ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ആറുവയസുകാരിയെ കൂടാതെ മറ്റ് കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അറിയാൻ വിശദമായി ചോദ്യം ചെയ്യും.

റിമാൻഡിലായിരുന്ന പ്രതി അർജുനെ കസ്റ്റഡിയിൽ ലഭിച്ചതോടെ കൂടുതൽ തെളിവു ശേഖരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. പെൺകുഞ്ഞിന് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി. വണ്ടിപ്പെരിയാറിലെ കടകളിൽ നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളെ കേസിൽ സാക്ഷികളാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കൊലപാതകത്തിനു ശേഷം പ്രതിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.

ഇതുപോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇത് കേസിലെ നിർണായക തെളിവാകും.

ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതി. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുപത്തിരണ്ടുകാരനായ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.