നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. നടന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ യാത്രാരേഖയെക്കുറിച്ച് അറിയില്ലെന്നും പൊലീസ് പറഞ്ഞു. റെഡ് കോര്‍ണര്‍ നോട്ടീസ് ആഭ്യന്തര വകുപ്പില്‍ നിന്ന് സിബിഐയ്ക്ക് അയച്ചു. സിബിഐ ഉടന്‍ തന്നെ ഇന്റര്‍പോളിന് നോട്ടീസ് കൈമാറും. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ.
അതേസമയം, നടന്‍ വിജയ് ബാബു മടക്കടിക്കറ്റ് എടുത്തുവെന്ന് അഭിഭാഷകന്‍. മുപ്പതിന് തിരികെ കൊച്ചിയിലെത്തുമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. ഇയാളുടെ യാത്രാരേഖകളും കോടതിയില്‍ ഹാജരാക്കി. വിജയ്ബാബു ഇന്ന് അഞ്ച് മണിക്കുള്ളില്‍ കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്. ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.
ദുബായില്‍ ഒളിവില്‍ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയില്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയിരുന്നു.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. ജീവപര്യന്തം ശിക്ഷ നല്‍കണം എന്നാവും പ്രോസിക്യൂഷന്‍ വാദം. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതി കണ്ടെത്തിയത്. ഇന്നലെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കിരണിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.
ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് തനിക്ക് മറ്റുമാര്‍ഗമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കേരളക്കരയുടെ നൊമ്പരമായി തീർത്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. തന്റെ പിതാവിനോട് സങ്കടം പറഞ്ഞ് കരയുന്ന ഓഡിയോ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
‘എനിക്കിവിടെ വയ്യ അച്ഛ. എന്നെ അവർ ഒരുപാട് മർദിക്കുന്നുണ്ട്.. ഇനി ഇവിടെ നിർത്തിയാൽ എന്നെ കാണില്ലെന്നും വിസ്മയ കരഞ്ഞു പറയുന്നതാണ് ശബ്ദ സന്ദേശത്തിൽ. സന്ദേശം വൈറലായതോടെ നിരവധി പേർ ആക്രമിക്കുന്നത് വിസ്മയയുടെ പിതാവ് ത്രിവിക്രമനെയാണ്.
വീട്ടിൽ പീഡനം സഹിക്കുന്നു, അവിടെ നിക്കാൻ വയ്യ എന്ന് മകൾ കരഞ്ഞ് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാതിരുന്നത് ? മകളെ തിരിച്ചു കൊണ്ടുവന്നിരുന്നുവെങ്കിൽ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നോ ? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. തെറ്റുകാരൻ ത്രിവിക്രമൻ ആണെന്നാണ് സമൂഹം മുദ്രകുത്തുന്നത്. എന്നാൽ ശബ്ദ സന്ദേശം മാത്രം കേട്ട് കുറ്റംപറയാൻ നിൽക്കുന്നവർക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ത്രിവിക്രമൻ.
ത്രിവിക്രമൻ നായരുടെ മറുപടി;
‘ ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാൻ അവിടെ പോയി. എന്റെ കുട്ടിയെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാൻ 26 വർഷം ഗൾഫിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിന്നൊകേൽ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാൽ ഏക്കർ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര.
വിസ്മയയുടെ ഫോൺ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാൻ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17-ാം തിയതി എന്റെ കുട്ടി എന്നോട് പറയാതെ കോളജിൽ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടുപോയതെന്ന് അറിയില്ല.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജപരിശോധനാഫലങ്ങൾ നൽകി രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വ്യാജഡോക്‌ടറെ മറ്റു ഡോക്‌ടർമാർ പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് (22) പിടിയിലായത്. വാർഡുകളിൽ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന രോഗികളോട് ഡെർമറ്റോളജി വിഭാഗം പി.ജി വിദ്യാർത്ഥിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
രക്തപരിശോധനയ്‌ക്കുള്ള സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ നൽകി പരിശോധനാഫലം രോഗികൾക്ക് നൽകുമ്പോൾ മാരകരോഗമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു തട്ടിപ്പ്. തുടർപരിശോധനയ്ക്കും ചികിത്സയ്ക്കും വളരെയധികം ചെലവുണ്ടെന്നുപറഞ്ഞ് അവരിൽ നിന്ന് പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു രീതി. സ്റ്റെതസ്കോപ്പുള്ളതിനാൽ വാർഡുകളിൽ കറങ്ങി നടക്കുമ്പോഴും ആർക്കും സംശയം തോന്നിയില്ല.
ആശുപത്രിയിലെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലാബുകളിലെ റിസൾട്ടുകളാണ് ഇയാൾ രോഗികൾക്ക് തിരികെ നൽകിയിരുന്നത്. പരിശോധനാഫലത്തിലെ ഗുരുതരമായ തെറ്റ് യൂണിറ്റ് ചീഫ് ഡോ. ശ്രീനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം. മിക്ക ദിവസവും വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞശേഷമാണ് വ്യാജൻ എത്തിയിരുന്നത്. തെറ്റായ പരിശോധനാഫലം നൽകിയശേഷം വൃക്ക മാറ്റിവയ്‌ക്കേണ്ടിവരുമെന്നും തുടർപരിശോധനയ്‌ക്ക് കൂടുതൽ പണം കരുതണമെന്നും മൊബൈലും ബൈക്കും വിറ്റ് അത് കണ്ടെത്താമെന്നുമാണ് ഇയാൾ പറയുന്നത്.
ഒരു രോഗിയുടെ പരിശോധനാഫലത്തിലുണ്ടായ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വ്യാജനെ കണ്ടെത്താൻ ഡോക്‌ടർമാർ തീരുമാനിച്ചത്. തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ വാർഡിൽ എത്തിയപ്പോൾ പിടികൂടിയത്.
ഡോക്‌ടർമാരുടെ ലെറ്റർഹെഡ് ഉൾപ്പെടയുള്ളവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റത്തിന് കേസെടുക്കുമെന്ന് മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ പറഞ്ഞു. ഇയാൾക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരെ കുറിച്ചും അന്വേഷണം നടത്തും. ആരൊക്കെ സഹായിച്ചു രോഗികൾക്ക് ഇയാൾ കൈമാറിയ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ പരിശോധനാഫലങ്ങൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയതാണോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ, ലാബ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാസംവിധാനമുള്ള ആശുപത്രിയിൽ പാസില്ലാതെ ഒരാൾക്ക് പോലും കയറാൻ കഴിയില്ല. സന്ദർശനസമയത്ത് പോലും പ്രവേശനം പരിമിതമായ ഇവിടെ വ്യാജ ഡോക്ടർ സ്വൈരവിഹാരം നടത്തിയിട്ടും ആരുമറിഞ്ഞില്ലെന്നത് സുരക്ഷാ പാളിച്ചയിലേക്ക് വിരൽചൂണ്ടുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലിപിന്‍റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.
അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈംബ്രാഞ്ചിന്റെമ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണം. സ്‌പേസ് എക്‌സിന്റെ കോര്‍പറേറ്റ് ജെറ്റ് ഫ്‌ളൈറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന എയര്‍ ഹോസ്റ്റസ് ആണ് പരാതിക്കാരി. 2016ല്‍ വിമാനത്തില്‍ മസ്‌ക് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കിയെന്നുമാണ് ആരോപണം.
വിമാനയാത്രയ്ക്കിടെ സ്വകാര്യ മുറിയില്‍ വിളിച്ചു വരുത്തി മസ്‌ക് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ഒരു സുഹൃത്ത് വഴിയാണ് ഇവരുടെ വെളിപ്പെടുത്തല്‍. “വിമാനയാത്രയ്ക്കിടെ ഫുള്‍ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ചെറിയ ഷീറ്റ് ധരിച്ചിരുന്നതൊഴിച്ചാല്‍ പൂര്‍ണ നഗ്നനായിരുന്നു മസ്‌ക്. മസാജിനിടെ മസ്‌ക് അനുവാദമില്ലാതെ കാലുകളില്‍ തലോടാന്‍ തുടങ്ങി. തുടര്‍ന്ന് സ്വകാര്യ ഭാഗം തുറന്നുകാട്ടി. വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്നും പറഞ്ഞു”. എയര്‍ ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സ്‌പേസ് എക്‌സില്‍ ഫ്‌ളൈറ്റ് ജീവനക്കാരിയായി ജോലിക്ക് ചേര്‍ന്നതില്‍ പിന്നെ മസാജ് ചെയ്യുന്നതിനുള്ള ലൈസന്‍സ് എടുക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. മസ്‌കിന്റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കമ്പനി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതോടെ നിരവധി തവണ തന്റെ യാത്രകള്‍ വെട്ടിക്കുറച്ചിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
അതേസമയം ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. തന്നെ പൂര്‍ണനഗ്നനായി കണ്ടുവെന്ന് പറയുന്ന വ്യക്തിക്ക് തന്റെ ശരീരത്തില്‍ താന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ഒരു ടാറ്റുവിനെയോ പാടിനെയോ പറ്റി വിശദീകരികരിക്കാന്‍ കഴിയുമെങ്കില്‍ സംഭവം വിശ്വസിക്കാമെന്ന് മസ്‌ക് ട്വിറ്ററില്‍ വെല്ലുവിളിച്ചു.
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് കണ്ടെത്തൽ. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പോലീസ് ബോധപൂർവം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു.
2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെക്കുകയായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം. 2019 ഡിസംബറിലാണ് തെളിവെടുപ്പിനെത്തിച്ച പ്രതികൾ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരായിരുന്നു.
ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.
മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.
യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.
അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.