ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മരണം ഷെല്ലുകളുടെ രൂപത്തിൽ സൗമ്യയുടെ ജീവൻ കവർന്നത്. ഭർത്താവ് സന്തോഷ് തന്നെയാണ് നിറകണ്ണുകളോടെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്കണക്ടായത്. വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് സന്തോഷ് പറഞ്ഞു.
ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ്(31) ഇസ്രയേലിൽ കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഏഴ് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ ജോലി ചെയ്തു വരികയാണ്. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടിട്ടുണ്ട്.
കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷാണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. വിജീഷിനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.
കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു സംശയം
റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ എട്ട് വിദ്യാർഥികളും അധ്യാപകനും ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു. നാലോളം വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. റഷ്യൻ നഗരമായ കസാനിലാണ് സംഭവം.
തോക്കുധാരികളായ രണ്ടു കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക്ക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം.
ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
പ്രതിപക്ഷ നേതാവ് മണിക് സർക്കാരും പ്രതിപക്ഷ ഉപനേതാവായ സഖാവ് ബാദൽ ചൗധരിയും ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് ഇപ്പോഴും സംഘപരിവാർ തീവ്രവാദികൾ സംഘടിച്ച് നിൽക്കുകയാണ്.
പൊലീസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് റിപ്പോർട്ട്. സെർബിയൻ ഡോക്ടർ അലക്സാണ്ടർ മുറഖോവ്സ്കിയെയാണ് കാണാതായിരിക്കുന്നത്. മോസ്കോയിൽനിന്ന് 2,200 കിഴക്ക് മാറി ഓംസ്ക് മേഖലയിൽ വനത്തിനുള്ളിൽ കാണാതായെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഹെലിക്പോറ്ററിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടരുകയാണ്. നവൽനിയെ ചികിത്സിച്ച സെർബിയയിലെ ഓംസ്കിലെ മുതിർന്ന ഡോക്ടറാണ് മുറഖോവ്സ്കി. ഇവിടെനിന്നാണ് നവൽനിയെ കൂടുതൽ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്ക് പ്രയോഗിച്ച് നവൽനിയെ വധിക്കാൻ ശ്രമം നടന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് നവൽനിയും സഹപ്രവർത്തകരും വിശ്വസിക്കുന്നത്.
പിറന്നാൾ ആഘോഷത്തിനിടെ കാമുകിയേയും ക്ഷണിക്കപ്പെട്ട അതിഥികളേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. യുഎസിലെ കൊളറാഡോയിലാണ് സംഭവം. അക്രമി നടത്തിയ വെടിവെയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാൾ ആക്രമിയുടെ കാമുകിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊളറാഡോയിലെ ഒരു ഹോംപാർക്കിൽ അർദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാൾ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
കൊലയാളിയുടെ പെൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാർട്ടിയിൽ പങ്കെടുത്തിരുന്നത്. പാർട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. വെടിവെയ്പ്പിൽ പാർട്ടിയിലുണ്ടായിരുന്ന കുട്ടുകൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.
മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.
ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായെന്നും ഇത് കയ്യാങ്കളിയിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇരുവരും നിഷേധിച്ചു.
‘ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല’ സ്ലേറ്റര്‍ പറഞ്ഞു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത് എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് എന്തും എഴുതി പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ്, ന്യൂസിലാന്‍ഡ് സംഘം മാലിദ്വീപില്‍ കഴിയുന്നത്. ഇവര്‍ ഇവിടെ രണ്ടാഴ്ച ക്വാറന്‍റൈനില്‍ കഴിയണം.
ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരുക്കേറ്റിരുന്നു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്.
സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധക്കാർ കല്ലുകളെറിഞ്ഞു എന്ന് പൊലീസ് വിശദീകരിച്ചു. ഇവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് പറയുമ്പോൾ 13 പേരെ അറസ്റ്റ് ചെയ്തെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സംഭവത്തിൽ 53 പേർക്ക് പരുക്കേറ്റു എന്ന് പലസ്തീനിയൻ റെഡ് ക്രോസ് അറിയിച്ചു.
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബ്ബർ ബുള്ളറ്റുകളും സൗണ്ട് ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു എന്ന് ജെറുസലേമിലെ എഎഫ്പി മാധ്യമപ്രവർത്തകർ പറയുന്നു.
വെള്ളിയാഴ്ചയാണ് ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നത്. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു.
ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.