് ‘ദ്യുതി 24’ ക്യാമ്പിൽ ഏറെ ഗൗരവകരമായി ചർച്ച ചെയ്തു. യൂണിറ്റ്‌ കമ്മറ്റി മുതൽ, ഉപരികമ്മറ്റികൾ വരെ നേരിടുന്ന പ്രശ്നങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, തുടരേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ബിജോയ് സെബാസ്റ്റ്യൻ, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമൻ്റ്, എൽദോ പോൾ, നോബിൾ തെക്കേമുറി , പാഷ്യ എം, ജോസൻ ജോസ്‌ എന്നിവർ നേതൃത്വം നൽകി.

കൈരളിയുടെ പ്രവർത്തനത്തെ പറ്റിയുള്ള വൈവിദ്ധ്യമായ വീക്ഷണങ്ങൾ സ്വരൂപിക്കുവാൻ നടത്തിയ ‘ഡിഫറന്റ്‌ പെർസ്സ്പെക്ടീവ്‌’ എന്ന സെഷൻ പ്രാതിനിധ്യം കൊണ്ടും കാഴ്ചപാടുകൾ കൊണ്ടും ശ്രദ്ധേയമായി. കല കുവൈറ്റ് മുൻ സെക്രട്ടറി സൈജു റ്റി കെ, കൈരളി ഒമാൻ മുൻ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്‌, IWA സെക്രട്ടറി ലിയോസ്‌ പോൾ, AIC എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌, രേഖ ബാബുമോൻ, വരുൺ ചന്ദ്രബാലൻ, നിഖിൽ, സനത്ത്‌ എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ നടന്ന ക്യാമ്പിൽ എത്തിയവർക്ക് സന്തോഷിക്കുവാനും സൗഹൃദങ്ങൾ പങ്കുവെക്കുവാനും വിവിധതരം കളികൾ, പാട്ടുകൂട്ടം, ക്യാമ്പ് ഫയർ ഉൾപ്പെടെ മറ്റ് പരിപാടികളും ഒരുക്കിയിരുന്നു. ദ്യുതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, സൗകര്യങ്ങൾ ഒരുക്കിയ റോക്ക്‌ യുകെ, ഭക്ഷണം ഒരുക്കിയ നോട്ടിങ്ഹാം നാലുകെട്ട് കേറ്ററേഴ്സ്‌ എന്നിവർക്ക്‌‌ കൈരളി UK നന്ദി അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ‘മ്യൂസിക് &, ഡീ ജെ നൈറ്റ്’ നവംബർ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതൽ രാത്രി എട്ടുമണിവരെ നീണ്ടു നിൽക്കുന്ന ലൈവ് സംഗീത നിശയിൽ, സ്റ്റീവനേജിൽ നിന്നുള്ള അനുഗ്രഹീത പ്രതിഭകളും, പ്രശസ്തരായ അതിഥി ഗായകരും ഗാനങ്ങൾ ആലപിക്കും. അസ്സോസ്സിയേഷൻ മെംബർമാർക്കായി സൗജന്യമായിട്ടാവും ‘സർഗം സ്റ്റീവനേജ്’ സംഗീത നിശയൊരുക്കുന്നത്.

തിരക്കുപിടിച്ച പ്രവാസ ജീവിത പിരിമുറുക്കങ്ങളിലും സമ്മർദ്ധങ്ങളിലും നിന്ന് മനസ്സിന് സന്തോഷവും ശാന്തതയും ആഹ്ളാദവും പകരാൻ അവസരം ഒരുക്കുന്ന മ്യൂസിക്ക് നൈറ്റിൽ, സംഗീത സാന്ദ്രമായ മണിക്കൂറുകൾ ആണ് ആസ്വാദകർക്കായി ക്രമീകരിച്ചിരിക്കുന്നത്. സംഗീത നിശയോടനുബന്ധിച്ചു നടത്തുന്ന ഡീ ജെ യിൽ മനസ്സൂം ശരീരവും സംഗീത രാഗലയ താളങ്ങളിൽ ലയിച്ച് ആറാടുവാനും, ഉള്ളം തുറന്ന് ആഹ്ളാദിക്കുവാനുമുള്ള സുവർണ്ണാവസരമാവും സംജാതമാവുക.

കൂടുതൽ വിവരങ്ങൾക്ക്:
സജീവ് ദിവാകരൻ : 07877902457,
വിത്സി പ്രിൻസൺ : 07450921739
നീരജ പടിഞ്ഞാറയിൽ : 07493859312
പ്രവീൺ തോട്ടത്തിൽ : 07917990879

Venue: Oval Community Centre
Vardon Road, SG1 5RD,
Stevenage.

ഡിജോ ജോൺ

എർഡിങ്ടൺ : ഏർഡിങ്ടൺ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ സമുചിതമായി തിരഞ്ഞെടുത്തത്. അസോസിയേഷൻ പ്രസിഡന്റായ ശ്രീമതി മോനി ഷിജോയുടെ അദ്ധ്യക്ഷതയിൽ യോഗം പുരോഗമിച്ചു.

ഭാരവാഹികളായി, ജോർജ് മാത്യു പ്രസിഡന്റും, ഡിജോ ജോൺ സെക്രട്ടറിയും, റോണി ഈസി ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ആനി കുര്യൻ വൈസ് പ്രസിഡന്റായും, ജിനേഷ് സി. മനയിൽ ജോയിന്റ് സെക്രട്ടറിയായും, ജോർജ് ഉണ്ണുണ്ണി ജോയിന്റ് ട്രഷററായും, ഷൈനി വിവേക് കൾച്ചറൽ കോഓർഡിനേറ്ററായും, തോമസ് എബ്രഹാം, ബിജു എബ്രഹാം, അജേഷ് തോമസ് എന്നിവരെ ഏരിയ കോഓർഡിനേറ്റർമാരായും നിയമിച്ചു.

യോഗത്തിൽ അനിത സേവ്യർ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ ജെയ്സൺ തോമസ് സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മാത്യു ഓണാശംസകൾ നേർന്നു. കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക നിജു സദസ്സിനെ സ്വാഗതം ചെയ്യുകയും, ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തതോടെ സമ്മേളനം സമാപിച്ചു.

അസോസിയേഷന്റെ മുൻ ഭാരവാഹികളായ ജൻസ് ജോർജ്, കുഞ്ഞുമോൻ ജോർജ്, മേരി ജോയ്, അശോകൻ മണ്ണിൽ എന്നിവർ സമ്മേളനത്തിന് സദ്ഭാവനയോടെ നേതൃത്വം നൽകി.

Copyright © . All rights reserved