ഹരിയാനയിലെ സോനിപട്ടില്‍ കാനഡയില്‍ നിന്ന് കാമുകിയെ വിളിച്ച് വരുത്തി യുവാവ് വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു ഫാം ഹൗസില്‍ കുഴിച്ചിട്ടു. റോഹ്തക്ക് സ്വദേശിനിയായ മോണിക്കയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഫാംഹൗസില്‍ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്നു അരുംകൊല.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മോണിക്കയെ പ്രതി കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിന് മുമ്പ് റോഹ്തക്കിലെ സ്വന്തം വീട് സന്ദര്‍ശിച്ചു. എന്നാല്‍ കുറച്ച് ദിവസമായിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബത്തിന് സംശയമായി. ഇതോടെ ജനുവരി 22 ന് കുടുംബം ഗനൗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി. പിന്നീട് കേസ് ഭിവാനി സിഐഎ -2 ന് കൈമാറി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചു. പിന്നാലെ ഫാംഹൗസില്‍ നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി കാമുകിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശിയായ 33 കാരനായ ധര്‍മ്മദുരൈയ്ക്കാണ് പൊള്ളലേറ്റത്. ഭാര്യ വഴക്കിട്ട് സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ തിരികെ കൊണ്ടുവരാനായി ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ധര്‍മ്മദുരൈ പലതവണ ആറമ്പാക്കം പോലീസിനെ സമീപിച്ചിരുന്നതായും വിവരം ഉണ്ട്.
മദ്യപിച്ച നിലയിലാണ് ധര്‍മ്മദുരൈ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തിയതെന്നും ഇയാളോട് കാത്തിരിപ്പ് മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പെട്ടന്ന് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുകയും എതിര്‍വശത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ കയറുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രദേശവാസികളും പോലീസും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ധര്‍മ്മദുരൈ ഹൈടെന്‍ഷന്‍ വയറില്‍ കടിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ധര്‍മ്മദുരൈയെ എളവൂര്‍ ആശുപത്രിയിലും തുടര്‍ന്ന് കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് രത്സനഗിരിയിൽ വച്ച് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാകുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടയിലാണ് പ്രതി മുംബെെ എടിഎസിൻ്റെ പിടിയിലായതെന്ന വാർത്തകൾ ആദ്യം പുറത്തു വന്നെങ്കിലും പിന്നീട് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുകയായിരുന്നു. അതേസമയം പ്രതി ഷാരൂഖ് സെയ്ഫി രത്നഗിരി ജില്ലാ ആശുപത്രിയിലെത്തിയത് തീവണ്ടിയിൽനിന്ന് വീണതിനെത്തുടർന്നാണെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കലംബാനി, ദിവൻ ഖാവടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് ഏകദേശം അഞ്ചു മണിയോടെ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്രതി പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇയാൾ വണ്ടിയിൽനിന്ന് വീഴുന്നത് മറ്റു യാത്രക്കാരാരും കണ്ടിട്ടില്ല. അതിനാൽ റെയിൽവേ സ്‌റ്റേഷനുകളിൽ ഈ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. പാളത്തിന് സമീപം ഒരാൾ ബോധമില്ലാതെ കിടക്കുന്നതുകണ്ട നാട്ടുകാരാണ് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവണ്ടിടയിൽ നിന്ന് വണതിനെ തുടർന്നുണ്ടായ പരിക്ക് ഗുരുതരമായതിനാൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലേക്ക് മാക്കുകയായിരുന്നു. തുടർന്ന് രത്നഗിരി ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെയാണ് ഇയാൾ മൊബൈൽ ഫോൺ ഓൺചെയ്തതും പൊലീസിന് വിവരം ലഭിച്ചതും. പൊലീസ് തന്നെ തിരയുന്നുണ്ടെന്ന സൂചന ലഭിച്ച ഷാരൂഖ് ചികിത്സയിലിരിക്കേ ജില്ലാ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ കടൽതീരത്തേക്ക് പോയി അവിടെ ചിലവഴിച്ചു. രാത്രി ഏറെ വൈകിയതോടെ ക്ഷീണവും ഉറക്കവും അനുഭവപ്പെട്ട ഷാരൂഖ് ഉറങ്ങാനായി റെയിൽവേ സ്‌റ്റേഷൻ പരിസരത്തേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് പിടിയിലാകുന്നത്.
അതേസമയം പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ ട്രെയിനിൽ തീവച്ചതിനുശേഷം അതേ ട്രെയിനിൽതന്നെ കണ്ണൂരിലെത്തിയെന്ന് വ്യക്തമാക്കിയിരുന്നു. പൊലീസിൻ്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിൽ ഒളിച്ചിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് വിശദമാക്കി. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസും റെയിൽവേ പൊലീസും അരിച്ചുപറക്കി പരിശോധന നടത്തിയിട്ടും ഇയാളെ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമി്ൽ ഒളിച്ചിരുന്നു എന്ന മൊഴി കള്ളമാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും ഷഹറൂഖ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് എത്തിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇയാളെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ കണ്ണൂര്‍ കാടാച്ചിറയില്‍ വെച്ച് പഞ്ചറായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിലധികം പ്രതിയുമായി വാഹനം റോഡില്‍ കിടന്നു. ഈ സമയം എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയെന്നും വിവരമുണ്ട്. പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ പലവട്ടം വാഹനങ്ങള്‍ മാറ്റേണ്ടി വന്നു. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവയിലാണ് സംഘമെത്തിയത്. എന്നാല്‍ പിന്നീട് ഫോര്‍ച്യൂണറില്‍ കയറ്റി കാസര്‍കോട് അതിര്‍ത്തി കടന്നു. ധര്‍മ്മടം മേഖലയിലൂടെ സഞ്ചരിച്ച് പുലര്‍ച്ചെയോടെ മമ്മാക്കുന്ന് എത്തിയപ്പോഴാണ് ടയര്‍ പഞ്ചറായത്. കണ്ണൂര്‍ എടിഎസിന്റെ ജീപ്പില്‍ യാത്ര തിരിച്ചെങ്കിലും എഞ്ചിന്‍ തകരാര്‍ കാരണം വീണ്ടും പെരുവഴിയിലായി. തുടര്‍ന്ന് ഒരു കാറിനാലാണ് പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതി കുടുങ്ങിയത്. മഹാരാഷ്ട്ര എ ടി എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കേരളാ പൊലീസിന് കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായി എ ടി എസ് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത ഒഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.
നേരത്തെ കേസില്‍ പിടിയിലായത് മകന്‍ ഷഹറൂഖ് സെയ്ഫിയെന്ന് സ്ഥീരികരിച്ച് പിതാവ് ഫക്രുദ്ദീന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 31ന് രാവിലെ 9 മണിയോടെ ഷാരുഖിനെ കാണാതായി. പതിവ് പോലെ കടയില്‍ പോയെന്നാണ് കരുതിയത്. പക്ഷേ കടയിലെത്തിയില്ലെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. മകന്‍ ഡല്‍ഹിക്ക് പുറത്ത് എവിടെയും പോയിട്ടില്ല. ടിവിയില്‍ വന്ന ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ട് മകന്‍ വീട്ടില്‍ ധരിക്കാറുള്ളതാണ്. എന്നാല്‍ മകന്‍ കേരളത്തിലേക്ക് പോയതിനെ കുറിച്ച് ഒന്നുമറിയില്ല. ഷഹറൂഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷഹറൂഖ് 12-ാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പിതാവിനൊപ്പം നോയിഡയില്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇയാളെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. വീട്ടിലെത്തിയ പൊലീസ് ചില പുസ്തകങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കയ്യക്ഷരം പരിശോധിക്കാനാണിത്. നേരത്തെ എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ചില കുറിപ്പുകളും ലഘുലേഖകളും ലഭിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം.
മങ്കൊമ്പ് : പതിനഞ്ചോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതു കിണറും ഇരുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴിയും ഇരുളിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്ടിൽ ആറ്റിൽ നിന്നുള്ള വെള്ളം പൊതു കിണറിൽ പൈപ്പ് ലൈൻ വഴി എത്തിച്ചാണ് മങ്കൊമ്പ് വികാസ് മർഗ്ഗ് റോഡ് മുതൽ കിഴക്കോട്ടുള്ള 15 ഓളം കുടുംബങ്ങൾ കുടിവെള്ള ആവശ്യത്തിന് പോലും ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി സ്വന്തം ചിലവിലാണ് ഇവർ ഈ സംവിധാനം നിർമിച്ചു പരിപാലിക്കുന്നത്.
പൈപ്പിൽ ഉണ്ടായ പൊട്ടൽ മൂലം കിണറിൽ ചെളിയും മാലിന്യവും കലരുന്നത് പതിവായപ്പോൾ ഏപ്രിൽ 4 ചൊവ്വാഴ്ച ലൈനിൽ അറ്റകുറ്റപ്പണി നടത്തുകയും കിണറും പൊതുവഴിയും പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. എന്നാൽ രാത്രിയോടെ പൊതുവഴിയുടെ കാര്യത്തിൽ തർക്കമുള്ള ചില വീട്ടുകാരുടെ നേതൃത്വത്തിൽ വഴി വെട്ടിപൊളിക്കുകയും ലൈനുകൾ തകരാറിലാക്കുകയും ചെയ്തു. കിണറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനാൽ വിഷം കലർന്നോ എന്ന ഭീതിയിലാണ് ഗുണഭോക്താക്കൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സി.സി.ടി.വിയിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ , മങ്കൊമ്പ് മുപ്പത്തിൽചിറ സാവിത്രി, മങ്കൊമ്പ് പണിക്കരേടത്തു മണികണ്ഠൻ എന്നിവർക്കെതിരെ ഗുണഭോക്താക്കൾ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി.
ചെന്നൈ:ക്ഷേത്രോത്സവത്തിനിടെ ചെന്നൈയിൽ വൻ അപകടം. തെക്കൻ ചെന്നൈയിലെ പ്രാന്തപ്രദേശമായ കീൽക്കത്തലൈക്ക് സമീപം മൂവരസംപേട്ടയിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിലെ തീർത്ഥവാരി മഹോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇവർ മുങ്ങിമരിക്കുകയായിരുന്നു. മടിപ്പാക്കം സ്വദേശി രാഘവൻ, കീഴ്കത്തളൈ സ്വദേശി യോഗേശ്വരൻ, നങ്കനല്ലൂർ സ്വദേശികളായ വനേഷ്, രാഘവൻ, ആർ സൂര്യ എന്നിവരാണ് മരിച്ചത്. ഇവർ 18നും 23നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
ഛത്തീസ്ഗഡിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച ഹോം തിയറ്റർ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. പൊട്ടിത്തെറിയിൽ നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലാണ് കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാൾ അറസ്റ്റിലായത്.
മാർച്ച് 31ന് നടന്ന വിവാഹത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് സമ്മാനപൊതികൾ തുറന്ന്. സമ്മാനങ്ങളുടെ കൂട്ടത്തിൽ നിന്നും ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ ഉഗ്ര സ്‌ഫോടനമുണ്ടായാണ് നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവർ മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പോലീസ് പിടികൂടിയത്.
പ്രതി സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇരുപത്തൊൻപതുകാരിയുമായി സർജു ഇതിനിടെ അടുപ്പത്തിലായിരുന്നു. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, യുവതി തയ്യാറായില്ല. ഈ സമയത്താണ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്.
വിവാഹം ഉറപ്പിച്ചതോടെ പ്രകോപിതനായ സർജു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങി രണ്ടു കിലോയോളം സ്‌ഫോടക വസ്തുക്കൾ നിറച്ചയ്ക്കുകയായിരുന്നു. ശേഷം വിവാഹത്തിന് രഹസ്യമായെത്തി സർജു വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. തിരിച്ചറിയാതിരിക്കാനായി പെട്ടെന്ന് തന്നെ വിവാഹ വേദിയിൽനിന്ന് പോവുകയും ചെയ്തു.
സർജു, ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ സ്‌ഫോടക വസ്തുക്കൾ ക്രമീകരിച്ചിരുന്നത്. മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്.
ഡബ്ലിനിലെ സീമ ബാനുവിന്റെയും (37) മക്കളായ മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (ആറ്) എന്നിവരുടെയും കൂട്ടക്കൊലക്കേസില്‍ വിസ്താരം വ്യാഴാഴ്ച പുനരാരംഭിക്കും.ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ജൂറിയാണ് കേസ് പരിഗണിക്കുന്നത്.സമീര്‍ സെയ്ദെ(38)ന്ന ക്രിമിനലില്‍ നിന്നും ഇവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ വിശദാംശങ്ങള്‍ സാക്ഷി വിസ്താരത്തിലൂടെ പുറത്തുവന്നിരുന്നു.അയര്‍ലണ്ടില്‍ എത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഭര്‍ത്താവിന്റെ ക്രൂരത സീമ അനുഭവിച്ചു തുടങ്ങിയിരുന്നു.
കൊല്ലപ്പെടുമെന്ന ഭീതിയിലായിരുന്നു ഇവര്‍ ഡബ്ലിനിലെ വീട്ടില്‍ രണ്ട് കുട്ടികളോടൊപ്പം കഴിഞ്ഞിരുന്നത്.രണ്ട് വര്‍ഷത്തോളം നീണ്ട നരക ജീവിതത്തിനൊടുവില്‍ 2020 ഒക്ടോബര്‍ 28നാണ് ഡബ്ലിനിലെ ബാലിന്റീറിലെ ലെവെല്ലിന്‍ കോര്‍ട്ടിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.2018ലെ ക്രിസ്മസ് തലേന്ന് സമീര്‍ സീമയെയും മക്കളെയും കണക്കിന് മര്‍ദ്ദിച്ചിരുന്നു. ഇവര്‍ അലറിക്കരയുന്നതും സങ്കടപ്പെടുന്നതും കണ്ടതായി സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കോടതിയില്‍ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് സീമ ബാനു പറഞ്ഞതായും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.
സമീര്‍ ദുഷ്ടനാണെന്നും തന്നെ കൊല്ലുമെന്നും ഡബ്ലിന്‍ ഡിസ്ട്രിക്ട് കോറോണേഴ്സ് കോടതിയുടെ സിറ്റിംഗിലും സീമബാനു പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും നാട്ടില്‍ എത്തിപ്പറ്റാനുള്ള ശ്രമമായിരുന്നു സീമ നടത്തിയത്. പക്ഷേ അതിന് സാധിക്കും മുമ്പ് സമീര്‍ അവരുടെ ജീവനെടുത്തു.സീമയേയും മക്കളെയും നിര്‍ബന്ധിച്ചാണ് സമീര്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുവന്നത്.ഇന്ത്യയിലേക്ക് മടങ്ങാന്‍ കൊതിക്കുന്നതായി ബന്ധുക്കളോടെല്ലാം സീമ പറയുമായിരുന്നു.2019 പകുതിയോടെ നാട്ടിലേയ്ക്ക് പോകാനുള്ള പാസ്പോര്‍ട്ടും പണവുമൊക്കെ റെഡിയാക്കി. എന്നാലും ഇടയ്ക്കുവെച്ച് സീമയുടെ മനസ്സ് മാറിയെന്നും കോടതിയില്‍ വെളിപ്പെടുത്തലുണ്ടായി.
കുട്ടികളെ വിട്ട് നാട്ടില്‍ പോയ്യാല്‍ ഗാര്‍ഡ കുട്ടികളെ കൊണ്ടുപോകുമെന്നും പിന്നീട് 18 വയസ്സുവരെ കുട്ടികളെ കാണാന്‍ പോലും അനുവദിക്കില്ലെന്നുമായിരുന്നു ഇയാള്‍ സീമയോട് പറഞ്ഞിരുന്നത്.ഇതു വിശ്വസിച്ചാണ് നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിയത്.തനിക്കോ മക്കള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവായിരിക്കും ഉത്തരവാദിയെന്ന് സീമ പറഞ്ഞിരുന്നതായി സീമ ബാനുവിന്റെ ബന്ധു സയ്യിദ് സുഹാന്‍ പറഞ്ഞു.ഭാര്യയെ ആക്രമിച്ചെന്ന കേസില്‍ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് സമീര്‍ സെയ്ദ് ഇന്ത്യയില്‍ നിന്നും കടക്കുകയായിരുന്നുവെന്നും സുഹാന്‍ വെളിപ്പെടുത്തി.കൂട്ടക്കൊലപാതക കേസില്‍ പിടിയിലായി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടാനിരിക്കെയാണ് ഇയാള്‍ ജീവനൊടുക്കിയത്.കഴിഞ്ഞ ജൂണിലായിരുന്നു ഇത്.
മൈസൂര്‍ സ്വദേശിയായ സീമ ബാനു(37), മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (6) എന്നിവരെ 2020 ഒക്ടോബര്‍ 28നാണ് ബാലിന്റീറിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചതായി ഗാര്‍ഡ കണ്ടെത്തിയത്.മൂവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.ശ്വാസംമുട്ടിയാണ് മരണമെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പാത്തോളജിസ്റ്റ് ഡോ ഹെയ്ഡി ഒക്കേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.മക്കള്‍ 36 മണിക്കൂറുകള്‍ക്ക് മുമ്പാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.സീമ അതിന് മുമ്പേ കൊല്ലപ്പെട്ടിരുന്നു.
സീമ ബാനുവിന്റെ ഭര്‍ത്താവ് സമീര്‍ സെയ്ദിനെ ഈ കേസില്‍ ഗാര്‍ഡ അറസ്റ്റു ചെയ്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഇയാള്‍ പക്ഷേ മക്കളെ കൊന്നത് താനല്ലെന്ന് ആദ്യം മൊഴി നല്‍കിയിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് മക്കളുടെ ജീവനെടുത്തതെന്നതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിരുന്നു.തുടര്‍ന്ന് മൂന്നു കൊലപാതകക്കുറ്റവും ഇയാളില്‍ ചുമത്തിയിരുന്നു.കേസ് വിചാരണ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് കസ്റ്റഡിയിലിരിക്കെ സെയ്ദ് ജയിലില്‍ മരിച്ചു.
നേരത്തെ ഭാര്യയെ മര്‍ദ്ദിച്ച ബോധരഹിതയാക്കിയ സംഭവത്തില്‍ സമീര്‍ സെയ്ദിനെതിരെ കേസെടുത്തിരുന്നു.ഇയാള്‍ക്ക് ഭാര്യയെയും കുട്ടികളെയും കാണുന്നതിന് കോടതി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതൊക്കെ ഇയാള്‍ ലംഘിച്ചിരുന്നുവെന്നതിനും കോടതിയില്‍ തെളിവുകള്‍ കിട്ടി.ജാമ്യ വ്യവസ്ഥ ലംഘിച്ച് ബാലിന്റീറിലെ വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശിച്ചതായാണ് തെളിഞ്ഞത്.ആളെ തിരിച്ചറിയാതിരിക്കുന്നതിനായി പെണ്‍വേഷം കെട്ടിയതിനും തെളിവുകള്‍ ലഭിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി ഡബ്ലിന്‍ ബസ്സിന്റെ അടക്കം വിവിധ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും ഗാര്‍ഡ ലഭിച്ചിരുന്നു.അതിലൊന്നിലാണ് സ്ത്രീവേഷം ധരിച്ച സമീറിനെ കണ്ടെത്തിയത്.2020 ഒക്ടോബര്‍ 22നാണ് ഡബ്ലിന്‍ ബസിന്റെ സി സി ടിവി ദൃശ്യങ്ങളില്‍ സ്ത്രീ വേഷത്തില്‍ തലയും മുഖവും മറച്ച് ബാലിന്റേറിലേക്ക് പോകുന്ന സമീറിനെ കണ്ടെത്തിയത്.വീഡിയോയിലുള്ളത് താനാണെന്ന് പിന്നീട് ഇയാള്‍ ഗാര്‍ഡയോട് സമ്മതിച്ചിരുന്നു.
ക്രൂരമായ പീഡനമുറകളാണ് സീമയ്ക്ക് നേരിടേണ്ടി വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.സീമയുടെ ഫോണില്‍ നിന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ ഗാര്‍ഡ പുറത്തെടുത്തിരുന്നു.ഇന്ത്യയിലെ കുടുംബവുമായുള്ള സീമയുടെ വീഡിയോ കോളുകളുടെ റെക്കോര്‍ഡിംഗുകള്‍ ഇയാള്‍ തടസ്സപ്പെടുത്തിയിരുന്നു. കുട്ടികളോട് ഇടപെടാന്‍ പോലും അനുവദിച്ചിരുന്നില്ല.സമീര്‍ സെയ്ദില്ലാതെ ജീവിതമില്ലെന്നു പറയുന്ന സീമയുടെ വീഡിയോ റെക്കോഡുകളും ലഭിച്ചു. എന്നാല്‍ ഇവ ചിത്രീകരിക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നതായി സാങ്കേതിക തെളിവുകള്‍ ലഭിച്ചിരുന്നു.
എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫിയെ പിടികൂടിയത് മൽപ്പിടുത്തത്തിനു ശേഷം. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പ്രതി യുപിസ്വദേശിയായ ഷഹറൂഖ് സെയ്ഫി പിടിയിലായത്. ട്രെയിനില്‍ തീ വെയ്പ് നടത്തിയതിന് പിന്നാലെ ഇയാളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിലാണെന്നാണ് സൂചന.
പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്. പിന്നാലെ എത്തിയ ഉദ്യോഗസ്ഥർ ഇയാളെ കായികമായി കീഴടക്കുകയായിരുന്നു. തലയ്ക്കുള്ള പരിക്കിന് ചികിത്സയ്ക്കായിട്ടാണ് പ്രതി എത്തിയത്. രാത്രി 12 മണിക്ക് ശേഷമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ട്രെയിനില്‍ നിന്നുള്ള വീഴ്ചയിലായിരിക്കാം തലയില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് വിവരം.
പ്രതിയെ തേടി അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവരെക്കണ്ട് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ പുറത്തുവെച്ചാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. അക്രമം നടന്ന് നാലാം ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മുംബൈ എടിഎസ് ആണ്. മുംബൈ എടിഎസിന് വിവരം നല്‍കിയത് കേന്ദ്ര ഏജന്‍സികളായിരുന്നു. എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച സംഭവത്തിന് ശേഷം ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു ഇയാള്‍ രത്നഗിരിയിലേക്ക്എത്തിയത്. അതേസമയം ഇത്രയും ദിവസം പ്രതി എവിടായിരുന്നു എന്നുള്ള കാര്യം അന്വേഷണത്തിൽ നിർണ്ണായകമാണെന്നാണ് വിവരം. പ്രതിയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നുള്ളതും ഇയാള്‍ക്ക് എവിടെ നിന്നെങ്കിലം സഹായം കിട്ടിയിട്ടുണ്ടോ എന്നുള്ളതുമാണ് പൊലീസ് പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു. മുംബെെ പൊലീസിൻ്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു, പിന്നിലുള്ള ശക്കികൾ ആരായിരുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങൾക്ക് ഉടൻതന്നെ ഉത്തരമാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് ഡി വണ്‍ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രെയിന്‍ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ മനസ്സിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.
അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ചിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. ട്രാക്കില്‍ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ ബുക്കില്‍ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാര്‍പ്പൻ്റര്‍ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
അതേസമയം കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്‌നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകള്‍ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നഐ സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതുപോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയില്‍ ഇടംപിടിച്ചിട്ടുണ്ടായിരുന്നു.
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്തു. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസണാണ് (33) അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി വിളിച്ചുവരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഒരു ഫ്‌ളാറ്റിൽവച്ച് നാലുദിവസം തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പിന്നീട് യുവതിയുടെ കാറുമായി പ്രതി മുങ്ങി. യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽഫോൺ കോളുകൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയത്. പോലീസ് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം. റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ യുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്.
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.