Crime

പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതില്‍ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ചികില്‍സാപ്പിഴവിനെത്തുടര്‍ന്നാണ് തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞ് മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പിഴവുണ്ടായെന്ന സൂചനയാണ്. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അഞ്ച് മണിക്കൂറിലധികം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഐശ്വര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സാപ്പിഴവ് വരുത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടുമായി നാട്ടുകാരും ഐശ്വര്യയുടെ ബന്ധുക്കളും. ബന്ധുക്കള്‍ പിഴവ് ആരോപിച്ച മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെുത്തതായി ഡിവൈഎസ്പി.

കലക്ടര്‍ വന്നതിന് ശേഷം മാത്രമേ പിന്‍മാറൂ എന്ന നിലപാട് ബന്ധുക്കള്‍ സ്വീകരിച്ചതോടെ ആര്‍ഡിഒ എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പ് നല്‍കി. ആശുപത്രി ജീവനക്കാര്‍ നേരിട്ട് മറവ് ചെയ്തിരുന്ന ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി മുറുകിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കണ്ടെത്തി. ബന്ധുക്കളെ അറിയിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തെന്നും പിന്നീടാണ് ഒപ്പിടാന്‍ സമീപിച്ചതെന്നും പരാതിയുണ്ട്.

ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്.

കഴിഞ്ഞ ആഴ്ച മൂന്ന് മണിയോടെ റോസ്ഡോർഫർ ബാഗർസി തടാകം കാണാൻ പോയ അരുണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ബാഗും മറ്റും തടാകത്തിന് സമീപം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്.

അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആദ്യം തന്നെ അരുണിന്റെ സുഹൃത്ത് മയങ്കും മറ്റുള്ളവരും ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് പരിശോധിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രിയും പൊലീസും വിശദാംശങ്ങൾ നൽകാതെ വന്നതോടെ തങ്ങൾക്ക് അരുണിന്റെ വീട്ടുകാരുടെ പവർ ഓഫ് അറ്റോർണി വാങ്ങേണ്ടി വന്നതായും അവർ പറയുന്നു.

മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായി അരുണിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.. എന്നാൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ കാലതാമസം, പേപ്പർവർക്കുകളുടെ അഭാവം, സ്ഥാപനങ്ങളുടെ അവധി തുടങ്ങിയവ കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇഴയുകയാണ്.

തന്റെ കുടുംബവും സുഹൃത്തുക്കളും പ്രാദേശികമായി എല്ലാ അധികൃതരിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അരുണിന്റെ സഹോദരൻ അതുൽ പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ജർമ്മനിയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നേരിട്ട് വിളിച്ചിരുന്നതായും അതുൽ പറഞ്ഞു.

അതേസമയം അരുണിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പൊലീസ് കേതകിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ പീഡിപ്പിച്ചുവെന്ന് കേതകി ആരോപിച്ചു.

‘എന്നെ എന്റെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി. ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഇല്ലാതെ നിയമവിരുദ്ധമായി അവര്‍ എന്നെ ജയിലില്‍ അടച്ചു. പക്ഷേ ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞത് സത്യമാണ്, അതിനാല്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ എനിക്ക് കഴിയും’, നടി മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു, എന്നെ മര്‍ദിച്ചു, അവര്‍ എന്റെ സാരി വലിച്ചൂരി, ആരോ എന്റെ വലത് മുലയില്‍ അടിച്ചു. എനിക്ക് ജാമ്യം കിട്ടി ഞാന്‍ പുറത്തിറങ്ങി. യുദ്ധം ഇപ്പോഴും തുടരുകയാണ്’, കേതകി പറഞ്ഞു.

ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായ കേതകി ചിതാലെയ്ക്ക് ജൂണ്‍ 22 ന് താനെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 22 എഫ്ഐആറുകളില്‍ ഒന്നില്‍ മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂവെന്ന് നടി പറയുന്നു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും, തന്റെ പോസ്റ്റിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.

 

സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യു ട്യൂബ് ചാനൽ അവതാരകനെതിരേ പോലീസ് കേസ്. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച സൂരജ് പാലാക്കാരൻ എന്ന പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടിപി നന്ദകുമാറിന്(ക്രൈം നന്ദകുമാർ) എതിരെ നേരത്തെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ എത്തിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല.

ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ലെലന്ന് പോലീസ് പറഞ്ഞു. ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചാണ് സൂരജ് കുറ്റകൃത്യം നടത്തിയത്.

ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ അമരാവതിയിൽ കടയുടമ കൊലചെയ്യപ്പെട്ടത് നുപൂർ ശർമ്മയെ പിന്തുണച്ചതിനാണെന്ന് സംശയം. ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് ആണ് അമരാവതി ജില്ലയിൽ 54 കാരനായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടത്.

ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം ഇപ്പോൾ കരുതുന്നത്.

ഉദയ്പൂരിലെ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ കൊലപാതകം പാകിസ്ഥാനിലുള്ള ‘സൽമാൻ ഭായ്’ എന്ന വ്യക്തി ‘സൂക്ഷ്മമായി ആസൂത്രണം ചെയ്തതും’ ‘പ്രേരണ നൽകി’ ചെയ്യിച്ചതുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ‘സമാധാനപരമായ പ്രതിഷേധം ഒരു ഫലവും നൽകില്ല’ ആയതിനാൽ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായി ‘ഗംഭീരമായ എന്തെങ്കിലും ചെയ്യണം’ എന്ന നിർദേശമാണ് പ്രതികൾക്ക് നൽകിയത് എന്നാണ്, മനസിലാക്കുന്നത്.

കേസിൽ പ്രതികളായ ഗൗസും മുഹമ്മദ് റിയാസ് അതരിയും കഴിഞ്ഞ മാസം അവസാനം പ്രവാചകനെതിരെ പരാമർശം നടത്തിയ നുപൂർ ശർമയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പാകിസ്ഥാൻ ആസ്ഥാനമായുള്ള ദഅവത്ത്-ഇ-ഇസ്‌ലാമിയുടെ ക്ഷണപ്രകാരം 45 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 2014 ഡിസംബറിൽ ഗൗസ് പാകിസ്ഥാനിലേക്ക് പോയിരുന്നു. 2015 ജനുവരിയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഏതാനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർന്നുവെന്നും ‘സൽമാൻ ഭായി’ ആയും പാകിസ്ഥാനിൽ അബു ഇബ്രാഹിം എന്നറിയുന്ന മറ്റൊരു വ്യക്തിയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായും അവർ പറഞ്ഞു.

എൻഐഎയുടെ പ്രാഥമിക അന്വേഷണമനുസരിച്ച്, “ജൂൺ 10നും 15നും ഇടയിലുള്ള തീയതികളിൽ” ഗൗസും അതാരിയും ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയിരുന്നു. കനയ്യലാലിന്റെ ‘സുപ്രീം ടെയ്‌ലേഴ്‌സ്’ എന്ന കട സ്ഥിതി ചെയ്യുന്ന ധൻമാണ്ടി പ്രദേശത്തു നിന്നുള്ള ‘ബബ്ലാ ഭായ്’ എന്ന ഒരാൾ 10-11 പേരെ ലക്ഷ്യം വച്ചിരുന്നുവെന്നും അവരെ ആക്രമിക്കാൻ വിവിധ ഗ്രൂപ്പുകളെ നിയോഗിച്ചതായും അവർ ഏജൻസിയോട് പറഞ്ഞതായി അറിയുന്നു. “ബബ്ലാ ഭായിയുടെ പങ്കും മറ്റ് വിശദാംശങ്ങളും അന്വേഷിച്ചുവരികയാണ്,” വൃത്തങ്ങൾ പറഞ്ഞു.

ആക്രമണത്തിന് മുമ്പുള്ള രണ്ട്-മൂന്ന് ആഴ്‌ചകളിൽ, ചില പ്രാദേശിക മുസ്ലിം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കുറച്ച് വ്യക്തികളുടെ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ചതായി ഗൗസിന്റെയും റിയാസിന്റെയും പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. കനയ്യലാലിന്റെ ഫോട്ടോയും വിശദാംശങ്ങളും ഈ ഗ്രൂപ്പുകളിലൊന്നിൽ ഷെയർ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

കനയ്യലാലിന്റെ കട ഗൗസിന്റെയും അതാരിയുടെയും ജോലി സ്ഥലത്തിന് അടുത്തായതിനാലാണ് അവർ അയാളെ ലക്ഷ്യംവച്ചത്, അവർക്ക് കുറച്ച് പ്രാദേശിക യുവാക്കളുടെയും സഹായം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ, വസീം, മൊഹ്‌സിൻ ഖാൻ എന്നി രണ്ട് പേർ ജൂൺ 28 ന് ആക്രമണം നടത്തുന്നതിന് മുമ്പ് തയ്യൽക്കടയുടെ അവിടെ പരിശോധന നടത്തിയിരുന്നു, ഇത് പ്രതികളുടെ വിശദമായ ആസൂത്രണത്തെ സൂചിപ്പിക്കുന്നതാണെന്ന് വൃത്തങ്ങൾ പറഞ്ഞു. മൊഹ്‌സിനും ആസിഫ് ഹുസൈൻ എന്ന മറ്റൊരാളും വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.

സംഭവദിവസം ഗൗസും അതാരിയും വെവ്വേറെ വാഹനങ്ങളിൽ കനയ്യലാലിന്റെ കട സ്ഥിതി ചെയ്യുന്ന മാൽദഹ മാർക്കറ്റിൽ വന്ന് മൊഹ്‌സിന്റെ കടയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്‌തതായി ബന്ധപ്പെട്ടവർ പറഞ്ഞു. അവർ മടങ്ങി എത്തിയില്ലെങ്കിൽ, അതിന്റെ അർത്ഥം “പണി കഴിഞ്ഞു” എന്നാണെന്നും തങ്ങളുടെ ഇരുചക്ര വാഹനം വീട്ടിലേക്ക് തിരികെ നൽകണമെന്നും പറഞ്ഞ് തന്റെ സ്‌കൂട്ടറിന്റെ താക്കോൽ സൂക്ഷിക്കാൻ ഗൗസ് മൊഹ്‌സിനോട് പറഞ്ഞതായാണ് വിവരം.

കൊലപാതകത്തിന് ശേഷം, ഗൗസും അതാരിയും ‘ഷൊഹൈബ് ഭായ്’ എന്നറിയപ്പെടുന്ന ഒരാളുടെ ഓഫീസിലേക്ക് പോയി, അവിടെ അവർ അതേ വസ്ത്രം ധരിച്ച് മറ്റൊരു വീഡിയോ റെക്കോർഡുചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കുന്ന ഈ വീഡിയോ, അതാരി അംഗമായ നിരവധി പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അപ്‌ലോഡ് ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു.

തുടർന്ന് ഗൗസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പ്രതികളും പിന്നീട് വസ്ത്രം മാറാൻ മറ്റൊരാളുടെ വർക്ക് ഷോപ്പിലേക്ക് പോയി. അവർ അവിടെ നിന്ന് അജ്മീർ ഷെരീഫിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് കാർ ലഭിക്കാതെ വന്നതിനാൽ ബൈക്കിൽ പോയി. എന്നാൽ, രാജ്‌സമന്ദ് ജില്ലയിലെ ഭീം എന്ന സ്ഥലത്ത് വച്ച് ഇവരെ പൊലീസ് പിടികൂടി.

ചൊവ്വാഴ്ച 40 കാരനായ കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്, രാജസ്ഥാനിലുടനീളം ഒരു മാസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സംസ്ഥാനത്തേക്ക് ഒരു എൻഐഎ ടീമിനെ അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

രണ്ട് പ്രധാന പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തപ്പോൾ, ഇതിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന മറ്റ് നാല് പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്നാഴ്ച മുമ്പ്, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കനയ്യലാലിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യലാൽ പൊലീസ് സംരക്ഷണം തേടിയിരുന്നു. എന്നാൽ, ഇരു സമുദായത്തിൽ നിന്നുമുള്ള 5-7 ഉയർന്ന വ്യക്തികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം അഭ്യർത്ഥന പിനാവലിച്ചതായി പൊലീസ് പറഞ്ഞു.

ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണമാണ് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ നിഷേധിച്ചത്. തട്ടുകയ്ക്ക് 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.

പണം മണിക്കുട്ടൻ അടച്ചിരുന്നു എന്നും ഇതിന്റെ റസീപ്റ്റ് ട്രഷറിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അഭി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയിൽ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയിൽ നിന്നും പട്ടിയിറച്ചിയാണ് നൽകിയത് എന്ന സംശയം ചൂണ്ടികാട്ടി നൽകിയതായിരുന്നു പരാതി.

തുടർന്ന് 29 ാം തിയ്യതി രാവിലെ ആറ്റിങ്ങൽ സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഉൾപ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്ട്രേഷൻ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകൾ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രജിസ്ട്രേഷൻ ഹാജരാക്കാത്തതിനാൽ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാണെന്ന് അറിയിച്ച് അവർ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടൻ എന്നയാൾക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്സറും റിപ്പോർട്ടും ജില്ലാ ഓഫീസിലേക്ക് മെയിൽ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറയുന്നു.

പിന്നീട് 30 ാം തിയ്യതി ഒരു മണിയോട് അടുപ്പിച്ച് ഒരാൾക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു. അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്ട്രേഷൻ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കൈയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോൾ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകൾ പരിഹരിച്ചെന്നും അവർ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇൻസ്പെക്ടറെ ഞാൻ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. തട്ടുകടയ്ക്ക് ഫൈൻ അടയയ്‌ക്കേണ്ടതുണ്ട് എന്നതിനാൽ 5000 രൂപയാണെന്ന് ഗിരിജയെ അറിയിച്ചു.

ഇവർ ട്രഷറിയിൽ അടക്കാമെന്ന് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചിരുന്നു. പിന്നീട് മൂന്ന് മണിക്ക് അവർ തിരിച്ചുവന്നു. പണം അടച്ച രസീത് ഉൾപ്പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചതെന്നും 50000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അനിൽകുമാർ പറയുന്നു.

അതേസമയം, മണിക്കുട്ടന്റെ കുടുംബത്തിന് ഭീമമായ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കൂട്ടആത്മത്യയിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നുണ്ട്.

ഇന്ന് രാവിലെയോടെയാണ് ചാത്തൻപാറ സ്വദേശി കടയിൽ വീട്ടിൽ മണിക്കുട്ടനും (46), ഭാര്യ സന്ധ്യ (36), മക്കൾ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവർ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി. ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോർജ് പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 മൊഴി നല്‍കിയത്. എട്ടുവര്‍ഷമായി പി.സി.ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് നിഗമനം.മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.

മണിക്കുട്ടനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മണിക്കുട്ടന് കടബാധ്യതയുള്ളതായും ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കല്ലമ്പലത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു മണിക്കുട്ടന്‍.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശിവ്യ പതാനിയ. ഇപ്പോഴിതാ അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മ്മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി, വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഹംസഫര്‍’ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ എട്ട് മാസത്തോളം ജോലിയില്ലായിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇതെന്നും ശിവ്യ പറയുന്നു. ‘ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളി വരുന്നത്.

പ്രശസ്തനായ ഒരു നടനോടൊപ്പം പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് അയാള്‍ പറഞ്ഞു’, ശിവ്യ പറയുന്നു.എന്നാല്‍, ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ അനുഭവമാണ് ഇത്. എനിക്ക് ചിരിവന്നു.. ചിരിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ? ഭജന കേട്ടുകൊണ്ട് നിങ്ങള്‍ എന്താണ് പറയുന്നത്?’ ശിവ്യ കൂട്ടിച്ചേര്‍ത്തു. പിന്നീട്, നിര്‍മ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ വ്യാജനാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ അറിഞ്ഞതെന്നും ശിവ്യ പറയുന്നു.

തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപികയായ ജിൻസി കോട്ടയത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ തിരുവല്ല സ്‌റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ ട്രെയിൻ എടുത്ത് വേഗത കൂട്ടുന്നതിനിടെ ജിൻസി പ്ലാറ്റ്‌ഫോമിലേക്ക് ചാടാൻ ശ്രമിച്ചത് ദുരൂഹമാണെന്നാണ് പരാതി ഉയരുന്നത്.

സ്ഥിരം യാത്രക്കാരിയായ ജിൻസി ട്രെയിൻ എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിക്കുന്നത് സ്വാഭാവികമല്ലെന്ന് ട്രെയിൻ യാത്രികരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതികരിക്കുന്നു.

അധ്യാപികയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്ത് വെച്ചാണ് യാത്രക്കാരി പാളത്തിലേക്ക് വീഴുന്നതായി കാണുന്നത്.

അതേസമയം സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് സ്‌റ്റേഷനിൽ നിന്നും പാസഞ്ചർ ട്രെയിൻ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഒരാൾ ലേഡീസ് കംപാർട്ട്‌മെന്റിലേക്ക് ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്.

ജിൻസി ടീച്ചർ കംപാർട്ട്‌മെന്റിൽ തനിച്ചായിരുന്നു. പിന്നീടാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് സഹയാത്രികർ പറയുന്നുണ്ട്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ജിൻസി ടീച്ചറുടെ മരത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും ക്യാംപെയിൻ നടക്കുന്നുണ്ട്. പ്രമുഖരടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved