പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം.ആലപ്പുഴ സ്വദേശിയും എസ്എപി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.
ഇതിനിടെ എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്.
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച് നന്ദു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ 22 കാരിയായ കൃഷ്ണപ്രിയ നേരത്തെ മരിച്ചിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.
പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.
മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ശന ദുഖാചരണം സംഘടിപ്പിച്ച് ഉത്തര കൊറിയ. പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ദുഖാചരണത്തില്‍ ചിരിക്കുന്നതും കരയുന്നതും ഉള്‍പ്പടെ ഒട്ടുമിക്ക എല്ലാ കാര്യങ്ങള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇന്ന് മുതല്‍ തുടങ്ങുന്ന ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോലും ഷോപ്പിംഗിനിറങ്ങാന്‍ പാടില്ല.മദ്യപിക്കുന്നതിനും വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതിനും ഇക്കാലയളവില്‍ വിലക്കുണ്ട്. ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ ഉറക്കെ കരയാന്‍ പാടില്ല എന്നാണ് നിയമം. ഇക്കാലയളവില്‍ ജന്മദിനവും ആഘോഷിക്കാന്‍ അനുവാദമില്ല.
മുമ്പും ഇത്തരത്തില്‍ കര്‍ശന നിയമങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമങ്ങള്‍ തെറ്റിക്കുന്നവരെ കുറ്റവാളികളായി മുദ്ര കുത്തി പോലീസ് അറസ്റ്റ് ചെയ്യുകയാണ് പതിവെന്നും ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ആര്‍ക്കും ലഭിക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിന് ആവശ്യമായ രീതിയില്‍ ദുഖം പ്രകടിപ്പിക്കാത്തവരെ പിടിച്ചുകൊണ്ടുപോകാന്‍ പോലീസിന് ദുഖാചരണത്തിന്റെ കാലയളവില്‍ അനുവാദമുണ്ട്. ഇത്തരത്തിലുള്ളവരെ കണ്ടുപിടിക്കുകയാണ് ഇക്കാലയളവില്‍ പോലീസിന്റെ പ്രധാന ഡ്യൂട്ടി.
നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവാണ് കിം ജോങ് ഇല്‍. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് 2011ലാണ് അന്തരിക്കുന്നത്. എല്ലാ വര്‍ഷവും പത്ത് ദിവസം ഇദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് ദുഖം ആചരിക്കാറുണ്ട്. ഈ വര്‍ഷം പത്താം ചരമവാര്‍ഷികമായതിനാലാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഖാചരണം.
കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു . തിക്കോടി പഞ്ചായത്തിൽ താല്‍ക്കാലിക ജോലി ചെയ്ത് വന്നിരുന്ന കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വളരെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു ഇവരെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു.
അതേസമയം, തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കി. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ദേശീയ ഷൂട്ടിംഗ് താരം കനിക ലായകിനെ (26) മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കത്തയ്ക്കടുത്ത ബല്ലി (ഹൗറ) യിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് ലായകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പല തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഷൂട്ടിംഗ് വേദികളിൽ മികവ് പുറത്തെടുക്കാൻ കഴിയാത്തതിന്റെ വിഷമം ലായക് പങ്കുവയ്ക്കുന്നുണ്ട്. ജാർഖണ്ഡിലെ ധൻബാധ് സ്വദേശിയായ കനിക ലായക് ഹൂഗ്ലിയിലെ ഉത്തർപാരയിൽ ഒളിന്പ്യൻ ജയ്ദീപ് കർമാകർക്കു കീഴിലാണു പരിശീലനം നടത്തിയിരുന്നത്.
വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.
സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഉറക്കത്തില്‍ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും ഇത് നാളുകളായി ഭര്‍ത്താവിനോട് വൈരത്തിനിടയാക്കിയെന്നും പൊലീസിനോട് യുവതി പറഞ്ഞു.
വഴക്കിട്ട് മൂന്നു ദിവസം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്നായിരുന്നു ഭര്‍ത്താവും മകനും കഴിച്ചത്. സംഭവദിവസം ബിരിയാണി വീട്ടില്‍ കൊണ്ടുവരികയും റോസന്നയ്ക്ക് നല്‍കാതെ ഭര്‍ത്താവും മകനും കഴിച്ചു. ബാക്കി വന്നത് സഹോദരന്റ വീട്ടിലേക്കും കൊടുത്തു. ഇത് പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.
യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.
പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂരിൽ കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സ്ഥലത്തെത്തി.