ഗുജറാത്തിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ വൻവഴിത്തിരിവ്. നവവരന്റെ ശത്രുക്കൾ ആരെങ്കിലും പകപോക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതോടെ വധുവിന്റെ സഹോദരിക്ക് ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് തെളിഞ്ഞു.

ചൊവ്വാഴ്ച വൻസാഡയിലെ മിന്ധാബാരി ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഒടുങ്ങും മുൻപെയാണ് ദുരന്തം വരന്റെ കുടുംബത്തെ തേടിയെത്തിയത്. സമ്മാനമായി കിട്ടിയ പാവ പ്ലഗ് ചെയ്തതോടെ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

ലതീഷിന്റെ കാഴ്ച നഷ്ടമാവുകയും കൈ അറ്റ് പോവുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ മൂന്ന് വയസുള്ള മകനും സ്‌ഫോടനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വധുവിന്റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു പട്ടേൽ എന്നുവിളിക്കുന്ന രാജേഷ് എന്ന യുവാവാണ് പിടിയിലായത്.

ലതീഷിന്റെ വധുവായ സൽമയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുൻ കാമുകനാണ് രാജു പട്ടേൽ. രാജുവിന് സ്‌ഫോടക വസ്തു എത്തിച്ച് നൽകിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.

2009 മുതൽ ജുഗൃതിയും രാജുവും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച രാജു അത് വേർപെടുത്താതെയാണ് ബന്ധം തുടങ്ങിയത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെയാണ് രാജു ബന്ധത്തിൽ നിന്നും പിന്മാറിയത്. മൂന്ന് മാസം മുൻപ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങിയിരുന്നു.

തുടർന്നും വിടാതെ പകയോടെ പിന്തുടർന്ന രാജു ബോബ് വച്ച പാവ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെഡ്ഡി ബെയർ പാവയിലാണ് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നത്. ഇത് ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഒരുക്കിയത്.

ജുഗൃതി ഇയാളുടെ സമ്മാനം നേരിട്ട് വാങ്ങിക്കില്ലെന്ന് ഉറപ്പായതിനാലാണ്
സഹോദരി സൽമയുടെ വിവാഹദിനത്തിൽ സമ്മാനമായി പാവ എത്തിച്ചത്. എന്നാൽ വിവാഹശേഷം ചൊവ്വാഴ്ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്ന സൽമയുടെ ഭർത്താവ് ലതീഷും സഹോദര പുത്രനുമാണ് രാജു പട്ടേലിന്റെ ക്രൂരതയ്ക്ക് ഇരയായത്.