Crime

മലയാറ്റൂരിൽ 19 കാരിയായ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നടന്നത് ക്രൂരക്കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച ആൺസുഹൃത്ത് അലനെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് വീണ്ടും വിളിപ്പിച്ച അന്വേഷണ സംഘം, തുടര്‍ ചോദ്യം ചെയ്യലിൽ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്.

ചിത്രപ്രിയ ബംഗളൂരുവിൽ പഠിക്കുന്നതിനിടെ മറ്റൊരു ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്നും ചില ചിത്രങ്ങൾ കണ്ടതോടെ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അലൻ സമ്മതിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് ഇരുവരും തമ്മിൽ പിടിവലി ഉണ്ടായതായും, ചിത്രപ്രിയയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

കാലടിയിലെ വെൽഡിങ് തൊഴിലാളിയായ 21 കാരനാണ് അലൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . റിപ്പോർട്ട് ലഭിച്ച ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്‌ഹാമിലെ ക്വിന്റണിൽ നിന്നുള്ള ഡോ. നാഥനിയൽ സ്പെൻസർ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം ചുമത്തി . 2017 മുതൽ 2021 വരെ സ്റ്റോക്ക്-ഓൺ-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയിൽ ഉണ്ടായിരുന്ന 38 പേരെ ഇയാൾ പീഡിപ്പിച്ചെന്നാണ് സ്റ്റാഫർഡ്ഷയർ പൊലീസ് കണ്ടെത്തിയത് . ഇതിൽ 13 വയസ്സിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉൾപ്പെടുന്നുണ്ട് .


റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസൽസ് ഹാൾ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികൾക്കെതിരായ ശാരീരിക അതിക്രമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോർത്ത് സ്റ്റാഫർഡ്ഷയർ ജസ്റ്റിസ് സെന്ററിൽ ഹാജരാകണം. അന്വേഷണം തുടരുന്നതിനാൽ സ്പെൻസറെ മെഡിക്കൽ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസൽസ് ഹാൾ ആശുപത്രിയിലെ രോഗികൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ തയ്യാറാക്കിയതായി ഡഡ്‌ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ഈ വാർത്ത രോഗികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. പോൾ ഹഡ്‌സൺ പറഞ്ഞു. അന്വേഷണത്തിൽ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം വിശദീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉത്തര ലണ്ടനിലെ ഒരു നേഴ്‌സറിയിൽ പരിചരണത്തിൽ ഉണ്ടായിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി നേഴ്‌സറി ജോലിക്കാരൻ വിൻസെന്റ് ചാൻ (45) വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തി. ലൈംഗിക അതിക്രമം, സ്പർശനത്തിലൂടെ പീഡനം, ഗുരുതരമായ ബാലപീഡന ദൃശ്യങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ 26 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. സഹപ്രവർത്തകനിലൂടെ ലഭിച്ച സൂചനയെ തുടർന്ന് ആരംഭിച്ച അന്വേഷണം, മെട്രോപ്പൊളിറ്റൻ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും സങ്കീർണ്ണവും ആയ കേസുകളിലൊന്നായി മാറിയെന്ന് അധികൃതർ പറഞ്ഞു.

ഫിഞ്ച്ലെയിലെ സ്റ്റാൻഹോപ്പ് അവന്യൂവിൽ താമസിക്കുന്ന ഇയാളുടെ ഐപാഡുകളിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ആർട്ട് സ്പെഷലിസ്റ്റും റൂം ലീഡറും നേഴ്‌സറി നേഴ്സുമായിരുന്നു ഇയാൾ. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ പരിചരണ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത് . വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ നേഴ്‌സറി ശാഖ അടച്ചിട്ടു. ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുറ്റങ്ങൾ വായിച്ചത്.

ചാന്റെ കുറ്റസമ്മതത്തിനുശേഷം മാതാപിതാക്കൾ സംയുക്ത പ്രസ്താവനയിൽ നേഴ്‌സറിയുടെ സുരക്ഷാ വീഴ്ചകളാണ് ഇത്തരമൊരു ഭീകര കുറ്റകൃത്യം ദീർഘകാലം പുറത്തുവരാതിരുന്നത് എന്ന് ആരോപിച്ചു. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറി സംഭവത്തിൽ ‘അമ്പരപ്പും ദുഖവും’ രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണ പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘത്തെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ ഏർപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്‌സൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം നഗരത്തിൽ അടുത്തിടെ നടന്ന കത്തി ആക്രമണങ്ങൾ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ബുൾറിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്‌സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിൻ അൽമയുടെ ഹാൻഡ്‌സ്‌വർത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാർത്ഥത്തിൽ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു. ഒരു മാസത്തിനുള്ളിൽ നഗര മധ്യത്തിൽ നാല് കുത്തേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താൻ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോസൽസ്–ഈസ്റ്റ് ഹാൻഡ്‌സ്‌വർത്ത്, ആസ്റ്റൺ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത നഗരപ്രദേശങ്ങൾ. അക്കോക്സ് ഗ്രീൻ, സ്റ്റോക്ക്‌ലാൻഡ് ഗ്രീൻ, സൗത്ത് യാർഡ്‌ലി, സ്പാർക്‌ബ്രൂക്ക് തുടങ്ങിയ മേഖലകളും ഉയർന്ന കുറ്റനിരക്കുള്ള പ്രദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മുതൽ കവർച്ച, ലൈംഗിക അതിക്രമം, ഗാർഹിക പീഡനം വരെ ഉൾപ്പെടുന്ന ഗൗരവമായ കേസുകളാണ് ഇവിടെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്നാൽ സമീപകാല ആക്രമണങ്ങൾക്കിടയിലും നഗരം സുരക്ഷിതമാണെന്ന് പോലീസ് ഉറപ്പുനൽകുന്നു. കെയ്റ്റി ഫോക്‌സ് കേസിൽ പോലീസ് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നതായും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഏത് നഗരത്തിലും സംഭവിക്കാവുന്നതാണെന്നും ഓപ്പറേഷൻ ഫിയർലെസിന്റെ ഡിസിഐ ജോൺ ആസ്‌ക്യു വ്യക്തമാക്കി. യുവാക്കൾക്കിടയിൽ കത്തി കരുതൽ ‘സാധാരണമാണെന്ന’ തെറ്റായ ധാരണ മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഏകദേശം നാല് മില്ല്യൺ കുട്ടികളെ കുടുംബത്തിനുള്ളിലെ സാമ്പത്തിക അസ്ഥിരത നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതായി സർവൈവിംഗ് എക്കണോമിക് എബ്യൂസ് (SEA) പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി . മാതാക്കളിൽ നിന്ന് പോക്കറ്റ് മണിയും പിറന്നാൾ പണവും വരെ കവർന്നെടുക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ, കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം പൂർണമായി നിയന്ത്രിക്കുന്ന രീതികളാണ് ഉള്ളെതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള മാതാക്കളിൽ 27 ശതമാനം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള സാമ്പത്തിക പീഡനത്തിൽപ്പെട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം തടയൽ, അവകാശം നിഷേധിക്കൽ, സാമ്പത്തിക സഹായങ്ങൾ അറ്റുപോകുക തുടങ്ങിയ പ്രവണതകൾ കുട്ടികളുടെ ദിനചര്യക്കും ശാരീരിക-മാനസിക സുരക്ഷയ്ക്കും നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് എസ് ഇ എ മുന്നറിയിപ്പ് നൽകുന്നത്.

പഠനത്തിൽ പങ്കെടുത്ത നിരവധി അമ്മമാർ മുൻ പങ്കാളികൾ ചൈൽഡ് ബെനിഫിറ്റുകളും മെയിന്റനൻസ് തുകയും നിഷേധിച്ച് കുട്ടികളുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതായി വെളിപ്പെടുത്തി. മുൻ പങ്കാളികളുടെ സാമ്പത്തിക ഉപദ്രവം നേരിടേണ്ടി വന്നവരിൽ മൂന്നിൽ ഒരാൾക്ക് ചൈൽഡ് സപ്പോർട്ട് തുക ലഭിക്കാതെയോ ഇടയ്ക്കിടെ മാത്രമേ ലഭിക്കുകയോ ചെയ്തിരുന്നുള്ളുവെന്ന് എസ് ഇ എ പറയുന്നു. നേരിട്ട് കുട്ടിയുടെ പിറന്നാൾ പണവും സമ്മാനത്തിനുള്ള തുകയും കൈവശപ്പെടുത്തുന്നതു മുതൽ, ആവശ്യമായ ഭക്ഷണവും വസ്ത്രവും പോലും വാങ്ങാൻ തടസ്സമുണ്ടാക്കുന്നതുവരെയുള്ള സംഭവങ്ങൾ റിപ്പോർട്ടിലുണ്ട് . ക്രിസ്മസിന് മുമ്പ് മെയിന്റനൻസ് തുക നിർത്തി കുട്ടികളെയും അമ്മയെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ സംഭവങ്ങൾ വരെ പഠനം ഉദ്ധരിക്കുന്നു.

“സാമ്പത്തിക പീഡനം ഒരു ഗുരുതരമായ കുറ്റമാണെന്നും ദിവസേന അനവധി കുട്ടികളെ അത് ദോഷകരമായി ബാധിക്കുന്നു,” എന്നും എസ് ഇ എയുടെ ചീഫ് എക്സിക്യൂട്ടീവ് സാം സ്മെതേഴ്സ് പറഞ്ഞു. കുട്ടികളുടെ പോക്കറ്റ് മണി വരെ കവർന്നെടുക്കാനും മാതാക്കളെ മനപൂർവം സർക്കാരിന്റെ സഹായങ്ങളിൽ നിന്ന് അകറ്റാനുമുള്ള അവസരങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പീഡനത്തെ ചെറുക്കാൻ സർക്കാർ ഉടൻ തന്നെ നീണ്ടുനിൽക്കുന്ന ‘വയലൻസ് എഗൈൻസ്റ്റ് വുമൺ ആൻഡ് ഗേൾസ്’ നയം പുറത്തുവിടണമെന്നും ചൈൽഡ് മെയിൻറനൻസ് പോലുള്ള സംവിധാനങ്ങളിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും എസ് ഇ എ ആവശ്യപ്പെട്ടു.

മുതുകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ കുടുംബ വഴക്കിനിടയിൽ അഭിഭാഷകനായ മകൻ മാരകമായ ആക്രമണം നടത്തിയ സംഭവത്തിൽ അച്ഛൻ നടരാജൻ (62) മരിച്ചു. അമ്മ സിന്ധു (49) തീവ്ര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനായ മകൻ നവജിത്ത് നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. നടരാജന്റെ തലയിൽ ഒന്നിലധികം വെട്ടേറ്റതായും പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും നടരാജൻ മരണപ്പെട്ടു.

വീടിന്റെ രണ്ടാം നിലയിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിൽ ആയിരുന്ന സിന്ധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബക്ഷോഭമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണം സൂചിപ്പിക്കുന്നത്. മകൻ നടത്തിയ ക്രൂരാക്രമണത്തിൻ്റെ ഞെട്ടലിലാണ് പ്രാദേശികവാസികൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഡെറിയിലെ കോല്ലൻ ലെയിനിൽ നടന്ന ഗുരുതര സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് സംഭവിച്ചതിനെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച നടന്ന അറസ്റ്റ് ശ്രമത്തിനിടെ കത്തിയുമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം നടന്നതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 21 വയസ്സുള്ള ഈഒ ഇൻ കാർലിനെ ശനിയാഴ്ച ഡംഗാനൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അറസ്റ്റിനിടെ ഇയാൾ പിന്നിൽ നിന്ന് അഞ്ച് ഇഞ്ച് വാൾ പുറത്തെടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്ന് കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞു. പൊലീസ് ആണെന്ന് തിരിച്ചറിയാതെ ചെയ്ത പ്രവർത്തിയാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇയാളുടെ മേൽ കൊലക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജാമ്യഹർജി സമർപ്പിക്കാത്തതിനാൽ ഇയാളെ കൂടുതൽ ദിവസത്തേയ്ക്ക് റിമാൻഡിൽ അയച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള കോൺലൻ ബോയ്ലെയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡി ഉദ്യോഗസ്ഥനെയും ആക്രമിച്ചത്, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത് , ക്ലാസ് ബി മയക്കുമരുന്ന് കൈവശം വച്ചത് എന്നിവയാണ് ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. മുൻപ് ജാമ്യം ലംഘിച്ചതിനാൽ ഇയാൾ റിമാൻഡിൽ തുടരാൻ കോടതി ഉത്തരവിട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എൻ‌എസ്‌പി‌സി‌സി നടത്തിയ പുതിയ പഠനത്തിൽ കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഓൺലൈൻ ബ്ലാക്ക്മെയിലിംഗിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തങ്ങളുടെ കുട്ടി ഓൺലൈൻ ബ്ലാക്ക്മെയിലിന് ഇരയായതായി , പത്ത് മാതാപിതാക്കളിൽ ഒരാൾ പറഞ്ഞതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പഠനത്തിൽ ഉള്ളത് . നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി റ്റു ചിൽഡ്രൻ ബ്രിട്ടനിലെ കുട്ടികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പ്രധാന ചാരിറ്റിയാണ്. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ അവർ പഠനങ്ങൾ നടത്തുകയും, മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.


സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്നതു മുതൽ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുവരെ ഭീഷണികളായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട് . കൂടാതെ അഞ്ചിൽ ഒരാൾ തങ്ങൾ അറിയുന്ന ഒരു കുട്ടിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. നാഷണൽ ക്രൈം ഏജൻസിക്ക് നിലവിൽ 110-ൽ കൂടുതൽ ‘സെക്സ്റ്റോർഷൻ’ കേസുകൾ മാസത്തിൽ ലഭിക്കുന്നുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും സൈബർ ഗ്യാങ്ങുകൾ ആണ് കൂടുതലും ടീനേജർമാരെയും യുവാക്കളെയും വലയിലാക്കുന്നത്.

സ്കോട്ട്‌ ലാൻഡിലും ലണ്ടനിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഇത്തരം ബ്ലാക്ക്മെയിലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് . ടെക് കമ്പനികൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ എന്താണ് ഓൺലൈൻ ബ്ലാക്ക്മെയിൽ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾ പഠിപ്പിക്കണമെന്നും, വീട്ടിൽ സംസാരിക്കാൻ സൗകര്യമുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും എൻ‌എസ്‌പി‌സി‌സി നിർദേശിക്കുന്നു. ലജ്ജ, ഭയം, സുഹൃത്തിനെ ആദ്യം ആശ്രയിക്കാനുള്ള മനോഭാവം എന്നിവയാണ് കുട്ടികൾ ഇത് മാതാപിതാക്കളെ അറിയിക്കാതെ നിൽക്കാനുള്ള പ്രധാന കാരണങ്ങളെന്ന് പഠനം കാണിക്കുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പല കുറ്റവാളികളും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർ ആദ്യം കുട്ടികളുടെ സമപ്രായക്കാരായി നടിക്കുകയും ഒടുവിൽ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് എൻ‌എസ്‌പി‌സി‌സി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ നഗരത്തെ നടുക്കിയ സിനഗോഗ് ആക്രമണവുമായി ബന്ധപ്പെട്ട് 31-കാരനെ പോലീസ് പിടികൂടി. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നാണ് ഭീകരവാദ കുറ്റങ്ങൾ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . ഒക്ടോബർ 2-നുണ്ടായ ഹീറ്റൺ പാർക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന്മേലുള്ള ആക്രമണത്തിൽ എഡ്രിയൻ ഡാൾബി, മെൽവിൻ ക്രാവിറ്റ്സ് എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ ഈ ആക്രമണത്തിൽ ജിഹാദ് അൽ-ഷാമി പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. നഗരത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതിന് ശേഷം, സംഭവത്തിന്റെ പിന്നിലുള്ള ബന്ധങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

പുതിയ അറസ്റ്റോടെ കേസിനോട് ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഏഴായി. ഇതുവരെ അറസ്റ്റ് ചെയ്തവരിൽ അഞ്ചുപേരെ തെളിവുകളില്ലാത്തതിനാൽ വിട്ടയച്ചിരുന്നു. ഒക്ടോബർ 9-ന് അറസ്റ്റിലായ 30-കാരനെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്ന കുറ്റം നിലനിൽക്കുന്നതിനാൽ അയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ് . പ്രാർത്ഥനയ്ക്കായി ആളുകൾ എത്തിച്ചേരുന്ന സമയത്ത് അക്രമി കാർ സുരക്ഷാ ജീവനക്കാരനിലേയ്ക്ക് ഇടിച്ചുകയറ്റുകയും തുടർന്ന് കത്തി ആക്രമണം നടത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാന്റർബറി സമീപത്ത് താമസിക്കുന്ന 81 വയസ്സുകാരി വെൻഡിയും 86 വയസ്സുകാരൻ കെന്നും വ്യാജ പോലീസ് തട്ടിപ്പിനിരയായി. ബാങ്ക് കാർഡ് തട്ടിപ്പിന് ഉപയോഗിച്ചതായി പറഞ്ഞ് ഒരാൾ ‘ഡിറ്റക്ടീവ്’ ആയി അഭിനയിച്ച് വെൻഡിയെ സമീപിക്കുകയായിരുന്നു. അതിന് പിന്നാലെ മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ വിളിച്ച് അവരുടെ ബാങ്കിൽ തന്നെ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ ‘ ഓഫീസർമാർ’ വെൻഡിയെ പല ദിവസവും ബാങ്കിൽ പോയി പണം പിൻവലിക്കാൻ നിർബന്ധിക്കുകയും അത് കൈമാറാൻ പറയുകയും ആയിരുന്നു. ഇങ്ങനെ വെറും ഒരു ആഴ്ചക്കകം തട്ടിപ്പുകാർക്ക് ഏകദേശം £30,000 തട്ടിയെടുക്കാൻ കഴിഞ്ഞു.

വിശ്വാസം ദുരുപയോഗം ചെയ്‌ത തട്ടിപ്പുകാരുടെ പ്രവർത്തനം “ഭീകരാനുഭവം” ആയിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. കാന്റർബറി മേഖലയിൽ ആകെ ആറുപേർ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി കേസ് കൈകാര്യം ചെയ്യുന്ന കെന്റ് പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് നാലുപേർക്ക് 76,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായും അറിയിച്ചു. യഥാർത്ഥ ഉദ്യോഗസ്ഥരുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ മുതിർന്നവരെ ലക്ഷ്യമിടുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

സംഭവത്തിൽ 19 വയസ്സുകാരനെ തട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്, കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തന രീതിയും ഉപയോഗിച്ച ഫോൺനമ്പറുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അതേസമയം വെൻഡിയിൽ നിന്ന് ഈടാക്കിയ പണത്തേ കുറിച്ച് ബാങ്ക് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. മുതിർന്നവരെ ലക്ഷ്യമിട്ട് നടന്ന തട്ടിപ്പാണിതെന്ന് വ്യക്തമാക്കി, ദമ്പതികൾക്ക് ഏറ്റുവാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചു. ഭാവിയിൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാനായി ഉപഭോക്താക്കൾക്ക് കൂടുതൽ ബോധവത്കരണ നടപടികളും മുന്നറിയിപ്പുകളും ശക്തമാക്കുമെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.

Copyright © . All rights reserved