പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.
അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ പഠിക്കുന്ന പ്രേംകുമാര്‍ എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്ക് 21 വയസായിരുന്നു. തുടര്‍ന്നാണ് അശോകിന്‍റെയും അയാളുടെ സഹായത്തോടെയും പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാര്‍ത്ഥിനികള്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും തട്ടി. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. പ്രേംകുമാറിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായം തേടി. പ്രേംകുമാറിന്‍റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.
അശോകിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.
തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കുഞ്ഞിന്റെ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു.
എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. പിന്നീട് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു.
ജനിച്ചയുടനെ തന്നെ കുഞ്ഞ് കരയാതിരിക്കാൻ വെള്ളത്തിൽ മുക്കിയതും ഈ സംഭവത്തിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിൽ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടിൽ 22 കാരിയായ മേഘ, അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.
എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയും ബാഗിലാക്കി കാമുകന് ഉപേക്ഷിക്കാൻ നൽകുകയും ചെയ്തു.
താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബവും അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.
കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന.
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയിൽ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. മറ്റന്നാൾ രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. അതേസമയം, ജില്ലയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ന് ചേർന്ന സർവകക്ഷിയോഗം പിരിഞ്ഞു. ആർഎസ്എസ് നേതാക്കളുമായി പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കൊലപാതകങ്ങളെ സർവ്വകക്ഷി യോഗം ഐകകണ്ഠേനെ അപലപിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുട്ടി മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയെയാണ് (28) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതി നിലവില്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിസംബര്‍ 13-ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രസവവേദന അനുഭവപ്പെടാത്തതിനാല്‍ യുവതി അന്നേദിവസം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വീട്ടില്‍ത്തന്നെ വിശ്രമിച്ചു. എന്നാല്‍ ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും തീരുമാനം. ഇതിനായി യുവതി സഹോദരിയുടെ സഹായവും തേടി. എന്നാല്‍ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാറക്കോവിലില്‍ വാടകക്ക് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുര്‍ ജയാനല്‍ മാലിക്കിെൻറ മകന്‍ മന്‍സൂര്‍ മാലികിനെ (40) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവി (30), അയല്‍വാസിയും കാമുകനുമായ ബീരു (33) എന്നിവരാണ് അറസ്റ്റിലായത്.
മാലികിനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ബീരുവാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കിനിടെ താൻ കൊലപ്പെടുത്തിയെന്നാണ് നേരേത്ത രേഷ്മ പറഞ്ഞിരുന്നത്. ഇരുവരെയും വെവ്വേറെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ വെളിപ്പെട്ടത്.
ബീരു മന്‍സൂറിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബീരുവും രേഷ്മയും ചേര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളി മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. സംശയം തോന്നാതിരിക്കാനാണ് പരാതി നൽകിയത്.
11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറിെൻറ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.
കേരളത്തിൽ രാഷ്‌ട്രീയ കൊലക്കത്തിക്ക് കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് ഇരയായത് 47 പേർ. പിണറായി വിജയൻ സർക്കാരുകളുടെ കാലത്തു സംസ്ഥാനത്തു രാഷ്ട്രീ യക്കൊലക്കത്തിയിൽ പൊലിഞ്ഞവരുടെ എണ്ണമാണിത്. 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ വരെയാണിത്.
കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേർ കൊല ചെയ്യപ്പെട്ടതിൽ 17 പേരും ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. 14 പേർ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരും 12 പേർ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് പ്രവർത്തകരുമാണ്.
ബാക്കിയുള്ളവർ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും രാഷ്‌ട്രീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ രാഷ്‌ട്രീയ കൊലപാതകങ്ങളും നടന്നത്. വർഷങ്ങൾക്കു മുൻപു നടന്ന പല പ്രമാദമായ കൊലപാതങ്ങളിലെയും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത പോലീസ് അനാസ്ഥയും സംസ്ഥാനത്തു അരുംകൊലകൾ വർധിക്കാൻ ഇടയാക്കുന്നു.
എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു പിടിച്ച 2016 മേയിൽ തെരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സംഘർഷങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. കണ്ണൂർ കൂത്തുപറന്പിൽ സിപിഎം പ്രവർത്തകനായ സി.വി. രവീന്ദ്രനും തൃശൂർ കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകനായ പ്രമോദുമാണു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ മരിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 മേയ് മുതൽ ഡിസംബർ വരെ മാത്രം എട്ടു പേർ രാഷ്‌ട്രീയ കൊലക്കത്തിക്ക് ഇരയായി. 2017 ൽ രാഷ്‌ട്രീയ സംഘർഷങ്ങളിൽ ഒൻപതു പേരും 2018 ൽ അഞ്ചു പേരും മരിച്ചു.
2019 ൽ ആറുപേരും 2020 ൽ ഒൻപതു പേരുടെ ജീവനും രാഷ്‌ട്രീയ സംഘർഷങ്ങളിൽ പൊലിഞ്ഞു. ഈ വർഷം ഇതുവരെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഇരയായത് എട്ടു പേരാണ്. കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് കൃഷ്ണൻ എന്നിവരുടെ ഇരട്ടക്കൊലപാതകം സംസ്ഥാന രാഷ്ട്രീ യത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളാണു പ്രതിപ്പട്ടികയിലുള്ളത്. ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ അടക്കമുള്ളവരുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിച്ചു വരികയാണ്. 2018ൽ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കാന്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു അഭിമന്യു വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ടും ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.
എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.
കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.