യുവാവിനെ തല്ലിക്കൊന്ന് ചാക്കിലാക്കി വഴിയോരത്ത് തള്ളിയ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. യുവാവിന്റെ അടുപ്പക്കാരിയായിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (31), വിത്തിരിക്കുന്നേല്‍ രമേശന്‍ (28) എന്നിവരെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ബി. സുജയമ്മ കുറ്റക്കാരെന്ന് കണ്ടെത്തിയത് ഇവരുടെ ശിക്ഷ
ഏപ്രില്‍ ഏഴിന് വിധിക്കും. മിമിക്രി കലാകാരനായിരുന്ന ചങ്ങനാശ്ശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറസില്‍ ലെനീഷിനെ (31)യാണ് പ്രതി ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മെറ്റാരു പ്രതിയായ കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന്‍ (24) കേസിന്റെ വിചാരണവേളയില്‍ മാപ്പുസാക്ഷിയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് മറ്റ് പ്രതികള്‍ ചാക്കിലാക്കിയ മൃതദേഹം പാമ്പാടിയിലെത്തിച്ച് വഴിയോരത്തെ റബ്ബര്‍ തോട്ടത്തില്‍ തള്ളിയത്.
2013 നവംബര്‍ 23-നായിരുന്നു കൊലപാതകം. ലെനീഷിന്റെ കാമുകിയും എസ്.എച്ച്. മൗണ്ടിനു സമീപം നവീന്‍ ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകല ഇവരുടെ സ്ഥാപനത്തിനുള്ളില്‍വച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചതാണ് ശ്രീകലയെ ചൊടിപ്പിച്ചത്. ഈ പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്ന് പലതവണ ശ്രീകല ആവശ്യപ്പെട്ടെങ്കിലും യുവാവ് അടുപ്പം തുടര്‍ന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിയത്.
കാത്തിരപ്പള്ളി ഡിവൈ.എസ്.പി.യായിരുന്ന എസ്. സുരേഷ് കുമാര്‍, പാമ്പാടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു കോടതിയില്‍ ഹാജരായി.
തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച വിന്‍സന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത കഴിഞ്ഞദിവസം രംഗത്തെത്തി. ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി അതിജീവിത അഡ്വക്കറ്റ് രാമന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. രാമന്‍ പിള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് അതിജീവിത പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ പുറത്തുവരവെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അനൂപിനെയും സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനം എടുത്തിട്ടുണ്ട്.
ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിന് സമീപത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ഈ മാസം രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു.
ബാങ്കില്‍ പോകാനായി വിട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ പിന്നീട് കാണാതാവുകയായിരുന്നു. സ്‌കൂട്ടറില്‍ ആയിരുന്നു ഹരിത ബാങ്കിലേക്ക് തിരിച്ചത്. എന്നാല്‍ ഏറെ നേരമായിട്ടും യുവതി മടങ്ങി എത്തിയില്ല. രണ്ടാം തീയതി വീട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ മരിച്ച നിലയിലാണ് നാലാം തീയതി കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.
ഹരിതയുടെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുണ്ടൂരില്‍നിന്നും കണ്ടെത്തി.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചുള്ളതാണ് പുതിയ പരാതി.
സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് പ്രധാനപരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍, അഭിഭാഷക വൃത്തിക്ക് നിരക്കാത്ത തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ്മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപണം.
വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.
സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.
കാലിഫോര്‍ണിയയുടെ തലസ്ഥാനനഗരമായ സാക്രമെന്റോയില്‍ വെടിവയ്പ്പിനെത്തുടര്‍ന്ന് ആറ് മരണം. നഗരത്തിലെ ടെന്‍ത് ആന്‍ഡ് ജെ സ്ട്രീറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അക്രമി ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്തെന്നോ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും അടച്ചു. ആക്രമണം നടന്ന വിവരം ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സാക്രമെന്റോ മേയര്‍ ഡാരല്‍ സ്റ്റീന്‍ബെര്‍ഗ് പത്രസമ്മേളനം നടത്തി സംഭവം വ്യക്തമാക്കി.
യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് സാക്രമെന്റോയിലേത്. രാജ്യത്ത് ഒരു വര്‍ഷത്തില്‍ ശരാശരി 40000 മരണങ്ങള്‍ വെടിവെയ്പ്പിനെത്തുടര്‍ന്നുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നുണ്ട്. 2020ല്‍ മാത്രം രണ്ട് കോടിയിലധികം തോക്കുകളാണ് യുഎസില്‍ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത് ശതമാനം അമേരിക്കക്കാരുടെ കയ്യിലും ഒരു തോക്ക് എങ്കിലും ഉണ്ടെന്ന് 2021 ജൂണില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു.
നാല് വർഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണസംഘം. പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ സിബിഐ ഏറ്റെടുത്ത് കേസന്വേഷണം മുന്നോട്ട് പോവുകയാണ്.
അതേസമയം, ജെസ്ന ജെയിംസ് രാജ്യം വിട്ടുവെന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് സിബിഐ. ഇതിനായി വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കും. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലെ 2018 മാർച്ച് മുതലുള്ള യാത്രാവിവരങ്ങള് ശേഖരിക്കാനാണ് നീക്കം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷം കഴിഞ്ഞയാഴ്ച സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ 12-ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുമുള്ള വിവരം ചിലർ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ഈ യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടതാണ് പ്രദേശവാസികളിൽ കൂടുതൽ സംശയം ഉയർത്തിയിരിക്കുന്നത്.
ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ചിൽ വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന എരുമേലി വരെ ബസിലും ഓട്ടോയിലും വന്നതിനു തെളിവുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം.
വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. മാര്‍ച്ച് 14ന് വിവാഹിതരായ ഇവര്‍, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു.
വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.
ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.
ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം െേകസടുത്തു.
കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്.
ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍ ( 3 മാസം).
സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.
1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.
ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.
ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.
കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.
1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.