ബിനോയി ജോസഫ്

ലിങ്കൺഷയർ കൗണ്ടിയിലുള്ള സ്കൻതോർപ്പും ഗെയിൻസ്ബറോയുമായുള്ള ദൂരം 15 മൈൽ. എന്നാൽ ക്രിക്കറ്റ് പ്രേമികളായ മലയാളികൾ ക്രിക്കറ്റ് പിച്ചിലെത്തിയപ്പോൾ രണ്ടു ടൗണുകൾ ഒന്നായി. സ്പോർട്സ്മാൻ സ്പിരിറ്റോടെ അവർ ഒരു വലിയ മലയാളി കുടുംബമായി. ബ്ളു കളർ ജേഴ്സിയിൽ ഇറങ്ങിയ സ്കൻതോർപ്പ് ഇലവനെ ക്യാപ്റ്റൻ ജോബിൻ നയിച്ചപ്പോൾ ജെറി ക്യാപ്റ്റനായുള്ള ഗെയിൻസ്ബറോ ടീം യെല്ലോ കളർ ജേഴ്സിയിൽ പിച്ചിലിറങ്ങി. ഗെയിൻസ്ബറോയിലെ മലയാളികൾ ആതിഥേയത്വമൊരുക്കിയ മാച്ച് മോർട്ടൻ ടെൻ്റ് സൈഡ് സ്കൂൾ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.

സ്കൻതോർപ്പിലും ഗെയിൻസ്ബറോയിലും മലയാളികൾ ഒരുമിച്ച് ചേർന്ന് ക്രിക്കറ്റ് കളിക്കാറുണ്ടെങ്കിലും ഇരു ടീമുകളും ഫ്രണ്ട്ലി മാച്ചിനെത്തിയത് അവിസ്മരണീയമായ അനുഭവമായി. ഇരുപ്രദേശങ്ങളിലെയും മലയാളികളെ ഒരുമിപ്പിക്കാൻ ക്രിക്കറ്റിന് സാധിച്ചതിൽ ഇരു ടീമംഗങ്ങളും സന്തോഷം പ്രകടിപ്പിച്ചു. ലോക്കൽ ക്രിക്കറ്റ് ടീമുകൾ വൈറ്റ് കളർ ജേഴ്സിയിൽ ക്രിക്കറ്റ് പ്രാക്ടീസ് നടത്തുന്ന പിച്ചിൽ ബ്ളു, യെല്ലോ ജേഴ്സികൾ അണിനിരന്ന മത്സരം ഇന്ത്യാ- ഓസ്ട്രേലിയ മാച്ചിനെ അനുസ്മരിപ്പിക്കുന്നതായി എന്ന് കാണികൾ പറഞ്ഞു.

ബൗൾ ചെയ്തും ബാറ്റു വീശിയും ടീമുകൾ പിച്ചിൽ മുന്നേറിയപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ നിരവധി മലയാളി കുടുംബങ്ങൾ എത്തിച്ചേർന്നിരുന്നു. വാശിയേറിയ ഫ്രണ്ട്‌ലി മാച്ചിനൊടുവിൽ ഇരു ടീമുകളും കൈ കൊടുത്തു പിരിഞ്ഞു… വളരെയധികം അച്ചടക്കത്തോടെയും പ്രഫഷണലിസത്തോടെയും നടന്ന മത്സരം അടുത്ത സീസണിലും തുടരണമെന്ന ആഗ്രഹവും പങ്കുവെച്ച്.