2010 മുതൽ യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെ പത്താം വാർഷീകം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.
പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകൾ വായിക്കപ്പെടുന്ന ചാനലിൽ നാടൻ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു. സാംസ്കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ “കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ” വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
മാർച്ച് ആദ്യവാരമാണ് യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിൽ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ നിരവധി മലയാളി സംഘടനകൾ നിലവിലുണ്ടെങ്കിലും അവയിൽ അംഗത്വം എടുക്കുന്നതിനോ, പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ. പ്രാദേശികവും ,രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ യുകെയിലെ പല മലയാളിക്കും അന്യമാകുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിലുള്ള എല്ലാ മലയാളികൾക്കും അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക വ്യത്യാസമന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടനയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ. എല്ലാത്തിലും ഉപരിയായി യുകെയിലുള്ള എല്ലാ മലയാളികൾക്കും കൈത്താങ്ങാകുക എന്നുള്ളതാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രഖ്യാപിത ലക്ഷ്യം.
രൂപീകൃതമായി ഒരാഴ്ചക്കുള്ളിൽ തന്നെ കൊറോണയെ പ്രതിരോധിക്കാൻ യുകെയിലെ മലയാളി ഡോക്ടർമാരെയും നഴ്സുമാരെയും ഏകോപിപ്പിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തിയ പ്രവർത്തനം വൻ വിജയമായി. ഏതൊരു യുകെ മലയാളിയ്ക്കും പ്രാപ്യമാകുന്നതരത്തിൽ അവർക്കു സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്ന സംവിധാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് .ഐസൊലേഷനിൽ വീടുകളിൽ കഴിയേണ്ടിവരുന്ന യുകെ മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളും ,മരുന്നുകളും എത്തിച്ചുകൊടുക്കുന്നതും ഇതിന്റെ ഭാഗമായിട്ടുണ്ട്. തുടക്കമിട്ട ദിവസം തന്നെ 90-ൽ അധികം സന്നദ്ധ പ്രവർത്തകർ യു എം ഒ യുമായി കൈകോർത്തത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനിക്കാവുന്ന നേട്ടമാണ് .
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി യു കെ മലയാളികൾക്ക് മൂന്നു തരത്തിലുള്ള സേവനങ്ങളാണ് സന്നദ്ധ സേവ അംഗങ്ങൾ നൽകുന്നത്.ആദ്യത്തേത് ക്ലിനിക്കൽ അഡ്വൈസാണ്. ഡോ.സോജി അലക്സിന്റെ നേതൃത്വത്തിലുള്ള മുപ്പതിലധികം ഡോക്ടർമാർ, നഴ്സ്, സാമൂഹ്യ പ്രവർത്തകർ സഹായഹസ്തവുമായി നമ്മോടൊപ്പമുണ്ട് . രണ്ടാമത്തേത് ഇമോഷണൽ സപ്പോർട്ടാണ്.രോഗം സ്ഥിതീകരിച്ചവരോ സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായ ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മൂന്നാമത്തേതായി ഐസൊലേഷനിൽ കഴിയുന്ന യുകെ മലയാളികൾക്ക് എന്താവശ്യവും എത്തിച്ചുകൊടുക്കാൻ സഹായിക്കുന്ന ഒരു ടീമിനെ സജജമാക്കുക എന്നുള്ളതാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് മലയാളികൾക്കുണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നൽകുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യുകെയിലെ ഒരു പറ്റം മലയാളി അഭിഭാഷകർ രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായും ജോലിയുമായും ബിസിനസ്സും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നല്കാൻ ഈ ലീഗൽ സെല്ലിന് കഴിയും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
യുകെ മലയാളികൾക്കു എന്തിനും ഏതിനും കൈത്താങ്ങായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നമ്മോടൊപ്പം എന്നുമുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് മൂലമുള്ള മരണം യുകെയിൽ ദിനംപ്രതി കൂടി വരുന്നു . 1228 പേർ ഇതുവര മരിച്ചു കഴിഞ്ഞിരിക്കുന്നു . 19522 ഓളം പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു . ഭയാനകമായ ഈ സാഹചര്യത്തിൽ യുകെ മലയാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഡോ : ബീന അബ്ദുൾ വിവരിക്കുന്നു . കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്ത പരസ്പര സഹായ ഹെൽപ്പ് ലൈൻ പദ്ധതിയിൽ തുടക്കം മുതൽ ഡോ : ബീന അബ്ദുൾ പങ്കെടുത്തിരുന്നു .
നിരവധി യുകെ മലയാളികൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാൻ നോർത്താംപ്ടൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗത്തിൽ ക്യാൻസർ സർജനായി ജോലി ചെയ്യുന്ന ഡോ : ബീന അബ്ദുളിന് കഴിഞ്ഞിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ക്ലിനിക്കൽ ടീമിൽ ഡോ : ബീന അബ്ദുളിനൊപ്പം ഭർത്താവായ ജ്യോതിഷ് ഗോവിന്ദനും പങ്കെടുക്കുന്നുണ്ട് . വളരെയധികം യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് ദിനംപ്രതി സഹായം തേടികൊണ്ടിരിക്കുന്നത് . ഏതൊരു യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള സേവനമാണ് 60 ഓളം പേരടങ്ങുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരുമുള്ള മെഡിക്കൽ ടീം യുകെ മലയാളികൾക്കായി നൽകികൊണ്ടിരിക്കുന്നത് .
ആരോഗ്യ മേഖലകളിലും മറ്റ് പല മേഖലകളിലും പ്രവർത്തിക്കുന്ന ഓരോ യുകെ മലയാളികളും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയാണ് ഡോ : ബീന അബ്ദുൾ ഈ വീഡിയോയിൽ വിശദീകരിക്കുന്നത് . ഡോ : ബീന അബ്ദുൾ നൽകുന്ന സന്ദേശം കാണുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.
[ot-video][/ot-video]
ബാല സജീവ് കുമാർ
ലണ്ടൻ : മരണ ഭീതിയിൽ കഴിഞ്ഞ യുകെ മലയാളികൾക്ക് ആശ്വാസമായി മാറിയ ഡോക്ടർമാർ അടക്കമുള്ള ഈ ക്ലിനിക്കൽ – അഡ്വൈസ് ടീമിനെ നമ്മുക്ക് അഭിനന്ദിക്കാം . കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ചിട്ടും, ഭീതിദമായ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ മലയാളികൾക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും, നിയന്ത്രണമാർഗ്ഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനും, രോഗലക്ഷണങ്ങൾ മൂലമോ, രോഗബാധയെ തുടർന്നോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വോളണ്ടിയർമാർ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരാഴ്ച മുൻപ് (മാർച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആർജ്ജിച്ചു കഴിഞ്ഞു.
ആദ്യ ദിവസം കേവലം 4 കോളുകളായിരുന്നു വൈദ്യോപദേശം തേടി എത്തിയതെങ്കിൽ, ഇന്നത്തേക്ക് കോളുകളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിക്കുകയാണ്. ആശങ്കയോടെ ഹെൽപ്പ് ലൈനിൽ വിളിച്ച് ആശ്വാസത്തോടെ നന്ദി പറയുന്ന പലർക്കും, തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിലും, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലെ വർദ്ധിച്ച ജോലിത്തിരക്കുകളിലും നിന്ന് ഒഴിവ് സമയം കണ്ടെത്തി തങ്ങളെ ആശ്വസിപ്പിക്കുന്ന ക്ലിനിക്കൽ ടീമിനെ അറിഞ്ഞു നന്ദി പറയണം എന്ന ആഗ്രഹവും ആവശ്യവുമാണ് ക്ലിനിക്കൽ ടീമിന്റെ അനുവാദത്തോടെ അവരെ പരിചയപ്പെടുത്തുന്നതിന് കാരണം.
ജനറൽ പ്രാക്ടീഷണർമാർ, പല വിഭാഗങ്ങളിലായി സ്പെഷ്യലൈസ് ചെയ്ത കൺസൾട്ടന്റുമാർ, മനോരോഗ വിദഗ്ദ്ധർ, ക്ലിനിക്കൽ പ്രാക്ടീഷണർമാർ, സ്പെഷ്യലിസ്റ്റ് നേഴ്സുമാർ എന്നിവരടങ്ങിയ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്ന 30 ഡോക്ടർമാരും 10 നേഴ്സുമാരും അടങ്ങുന്നതാണ് യുണൈറ്റഡ് മലയാളി ഒർഗനൈസേഷന്റെ ഹെൽപ്പ് ലൈനിലൂടെ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച പൊതുവായ ഉപദേശങ്ങൾ നൽകുന്ന ക്ലിനിക്കൽ ടീമംഗങ്ങൾ. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, പൊതുവായ ചർച്ചകൾക്കുമായി മീറ്റിങ്ങുകൾ നടത്തുന്നതിന് ഉണർവ് ടെലിമെഡിസിൻ എന്ന പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസിംഗും, വീഡിയോ കൺസൾട്ടേഷനും സാധ്യമായ ഉണർവ് ടെലിമെഡിസിൻ ഹെൽപ്പ് ലൈനിന്റെ ഭാഗമാക്കി, ആവശ്യമെങ്കിൽ ചോദ്യകർത്താവിനെ നേരിൽ കണ്ട് ഉപദേശം നൽകുന്ന രീതി കൊണ്ടുവരാനും ആലോചനയുണ്ട്.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷനു വേണ്ടി, വെയ്ക്ഫീൽഡിൽ ജനറൽ പ്രാക്ടീഷണറായ ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ താൽപ്പര്യപ്രകാരം ആരംഭിച്ച, ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് – 19 ക്ലിനിക്കൽ ടീമിലേക്ക് അദ്ദേഹം വിളിച്ചു ചേർത്തവരും, ഓർഗനൈസേഷന്റെ പരസ്യ അഭ്യർത്ഥനയെ മാനിച്ച് കടന്നു വന്നവരുമായവരുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു. ഇതിനോടകം, നിരവധി പേർക്ക് ആശ്വാസദായകമായ ഉപദേശങ്ങൾ നൽകിയ ഇവരെ നമുക്ക് ഒന്ന് ചേർന്ന് അനുമോദിക്കാം.
ഡോക്ടർമാരുടെ പേരുകൾ
Dr സോജി അലക്സ് (ജി. പി)
Dr ബീന അബ്ദുൽ (കൺസൽട്ടൻറ് ഗൈനക്കോളജിക്കൽ ഓൺകോളജി സർജൻ)
Dr ഹരീഷ് മേനോൻ (അക്യൂട്ട് കെയർ ഫിസിഷ്യൻ)
Dr ജോജി കുര്യാക്കോസ് (കൺസൽട്ടൻറ് സൈക്കിയാട്രിസ്റ്)
Dr അജിത് കർത്താ (ജി. പി)
Dr റിയ ജേക്കബ് (പീഡിയാട്രിക്സ്)
Dr മിനി ഉണ്ണികൃഷ്ണൻ
Dr ഷാമിൽ മാട്ടറ (കൺസൽട്ടൻറ് പീഡിയാട്രീഷ്യൻ)
Dr ജോയ് രാജ് (ജി. പി)
Dr ബിജു കുര്യാക്കോസ് (ജി. പി)
Dr അരുൺ റ്റി പി (ജി. പി)
Dr അജേഷ് ശങ്കർ (ഗൈനക്കോളജിസ്റ്)
Dr നിഷ പിള്ള (കാർഡിയോളജി)
Dr സജയൻ (കോൺസൾറ്റൻറ് അനസ്തറ്റിസ്റ്)
Dr Dr ഹാഷിം (റെസ്പിരേറ്ററി കൺസൽട്ടൻറ്)
Dr ഇർഷാദ് (അക്യൂട്ട്ക മെഡിസിൻ കൺസൽട്ടൻറ്)
Dr എസ് നരേന്ദ്രബാബു (ജി പി)
Dr ആർ ശ്രീലത (കൺസൽട്ടൻറ്)
Dr മിനി ഉണ്ണികൃഷ്ണൻ (ജി പി)
Dr ചോവോടത്തു ഉണ്ണികൃഷ്ണൻ (പീഡിയാക്ട്രീഷ്യൻ)
Dr വിമല സെബാസ്ട്യൻ (കമ്മ്യൂണിറ്റി ഡെന്റൽ ഓഫീസർ)
Dr മാത്യു അലക്സ്
Dr ശ്രീധർ രാമനാഥൻ
Dr സെസി മാത്യു (ജി. പി)
Dr വിജയ കുമാർ കുറുപ് ( കൺസൾട്ടന്റ് ജനറൽ സർജറി)
Dr ബീന കുറുപ് ( കൺസൾട്ടന്റ് പീടിയാട്രിക്സ് )
Dr ഷാഫി കളക്കാട്ടിൽ മുത്തലീഫ് (മെന്റൽഹെൽത് കൺസൽട്ടൻറ്)
Dr അശോക് പുലിക്കോട്ട്
Dr ഏലിയാസ് കോവൂർ
Dr തോമസ്
Dr ഷെറിൻ
Dr ശ്രീധർ രാമനാഥൻ
നേഴ്സുമാരുടെ പേരുകൾ
ഡോക്ടർ ഷിബു ചാക്കോ എം ബി ഇ (അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്റ്റീഷനർ)
മിനിജ ജോസഫ് (നഴ്സ് മാനേജർ തിയേറ്റർ)
അജിമോൾ പ്രദീപ് (ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ)
ആനി പാലിയത്ത്
ആഷാ മാത്യു (നേഴ്സ് മാനേജർ)
ആൻസി ജോയ്
ദീപാ ഓസ്റ്റിൻ (നേഴ്സ് മാനേജർ)
ഷീന ഫിലിപ്പ്സ് (ക്ലിനിക്കൽ പ്രാക്ടീഷണർ)
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും മാത്രമാണ് ക്ലിനിക്കൽ അഡ്വൈസ് ഗ്രൂപ്പ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുകയോ ചെയ്യില്ല. പൊതുവായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.
ക്ലിനിക്കൽ അഡ്വൈസ് ഗ്രൂപ്പ് കൂടാതെ, ജോലിപരമോ, സാമ്പത്തികപരമോ, മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട ഉപദേശങ്ങൾ നകുന്നതിനുള്ള പ്രൊഫഷണൽസിന്റെ വോളണ്ടിയർ ഗ്രൂപ്പും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്നവർക്ക് പടിവാതിൽക്കൽ സഹായമെത്തിക്കുന്നതിനുള്ള രാജ്യവ്യാപകമായ 300 -ൽ അംഗങ്ങളുള്ള വോളണ്ടിയർ ഗ്രൂപ്പും കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും, ആശങ്കാകുലരെ സഹായിക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമായുണ്ട്.
ഭീതിതമായ ഈ സാംക്രമിക രോഗത്തിനെതിരെയുള്ള ലോകജനതയുടെ പോരാട്ടത്തിൽ നമുക്കേവർക്കും പങ്കു ചേരാം. പൊതു നന്മയെ കരുതി ഗവൺമെന്റിന്റെയും, പൊതു ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങളെ ജീവിതത്തിൽ പാലിക്കാം. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആഹ്വാനമനുസരിച്ച് നമുക്കും എൻ എച്ച് എസ് വോളണ്ടിയർ ലിസ്റ്റിൽ പങ്കാളികളാകുകയോ, അനുവർത്തിക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്യാം.
രോഗ ലക്ഷണങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആദ്യം എൻ എച് എസ് ഹെൽപ്പ് ലൈൻ 111 എന്ന നമ്പറിൽ വിളിക്കുക. അടിയന്തിര ആവശ്യങ്ങൾക്ക് 999 വിളിക്കുക.
കൊറോണ രോഗത്തിന്റെ ഭീതിയിൽ കഴിയുന്ന യുകെയിലുള്ള ഏതൊരു മലയാളിക്കും, സമാശ്വാസമാകുന്ന പൊതുവായ ഉപദേശങ്ങൾക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ് ലൈൻ നമ്പറായ 02070626688 ലേയ്ക്ക് വിളിക്കുക .
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 281 കടന്നിരിക്കുന്നു . 5683 ൽ അധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ബ്രീട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു . ഭീതി പടർത്തി കൊറോണ വൈറസ് യുകെയിൽ പടരുമ്പോൾ മലയാളികൾക്ക് സഹായഹസ്തവുമായി യുകെയിലെ മലയാളികളായ അഭിഭാഷകർ . യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഭാഗമായി നടത്തപ്പെടുന്ന പരസ്പര സഹായ പദ്ധതിയിൽ ചേർന്ന് നിന്നുകൊണ്ട് യുകെയിൽ കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് മലയാളികൾക്ക് ഉണ്ടാകുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുവാനാണ് യുകെയിലെ മലയാളി അഭിഭാഷകർ മുന്നോട്ട് വന്നിരിക്കുന്നത് .
കൊറോണ ഭീതിയിൽ കഴിയുന്ന യുകെ മലയാളികൾക്ക് മാനസികമായും , ആരോഗ്യകരമായും സഹായം നൽകുന്നതിനായി യുകെയിലെ മലയാളി ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ സൗകര്യം ഏർപ്പെടുത്തിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ 20 ഓളം ഡോക്ടർമാരുള്ള ക്ലിനിക്കൽ ടീമിന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
ഇതിനോടകം നിരവധി യുകെ മലയാളി കുടുംബങ്ങൾക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുവാനും , ആരോഗ്യകരമായ ഉപദേശങ്ങൾ നൽകുവാനും , മാനസിക പിന്തുണ നൽകുവാനും ഈ മെഡിക്കൽ ടീമിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 140 ഓളം വരുന്ന വോളണ്ടിയർമാർക്കും കഴിഞ്ഞു .
കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചിലർ നിയമ സഹായം ആവശ്യപ്പെട്ട് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഭിഭാഷകരെ ഉൾപ്പെടുത്തി യുകെ മലയാളികൾക്ക് സൗജന്യ നിയമ സഹായം കൂടി നൽകുക എന്ന ദൗത്യം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്തത് .
അഡ്വ. ലൂയിസ് കെന്നഡി, അഡ്വ : പോൾ ജോൺ , അഡ്വ : ഫ്രാൻസിസ് മാത്യു കവളക്കാട്ട് , അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ , അഡ്വ : സന്ദീപ് പണിക്കർ , അഡ്വ : അരുൺ ഏണസ്റ്റ് ഡിക്രൂസ് , അഡ്വ : അരവിന്ദ് ശ്രീവത്സലൻ , അഡ്വ : അഫ്സൽ അവുൺഹിപ്പുറത്ത് , അഡ്വ : ദിലീപ് രവി തുടങ്ങി പ്രമുഖരായ ഒന്‍പത് മലയാളി അഭിഭാഷകരാണ് മാതൃകാപരമായ ഈ പരസ്പര സഹായ യജ്ഞത്തിൽ പങ്ക് ചേരാൻ മുന്നോട്ട് വന്നിരിക്കുന്നത് .
ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായ ബന്ധപ്പെട്ടും , ജോലിയുമായും ബന്ധപ്പെട്ടും , ബിസ്സിനസുമായി ബന്ധപ്പെട്ടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാൻ ഈ ലീഗൽ സെല്ലിന് കഴിയും . കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യകരമായോ , നിയമപരമായോ ഏതെങ്കിലും പ്രശ്നങ്ങളിൽ ബുദ്ധിമുട്ടി കഴിയുന്ന യുകെ മലയാളിയാണോ നിങ്ങളെങ്കിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയുടെ ഭാഗമായ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് ഉടൻ വിളിക്കുക . ഞങ്ങളാൽ സാധ്യമായ എല്ലാ സഹായവും നിങ്ങളിൽ ഓരോരുത്തർക്കും നൽകുമെന്ന് ഉറപ്പ് നൽകുന്നു .
സജീഷ് ടോം
യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി മലയാളി വായനക്കാർക്ക് അഭിമാനമായി തുടർച്ചയായി 60 ലക്കം പ്രസിദ്ധീകരിച്ച് ഇതിനകം ചരിത്രം സൃഷ്ടിച്ച ജ്വാല ഇ-മാഗസിൻ വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണങ്ങളിൽ ഒന്നായി വളർന്നു കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അർപ്പിച്ച് എഴുതിയ എഡിറ്റോറിയലിൽ അദ്ദേഹം മലയാള ഭാഷക്ക് നൽകിയ സംഭാവനകളെ സ്മരിക്കുന്നു . “കവി, അധ്യാപകൻ, രാഷ്ട്രീയക്കാരൻ, ഭാഷാ ഗവേഷകൻ, പരിഭാഷകൻ, വാഗ്മി തുടങ്ങി നിരവധി മേഖലകളിൽ കനപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രൻ. അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940 കളിൽ ഇടത് ചിന്താധാരയോടൊപ്പം മലയാള കവിതരംഗത്ത് കടന്ന് വന്നു ചലനം സൃഷ്ടിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ദേശാഭിമാന കവിതകൾ എഴുതി. മണ്ണിനോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്നേഹമായിരുന്നു പുതുശേരികവിതയുടെ കരുത്ത്”; ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. “പുതിയ കൊല്ലനും പുതിയൊരാലയും” ഡോ. പുതുശേരി രാമചന്ദ്രന്റെ പ്രസിദ്ധ രചനയാണ്.
വീണ്ടും വേറിട്ട ഒരു അനുഭവം മനോഹരമായ ശൈലിയിൽ വിവരിക്കുന്നു ജോർജ്ജ് അറങ്ങാശ്ശേരി സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന തന്റെ പംക്തിയിൽ. കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയൻ ഡോ. എം വി വിഷ്ണുനമ്പൂതിരിയെ ഓർമ്മിച്ചു ആർ. ഗോപാലകൃഷ്ണൻ എഴുതിയ ഓർമ്മ, തനിക്കെതിരെ പ്രചരിക്കുന്ന പുരസ്കാര വിവാദത്തിൽ കവി പ്രഭാവർമ്മ പ്രതികരിക്കുന്ന അഭിമുഖം, രവിമേനോന്റെ പാട്ടുവന്ന വഴി എന്ന പംക്തി എന്നിവ മാർച്ച് ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ “കാതുസൂത്രം” എന്ന തന്റെ പുതിയ കൃതിയുടെ രചനയുടെ ചാലക ശക്തി എന്തായിരുന്നു എന്ന് വിശദമാക്കുന്ന ലേഖനവും വായനക്കാരിൽ താല്പര്യം ഉണർത്തും എന്നതിൽ സംശയമില്ല.
ദിപു ശശി രചിച്ച എത്രമേൽ, അനിലൻ കൈപ്പുഴയുടെ ഉണങ്ങിയമരം, നവീന പുതിയോട്ടിലിന്റെ ഉശിരത്തി, വിഷ്ണു പകൽക്കുറിയുടെ പാതിരാ നേരത്ത്, എം ഒ രഘുനാഥിന്റെ തിരസ്കൃത കൃതികൾ എന്നീ കവിതകളും അനീഷ് ഫ്രാൻസിസ് എഴുതിയ മൂന്നു സ്വപ്നങ്ങള്‍, ജയരാജ് പരപ്പനങ്ങാടിയുടെ ഗജഹൃദയം, തോമസ് കെയാലിന്റെ പൈസക്കള്ളൻ എന്നീ കഥകളും ചിത്രകാരൻ സി ജെ റോയിയുടെ വളരെ ശ്രദ്ധേയമായ “വിദേശവിചാരം” കാർട്ടൂൺ പംക്തിയും അടങ്ങിയ മാർച്ച് ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
സജീഷ് ടോം
യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള അറിയിച്ചു. നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന് കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്സ് തടാകത്തിലാണ് നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഏക വള്ളംകളിയാണ് യുക്മ കേരളാപൂരം. ഈ വർഷത്തെ പ്രധാന സ്പോണ്‍സര്‍മാരായ കൊമ്പന് ബിയര്‍ കമ്പനിയുടെ പേര് കൂടി ഉള്‍പ്പെടുത്തിയുള്ള “യുക്മ-കൊമ്പന് കേരളാ പൂരം 2020″ന്റെ പ്രത്യേക ലോഗോ പ്രകാശനം ഉള്‍പ്പെടെയുള്ളവ ഫെബ്രുവരി 29ന് മാന്‍വേഴ്സ് ‘ലേക്ക് ക്ലബി’ല്‍ വച്ച് യുക്മ നേതാക്കളുടേയും ക്ലബ് ഭാരവാഹികളുടേയും മുഖ്യ സ്പോണ്‍സറുടേയും ആഭിമുഖ്യത്തില്‍ നടന്നിരുന്നു. ബ്രിട്ടണില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വരുന്ന ഏതാനും മാസങ്ങളിലെ പ്രധാന പൊതുപരിപാടികളെല്ലാം മാറ്റിവച്ച് കഴിഞ്ഞു. പന്ത്രണ്ട് ആഴ്ച്ച വരെ ഈ സാഹചര്യം നീളുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വള്ളംകളി മാറ്റിവയ്ക്കുവാൻ തീരുമാനമെടുത്തത്.
ഈ സാഹചര്യത്തിൽ, കഴിഞ്ഞ വര്‍ഷം നടന്നത് പോലെ ഓഗസ്റ്റ് മാസം അവസാനത്തെ ശനിയാഴ്ച്ചയാവും ഇത്തവണയും വള്ളംകളി നടത്തപ്പെടുന്നത്. 2020 ഓഗസ്റ്റ് 29 ന് റോതെര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തിൽ തന്നെ വള്ളംകളി നടത്തുന്നതിനാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
യുക്മ നടത്തുന്ന പരിപാടികളില്‍ ഏറ്റവും ബൃഹത്തായ ഒന്നാണ് വള്ളംകളി. ഏകദേശം നൂറോളും വരുന്ന വോളണ്ടിയര്‍മാരുടെ സ്വാഗതസംഘമാണ് എല്ലാ വര്‍ഷവും ഇതിന്റെ നടത്തിപ്പിനായി സഹകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം വള്ളംകളിയുടെ നടത്തിപ്പിന് രൂപീകരിച്ച സ്വാഗതസംഘം കാര്യമായ മാറ്റങ്ങളിലാതെ തന്നെ തുടരുന്നതിനായിരുന്നു യുക്മ ദേശീയ ഭരണസമിതി തീരുമാനമെടുത്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരിക്കുന്ന “കോവിഡ്-19 : ക്രൈസിസ് വോളണ്ടിയര്‍ ഗ്രൂപ്പ്” പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വള്ളംകളിയുടെ സ്വാഗതസംഘത്തെ പൂര്‍ണ്ണമായും വിനയോഗിക്കുന്നതായിരിക്കുമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രാദേശികമായി വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് നേതൃത്വം നല്‍കുന്നത് യുക്മ ചാരിറ്റി ഫൗണ്ടേഷനായിരിക്കും. യുക്മയുടെ എല്ലാ പോഷകസംഘടനകളും ഇതിന്റെ ഭാഗമായിട്ടുണ്ടാവും. യുക്മയുടെ അംഗ അസോസിയേഷനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മറ്റ് മലയാളി സംഘടനകളെ ഉള്‍പ്പെടുത്തിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വള്ളംകളിയ്ക്ക് സഹകരിച്ച എല്ലാ ബോട്ട് ക്ലബുകളെ ചേര്‍ത്തുമായിരിക്കും വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.
യുക്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും യുക്മ നഴ്സസ് ഫോറവും ചേര്‍ന്ന് അടുത്ത ഘട്ടം എന്ന നിലയില്‍ ഒരു മെഡിക്കല്‍ ടീമും രൂപീകരിക്കുന്നതാണ്. യുക്മ നാഷണല്‍ കമ്മറ്റിയിൽ അംഗമായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുക. വിവിധ പോഷകസംഘടനകളുടെയും മറ്റ് സംഘടനകളുടേയും ഏകോപനത്തിന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും.
കോവിഡ്-19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് “ക്വാറന്റീന്”, “സെല്‍ഫ് ഐസൊലേഷന്‍” തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം നിര്‍ബന്ധിതമാക്കപ്പെടുന്ന സാഹചര്യത്തിൽ, പ്രധാനമായും ബ്രിട്ടണിലെ മലയാളി സാമൂഹത്തില്‍, ഇത്തരം സാഹചര്യം നേരിടുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാണെന്ന് നമ്മള് ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരം കുടുംബങ്ങള്‍ യുക്മ അസോസിയേഷന് അംഗങ്ങളാണോ, ഏതെങ്കിലും അസോസിയേഷന് അംഗങ്ങളാണോ എന്നതൊന്നും ഒരു പ്രശ്നമല്ല. അതിജീവനത്തിനായി പോരടിക്കുന്ന സമൂഹത്തെ സഹായിക്കുന്നതിന് എല്ലാ സഹായവും എത്തിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാവണമെന്നും യുക്മ ദേശീയ ഭരണസമിതി അഭ്യര്‍ത്ഥിച്ചു.
യുക്മയുടെ ജീവകാരുണ്യ സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വര്‍ഗ്ഗീസ് ഡാനിയേല്‍ (07882712049), ബൈജു തോമസ് (07825642000) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുവാനും , രോഗികളായവരെ സഹായിക്കുവാനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ ദിനംപ്രതി സ്വീകാര്യതയേറുന്നു . ഇതിനോടകം നിരവധി മലയാളികളാണ് പലതരം സഹായങ്ങൾ ആവശ്യപ്പെട്ട് 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ചത് . പൂർണ്ണമായും ബ്രിട്ടീഷ് ഗവണ്മെന്റും , ആരോഗ്യ വകുപ്പും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ടീമിന്റെ ഉപദേശങ്ങൾ യുകെ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്നാണ് തെളിയുന്നത്.
ആഷ്ഫോഡിൽ അന്യസമ്പർക്കമില്ലാതെ കഴിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ബാസിൽഡനിലുള്ള സുഹൃത്ത് സിജോ ജോർജ്ജ് വഴി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാരസെറ്റമോൾ എത്തിച്ച് കൊടുക്കാമോ എന്ന് ചോദിച്ച് വന്ന ഫോൺ കോളിന് ഉടൻ തന്നെ ആഷ്ഫോഡിലെ ബോബി എബ്രഹാം എന്ന സുഹൃത്ത് വഴി മരുന്ന് എത്തിച്ച് കൊടുത്തുകൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പരസ്പര സഹായ പദ്ധതിക്ക് തുടക്കം കുറിച്ചത് .
ഈ സഹായ പദ്ധതിയോടുള്ള യുകെ മലയാളികളുടെ പ്രതികരണങ്ങൾ കാണുക
” ഞാനായിരുന്നു ഇന്നലെ ഹെൽപ്പ് ലൈനിൽ വിളിച്ചത് , ആഷ്ഫോർഡിലിലുള്ള ഫ്രണ്ടിനും ഫാമിലിക്കും വേണ്ടിയായിരുന്നു വിളിച്ചത് . അവർക്ക് രാത്രി തന്നെ മെഡിസിൻ കിട്ടി . ഒത്തിരി നന്ദിയെന്ന് സിജോ ജോർജ്ജ് ”
” എന്ത് സഹായത്തിനും ഞാൻ റെഡിയെന്ന് ആഷ്ഫോർഡിലെ ബോബി എബ്രഹാം . ഉടൻ തന്നെ ബോബി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയിൽ വോളണ്ടിയറാകുന്നു ”
” എനിക്ക് ഒരു സഹായം വേണ്ടി വന്നാൽ ആരോക്കൊയോ ഇവിടെയുണ്ട് എന്ന ഒരു തോന്നൽ , ഹെൽപ്പ് ലൈനിലെ മലയാളിയായ ചേച്ചിയുമായി സംസാരിച്ചതിന് ശേഷം എനിക്ക് വളരെ ആശ്വാസം തോന്നുന്നുവെന്ന് മറ്റൊരു മലയാളി സ്റ്റുഡന്റ് ”
മലയാളി സ്റ്റുഡന്റിന്റെ പ്രതികരണം കേൾക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
” ഇങ്ങനെയുള്ള കാര്യങ്ങളാണ് സാധാരണ ആളുകൾ യുകെയിലെ മലയാളി കൂട്ടായ്മകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് … എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ദയവായി എന്നെ ബന്ധപ്പെടുക എന്ന് സിന്ധു എൽദോ എന്ന യുകെ മലയാളിയുടെ മറുപടി ”
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങി വച്ച കൊറോണ വൈറസ് തടയൽ പരസ്പര സഹായ യജ്ഞത്തെ യുകെ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നത് .
അതോടൊപ്പം ഡോക്ടർമാരും രോഗികളുമായി നേരിട്ട് കണ്ട് സംസാരിക്കാൻ ഉണർവ്വ് ടെലി മെഡിസിൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ബിജോയ് എം ജി യുടെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന അത്യാധുനിക വീഡിയോ കോൺഫ്രൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . ഈ വീഡിയോ സംവിധാനത്തിലൂടെ രോഗികളുടെ യഥാർത്ഥ അവസ്ഥ ഡോക്ടർമാർക്ക് നേരിട്ട് കാണുവാനും അതനുസരിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കഴിയും എന്നത് വളരെ ഗുണകരമാണ്. അതോടൊപ്പം ഒരേസമയം ഒന്നിൽ കൂടുതൽ രോഗികളുമായി പല ഡോക്ടർമാർക്ക് നേരിട്ട് കണ്ട് സംസാരിക്കാനും കഴിയുന്നു .
ഇതേ വീഡിയോ കോൺഫ്രൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിലെ ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും , പരിശീലനവും യുകെയുടെ പല ഭാഗങ്ങളിലുള്ള വോളണ്ടിയർമാർക്ക് ഒരേ സമയം നൽകുവാനും , ഓരോ ദിവസത്തെയും സ്ഥിഗതികൾ വിലയിരുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുന്നു .
ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ മാതൃകാപരവും അഭിന്ദനീയവുമായ സേവനമാണ് യുകെ മലയാളികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് . ഈ ഹെൽപ് ലൈൻ സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ മെഡിക്കൽ ടീമുമായി സഹകരിക്കാൻ അനേകം ഡോക്ടർമാരാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി 115 ഓളം വോളണ്ടിയർമാരാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ വ്യാപനം തടയുന്ന പ്രവർത്തനങ്ങളിലും , രോഗികളായവർക്ക് സഹായമെത്തിച്ച് കൊടുക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് . ബ്രിട്ടീഷ് ഗണ്മെന്റിനൊപ്പം നിന്നുകൊണ്ട് മലയാളികളുടെയും മറ്റ് യുകെ നിവാസികളുടെയും വേദനയിലും , ആവശ്യങ്ങളിലും സഹായമാകാൻ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലെ ഓരോ പ്രവർത്തകരും .
തോമസ് ചാക്കോ
ലണ്ടൻ : കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായി വന്ന ഇന്ത്യൻ ഡോക്ടർമാർ ഓരോ യുകെ മലയാളികളുടെയും മനസ്സിൽ ഇടം നേടി കഴിഞ്ഞു .
യുകെയിൽ കൊറോണ വൈറസ് മൂലം ഉണ്ടായ മരണം 104 കടന്നു . രോഗബാധിതരുടെ എണ്ണം 2626 ൽ എത്തിയിരിക്കുന്നു . ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്തു രോഗനിർണ്ണയം നടത്തുന്നു . വെള്ളിയാഴ്ചയോടു കൂടി യുകെയിലെ എല്ലാ സ്കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുവാൻ ഒരുങ്ങുന്നു . പരീക്ഷകൾ മാറ്റി വയ്ക്കാൻ ഒരുങ്ങുന്നു . വാടകയ്ക്ക് താമസിക്കുന്നവരെയും , ലോണെടുത്ത് വീട് വാങ്ങിയവരെയും സഹായിക്കാൻ നിയമനിർമ്മാണം നടത്താൻ യുകെ ഗവണ്മെന്റ് തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് പൗരന്മാരോട് യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു . രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോഴും യുകെയിൽ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്.
ഈ അവസരത്തിൽ ബ്രിട്ടണിൽ കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സംഘാടകരിൽ ഒരാളായ ബാല സജീവ് കുമാർ മുമ്പോട്ട് വച്ച പരസ്പര സഹായം എന്ന ആശയം നടപ്പിലാക്കുവാൻ ഇരുപതോളം ഇന്ത്യൻ ഡോക്ടർമാരാണ് ആദ്യം മുന്നോട്ട് വന്നിരുന്നത്. എന്നാൽ ഈ ഉദ്യമത്തിന്റെ നന്മയും , മഹത്വവും തിരിച്ചറിഞ്ഞു കൂടുതൽ ഡോക്ടർമാരും നഴ്സുമാരും ഇതിൽ പങ്കാളികളാകുവാൻ മുന്നോട്ട് വന്നു കഴിഞ്ഞു.
വൈദ്യ സഹായം ലഭിക്കാതെ ബ്രിട്ടനിൽ ഒരു മലയാളി പോലും മരണപ്പെടരുതെന്നും , ഡോക്ടറായ എന്റെ ഭർത്താവിനെ കൂടി നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമോ എന്നും ചോദിച്ചുകൊണ്ടാണ് മലയാളിയായ ഒരു ലേഡി ഡോക്ടർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വന്നത്.
യുകെയിലുള്ള ഏതൊരു ഇന്ത്യക്കാരനും , സൗജന്യമായി വിളിക്കാൻ സാധിക്കുന്ന 02070626688 (നെറ്റ്വർക്ക് നിരക്കുകൾ ബാധകം) എന്ന ഹെൽപ്പ് ലൈൻ ഫോൺ നമ്പർ ഒരുക്കികൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ കൊറോണ വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, സഹായത്തിന്റെ രൂപം, സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകി കഴിഞ്ഞാൽ ഇന്ത്യൻ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും മറ്റ് സഹായങ്ങൾ എത്തിക്കുവാനുമായിട്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്.
ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും , നഴ്സുമാരും അടങ്ങുന്ന ക്ലിനിക്കൽ അഡ്വൈസ് ഗ്രൂപ്പ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുകയോ ചെയ്യാതെ രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്.
ഏതെങ്കിലും ഇന്ത്യൻ കുടുംബങ്ങൾ കൊറോണ രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ വീടുകളിൽ പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരെ അടിയന്തിരമായി സഹായിക്കാൻ യുകെയുടെ നാനാഭാഗങ്ങളിലുള്ള പ്രവർത്തകരെ കൂട്ടി ഒരു വോളന്റിയേഴ്സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. നിരവധി സന്മനസുകളാണ് ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കാളികളാകുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് .
ഉണും ഉറക്കവുമില്ലാതെ യുകെ ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഡോക്ടര്‍മാരും നഴ്സുമാരും നടത്തുന്ന ഈ മഹനീയ കർമ്മങ്ങളെ നമ്മുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം . ലോകത്തോടൊപ്പം മരണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രിട്ടന് സഹായമായി മാറുവാൻ യുകെ മലയാളികളെ വരൂ നമ്മുക്കും ഈ സന്മനസുകൾക്കൊപ്പം കൈകോർക്കാം.
ബിജു ഗോപിനാഥ്
ലണ്ടൺ : 35 പേരുടെ ജീവനെടുത്തു യുകെ യിലെ ജനസമൂഹത്തിനിടയിൽ ഭീതിപരത്തി കൊറോണ വൈറസ് യുകെയിലും പടർന്നുപിടിക്കുകയാണ് . സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ നിരുത്തരവാദിത്തപരമായ സമീപനം ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത് . എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ സ്വയം ഐസൊലേഷനിൽ പോകണം എന്നും മെഡിക്കൽ സംവിധാനങ്ങളെ ആശ്രയിക്കരുത് എന്നും ഉള്ള വിചിത്രമായ നിലപാടാണ് ബോറിസ് ജോൺസൻ നേത്രത്വം നൽകുന്ന യുകെയിലെ സര്കാരിനുള്ളത് . വിദേശരാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അസുഖബാധിതരെ കണ്ടെത്താൻ എയർപോർട്ടുകളിൽ യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല . ആയിരങ്ങൾ കൂടുന്ന ഫുട്ബോൾ മതസരങ്ങളും നൈറ്റ് ക്ലബ് കൂടിച്ചേരലുകളും ഇപ്പോഴും നിർബാധം തുടരുന്നു. സർക്കാർ തന്നെ 10, 000 ലധികം മരണങ്ങളും വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടിനെ നേരിടാനും ജനങ്ങൾ സന്നദ്ധരാവണം എന്നുവരെ അറിയിച്ച സാഹചര്യത്തിൽ, ബ്രിട്ടനിലെ പൊതുസമൂഹവുംഒന്നര മില്യൺ. വരുന്ന ഇന്ത്യൻ സമൂഹവും കടുത്ത ആശങ്കയിൽ ആണ് .
രോഗം ഉള്ളവരെയും അവരുമായി ഇടപഴകുന്നവരെയും കൊലയ്ക്കുകൊടുക്കുന്ന ക്രൂരമായ നിലപാട് ആണ് ഇതെന്നും ലാഘവബുദ്ധി കൈവെടിഞ്ഞു ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും അടിന്തിരമായി ചേർന്ന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
രാജ്യതിർത്തി കടന്നുവരുന്ന ജനങ്ങളെ മോണിറ്റർ ചെയ്യാനും കൊറോണ വൈറസ് പരിശോധന സംവിധാനം ഏവർക്കും എത്തിക്കാനും അടിയന്തരമായി സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നു സമീക്ഷ യു കെ അഭ്യർത്ഥിച്ചു.
സർക്കാർ നിലപാടിൽ മാറ്റം ഇല്ലെങ്കിൽ സമാനമനസ്കരായ സംഘടനകളുമായി ചേർന്ന് പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാനും സമീക്ഷ യുകെ തീരുമാനിച്ചു .
കൊറോണ വൈറസ് രോഗം പടരാതിരുക്കുവാൻ ആരോഗ്യ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അവശ്യ ഘട്ടങ്ങളിൽ സഹായങൾ ആവശ്യമുണ്ടെങ്കിൽ 24ഓളം ബ്രാഞ്ചുകളിലായി യു കെ യുടെ വിവിധ മേഖലകളിലുള്ള സമീക്ഷ നേതൃത്വത്തെയും പ്രവർത്തകരെയും അറിയിക്കണമെന്നും സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു..കൂടുതൽ ശ്രെദ്ധയോടെ, കൂടുതൽ കരുതലോടെ ഈ കൊറോണ മഹാമാരിയെ നേരിടാൻ ലോകത്തിലെ മനുഷ്യരാശിക്ക് കഴിയും എന്ന് സമീക്ഷ പ്രത്യാശ പ്രകടിപ്പിച്ചു