മുൻഭർത്താവ് ജോണി ഡെപ്പിന്റെ ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ചു തുറന്നു പറയുകയാണ് അമേരിക്കന്‍ നടി ആംബര്‍ ഹേഡ്. ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഉന്നയിക്കുന്നത്. കുപ്പി പൊട്ടിച്ച് തന്റെ മുഖത്ത് മുറിവുകളുണ്ടാക്കി വികൃതമാക്കാൻ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതിനെ കുറിച്ചും ഹേഡ് തുറന്നു പറയുന്നു. ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ താരം ജോണി ഡെപ്പ് ശാരീരിക പീഡനത്തിനിരയാക്കി എന്ന ആംബറിന്റെ പരാതിയിൽ വിചാരണ നേരിടുന്നതിനിടെയാണ് ഇക്കാര്യങ്ങൾ താരം വിശദീകരിച്ചത്.

2015ലായിരുന്നു ഇരുവരുടെയും വിവാഹം. 2018 ഡിസംബറിൽ ഗാർഹിക പീഡനത്തെ പ്രതിനിധീകരിക്കുന്ന പൊതുവ്യക്തിയാണ് താനെന്ന് ‘ദ് വാഷിങ്ടൺ പോസ്റ്റി’ൽ എഴുതിയ ലേഖനത്തിൽ ഹേഡ് വെളിപ്പെടുത്തി. എന്നാൽ ഡെപ്പിന്റെ പേര് ലേഖനത്തിൽ പരാമർശിച്ചിരുന്നില്ലെങ്കിലും ഡെപ്പ് ഒരു ഗാർഹിക പീഡകനാണെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു.

ഡെപ്പിന്റെ പീഡനങ്ങളെ കുറിച്ച് ഹേഡ് വിവരിക്കുന്നത് ഇങ്ങനെ: ‘2015 മാർച്ചിൽ ഓസ്ട്രേലിയയിൽ വച്ചായിരുന്നു സംഭവം. ഡെപ്പിന്റെ മദ്യപാനത്തെ കുറിച്ച് ഞാൻ അയാളോടു തന്നെ സംസാരിച്ചു. സമീപത്തിരിക്കുന്ന വോഡ്ക കുപ്പി അവൻ എടുത്തു. അതുപയോഗിച്ച് എന്നെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ കുപ്പി ഭാഗ്യവശാൽ എന്റെ കയ്യിൽ കിട്ടുകയും ഞാൻ അത് നിലത്തടിച്ച് പൊട്ടിക്കുകയും ചെയ്തു. അപ്പോഴേക്കും അയാൾ മറ്റൊരു കുപ്പി കയ്യിലെടുത്ത് എനിക്കു നേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ശരീരത്തിൽ കൊണ്ടില്ല. ചിലപ്പോഴൊക്കെ പൊട്ടിയ കുപ്പിയുമായി അയാൾ എന്റെ മുഖത്തിനു നേർക്കു വരും. കഴുത്തിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവേൽപ്പിക്കും. എന്റെ മുഖം പൊട്ടിയ കുപ്പി ഉപയോഗിച്ച് എന്റെ ശരീരത്തിൽ വരയ്ക്കണമെന്ന് അയാൾ പറഞ്ഞിരുന്നു.

വസ്ത്രം വലിച്ചൂരി കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. അയാൾ എന്റെ സ്വകാര്യഭാഗത്ത് കുപ്പി തള്ളിക്കയറ്റി. വീണ്ടും വീണ്ടും അത് ആവർത്തിച്ചു രസിച്ചു. എനിക്കിപ്പോഴും അത് ഓർക്കാൻ വയ്യ. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ആണ് ഞാൻ മുറിയിൽ നിന്നും രക്ഷപ്പെട്ടത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ വീട്ടിലെ ചുവരിലും കണ്ണാടിയിലും അയാൾ രക്തം കൊണ്ട് പലതും എഴുതി വച്ചിരിക്കുന്നു. പ്രതികാരബുദ്ധിയോടെ ഒരു ഭ്രാന്തനെ പോലെയാണ് അയാൾ എന്നോട് പെരുമാറിയിരുന്നത്.

ഒരിക്കൽ വിമാനത്തില്‍ വച്ച് അയാൾ എന്നെ വലിച്ചിഴച്ചു. അപ്പോഴും മദ്യപിച്ചിരുന്നു. ഡെപ്പിന്റെ അനുയായികൾ ആ വിമാനത്തിലുണ്ടായിരുന്നു. പക്ഷേ, ആരും അയാളെ തടയാൻ തയ്യാറായില്ല. എനിക്ക് വലിയ ഭയം തോന്നിയ നിമിഷമായിരുന്നു അത്.’– ഹേഡ് വ്യക്തമാക്കുന്നു. അതേസമയം, ഹേഡിന്റെ വാദങ്ങൾ ഡെപ്പ് കോടതിയിൽ നിരസിച്ചു. എപ്പോഴും അക്രമാസക്തമായ സ്വഭാവം കാണിച്ചിരുന്നത് ഹേഡ് ആയിരുന്നെന്നും ഡെപ്പിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാത്രമല്ല, വ്യക്തിഹത്യ നടത്തിയതിൽ ഹേഡിനെതിരെ കേസെടുക്കണമെന്നും ഡെപ്പ് കോടതിയിൽ ആവശ്യപ്പെട്ടു.