ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് കണ്ടെത്തൽ. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പോലീസ് ബോധപൂർവം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു.
2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെക്കുകയായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം. 2019 ഡിസംബറിലാണ് തെളിവെടുപ്പിനെത്തിച്ച പ്രതികൾ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരായിരുന്നു.
ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.
മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.
യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.
അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശകാര്യ വകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക. വിജയ് മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ നടപടി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി.
ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിക്ക് പിന്നാലെ മറ്റ് സ്ത്രീകളും വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടന്നതെന്തന്ന് വിവരിച്ച് പിടിയിലായവർ. വയലിൽ കാട്ടു പന്നിയെ കുടുക്കാനായി വൈദ്യൂതി കെണി സ്ഥാപിച്ചിരുന്നെന്നും അതിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നും പ്രദേശ വാസികൾ കൂടിയായ ഇവർ പറഞ്ഞു.
പൊലീസുകാർ പന്നികെണിയിൽ പെടുന്നത് കണ്ടിരുന്നു. ഷോക്കേറ്റ് മരിച്ച രണ്ടു പേരെയും മാറ്റിക്കിടത്തി. പിന്നാലെ വെെദ്യൂതി കെണി മാറ്റുകയും ചെയ്യ്തു. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.
ഗുജറാത്തിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ വൻവഴിത്തിരിവ്. നവവരന്റെ ശത്രുക്കൾ ആരെങ്കിലും പകപോക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതോടെ വധുവിന്റെ സഹോദരിക്ക് ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് തെളിഞ്ഞു.
ചൊവ്വാഴ്ച വൻസാഡയിലെ മിന്ധാബാരി ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഒടുങ്ങും മുൻപെയാണ് ദുരന്തം വരന്റെ കുടുംബത്തെ തേടിയെത്തിയത്. സമ്മാനമായി കിട്ടിയ പാവ പ്ലഗ് ചെയ്തതോടെ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ലതീഷിന്റെ കാഴ്ച നഷ്ടമാവുകയും കൈ അറ്റ് പോവുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ മൂന്ന് വയസുള്ള മകനും സ്‌ഫോടനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വധുവിന്റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു പട്ടേൽ എന്നുവിളിക്കുന്ന രാജേഷ് എന്ന യുവാവാണ് പിടിയിലായത്.
ലതീഷിന്റെ വധുവായ സൽമയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുൻ കാമുകനാണ് രാജു പട്ടേൽ. രാജുവിന് സ്‌ഫോടക വസ്തു എത്തിച്ച് നൽകിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.
2009 മുതൽ ജുഗൃതിയും രാജുവും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച രാജു അത് വേർപെടുത്താതെയാണ് ബന്ധം തുടങ്ങിയത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെയാണ് രാജു ബന്ധത്തിൽ നിന്നും പിന്മാറിയത്. മൂന്ന് മാസം മുൻപ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങിയിരുന്നു.
തുടർന്നും വിടാതെ പകയോടെ പിന്തുടർന്ന രാജു ബോബ് വച്ച പാവ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെഡ്ഡി ബെയർ പാവയിലാണ് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നത്. ഇത് ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഒരുക്കിയത്.
ജുഗൃതി ഇയാളുടെ സമ്മാനം നേരിട്ട് വാങ്ങിക്കില്ലെന്ന് ഉറപ്പായതിനാലാണ്
സഹോദരി സൽമയുടെ വിവാഹദിനത്തിൽ സമ്മാനമായി പാവ എത്തിച്ചത്. എന്നാൽ വിവാഹശേഷം ചൊവ്വാഴ്ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്ന സൽമയുടെ ഭർത്താവ് ലതീഷും സഹോദര പുത്രനുമാണ് രാജു പട്ടേലിന്റെ ക്രൂരതയ്ക്ക് ഇരയായത്.
കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം അറിയുന്നതെന്ന് മാധ്യമപ്രവർത്തക ഹെയ്ദി സാദിയ പറഞ്ഞു. 2019 അവസാനത്തോടെ തന്നെ വൈറ്റിലയിലെ ഫഌറ്റിൽ താമസമാക്കിയ വ്യക്തിയാണ് ഷെറിനെന്ന് ഹെയ്ദി പറഞ്ഞു.
മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് മരിച്ചത്. സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും മാറ്റിനിർത്തലുകളും മറ്റുമുണ്ടാക്കുന്ന മാനസിക വിഷമം ട്രാൻസ്‌ജെൻഡറുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.
ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും തയ്യാറാകണം സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.
മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഇതിനൊന്നും താനിതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകള്‍
കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. ഓണ്‍ലൈന്‍ മീഡിയക്കാര്‍ പലതും പറഞ്ഞിട്ട് ബോഡി രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാള്‍ മരണപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബോഡി നാട്ടിലെത്തിക്കുന്ന സംവിധാനം ജിസിസിയിലുണ്ട്. ഫോറന്‍സിക്കുകാര്‍ പരിശോധന നടത്തിയാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ല. നൂറ് ശതമാനം ശരിയായിരിക്കും. ഈ വിഷയത്തില്‍ വീഡിയോ ചെയ്ത കാദര്‍ കരിപ്പടി തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന തെളിവ് ഇവര്‍ക്ക് ലഭിച്ചിരുന്നു. അവര്‍ ഒരു ചതിയും ചെയ്യില്ല. അവരുടെ മനസ് അതിന് അനുവദിക്കില്ല.
എന്നാല്‍ നമ്മുടെ നാട്ടിലാണെങ്കില്‍ പൊലീസും കോടതിയും ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സമ്മര്‍ദത്തില്‍ മൃതദേഹം മാന്തും. ഇതിലെല്ലാം അഷ്‌റഫ് താമരശ്ശേരി വിശദീകരണം നല്‍കിയാല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞാണ് കാദര്‍ കരിപ്പടി അന്ന് പറഞ്ഞത്. എന്നാല്‍ അത് ചെയ്തില്ല. ഇതിനൊന്നും താനിത് വരെ ഒരു പൈസപോലും വാങ്ങിയിട്ടില്ല ഇത്തരം കാര്യങ്ങള്‍ ചെയ്തത്.
ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും മരണസര്‍ട്ടിഫിക്കറ്റും ആര്‍ക്കും നല്‍കേണ്ടതില്ലെന്നുളള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓര്‍ത്താണ്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റ് അടക്കമുളളവര്‍ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നല്‍കുന്നത്.
യുഎഇയ്ക്ക് ഈ രാജ്യത്തിന്റേതായ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്ന് തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുളളൂ എന്ന് പറഞ്ഞാണ് അഷ്‌റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.
ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി വലയിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീർ എത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ മോഷണത്തിനായി ഇവിടേയ്ക്ക് എത്തിയത്. സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കിണറ്റിലേയ്ക്ക് വീണത്.
പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളനും പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റിലേയ്ക്ക് വീണതിനു പിന്നാലെ കൂട്ടനിലവിളിയും കരച്ചിലും ഉയർന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറിൽ കള്ളനെ കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്‌നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ ഒരു ദൃശ്യങ്ങളും കണ്ടിട്ടില്ലെന്നും തെളിവ് നശിപ്പിച്ചെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്നും ശരത്ത് പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും അത് അംഗീകരിക്കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് സുഹൃത്തായ ശരത്താണ് എന്നായിരുന്നു ആരോപണം. വധഗൂഢാലോചന കേസിലെ ആറാം പ്രതിയാണ് ശരത്.
ഇന്നലെ ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.