മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ (Uthra Murder Case) വിധി ഇന്ന് പ്രസ്താവിക്കും. ഒരു വർഷത്തെ നീണ്ട വിചാരണയ്‌ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപനം നടത്തുന്നത്.
ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതി സൂരജ് അതിസമർത്ഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിൽ ഇത് വ്യക്തമായി. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും എസ്.പി ഹരിശങ്കർ പറഞ്ഞു.കൊലപാതകം നടത്തിയ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്.
ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി.
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാർച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നല്‍കിയ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസില്‍ മാത്രമാണ് വിധി പറയുന്നത്. ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും കോടതി നടപടികളിലാണ്.
ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.
അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം.
യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായ മലയാളി. ഏഴുമണിയോടെ ബാർബർഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമിൽ വാഹനങ്ങൾ അരിച്ചു പെറുക്കി.
ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടൻ സി.എ.ഡി-6941/ സെപ്റ്റംബർ 08 എന്ന റഫറൻസിൽ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും പോലീസ് അഭ്യർഥിച്ചു.
മലയാളി യുവതിയെ പൂനെയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കൊല്ലം വാളകം പൊടിയാട്ടുവിളയിലെ പ്രീതിയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്നാണ് ബന്ധുക്കൾ ആവർത്തിക്കുന്നത്. പൂനെ ഭോസരി പ്രാധികിരൺ സ്‌പൈൻ റോഡിലെ റിച്ച്‌വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭർതൃവീട്ടിൽ ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘കൊല്ലത്തെ വിസ്മയയുടേതിനു സമാനമാണ് പ്രീതിയുടെ മരണവും. സ്ത്രീധനത്തിന്റെ പേരിൽ കൊടിയപീഡനമാണ് മകൾ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്’- പ്രീതിയുടെ അച്ഛൻ മധുസൂദനൻപിള്ള പറയുന്നു.
വിവാഹസമയത്ത് 85 ലക്ഷം രൂപയും 120 പവൻ സ്വർണവുമാണ് ഭർതൃവീട്ടുകാർക്ക് നൽകിയതെന്ന് പ്രീതിയുടെ അച്ഛൻ പറഞ്ഞു. മൃതദേഹം പൂനെയിൽനിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഫാഷൻ ഡിസൈനിങ് കോഴ്‌സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു.
പ്രീതിയുടെ ഭർത്താവ് അഖിലിനും അമ്മ സുധയ്ക്കും എതിരെയാണ് കുടുംബത്തിന്റെ ആരോപണം. പ്രീതിക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും കേസിൽ തെളിവാണ്. പ്രീതിയുടെ സുഹൃത്താണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് കൈമാറിയത്.
പ്രീതിയുടെ മാതാപിതാക്കൾ ഭോസരി പോലീസിൽ നൽകിയ പരാതിയിൽ അഖിലിനെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ച നാരായണേട്ടനും ഭാര്യ ഇന്ദിരയും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരുടേതും അല്ലലില്ലാത്ത ജീവിതവും. എന്നാൽ ശനിയാഴ്ചയോടെ എല്ലാം തകിടം മറിയുകയായിരുന്നു. വിറകുപുരയിൽ നിന്നും ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുവരും തീകൊളുത്തി ജീവിതമവസാനിപ്പിച്ചെന്ന് ഇനിയും ആർക്കും വിശ്വസിക്കാനാകുന്നില്ല.
വടക്കേപ്പുരയ്ക്കൽ (ജയശ്രീ നിലയം) നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിനോടുചേർന്ന വിറകുപുരയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ് നാരായണൻ. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണൻ എഴുതിയതെന്നുകരുതുന്ന ദീർഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെൽഫിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായി അലട്ടിയിരുന്നതായാണ് കത്തിൽ സൂചനയുള്ളത്. തങ്ങളുടെ ഭൂസ്വത്തുക്കൾ, പണം, ബാങ്ക് ബാലൻസ്, സ്വർണം എന്നിവ ആർക്കെല്ലാമാണ് നൽകേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദമ്പതികൾ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്ത രീതിയും മരണക്കുറിപ്പുകളും നാട്ടുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയിൽ കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയിൽ ഒന്നിച്ചാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്.കൂടാതെ, വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ് കാലിയാക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ഓടിയെത്തിയാലും തീയണയ്ക്കാനുള്ള മാർഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു.
ഷൊർണൂർ ഡിവൈഎസ്പി സുരേഷ്, ചാലിശ്ശേരി സിഐ കെസി വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വിറകുപുരയിലും, വീട്ടിനുള്ളിലും വിശദമായ പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മക്കൾ: ജയശ്രീ (അങ്കണവാടി വർക്കർ, പൊന്നാനി), സുധ (ഖത്തർ), ചിത്ര. മരുമക്കൾ: രമേശൻ, സുനീഷ്, കൃഷ്ണൻകുട്ടി.
ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ യുവതിയെ നെടുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരേ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30)യാണ് അറസ്‌റ്റിലായത്. ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്. മറ്റൊരുസ്‌ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്‌ഥാപിക്കാനും ആ സ്‌ത്രീയുടെ മുഖത്ത് ആസിഡ് ആക്രമണം നടത്തി കുറ്റം ഭര്‍ത്താവിനെതിരേ ചുമത്താനുമായിരുന്നു പദ്ധതി.
സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 15നാണ് പ്രമോദ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരേ ക്വട്ടേഷന്‍ നല്‍കുന്ന ശബ്‌ദ സന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്‌റ്റ് ചെയ്‌തത്. യുവതിക്കെതിരേ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് ജാമ്യംകിട്ടി
മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വയനാട്ടില്‍ അറസ്റ്റിലായവരില്‍ ‘നന്മമരം’ ഷംസാദും . സാമൂഹികമാധ്യമങ്ങളില്‍ ഷംസാദ് വയനാട് എന്ന പേരില്‍ അറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദി(24)നെയാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ്(23) അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്മാന്‍(26) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും നിലവില്‍ റിമാന്‍ഡിലാണ്.
ചാരിറ്റി പ്രവര്‍ത്തകനെന്ന പേരിലാണ് ഷംസാദ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അറിയപ്പെട്ടിരുന്നത്. ഷംസാദ് വയനാട് എന്ന പ്രൊഫൈലിലായിരുന്നു ഇയാള്‍ ചാരിറ്റി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്‌നേഹദാനം ചാരിറ്റിബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു. ഈ ട്രസ്റ്റിനെ മുന്‍നിര്‍ത്തിയായിരുന്നു ചാരിറ്റി പ്രവര്‍ത്തനം. ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 26-നാണ് ഷംസാദും മറ്റുപ്രതികളും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരരോഗം ബാധിച്ച മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്താണ് ഷംസാദ് യുവതിയെ ആദ്യം സമീപിക്കുന്നത്. തുടര്‍ന്ന് യുവതിക്കും മകനും ഒപ്പം വീഡിയോയും തയ്യാറാക്കി. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അപ് ലോഡ് ചെയ്ത ഈ വീഡിയോയില്‍ കുട്ടിയുടെ ചികിത്സയ്ക്ക് പണം നല്‍കി സഹായിക്കണമെന്നായിരുന്നു അഭ്യര്‍ഥന. വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
യുവതിക്ക് ഹൃദ്രോഗമുണ്ടെന്നും മകന് ഗുരുതരമായ രക്താര്‍ബുദമാണെന്നുമാണ് ഷംസാദ് വീഡിയോയില്‍ പറഞ്ഞിരുന്നത്. കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നും മരിച്ചു പോകുമ്പോള്‍ ആരും ഒന്നും കൊണ്ടുപോവില്ലെന്നും ജീവിക്കുന്ന സമയം കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി കള്ളമില്ലാത്ത മനസോടെ സഹായിക്കാമെന്നും ഷംസാദ് വീഡിയോക്കൊപ്പം എഴുതിയിരുന്നു. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഷംസാദും കൂട്ടാളികളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി.
ചികിത്സാസഹായം നല്‍കാമെന്ന് പറഞ്ഞ് സെപ്റ്റംബര്‍ 26-നാണ് യുവതിയെ പ്രതികള്‍ എറണാകുളത്തേക്ക് കൊണ്ടുപോയത്. ഇവിടെ ഹോട്ടല്‍മുറിയില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി മൂവരും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം അവശനിലയിലായ യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പുല്പള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബത്തേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ചാരിറ്റിയുടെ മറവില്‍ പ്രതികള്‍ ഇത്തരത്തില്‍ കൂടുതല്‍പേരെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയിൽ പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലാണ് അപകടമുണ്ടായത്.
അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു.
കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല.
ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവർ പറയുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.
സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തി അവരുടെ ശരീരത്തിലൂടെ വണ്ടി അതിവേഗം ഓടിച്ച് കയറ്റുന്ന വിഡിയോയുടെ പൂർണരൂപം പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. 46 സെക്കൻഡുകളുള്ള വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതിൽ വാഹനം സമാധാനമായി പ്രതിഷേധിച്ച് മുന്നോട്ടുപോകുന്ന കർഷകരുടെ പിന്നിലൂടെ പാഞ്ഞ് കയറുകയാണ്.നിലത്ത് വീണവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പോയ വാഹനം അൽപം മുന്നോട്ടുപോയി നിൽക്കുന്നതും കാണാം. പ്രതിഷേധക്കാർ ചിതറി ഓടുന്നതും വിഡിയോയിൽ കാണാം. അൽപം കഴിഞ്ഞ് വടികളുമായി വാഹനത്തിന് സമീപത്തേക്ക് കർഷകർ വരുന്നുണ്ട്.
വൻപ്രതിഷേധമാണ് രാജ്യത്ത് ഇതിനെതിരെ ഉയരുന്നത്. കോൺഗ്രസ് സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ വിഷയത്തിൽ സജീവമായി ഇടപെടുകയാണ്. പ്രിയങ്കയും രാഹുലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
യോഗി സര്‍ക്കാരിന്റെ വിലക്കുകള്‍ മറികടന്ന് ലഖിംപുരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്
ലഖ്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ലഖിംപുര്‍ സംഘര്‍ഷവും കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകന്‍ ആശിഷ് മിശ്രക്കും എതിരായആരോപണങ്ങളും പരമാവധി ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ലഖിംപുര്‍ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. നിരോധനാജ്ഞയുടെ കാരണം പറഞ്ഞ് യുപി സര്‍ക്കാര്‍ വിലക്കുമെന്നറിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയും പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും അടക്കം അഞ്ച് പേരടങ്ങുന്നസംഘം യാത്രാനുമതി തേടി. യുപി പൊലീസ് അനുമതി നിഷേധിച്ചിട്ടും യാത്ര ആരംഭിച്ചു. യാത്രക്ക് മുന്പായി രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചത്.
വിഡിയോ കാണാം.
മംഗളുറു: (www.kvartha.com 06.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര പ്രഭു (15) ആണ് മരിച്ചത്. വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കളും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായിട്ടുണ്ട്.
തൊഴിലാളിക്ക് നേരെ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ മകൻ സുധീന്ദ്രയുടെ തലക്ക് കൊള്ളുകയായിരുന്നു എന്ന് മംഗളുറു സൗത് പൊലീസ് പറഞ്ഞു. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചതായും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ രാജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മകൻ മരിച്ചതിനാൽ കേസിന്റെ വകുപ്പുകൾ മാറ്റും.
കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.
2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.