കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.

തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.