Crime

കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു.

1980 കളിൽ വാണിജ്യ കമ്പ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയർ അവതരിപ്പിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമറായ മക്അഫി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വളർച്ച ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 1994 ൽ മക്അഫി കമ്പനിയിൽ നിന്ന് രാജിവച്ചു, 2010 ൽ കമ്പനി 7.7 ബില്യൺ ഡോളറിന് ഇന്റൽ വാങ്ങി.

മക്അഫി കമ്പനി തുടക്കത്തിൽ ഇന്റലിന്റെ സൈബർ സുരക്ഷ യൂണിറ്റിന്റെ ഭാഗമായിരുന്നു; 2016 ൽ ഇന്റൽ മക്അഫിയെ ഒരു പ്രത്യേക സുരക്ഷാ കമ്പനിയായി അടർത്തി മാറ്റി. മക്അഫി കമ്പനിയിലെ തന്റെ മുഴുവൻ ഓഹരികളും വിറ്റ മക്അഫീ വിവിധ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല.

1945 ൽ യുകെയിലാണ് മകാഫി ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിർജീനിയയിലേക്ക് കുടിയേറി. 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു. “എല്ലാ ദിവസവും ഞാൻ ഉണരുന്നത് അച്ഛനോടൊപ്പമാണ്“ എന്നായിരുന്നു മക്അഫി വയർഡ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്.

മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്.

വിവാഹ സമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമല്‍. വിവാഹശേഷം അമല്‍ മര്‍ദ്ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു.

അമല്‍ പുലര്‍ച്ചെ ജോലിക്ക് പോയ ശേഷമായിരുന്നു ധന്യ തൂങ്ങിമരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു.

മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടില്‍ വിളിച്ച് അമല്‍ മര്‍ദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം. ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമല്‍ മര്‍ദ്ദിച്ചിരുന്നതായും മകളുടെ പൊക്കം പോലുമില്ലാത്ത ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന സംശയവും പിതാവ് പൊലീസിനെ അറിയിച്ചു. പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അമലിനെ അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ ആശുപത്രിയിൽ. സബ് ജയിലിൽ റിമാൻഡിലായിരുന്ന വിനീഷ് കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

മഞ്ചേരി ജയിലിൽ കഴിയുന്ന പ്രതി കഴിഞ്ഞദിവസം രാത്രിയിലാണ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷ് ഛർദിക്കുന്നത് കണ്ട് എത്തിയ ജയിലധികൃതർ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

പോലീസ് പിടിയിലായ അന്നുമുതൽ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറയുന്നു.അതുകൊണ്ട് തന്നെ ഇയാൾക്ക് പ്രത്യേക കാവലാണ് നൽകിയിരുന്നത്. എന്നാൽ ജയിലിലെത്തിയ ഇയാൾ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സെല്ലിനുളളിൽ ഉണ്ടായിരുന്ന കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പ്രണയം നിരസിച്ചതിനെ പേരിലാണ് നിയമവിദ്യാർത്ഥിനിയായിരുന്ന ദൃശ്യയെ പ്രതി വീട്ടിൽ കയറി കുത്തിക്കൊന്നത്. കൊലപാതകത്തിന് മുമ്പ് ദൃശ്യയുടെ പിതാവിന്റെ കട ഇയാൾ കത്തിച്ചിരുന്നു. ഈ കേസിൽ വിനീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.

പരവൂർ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎൻഎ പരിശോധനയിലൂടെയാണ്. യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു രേഷ്മ ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് അണുബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.

ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

ഉത്തര്‍പ്രദേശിലെ ഗംഗ കനാലില്‍ നിന്ന് ചെളി നീക്കുന്നതിനിടെ രണ്ട് കാറുകള്‍ കണ്ടെത്തി. കണ്ടെത്തിയ കാറുകളില്‍ ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുസാഫര്‍ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലില്‍നിന്ന് കണ്ടെത്തിയത്.

നദിയില്‍നിന്ന് പുറത്തെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ദില്‍ഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ജനുവരി മുതലാണ് കാണാതായതെന്ന് സഹോദരന്‍ വ്യക്തമാക്കി. അന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

കൂട്ടുകാരന്റെ കാറുമായി പോയ ദില്‍ഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ദില്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റര്‍ മാറി സിഖേദയിലാണ് രണ്ടാമത്തെ കാര്‍ കനാലില്‍നിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന വാർത്ത പുറംലോകത്തെത്തിയിരിക്കുകയാണ്. തിരുവല്ല മേപ്രാലിലെ ശാരിമോൾ എന്ന യുവതി ജീവനൊടുക്കാൻ കാരണം പണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമായിരുന്നെന്ന് കുടുംബം. ശാരിമോളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് മാനസികമായി സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ രോപണം.

ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കുകയും വീട്ടിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വിഷക്കായ കഴിച്ചത്. 2021 മാർച്ച് 30ന് വിഷക്കായ കഴിച്ച് അവശനിലയിലായ ശാരിമോൾ 31ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

തിരുവല്ല മേപ്രാൽ സ്വദേശിനി സിഎസ് ശാരിമോളുടെ ഒരു വർഷവും നാലുമാസവും നീണ്ട ദാമ്പത്യം ദുരന്തമായി അവസാനിച്ചത് പണത്തെ ചൊല്ലിയുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും ദുരാഗ്രഹത്തെ തുടർന്നാണ്. ബഹ്‌റൈൻ ഡിഫൻസ് ആശുപത്രിയിൽ നഴ്‌സായിരുന്നു 30 വയസുകാരിയായ ശാരിമോൾ. 2019 നവംബർ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോൾ ബഹ്‌റൈനിലേക്ക് ജോലിക്കായി പോയി.

2021 മാർച്ച് 30ന് ഭർത്താവിന്റെ വീട്ടുകാർ ശാരിമോളുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയിരുന്നു. വീടിനകത്തെ സാധനങ്ങൾ തകർക്കുകയും സഹോദരനേയും പിതാവിനേയും മർദിച്ചതായും കുടുംബം പറയുന്നു. ഈ സംഘർഷത്തിന് പിന്നാലെയാണ് ശാരിമോൾ ഒതളങ്ങ കഴിച്ചത്. ചികിൽസയിലിരിക്കെ 31ന് മരിച്ചു.

ഭർത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവർ ആരോപിക്കുന്നു. സ്വർണം പണയം വച്ച് പണം എടുക്കാൻ ശാരിമോൾ തയാറായിട്ടും ഭർത്താവും വീട്ടുകാരും അതിന് തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. കടംവാങ്ങിയാണ് വിവാഹം നടത്തിയത്. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു മകളുടെ സമ്പാദ്യം കവരാൻ ഭർത്താവും വീട്ടുകാരും ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവിക്കടക്കം സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായും ഭർത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.

 

ഹൃദയം പകുത്തു നൽകിയ വ്യക്തിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും വിസ്മയയുടെ മനസിൽ പ്രതീക്ഷകളുടെ പുതുനാമ്പുകൾ ഉണ്ടായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ച വിഡിയോകളും ചിത്രങ്ങളും അതിനു തെളിവായിരുന്നു. ഫെയ്സ്ബുക്കിലെ വിസ്മയയുടെ അവസാന പോസ്റ്റും ഇപ്പോൾ സൈബർ ഇടത്ത് ചർച്ചയാവുകയാണ്. കാറിനുള്ളിൽ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജിൽ അവസാനമായി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

അച്ഛനെയും അമ്മയെയും ചേർത്ത്പിടിച്ച് സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന വിസ്മയയുടെ ചിത്രങ്ങളാണ് ആ വീട് നിറയെ. പുഞ്ചിരിയോടെയല്ലാതെ വിസ്മയയെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. നൃത്തത്തിലും സ്പോർട്സിലും പഠനത്തിലും മിടുക്കിയായ പെൺകുട്ടി ഇന്ന് നാടിന്റെയാകെ കണ്ണീരാണ്. ഡോക്ടറാവണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിസ്മയ ജീവിതം അവസാനിപ്പിച്ചത്.

അച്ഛനാണ് വിസ്മയയുടെ പഠനച്ചിലവെല്ലാം നോക്കിയിരുന്നത്. മരിക്കുന്നതിന് തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്, ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു.കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു.

കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു.അച്ഛൻ പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നുവെന്നും വിസ്മയയുടെ അമ്മ പറയുന്നു.

എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അടുക്കളയോടു ചേർന്ന ഭാഗത്ത് തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വർഷം മുൻപാണ് ശ്രീജയും ​ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്.

ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ്‌ കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

മുംബൈയില്‍ മലയാളി യുവതി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലാ സ്വദേശിയും മുൻ മാധ്യമപ്രവർത്തകയുമായ രേഷ്മാ മാത്യുവാണ് ആറുവയസുകാരൻ മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ബുദ്ധിമുട്ട് സഹിക്കാൻ വയ്യാതെയാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന രേഷ്മയുടെ കുറിപ്പും പൊലീസ് കണ്ടെടുത്തു.

മുംബൈ ചാന്ദിവ്​ലിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. രേഷ്മയുടെ ഭർത്താവ് മേയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ച നിലയിലാണ് തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കിരണിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.

കേസിലെ കണ്ടെത്തലുകള്‍ അനുസരിച്ച് കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് വകുപ്പുതല നടപടികളിലും മാറ്റമുണ്ടാകും. അതിനിടെ, വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. ഐജി ഹര്‍ഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

Copyright © . All rights reserved