അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി. രണ്ടു വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്.
ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഇയാളെ കൊലപ്പെടുത്തി മറവ് ചെയ്തതാണെന്ന വിവരം ഇന്നലെയാണ് പൊലീസിന് ലഭിച്ചത്. അതനുസരിച്ച് ഷാജിയുടെ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അപകടപ്പെടുത്തി മറവ് ചെയ്തതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.
പത്തനംതിട്ട ഡിവൈഎസ്പിക്കാണ് ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. ഇദ്ദേഹം ഈ വിവരം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അങ്ങേയറ്റം മദ്യപിച്ചെത്തിയ ഒരാൾ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി വിവരം കൈമാറിയത്. ആദ്യമൊന്നും ഇയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ, വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവാണ് ഇയാൾ. ഷാജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പൊലീസിനെ കാണാനെത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. താൻ മരിച്ചിട്ടും പൊലീസ് അന്വേഷണം വേണ്ടനിലയിൽ എത്തിയില്ല എന്ന് ഷാജി സ്വപ്നത്തിൽ പറഞ്ഞെന്നാണ് ബന്ധു പൊലീസിനെ അറിയിച്ചത്.
സനു മോഹൻ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മിഷണർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തി. ആദ്യഘട്ടത്തിൽ സനുവിനെ കണ്ടെത്താനായിരുന്നു ശ്രമം. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്.
പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം.
സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല.
ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.
നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.
പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളേയും പ്രായമായവരേയും വള്ളത്തിൽ കയറ്റി ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകൻ ജെയ്‌സലിന് എതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരെ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും താനൂർ സിഐ ജീവൻ ജോർജ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.
ഇതിനുശേഷം ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെയാണ് ജെയ്‌സൽ വലിയ വാർത്താപ്രാധാന്യം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് വലിയതോതിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മത്സയ്‌ത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വീട് പുനഃനിർമ്മിക്കാനും മറ്റുമായി ധാരാളം സഹായങ്ങളും ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ലഭിച്ചിരുന്നു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് വൈഗയുടെ മരണത്തിൽ പുറത്തുവരുന്നത്. മകൾ വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛൻ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങൾ. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ സനു മോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്. ഇതേ തുടർന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോൾ കുട്ടികരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയിൽ ഉപേക്ഷിച്ചത്. എന്നാൽ കുട്ടിമരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയശേഷമാണ് മകൾ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തിൽ വീണതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.
കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് നിര്‍ണായക വിവരം ലഭിച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറി.
സംഭവശേഷം ഒളിവില്‍പ്പോയ വൈഗയുടെ പിതാവ് സനു മോഹന്‍ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഹോട്ടലിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങളുണ്ട്. പോലീസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹോട്ടലില്‍ സനു മോഹന്‍ രണ്ടായിരം രൂപ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നാലു ദിവസം ഇയാള്‍ ഇവിടെ താമസിച്ചിരുന്നു.
ഏപ്രില്‍ 16നു മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന് സനു ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ഡ് വഴി ഹോട്ടല്‍ ബില്‍ അടയ്ക്കാമെന്നു പറഞ്ഞ് അന്നു രാവിലെ പത്തോടെ പുറത്തുപോയ സനുമോഹന് പിന്നീടു ഹോട്ടലില്‍ തിരിച്ചെത്തിയില്ല. ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ ഇയാളെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് കേസിന്റെ വിവരമറിയുന്നത്.
തുടര്‍ന്നു മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറില്‍ വിളിച്ചു വിവരം അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു പറഞ്ഞു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ കേരള പോലീസിന്റെ ഒരു ടീം കൊല്ലൂരില്‍ സനുവിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്നും വൈഗയുടെ മരണത്തിലെ ദുരൂഹതകള്‍ ഉടന്‍ നീങ്ങുമെന്നാണു പ്രതീക്ഷയെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
കൊച്ചിയിൽനിന്ന് കാണാതായ സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കമ്മീഷണർ സി.എച്ച്.നാഗരാജു. സനു മോഹന്‍ സ്വന്തം പേരിലാണ് കർണാടകയിലെ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആറു ദിവസമായി കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനു മോഹന്റെ ദൃശ്യങ്ങളാണിത്. ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാവിലെ ലോഡ്ജിലെ പണം നല്‍കാതെ സനു മോഹന്‍ അവിടെനിന്ന് രക്ഷപെട്ടു. ഇതിന് പിന്നാലെ മലയാളികളായ ഉടമയും ജീവനക്കാരും തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍കാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് നാട്ടില്‍ അന്വേഷിച്ചതോടെയാണ് സനു മോഹനെ തിരിച്ചറിഞ്ഞത്.
ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപെട്ട സനുമോഹനെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘവും കൊല്ലൂരില്‍ എത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ , വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പതിമൂന്നൂകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് പിതാവ് സനു മോഹനെ കാണാതായത്. മാർച്ച് 22 ന് പുലര്‍ച്ചെ സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതോടെ സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വൈഗ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹനെ പിടികൂടുന്നതോടെ വൈഗയുടെ മരണത്തിലെ ദുരൂഹതയും നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിന് ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മകളുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം 22നാണ് സനുമോഹനെ കാണാതായത്.
ഭർത്താവിന്റെ സഹോദരിയെ കൊന്ന് പെട്ടിയിലാക്കി മൂന്നു ദിവസം സൂക്ഷിച്ച യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിലാണ് നടുക്കുന്ന സംഭവം. യുവതി തുടർച്ചയായി ഫോണിൽ സംസാരിച്ചത് ആരോടാണ് എന്ന് അന്വേഷിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിയത്. പൂജ എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രേഖ ഇവരുടെ ഭർത്താവിന്റെ സഹോദരിയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
‘പൂജയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് സഹോദരി രേഖ വീട്ടിലെത്തിയത്. ഈ സമയം പൂജ ഫോണിൽ സംസാരിക്കുകയായിരുന്നു. ഒരുപാട് നേരം സംസാരം തുടർന്നതോടെ ആരോടാണ് സംസാരിക്കുന്നത് എന്ന് ഭർത്താവിന്റെ സഹോദരി ചോദിച്ചു. ഇക്കാര്യം സഹോദരനെ അറിയിക്കുമെന്നും രേഖ പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
അന്ന് രാത്രി ഉറങ്ങാൻ കിടന്ന രേഖയെ മൂർച്ചയേറിയ ആയുധം െകാണ്ട് പൂജ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരപരുക്കേറ്റ രേഖ അപ്പോൾ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ഒരു പെട്ടിയിലാക്കി കട്ടിലിന് അടിയിൽ സൂക്ഷിച്ചു. കൊല്ലപ്പെട്ട രേഖയുടെ മക്കൾ അന്വേഷിച്ച് വന്നപ്പോൾ സഹോദരനെ കാണാൻ നഗരത്തിലേക്ക് പോയി എന്നുമാണ് അറിയിച്ചത്. എന്നാൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായ മക്കൾ പൊലീസിൽ പരാതി നൽകി.
മൂന്നുദിവസങ്ങൾക്ക് ശേഷം പെട്ടിയിൽ നിന്നും ദുർഗന്ധം വീടിനുള്ളിൽ നിറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തുമായുള്ള ഫോൺ സംസാരം ഭർത്താവിനെ അറിയിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് (പൊന്‍സി സ്‌കീം) ആസൂത്രണം ചെയ്ത 82 കാരനായ വാള്‍സ്ട്രീറ്റ് ഭീമന്‍ ബെര്‍ണാഡ് മഡോഫ് അമേരിക്കയിലെ ജയിലില്‍ മരിച്ചു. ബെര്‍ണി എന്നറിയപ്പെടുന്ന മഡോഫ് നാസ്ഡാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍ ചെയര്‍മാനായിരുന്നു. നീണ്ട വര്‍ഷങ്ങളോളം ഒരു നിക്ഷേപ ഭീമനായാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നത്. ആയിരക്കണക്കിന് നിക്ഷേപകരറിയാതെ തട്ടിപ്പ് നടത്തി 17.5 ബില്യണ്‍ ഡോളര്‍ സമ്ബാദ്യം തട്ടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ശിക്ഷയ്ക്ക് വിധിച്ചത്.
2009 ല്‍ 150 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജി ഡെന്നി ചിന്‍ മഡോഫിന്റെ കുറ്റകൃത്യങ്ങളെ അസാധാരണമായ തിന്മ എന്നാണ് വിശേഷിപ്പിച്ചത്.
അദ്ദേഹത്തിന്റെ ക്രിമിനല്‍ പെരുമാറ്റം ഇരകളുടെ ജീവിതത്തെ നശിപ്പിക്കുകയും ആത്മഹത്യകള്‍, പാപ്പരത്തങ്ങള്‍, ഭവന നഷ്ടങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്തു. അവന്‍ ദൈവമാണെന്ന് ഞങ്ങള്‍ കരുതി; അദ്ദേഹത്തിന്റെ കൈയിലുള്ളതെല്ലാം ഞങ്ങള്‍ വിശ്വസിച്ചു, & ഹോളോകോസ്റ്റ് അതിജീവിച്ചതും നൊബേല്‍ സമ്മാന ജേതാവുമായ എലീവീസല്‍ അതേ വര്‍ഷം പറഞ്ഞു. ഏറ്റവും വലിയ വഞ്ചകന്‍, കള്ളന്‍, നുണയന്‍, കുറ്റവാളി എന്നാണ് വീസല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
നോര്‍ത്ത് കരോലിനയിലെ ബട്നറിലെ അനാരോഗ്യമുള്ള തടവുകാര്‍ കഴിയുന്ന ഫെഡറല്‍ മെഡിക്കല്‍ സെന്ററിലില്‍ കഴിയവെയാണ് മഡോഫ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വൃക്കസംബന്ധമായ അസുഖവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചു.
2008 ലാണ് ഒരു വലിയ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തായി മഡോഫ് കുറ്റം സമ്മതിച്ചത്, അതില്‍ പണം നിക്ഷേപിക്കുന്നതിനുപകരം, പുതിയ നിക്ഷേപകരുടെ ഫണ്ട് ഉപയോഗിച്ച് പഴയ നിക്ഷേപകര്‍ക്ക് പണം നല്‍കി. കോടതി നിയോഗിച്ച ഒരു ട്രസ്റ്റി നിക്ഷേപകര്‍ മഡോഫിന്റെ ബിസിനസ്സിലേക്ക് നിക്ഷേപിച്ച ഏകദേശം 17.5 ബില്യണ്‍ ഡോളറില്‍ 13 ബില്യണ്‍ ഡോളറിലധികം കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത തുക മഡോഫ് കൈകാര്യം ചെയ്യുന്നതായി ഉപയോക്താവിനോട് പറഞ്ഞ തുകയേക്കാള്‍ വളരെ കുറവായിരുന്നു. അറസ്റ്റിലാകുമ്ബോള്‍ 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാജ അക്കൗണ്ട് രേഖകളും ഇദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തൽക്ഷണം മരിച്ചു. നൂറനാട് ഇടപ്പോൺ പാറ്റൂർ ഇഞ്ചക്കലോടിൽ ഇ.കെ.തോമസ് (ജോയിക്കുട്ടി 57), മകൾ ഡി. ഫാം വിദ്യാർഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോൺ റോഡിൽ പടനിലം ആൽമാവ് മുക്കിലായിരുന്നു അപകടം.
ജോയിക്കുട്ടിയും മകൾ ജോസിയും പടനിലത്തേക്ക് വരുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മൈൽക്കുറ്റിയിൽ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തലയിടിച്ചാണ് ജോസി മരിച്ചത്. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി– ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി.
ബിഎസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ ജോസി കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ചേർന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാൽ നൂറ്റാണ്ടു കാലം പാറ്റൂർ ജംക്‌ഷനെ സ്നേഹിച്ച ജോയിക്കുട്ടി അച്ചായൻ ഇനി ഓർമയിൽ. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് പ്രദേശവാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം ഒരു കുടക്കീഴിൽ എന്നു പറയുന്നതുപോലെ ‘അച്ചായന്റെ കട’യിൽ ചെന്നാൽ എല്ലാം വാങ്ങാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു .
ഒരു പെട്ടിഓട്ടോയുമായി പാറ്റൂരിൽ എത്തിയ ജോയിക്കുട്ടി പിന്നീട് ഓട്ടോറിക്ഷ വാങ്ങി. ഇതിനുശേഷമാണ് ചെറിയ രീതിയിൽ സ്റ്റേഷനറി കട തുടങ്ങിയത് . പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങൾ അങ്ങനെ എല്ലാം കടയിൽ ലഭിച്ചുതുടങ്ങിയപ്പോൾ പാറ്റൂർ നിവാസികൾക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയിൽ എത്തിയാൽ രാത്രി ഒൻപതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അർഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകൻ: ജോസൻ തോമസ്.
ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടൻ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽനിന്നു മാരക ലഹരിമരുന്നുമായി പിടികൂടുകയായിരുന്നു.
2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് ഇയാൾ വില്ലൻ വേഷം അവതരിപ്പിച്ചത്. റെയ്ഡിൽ സിഐ അൻവർ സാദത്ത്, പ്രീവന്റീവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.