Crime

ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു. കാന്‍സര്‍ ബാധിതയായ എന്‍എച്ച്എസ് ജീവനക്കാരിയും പങ്കാളിയും, മകളും, പേരക്കുട്ടിയും ആണ് കുടുംബവീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

എന്‍എച്ച്എസ് ജീവനക്കാരിയായ 64-കാരി ഡോളെറ്റ് ഹില്‍, പങ്കാളി ഡെന്റണ്‍ ബുര്‍കെ, മകള്‍ താനിഷ ഡ്രുമണ്ട്‌സ്, ഇവരുടെ മകള്‍ സമാന്ത ഡ്രുമണ്ട്‌സ് എന്നിവരെയൊണ് സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സംഭവത്തില്‍ മറ്റൊരു മകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങള്‍ എല്ലാവരും കൊല്ലപ്പെട്ടതോടെ ട്രേസിയെന്ന് പേരുള്ള ഈ കുട്ടി ആരോടും സംസാരിക്കാതെ പാടെ തകര്‍ന്ന നിലയിലാണ്.

എന്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. ഡോളെറ്റ് ലോക്കല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതോടൊപ്പം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലുമായിരുന്നു ഈ 64-കാരി. ഫ്‌ളാറ്റില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡോളെറ്റിനൊപ്പം തല്‍ക്കാലത്തേക്ക് താമസിക്കാന്‍ എത്തിയതായിരുന്നു സമാന്ത ഡ്രുമണ്ട്‌സ്.

ഫോറസ്റ്റ് ഹില്ലിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് കൊലപാതകം നടന്നത്.  സൗത്ത്‌വാര്‍ക്ക് ഗൈയ്‌സ് ഹോസ്പിറ്റലില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഡോളെറ്റെന്നാണ് വിവരം. ക്യാന്‍സര്‍ ചികിത്സ നടത്തിവരവെയാണ് ഇവരെയും കുടുംബത്തെയും ദുരന്തം തേടിയെത്തിയത്. 60-കളില്‍ പ്രായമുള്ള ഇവരുടെ പങ്കാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വീട്ടില്‍ നിന്നും ഉച്ചത്തില്‍ കരച്ചിലും ബഹളവും കേട്ടതോടെയാണ് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്.  നാല് പേര്‍ക്കും കത്തിക്കുത്ത് ഏറ്റ നിലയിലായിരുന്നു.

ഇടുക്കി വണ്ടൻമേട് പുറ്റടി ഇലവനാതൊടിയിൽ രവീന്ദ്രൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അതേസമയം, രവീന്ദ്രന്റെ ഈ ചെയ്തിക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല, കുടുംബ പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നാണ് സൂചന.

പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യക്ക് പുറമേ രവീന്ദ്രനും ഭാര്യ ഉഷക്കും മറ്റൊരു മകൾ കൂടിയുണ്ട്. മൂത്തമകൾ ശ്രുതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം ചെയ്തത്. ഇതിന് ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ബന്ധുക്കൾ മകളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്രൻ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ശേഷമാണ് അയൽവാസികൾ രവീന്ദ്രന്റെ വീട്ടിൽനിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോൾ മകൾ ശ്രീധന്യ പൊള്ളിയടർന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഓടിക്കൂടിയ നാട്ടുകാർ വെള്ളം നൽകുകയും തുടർന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.

ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുറ്റടി നെഹ്‌റു സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിക്കുന്ന ശ്രീധന്യയ്ക്ക് ചൊവ്വാഴ്ച ഇക്കണോമിക്‌സ് പരീക്ഷ ബാക്കിയുണ്ടായിരുന്നു.

രവീന്ദ്രനും ഭാര്യ ഉഷയും കിടന്നിരുന്ന കട്ടിൽ പൂർണമായി കത്തി നശിച്ച നിലയിലാണ്. കിടക്കയുടെ ഭാഗത്ത് ശേഷിക്കുന്ന സ്പോഞ്ചിന്റെ ഭാഗങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നാണ് പോലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും വിലയിരുത്തൽ. ഇതേ മുറിയുടെ മറ്റൊരു വശത്തെ കട്ടിലിലാണ് ശ്രീധന്യ കിടന്നിരുന്നതെന്നാണ് കരുതുന്നത്. ഈ കട്ടിലിന്റെ ഭാഗത്തേക്ക് തീ പടർന്നിട്ടില്ല. ഈ വീട്ടിൽ സിമന്റ് ഇഷ്ടിക കൊണ്ട് നിർമിച്ച അടച്ചുറപ്പുള്ള ഏക മുറിയിലാണ് ഇവർ കിടന്നിരുന്നത്.

ആത്മഹത്യയാണെന്നു സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മയിലും സുഹൃത്തിനും രവീന്ദ്രൻ അയച്ചിരുന്നതായി പോലീസ് പറയുന്നു. അണക്കര സ്വദേശിയായ സുഹൃത്ത് മുഖേന രവീന്ദ്രൻ മറ്റൊരാളിൽ നിന്ന് അരലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. അത് പൂർണമായി തിരികെ കൊടുത്തിരുന്നില്ല. അതിനുള്ള കുറച്ച് പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നും അത് തികയില്ലെന്ന് അറിയാമെന്നും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞാണ് സുഹൃത്തിനുള്ള കുറിപ്പ്. താൻ ഒരു തവണയെങ്കിലും ജയിച്ചോട്ടെയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് കുടുംബ ഗ്രൂപ്പിൽ ഇട്ടിട്ടുള്ളതെന്നാണ് വിവരം. അണക്കരയിൽ ജ്യോതി സ്റ്റോഴ്സ് എന്ന പേരിൽ സോപ്പ് പൊടിയും മറ്റും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ.

കൊയിലാണ്ടി ചേലിയയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലുണ്ടായ സാമ്പത്തിക നഷ്ടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലയിൽ സ്വദേശി മലയിൽ ബിജിഷ മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.

2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ബിജിഷ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചിരുന്ന ബിജിഷ പിന്നീടഓൺലൈൻ റമ്മി ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി കൂടുതൽ പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.

തുടർച്ചയായ ഗെയിമുകളിൽ പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവെച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.

വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയുമായിരുന്നില്ല. ബിജിഷയുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന 35 പവൻ സ്വർണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിരുന്നു.

ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

പാക്കിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേർ ചൈനീസ് പൗരന്മാരാണ്. ചൈനീസ് ഭാഷാ പഠനകേന്ദ്രത്തിന് സമീപം കാറിന് സമീപത്താണ് സ്ഫോടനമുണ്ടായത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്‌തെന്ന് വിവരങ്ങൾ പുറത്തുവരികയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത് .നടിയാണ് പരാതിക്കാരി. അതും ചില സിനിമകളിൽ നായികയായ യുവ നടി. പീഡനം തന്നെയാണ് വിജയ് ബാബുവിനെതിരെ ഉയരുന്നതും.

ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. ഇതിൽ ചില സംശയങ്ങളുണ്ട്. വിജയ് ബാബുവിൽ നിന്ന് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഏതായാലും മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ വിജയ് ബാബു അറസ്റ്റിലാകും. അഴിക്കുള്ളിൽ പോകേണ്ടിയും വരും. എന്നാൽ ആരോപണമെല്ലാം വിജയ് ബാബു നിഷേധിക്കുകയാണ്.

ഭീഷണിയും പീഡനവുമാണ് പരാതിക്ക് പിന്നിലുള്ളത്. സിനിമാക്കാരിൽ പ്രമുഖരെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയിലെ ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. എന്നാൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ നടി അമ്മയിൽ അംഗവുമല്ല. നടിയും വിജയ് ബാബുവും തമ്മിലെ വാട്‌സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു.

എഫ് ഐ ആർ ഇട്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം മലയാള സിനിമയെ ഞെട്ടിക്കുന്ന മറ്റൊരു കേസായി ഇതു മാറും. ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ നടി ഉയർത്തുന്നത്. വിരിലിൽ എണ്ണാവുന്ന സിനിമയിൽ മാത്രമാണ് അവർ അഭിനയിച്ചിട്ടുള്ളത്. അതിൽ ഒരു സിനിമയിൽ നായികയുമായിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിന്റെ വിശദാംശങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പൊലീസ് എല്ലാം വിശദാംശങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്. കേസിനെ കുറിച്ച് കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചിരുന്നു.

വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്നും വിജയ് ബാബു അറിയിച്ചു. പൊലീസ് ഉടൻ നടിയുടെ വിശദ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. അങ്ങനെ വന്നാൽ താര സംഘടനയ്ക്ക് അടക്കം വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടി വരും.

 

കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ ജെ.ജെ. കോളനിയില്‍ മിന്റു വിശ്വാസ് (47), ഹിജായപ്പുര്‍, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി.

21-നാണ് നെടുമ്പാശ്ശേരിയില്‍ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. നഗരത്തില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകളാണ് ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസംതന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍നിന്ന് മൂന്നുപവന്‍ സ്വര്‍ണവും 8,500 രൂപയും കവര്‍ന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് പോലീസ് ഇവരെ കുടുക്കിയത്.

നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് മോഷണങ്ങള്‍ നടന്നതോടെ പോലീസ് പരിശോധന വ്യാപകമാക്കി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്ന്, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ കടവന്ത്ര, എളമക്കര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.

സി.സി.ടി.വി.യില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലെയും പോലീസുകാരെ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പര്‍ എന്നിവയും പരിശോധിച്ച് പ്രതികളാണെന്ന് ഉറപ്പിച്ചു. അടിയ്ക്കടി താമസസ്ഥലം മാറുന്നവരായിരുന്നു ഇവര്‍.

രണ്ടിടത്തെ മോഷണത്തിനുശേഷം പോലിസ് സംഘം കൊച്ചിയില്‍മുഴുവന്‍ പരിശോധന നടത്തുന്നതിനിടെ, എളമക്കര മണിമല ക്രോസ്‌റോഡിലെ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടില്‍നിന്ന് 35,000 രൂപയും കവര്‍ന്നിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ പിടിയിലായത്.

എ.ടി.എം. കവർച്ചയ്ക്ക് കൂറ്റൻ മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് കള്ളന്മാർ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം. അപ്പാടെ കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എ.ടി.എം. കൗണ്ടറിന്റെ വാതിൽ ഒരാൾ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതിൽ തകർക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവർച്ചയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാൾ ഈ ദൃശ്യം പങ്കുവെച്ചത്. ‘ക്രിപ്റ്റോ മൈനിങ്ങിന്റെ കാലത്ത് എ.ടി.എം. മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം’ എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം. മോഷണരീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. അതേസമയം, തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയർന്നവിലയും ഉണ്ടാകുമ്പോൾ ഇതുപോലുള്ള കൂടുതൽ സംഭവങ്ങളുണ്ടാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.

അടുത്തിടെ, ഇന്ത്യയിൽ നടന്ന മറ്റുചില മോഷണങ്ങളും സാമൂഹികമാധ്യമങ്ങളിലെ വൈറൽ പട്ടികയിൽ ഇടംനേടിയിരുന്നു. ഉത്തർപ്രദേശിൽ ഒരു ഹാർഡ് വെയേഴ്സ് കടയിൽ മോഷണം നടത്തിയ ശേഷം കള്ളൻ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ബിഹാറിൽ പാലം പൊളിച്ചുകടത്തിയ സംഭവവുമാണ് സാമൂഹികമാധ്യമങ്ങളിൽ ചിരിപടർത്തിയത്.

 

പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. രവീന്ദ്രന്‍(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. പുലര്‍ച്ചെ മകള്‍ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. ഇവര്‍ എത്തിയ ശേഷമാണ് തീ അണച്ചത്.

ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇതിലെ ഒരു മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളുമെല്ലാം ആത്മഹത്യക്ക് കാരണമായെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രവീന്ദ്രന്‍ അയച്ചതായും പോലീസ് പറയുന്നു.

രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലാണുള്ളത്. അണക്കരയില്‍ സോപ്പുല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു രവീന്ദ്രന്‍.

വീടിന് തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

ലൈഫ് പദ്ധതിയില്‍ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുന്‍പാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാല്‍ വീടിന് തീപിടിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയില്‍ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്. തുടര്‍ന്ന് പോലിസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു.

ഇവര്‍ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂര്‍ണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ പി.രേഷ്മ അഭിഭാഷകൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഞായറാഴ്ച വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.

പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയിൽ പറയുന്നു.

22ന് വൈകിട്ട് നാലരയോടെ മാഹി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അണ്ടല്ലൂരിലെ വീട്ടിലെത്തുമ്പോൾ വനിതാ പൊലീസ് ഒപ്പമില്ലായിരുന്നു. തന്റെയും മകളുടെയും ഫോൺ വാങ്ങിക്കൊണ്ടുപോയ പൊലീസ് പിറ്റേന്നു രാവിലെ 9ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. രാവിലെ 9 മുതൽ രാത്രി 10.30വരെ സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നും സ്ത്രീയെന്ന പരിഗണനപോലും നൽകിയില്ലെന്നും ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകനുമായോ വീട്ടുകാരുമായോ സ്കൂൾ അധികൃതരുമായോ ബന്ധപ്പെടാൻ അനുവദിച്ചില്ല. തനിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റാരോപണമായിട്ടുപോലും ജാമ്യം നൽകാതെ പകൽ മുഴുവൻ തടഞ്ഞുവച്ച് അർധരാത്രിയോടെയാണ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്.

വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.

സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീൽ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ജനൽചില്ലുകൾ തകർന്നു. വീട്ടുപകരണങ്ങൾക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണർ മലിനമാക്കുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയിൽ പറയുന്നു. എം.വി.ജയരാജൻ, കാരായി രാജൻ, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനിൽ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകൾ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളിൽ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂർത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്.

മകൾക്ക് പഠനാവശ്യത്തിന് ഈ ഫോൺ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോൺ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവർക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ചട്ടങ്ങൾ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയിൽ ആവശ്യപ്പെടുന്നു. അങ്ങയുടെ അയൽവാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Copyright © . All rights reserved