ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ സ്യൂട്ട് കെയ്സിലാക്കിയ ആ അരുംകൊലയ്ക്ക് ഇന്ന് 25 വർഷം പൂർത്തിയാകുമ്പോഴും പ്രതി ഡോ. ഓമന കാണാമറയത്താണ്. കൊലയ്ക്ക് ശേഷം പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇന്റർപോൾ തിരയുന്ന ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.
പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ.കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭർത്താവ്.
1996 ജൂലായ് 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ അന്നൂരിലെ കെ.എം. മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽവേ സ്‌റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയിൽ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങൾ സ്യൂട്ട് കെയ്സിൽ പായ്ക്ക് ചെയ്തു.ശേഷിച്ചത് ഒരു ബാഗിലാക്കി.മുറി കഴുകി വൃത്തിയാക്കി. ടാക്‌സി വിളിച്ച് അവ ഡിക്കിയിൽ കയറ്റി. ടാക്‌സി കാറിൽ കൊടൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് പിടിയിലാവുന്നത്.
കൊല നടക്കുമ്പോൾ ഓമനയ്ക്ക് പ്രായം 43.തന്റെ കുടുംബം തകർത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ ഞാൻ കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട ടാക്‌സി ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിച്ചു. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന പിന്നീട് മുങ്ങുകയായിരുന്നു.
മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു തങ്ങിയിരുന്നത്.
മൂന്ന് വർഷം മുമ്പ് ഡോ. ഓമനയോടു സാമ്യമുള്ള സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാൽ ജായസെലേങ്കോലിൽ കണ്ടെത്തി. കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലായിരുന്നു. മരിച്ചത് തിരുവനന്തപുരം വലിയതുറ സ്വദേശിനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കൊടുങ്ങല്ലൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വാദേശിയായ അമലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങലൂരിലെ ഫ്ലാറ്റിൽ നിന്നാണ് മൃദദേഹം കണ്ടെത്തിയത്. വയനാട് വിംസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ് മരിച്ച അമൽ.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമലിന്റെ മൃദദേഹം കണ്ടെത്തിയത്. അമൽ താമസിച്ചിരുന്ന ഫ്ളാറ്റിലെ അടച്ചിട്ട മുറിയിൽ നിന്നുമാണ് മൃദദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. സംഭവത്തിൽ മൂന്ന് പേർ വനം വിജിലൻസിന്‍റെ പിടിയിലായി. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്പേം തിമിംഗലത്തിന്‍റെ ഛർദി അഥവാ ആംബർ ഗ്രീസിന് കോടികൾ വിലമതിക്കും. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വസ്തു കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.
രഹസ്യവിവരത്തെ തുടർന്നാണ് തൃശൂർ വനം വിജിലൻസ് ചേറ്റുവയിൽ നിന്നും തിമിംഗല ചർദിയുമായി മൂന്ന് പേരെ പിടികൂടിയത്. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ചപ്പോൾ പ്രതികൾ കോടികൾ വില പറഞ്ഞു. ഇതോടെ മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. 30 കോടി വിലമതിക്കും എന്ന് കണക്കാക്കുന്നു.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ആറുവയസുകാരിയെ കൂടാതെ മറ്റ് കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അറിയാൻ വിശദമായി ചോദ്യം ചെയ്യും.
റിമാൻഡിലായിരുന്ന പ്രതി അർജുനെ കസ്റ്റഡിയിൽ ലഭിച്ചതോടെ കൂടുതൽ തെളിവു ശേഖരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. പെൺകുഞ്ഞിന് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി. വണ്ടിപ്പെരിയാറിലെ കടകളിൽ നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളെ കേസിൽ സാക്ഷികളാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കൊലപാതകത്തിനു ശേഷം പ്രതിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇതുപോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇത് കേസിലെ നിർണായക തെളിവാകും.
ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതി. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുപത്തിരണ്ടുകാരനായ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.
കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും നേരെ ആക്രമണം നടന്ന ഉടന്‍ പോലീസ് കൊലയാളികളെ പിന്തുടര്‍ന്നാണ് വധിച്ചത്. സ്പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്തി പോലീസിന്റെ വിലയിരുത്തല്‍. മോസെയുടെ വീട് ആക്രമിച്ച അജ്ഞാത സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടിന്‍ മോസെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1.1 കോടി ജനസംഖ്യയുള്ള ഹെയ്തിയില്‍ 53-കാരനായ മോസെയുടെ ഭരണത്തില്‍ കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതിനാല്‍ കോടതിവിധി നേടി രണ്ടുവര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നുവരുകയാണ് മോസെ. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പ്രക്ഷോഭങ്ങളും നടന്നുവരുന്നുണ്ട്. 2010-ലെ ഭൂകമ്പവും 2016-ലെ ‘മാത്യു’ കൊടുങ്കാറ്റും വിതച്ച നാശങ്ങളില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഗുണ്ടാ അക്രമങ്ങളും പതിവാണ്.
പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. കലാപ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് അറിയിച്ചിട്ടുണ്ട്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.
ഹെയ്തി പ്രസിഡന്റ് ജോവനൽ മോസ് കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്‌സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്നും സംസ്ഥാനത്തിന്‍റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു.
നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു.
സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് വാക്സിൻ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയിൽ ആയിരുന്നു അരുൺ. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുൻപ് ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.
ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. തൃശൂര്‍ കീഴൂര്‍ സ്വദേശി സതീഷ് (55)ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച അഷ്‌റഫ് താമരശ്ശേരിയെ ഫോണ്‍ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.
ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്‌റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.
ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.
നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്‌റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്‌നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ
അഷ്‌റഫ് താമരശ്ശേരി
മുൻ കേന്ദ്രമന്ത്രി പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ (68) ചൊവ്വാഴ്ച രാത്രി തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ അലക്കുകാരനും രണ്ട് കൂട്ടാളികളും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പ്രതികളിലൊരാളായ വീടിനടുത്ത് ജോലി ചെയ്തിരുന്ന രാജു ലഖൻ (24) അറസ്റ്റിലായി. ഇയാളുടെ കൂട്ടാളികൾക്കും വേണ്ടി അന്വേഷണത്തെ തുടരുകയാണ്
കൊല്ലപ്പെട്ട കിറ്റിയുടെ വീട്ടുജോലിക്കാരിയായ മഞ്ജുവിൽ നിന്നും രാത്രി 11 മണിയോടെ പൊലീസിന് കോൾ ലഭിച്ചു. രാത്രി ഒൻപത് മണിയോടെ രാജു വീട്ടിലെത്തിയതായും അയാൾക്ക് വേണ്ടി അവൾവാതിൽ തുറന്നുകൊടുക്കുകയും എന്നാൽ പ്രവേശിച്ച ഉടനെ അയാൾ അവളെ കീഴടക്കി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു എന്ന് മഞ്ജു പറഞ്ഞു. രാജുവിന്റെ രണ്ട് കൂട്ടാളികളും വീട്ടിലേക്ക് കടക്കുകയും അവർ കിറ്റിയെ കീഴടക്കി എന്നും പരാതിക്കാരനായ മഞ്ജു ആരോപിച്ചു. ശബ്ദമുയർത്തിയപ്പോൾ അവർ കിറ്റിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി എന്നും മഞ്ജു പറഞ്ഞു.
തുടർന്ന് കുറച്ച് പണവും ആഭരണങ്ങളും കൈക്കലാക്കി അവർ കടന്നുകളഞ്ഞു. വീട്ടുജോലിക്കാരി തന്റെ കൈകളിലെ കെട്ടുകൾ അഴിച്ച് . സഹായത്തിനായി അയൽവാസികളെ വിളിച്ചു. സംഭവത്തെക്കുറിച്ച് അവർ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി മഞ്ജുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വീട് കൊള്ളയടിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബെംഗളൂരുവിലുള്ള കുട്ടിയുടെ മകനെ വിവരം അറിയിച്ചു. അന്വേഷണത്തിന് നിരവധി സംഘം രൂപീകരിക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പി. രംഗരാജൻ കുമാരമംഗലം 1991 ജൂലൈയിൽ സേലം കുമരനമംഗലത്തുനിന്നും കോൺഗ്രസ് എംപിയാവുകയും തുടർന്ന് നിയമ, നീതി, കമ്പനി കാര്യ സഹമന്ത്രിയാകുകയും ചെയ്തു. പിന്നീട് ബിജെപിയിൽ ചേർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യത്തെ ബി.ജെ.പി എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കാബിനറ്റുകളിലും അദ്ദേഹം കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.
കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്.
ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
നേരത്തെയും അമൃതാനന്ദമയി ആശ്രമ ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയമായിരുന്നു. 2012ല്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.