നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. രാധ വധക്കേസിൽ ഒന്നാംപ്രതി നിലമ്പൂർ എൽഐസി റോഡിൽ ബിജിനയിൽ ബികെ ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്.
നേരത്തെ, ഇരുവരെയും സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. പിന്നീട് 2015ലാണ് ഇരുപ്രതികളേയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ.തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു.
രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
രാമകൃഷ്ണന്റെ പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സനിലിന്റെ പേരിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനിലിനെ കാസർഗോഡ് അഡീഷണൽ സെഷന്‍സ് കോടതിയിലും മറ്റ് അഞ്ചുപേരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ പി.രാജേഷ്, എസ്ഐമാരായ കെ.വി. സത്യൻ, കെ.പി.രമേശൻ, യു. കുമാരൻ, സീനിയർ പോലീസ് ഓഫീസര്‍മാരായ ടി.ആർ. മധു, പി.രാജീവൻ, പി.കെ.ശ്രീജിത്ത്, കെ.വി. രമേശൻ, പ്രിയ കെ.നായർ, എം.വി.സൗമ്യ, ബി.ശ്രീജ എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റയ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.
പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.
പ്രമുഖ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിലായി. ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അജാസ് ഖാനെ മുംബൈ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളിൽ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച അജാസ് ഖാൻ ബിഗ് ബോസിലൂടെയാണ് കൂടുതൽ വാർത്തകളിൽ നിറയുന്നത്. ബിഗ് ബോസ് സീസൺ ഏഴിലും എട്ടിലും മത്സരാർത്ഥിയായിരുന്ന അജാസ് ഖാൻ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
രക്തചരിത, ഭോണ്ഡു, അള്ളാഹ് കേ ബന്ദേ, റക്ത ചരിത 2. ഹാ തുജേ സലാം ഇന്ത്യ തുടങ്ങിയ സിനിമകളിലെയും സീരിയലുകളിലെയും അജാസ് ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങൾക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങളുയർന്നിരുന്നു. ചിലർ അറസ്റ്റിലാവുകയും ചെയ്തു. ദീപിക പദുകോൺ ഉൾപ്പടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ബന്ധുവിനാൽ ചതിക്കപ്പെട്ട് ലഹരിമരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി വെറുതെ വിട്ടു. ഖത്തറിലെ സുഹൃത്തിന് നൽകാൻ ബന്ധു ഏൽപ്പിച്ച പൊതിയിൽ ലഹരിമരുന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു 10വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയിൽമോചനം.
2019 ജൂലായിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ ബന്ധുവായ സ്ത്രീ ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.
വിചാരണയ്ക്കൊടുവിൽ കീഴ്കോടതി ഇരുവർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരേയും മോചിതരാക്കാൻ ഉത്തരവിട്ടത്.
പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരേയും വെറുതേവിട്ടത്.
കിളിമാനൂർ നഗരൂരിൽ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. കണ്ടുവന്ന മകൻ ഫുട്ബോൾ കൊണ്ട് അക്രമികളെ നേരിട്ട് അമ്മയെ രക്ഷിച്ചു. തുടർന്ന് മാല ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനി മൂന്നു മണിയോടെ നഗരൂർ തേക്കിൻകാട്ടും, തുടർന്ന് കിളിമാനൂർ മലയാമഠത്തും രണ്ടു മാല പൊട്ടിക്കലാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.
നഗരൂർ ശിവപുരം ശ്രീനിധിയിൽ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫുട്ബോൾ കളിക്കാനായി അതുവഴി എത്തിയ മകൻ അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകൻ ഫുട്ബോൾ കൊണ്ട് അക്രമിയെ ഇടിച്ചു. ഇടിയേറ്റപ്പോൾ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യിൽ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാൻ ശ്രമം നടത്തവേ മകൻ വീണ്ടും ബോൾ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികൾ ബൈക്കിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
കിളിമാനൂർ ദേവേശ്വരം കുന്നിൽ വീട്ടിൽ ശക്തിധരന്റെ ഭാര്യ എസ്. ഷീലയുടെ അഞ്ചേമുക്കാൽ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയിൽ പോയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കൾ കിളിമാനൂരിൽ നിന്നു പിൻതുടർന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവിൽ കടയിൽ സാധനം വാങ്ങുവാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാക്കൾ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പിൽ ഗോവിന്ദവിലാസത്തിൽ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.
മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രി അധികൃതർ ഒരുങ്ങുന്നു.
അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. അസം സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മൂവാറ്റുപുഴ എസ്ഐ വി.കെ.ശശികുമാർ പറഞ്ഞു.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്.
കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു.
സർജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകൾ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടർമാർ ബന്ധുക്കളോടു വിശദമായി വിവരങ്ങൾ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ദമ്പതികളുടെ 2 മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ഈ കുടുംബത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ അന്വേഷിക്കാൻ പോലും തയാറാകാത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാൻ പൊലീസിനു കഴിഞ്ഞില്ല. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണു ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട്.
ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ആരോപണം മാത്രമാണിതെന്നും പീയുഷ് ഗോയല്‍ പറയുന്നു. ‘പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. യാത്രക്കാര്‍ ആരെന്ന് മനസിലായപ്പോള്‍ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി ആക്രമിച്ചുവെന്നത് വ്യാജപ്രചരണമാണ്’, ഗോയല്‍ പറയുന്നു.
മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു.
പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ദുരൂഹമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പാണ് കാഞ്ഞിരമുക്ക് വാലിപ്പറമ്പില്‍ ഭരതന്റെ മകന്‍ അമലിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണത്തില്‍ ദുരൂഹത ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. പെരുമ്പടപ്പ് സിഐ വി.എം.കേഴ്‌സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.