Business

കൊറോണ കാലത്ത് ജ്വല്ലറികള്‍ അടഞ്ഞുകിടക്കുമ്പോഴും സ്വര്‍ണം പവന്റെ വില കുതിച്ചുയരുന്നു. സ്വര്‍ണം പവന് സര്‍വ്വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. പവന് 32,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4100 രൂപ നല്‍കണം.

മാര്‍ച്ച് ആറിനാണ് സ്വര്‍ണവില 32,320 ല്‍ എത്തിയത്. ഇന്ന് അതും ഭേദിച്ചു. സ്വര്‍ണവില മാത്രമല്ല അവശ്യ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. കൊറോണ കാലത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍

ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ

എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.

ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.

സ്വന്തം ലേഖകൻ

സിംഗപ്പൂർ : സിംഗപ്പൂരിൽ ക്രിപ്റ്റോ കമ്പനികൾക്ക് ആറു മാസത്തേക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം. പുതിയ പേയ്‌മെന്റ് സേവന നിയമപ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി ക്രിപ്‌റ്റോ കറൻസി കമ്പനികൾക്ക് ലൈസൻസ് കൈവശം വയ്ക്കുന്നതിൽ നിന്ന് മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ ഒരു ഇളവ് അനുവദിച്ചു. ബിനാൻസ്, കോയിൻബേസ്, ജെമിനി, ബിറ്റ്സ്റ്റാമ്പ്, ലൂണോ, അപ്‌ബിറ്റ്, വയർക്സ് എന്നീ കമ്പനികൾക്ക് ഈ ഇളവ് ലഭിക്കും. ഈ നിയമം ജനുവരി 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. പേയ്‌മെന്റ് സേവന നിയമം ആരംഭിക്കുന്നതിന് മുമ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ക്രിപ്‌റ്റോ കമ്പനികൾക്ക് അവരുടെ ബിസിനസ്സുകൾ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) നെ അറിയിക്കേണ്ടതുണ്ട്. അവർക്ക് ലൈസൻസ് ഇളവ് അനുവദിക്കുകയും ചെയ്തു.

സെൻട്രൽ ബാങ്കിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണത്തിന് കീഴിലുള്ള വിജ്ഞാപനം ലംഘിക്കുന്നതായി മാസ് അഭിപ്രായപ്പെട്ടു. പേയ്‌മെന്റ് സർവീസസ് ആക്ട് വഴി നിർദ്ദിഷ്ട പേയ്‌മെന്റ് സേവനങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവന വിഭാഗത്തിലാണ് ക്രിപ്റ്റോകറൻസി പെടുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ലൈസൻസ് ഇല്ലാതെ ജൂലൈ 28 വരെ പ്രവർത്തിക്കാം. നിയമത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് തരത്തിലുള്ള സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2021 ജനുവരി 28 വരെ, 12 മാസത്തോളം ലൈസൻസില്ലാതെ പ്രവർത്തിക്കാൻ കഴിയും. ജൂലൈ 28 നകം പുതിയ പേയ്‌മെന്റ് സേവന നിയമത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ട ക്രിപ്‌റ്റോ കറൻസി കമ്പനികളിൽ ബിനാൻസ് ഏഷ്യ സർവീസസ്, ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്, ബിറ്റ്‌ക്രോസ്, ബിറ്റ്‌സ്റ്റാമ്പ്, കോയിൻബേസ്, കോയിൻ‌കോള സിംഗപ്പൂർ, ക്രിപ്‌റ്റോസ്-എക്സ്, ലൂനോ, പേവാർഡ്, ക്വോയിൻ, റിപ്പിൾ ലാബ്സ് സിംഗപ്പൂർ, അപ്‌ബിറ്റ് സിംഗപ്പൂർ, സിപ്‌മെക്‌സ് എന്നിവയും ക്രിപ്‌റ്റോയ്‌ക്ക് പുറമേ മറ്റ് സേവനങ്ങളും നൽകാൻ കഴിയുന്ന ക്രിപ്‌റ്റോ കമ്പനികളിൽ ബിറ്റ്‌ഗോ സിംഗപ്പൂർ, ജെമിനി ട്രസ്റ്റ് കമ്പനി, ലെഡ്‌ജെർക്‌സ്, പാക്‌സോസ് ഗ്ലോബൽ, വയർക്‌സ് എന്നിവയും ഉൾപ്പെടുന്നു.

കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് ഇത്. പ്രത്യേകം അപേക്ഷിക്കുന്നവർക്ക് മാത്രമാണ് എസ്.ബി.ഐ മോറട്ടോറിയം നൽകുന്നതെങ്കിൽ മറ്റു ചില ബാങ്കുകൾ എല്ലാവർക്കും മോറട്ടോറിയം നൽകും.

മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്.ബി. ഐയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 6 ലക്ഷത്തിൻ്റെ വാഹനവായ്പക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപയാണ് അധികമായി പലിശയിനത്തിൽ നൽകേണ്ടി വരിക. 30 ലക്ഷത്തിൻ്റെ ഭവന വായ്പക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്ക്കേണ്ടി വരും.

മോറട്ടോറിയം കാലത്തെ പലിശ ഭാരം സർക്കാർ ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമേ ഇക്കാര്യത്തിൽ ആശ്വാസം ലഭിക്കുകയുള്ളു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യത കുറവാണ്. മോറട്ടോറിയം വേണമെന്ന അപേക്ഷ നൽകുന്നവർക്ക് അനുവദിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തവരുടെ ഇ എം ഐ മുൻ മാസങ്ങളിലേതുപോലെ തന്നെ ഈടാക്കും. സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറ ബാങ്കിൽ മോറട്ടോറിയം ലഭിക്കണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം.

മോറട്ടോറിയത്തിൻ്റെ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടത് എന്ത് എന്നറിയാൻ ഇടപാടുകാർ സ്വന്തം ശാഖയുമായി ബന്ധപ്പെടണം. പുതു തലമുറ സ്വകാര്യ ബാങ്കുകൾക്കും, എൻബിഎഫ്സികൾക്കും അടക്കം മോറട്ടോറിയം തീരുമാനം ബാധകമാണ്. നിശ്ചിത കാലയളവിൽ തിരിച്ചടയ്ക്കേണ്ട എല്ലാ വിധം വായ്പകൾക്കും മോറട്ടോറിയം ഉണ്ട്. എന്നാൽ പലിശ ഭാരവും, തിരിച്ചടവ് നീളുന്നതും കണക്കാക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ മോറട്ടോറിയം വേണ്ട എന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎഇയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി സര്‍ക്കാര്‍  ഉത്തരവിറക്കി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷിസ്വദേശിവല്‍കരണ മന്ത്രാലയമാണ് അനുമതി നല്‍കിയത്.

അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

കോവിഡ് പ്രതിസന്ധിയില്‍പെട്ട കമ്പനികള്‍ക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണമെന്നും നിര്‍ദേശിക്കുന്നു.

മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യം നല്‍കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 രോഗം അതിവേഗം വ്യാപിക്കുന്നു. രോഗം ബാധിച്ച് ഇന്നലെ മരിച്ചവർ 209 പേരാണ്. ഇതോടെ മരണസംഖ്യ 1228 ആയി ഉയർന്നു. 2433 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 19522 ആയി. രോഗബാധിതരുടെ എണ്ണം 20000ത്തോട് അടുക്കുമ്പോഴും രോഗത്തെ പിടിച്ചുനിർത്താൻ കഴിയാത്തത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു.  ഈ രോഗപ്രതിസന്ധി ബ്രിട്ടനിലെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. യുകെയിലെ ഹൗസിംഗ് മാർക്കറ്റും ഇപ്പോൾ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഈ ഘട്ടത്തിൽ വീട് വാങ്ങുകയോ വിൽക്കുകയോ വീട് മാറുകയോ ചെയ്യരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്കുകളും ബുദ്ധിമുട്ട് നേരിടുന്ന ഈ കാലത്ത് പണമിടപാടുകൾക്കും തടസ്സം നേരിട്ടേക്കാം. മോർട്ട്ഗേജിന് ശ്രമിക്കുകയാണെങ്കിൽ ഈ അവസ്ഥയിൽ കാലതാമസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് വീട് വാങ്ങുന്നതിൽ വൻ ഇടിവുണ്ടായതായി ഓൺലൈൻ എസ്റ്റേറ്റ് ഏജൻസി റൈറ്റ്മോവ് സ്ഥിരീകരിച്ചു. അതിനാൽ അടുത്ത നാല് മാസത്തേക്ക് ഇൻവോയ്സുകൾക്ക് 75 ശതമാനം കിഴിവ് കമ്പനി പ്രഖ്യാപിച്ചു. ഭൂഉടമകൾക്കും വാടകക്കാർക്കും സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂഉടമകൾക്ക് ലോൺ അടയ്ക്കാനുള്ള സമയം മൂന്ന് മാസം നീട്ടിയിട്ടുണ്ട്. ഒപ്പം വാടകക്കാരെ ഇപ്പോൾ ഇറക്കിവിടരുതെന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ആസ്തി വിലകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം നിരവധി അസറ്റ് മാനേജർമാർ അവരുടെ ഓപ്പൺ-എൻഡ് പ്രോപ്പർട്ടി ഫണ്ടുകളിലെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതിനാൽ വീട് വാങ്ങുന്നതും വിൽക്കുന്നതും വാടകയ്ക്ക് വീടെടുത്തത് മാറുന്നതുമായ കാര്യങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കുന്നതാണ് ഉചിതം. ഇപ്പോൾ കഴിയുന്നിടത്തുതന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ മരണസംഖ്യ 34000ത്തോടടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷം കടന്നു. ഇറ്റലിയിൽ മരണസംഖ്യ പതിനായിരം പിന്നിട്ടപ്പോൾ സ്പെയിനിൽ അത് ഏഴായിരത്തിലേക്കെത്തുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം 18000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളുടെ മേൽ ഇടിത്തീയായി പെയ്തിറങ്ങുന്ന രോഗത്തെ തടയാൻ കഴിയാത്തത്, ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

ചൈന : ദേശീയ ഡിജിറ്റൽ കറൻസിയുടെ സർക്കുലേഷനായി ചൈന നിയമങ്ങൾ തയ്യാറാക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ അടിസ്ഥാന വികസനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനോട് കൂടുതൽ അടുക്കുന്നുവെന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഇപ്പോൾ സർക്കുലേഷനായി നിയമനിർമ്മാണം നടത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ യുവാൻ എങ്ങനെയായിരിക്കുമെന്ന് നിരവധി പേറ്റന്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ലോകമെമ്പാടുമുള്ള കൂടുതൽ സെൻ‌ട്രൽ ബാങ്കുകൾ‌ പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകന്നതിനാൽ ചൈന, അവരുടെ ഡിജിറ്റൽ കറൻസിയുടെ ആരംഭം ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ പി‌ബി‌ഒസി അതിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത് ത്വരിതപ്പെടുത്തണമെന്ന് സിംഗ്ഹുവ സർവകലാശാലയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്‌ചെയിനിന്റെ ഡയറക്ടർ കാവോ യാൻ പറഞ്ഞു. ഡിജിറ്റൽ യുവാൻ ഏറെക്കുറെ തയ്യാറാണെന്ന് സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മു ചാങ്ചുൻ 2019 ഓഗസ്റ്റിൽ പറയുകയുണ്ടായി. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ ഗവേഷണം, പരിശോധന, പരീക്ഷണങ്ങൾ, വിലയിരുത്തലുകൾ, അപകടസാധ്യത തടയൽ എന്നിവ ആവശ്യമാണെന്ന് ഗവർണർ യി ഗാംഗ് പിന്നീട് വ്യക്തമാക്കി.

ചൈനയുടെ സെൻട്രൽ ബാങ്ക്, ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ഏകദേശം 84ഓളം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അലിബാബ, ടെൻസെന്റ്, ഹുവാവേ, ചൈന മർച്ചന്റ്സ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ ചൈനയുടെ ഡിജിറ്റൽ കറൻസിയുടെ വികസനത്തിൽ പങ്കാളികളായിട്ടുണ്ട്. ഇഷ്യു, ട്രാൻസാക്ഷൻ റെക്കോർഡിംഗ്, ഡിജിറ്റൽ വാലറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുടെ നിരവധി മേഖലകൾ ഈ പേറ്റന്റുകൾ ഉൾക്കൊള്ളുന്നു.

കൊറോണ വൈറസ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ നേരിടാനിരുന്ന വലിയൊരു പ്രതിസന്ധിയാണ് വിവിധ ലോണുകളുടെ അടവുകള്‍. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരും അന്നന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരുമായ നിരവധി പേര്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി ദേബാശിഷ് പാണ്ഡ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് കത്തെഴുതുകയുണ്ടായി. കുറച്ചു മാസങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവ പിരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും, കിട്ടാക്കടം സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഇളവ് വേണമെന്നും കത്ത് വ്യക്തമാക്കി.

ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്ന് മാസത്തെ മോറട്ടോറിയം ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവയ്ക്ക് നല്‍കിയിരിക്കുകയാണ്.അടവില്‍ വീഴ്ച വരുത്തുന്നവര്‍ നേരിടുന്ന വലിയ പ്രശ്നം ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇടിവ് വരും എന്നതാണ്. ഇത് ഭാവിയില്‍ വലിയ പ്രശ്നങ്ങളിലേക്ക് വായ്പാ ഉപയോക്താക്കളെ നയിക്കും. ഈ പ്രശ്നത്തിനും പരിഹാരം നല്‍കിയിട്ടുണ്ട്. ഈ മൂന്ന് മാസങ്ങളിലെ വീഴ്ച ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കില്ലെന്നാണ് തീരുമാനം. സാധാരണ ഇത്തരം വീഴ്ചകള്‍ പലിശനിരക്ക് ഉയര്‍ത്താറുണ്ട്. കൂടാതെ, വായ്പയെടുക്കുമ്പോള്‍ ഇരുകക്ഷികളും ഏര്‍പ്പെട്ടിട്ടുള്ള കരാറില്‍ നിന്നും വ്യത്യസ്തമായ ഏതെങ്കിലും അധിക ചാര്‍ജുകള്‍ ഈ മോറട്ടോറിയത്തിന്റെ കാലയളവിലെ വീഴ്ചകള്‍ക്ക് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ബാങ്കുകളുടെ തീരുമാനത്തെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

അതെസമയം ഇത് റിസര്‍വ്വ് ബാങ്കിന്റെ പ്രസ്താവനയെ ആശ്രയിച്ചുള്ള അനുമാനങ്ങളാണ്. ഇതില്‍ മാറ്റം വരാനിടയുണ്ട്. ബാങ്കുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ രീതിയനുസരിച്ചുള്ള മാറ്റങ്ങളാണുണ്ടാവുക. മോറട്ടോറിയം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തിട്ടുള്ളത്. എങ്കിലും പൊതുവില്‍ ഈ കാലയളവിലെ തിരിച്ചടവില്‍ വരുന്ന വീഴ്ചകള്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടാക്കില്ല. വായ്പകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പലിശ ഈ മോറട്ടോറിയ കാലയളവില്‍ ഈടാക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ചെറിയ തോതിലുള്ള ഒരു പരിശയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ബാങ്കിന്റെ ആസ്തിബാധ്യതകളെ മോശമായി ബാധിക്കാത്ത വിധത്തില്‍ മോറട്ടോറിയം നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കൊറോണ വൈറസ് (കൊവിഡ് 19) ഇന്ത്യക്ക് 120 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ജിഡിപിയുടെ നാല് ശതമാനം വരുമിത്. വളര്‍ച്ചാനിരക്കിന്റെ എസ്റ്റിമേറ്റ് കാര്യമായി കുറച്ച അനലിസ്റ്റുകള്‍ വലിയൊരു സാമ്പത്തികപാക്കേജിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. ഏപ്രില്‍ മൂന്നിന് റിസര്‍വ് ബാങ്ക് ബൈ മന്ത്ലി പോളിസി പ്രഖ്യാപിച്ചേക്കും. വലിയ റേറ്റ് കട്ട് ഉണ്ടായേക്കും. ഫിസ്‌കല്‍ ഡെഫിസിറ്റ് ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയേക്കും – അനലിസ്റ്റുകള്‍ പറയുന്നു.

കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് മൂന്നാഴ്ചത്തെ പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈക്വിറ്റി മാര്‍ക്കറ്റുകള്‍ ബുധനാഴ്ച 0.47 ശതമാനം ഡൗണ്‍ ആണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം 90 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കും. മഹാരാഷ്ട്രയും കേരളവുമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകള്‍ക്ക് പുറമെയാണിത്. ഏപ്രിലില്‍ ആര്‍ബിഐ 0.65 ശതമാനം റേറ്റ് കട്ടിലേയ്ക്ക് പോയേക്കുമെന്നാണ് സൂചന. പലിശനിരക്ക് ഒരു ശതമാനം കൂടി കുറച്ചേക്കും.

ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ ലോക്ക് ഡൗണിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിരിക്കന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രോക്കറേജ് ആയ എംകേ ഇക്കാര്യം പറയുന്നു. അസംഘടിത മേഖല നിലവില്‍ നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് സോഫ്റ്റ് ലോണുകള്‍ ലഭ്യമാക്കണം. വായ്പാ പുനസംഘടനയും കാഷ് ട്രാന്‍സ്ഫറുകളും സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ചെയ്യാവുന്നതാണ്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 10 ശതമാനം ഓഹരി വാങ്ങിയേക്കും. 370 മില്യണ്‍ (37 കോടി) ഉപഭോക്താക്കളുള്ള ജിയോയുമായുള്ള ബന്ധം ഫേസ്ബുക്കിനെ സംബന്ധിച്ച് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമാകാനുള്ള അവസരമാണ്. 2013ല്‍ Internet.org എന്ന പേരില്‍ സൗജന്യ ഇന്റര്‍നെറ്റുമായി (ചില പ്രത്യേക സൈറ്റുകള്‍ മാത്രം, മറ്റുള്ളവയ്ക്ക് പണ നല്‍കണം). ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പാപ്പരായി പ്രഖ്യാപിച്ച, അനില്‍ അംബാനിയുടെ റിലയന്‍സ് ടെലികോമുമായി (ആര്‍ കോം) പങ്കാളിത്തത്തിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരാണ് ഫേസ്ബുക്കിന്റെ പദ്ധതി എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരിന് പിന്മാറേണ്ടി വന്നു.

ഫേസ്ബുക്ക് 2014ല്‍ ബംഗളൂരുവിലെ ലിറ്റില്‍ ഐ ലാബ്‌സ് വാങ്ങിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്പുകളുെ പെര്‍ഫോമന്‍സ് അനലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ ലാബ്. മറ്റൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ, ഇ കൊമേഴ്‌സ് കമ്പനിയായ മീഷോയിലും ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. 2020 ഫെബ്രുവരിയില്‍ എഡ്‌ടെക്ക് സ്റ്റാര്‍ട്ട് അപ്പ് അണ്‍ അക്കാഡമിയില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തി. എന്നാല്‍ ഇതെല്ലാം ചെറിയ ഡീലുകളായിരുന്നു. അതേസമയം ആറ് ബില്യണ്‍ ഡോളറിന്റെ കരാറാണ് ഫേസ്ബുക്കും ജിയോയും തമ്മിലുള്ളത് എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ട കരാറിലേയ്ക്ക് പോകാനിരുന്നപ്പോളാണ് കൊറോണ വൈറസ് ഇതിന് തടസമായി വന്നത്. ഗൂഗിളുമായും ജിയോ ചര്‍ച്ച നടത്തിവരുകയാണ്.

ഫേസ്ബുക്കിന് ഇന്ത്യയില്‍ 740 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. ജിയോ ഇന്ത്യയില്‍ 35 ശതമാനം ടെലികോം ഉപയോക്താക്കളും ഉപയോഗിക്കുന്നു. രാജ്യത്ത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 70 ശതമാനം കടക്കുമെന്നാണ് സിസ്കോ റിപ്പോർട്ട് കണക്കാക്കുന്നത്.

RECENT POSTS
Copyright © . All rights reserved