അഞ്ചൽ സ്വദേശിനി ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും ഭർത്താവ് സൂരജിന്റെ പെരുമാറ്റം അസ്വഭാവികമായിരുന്നു എന്ന് വിവരിച്ച് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. ഉത്ര മരിച്ച സാഹചര്യങ്ങളിൽ സ്വാഭാവികതയില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ കിഷോർകുമാറും വിചാരണ കോടതിയിൽ മൊഴിനൽകി.
ഉത്രയുടെ മരണത്തിന് കാരണമായ രണ്ടാമത്തെ മൂർഖൻ പാമ്പ് കടിച്ച സംഭവം വിശ്വസനീയമല്ലെന്നു ഡോക്ടർ വിശദീകരിച്ചു. മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. ഉത്ര വധക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷിയായ അദ്ദേഹം മൊഴി നൽകിയത്. പാമ്പ് കടിച്ചത് രണ്ടും ഒരേസ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മൂർഖൻ പാമ്പ് ജനൽവഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് മാത്രം ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്.
അതേസമയം, ആദ്യത്തെ തവണ പാമ്പുകടിച്ച സമയത്തും ഉത്രയുടെ ഭർത്താവ് അസ്വഭാവികമായാണ് പെരുമാറിയതെന്നു ചികിത്സിച്ച ഡോക്ടർ മൊഴി നൽകി. അണലികടിച്ചശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനൽകി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തെന്നും മൊഴിനൽകി.
അതേസമയം, ഉത്രയെ രാത്രിയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കിയാണ് സൂരജ് ആശുപത്രിയിൽ എത്തിച്ചതെന്നു തെളിയിക്കുന്ന മൊഴികളും കോടതിക്ക് മുന്നിൽ സാക്ഷികൾ വിവരിച്ചു. അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദറിന്റെ മൊഴിയും സൂരജിനെ കുരുക്കുന്നതാണ്. അത്യാസന്നനിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കൈയിൽ കടിച്ചതാണെന്നുപറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്നാണ് ഡോക്ടർ ജീനയുടെ മൊഴി. പരിശോധനയിൽ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി.
പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടെന്ന് പോയിനോക്കിയവർ പറഞ്ഞെന്നും അത് മൂർഖനായിരുന്നെന്നു പറഞ്ഞതായും മൊഴിനൽകി. ചൊവ്വാഴ്ച സാക്ഷിവിസ്താരം തുടരും.
കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര സ്വദേശിയായ അജ്നാസിനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ എത്തി അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് പുലര്‍ച്ചെ ഒന്നരയോടെ അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കാണാനായി എത്തിയതായിരുന്നു പ്രാദേശിക വോളി താരമായ അജ്നാസ്. കളികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കി അജ്നാസുമായി അജ്ഞാതസംഘം കടന്നുകളഞ്ഞത്.
ഒന്നര ആഴ്ച്ചയ്ക്കിടെ നാദാപുരത്തുണ്ടാകുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അജ്നാസിന്‍റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കോവിഡ് കാലത്ത് രണ്ട് തവണ അജ്്നാസ് വിദേശത്ത് പോയി തിരിച്ചെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്ത കുറ്റ്യാടി സ്വദേശിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും.
ഇടുക്കി കുമളിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ട് മാസമായി ഒന്നിച്ചായിരുന്നു താമസം. ഈശ്വരൻ റസിയയുടെ മകനെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. ഉപദ്രവത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ് മരിച്ചത്. രക്ഷപെട്ട പ്രതിയെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദൃശ്യത്തിലെ ആ കൊലപാതകം ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ആറു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
പറഞ്ഞുവന്നത് ഈജിപ്തിലെ ഒരു കൊലപാതകത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസമോ, മാസമോ, വർഷമോ ഒന്നുമല്ല ഈ കൊലപാതകം നടന്നത്. 3600 വർഷം മുന്‍പാണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്.
സംഭവം എന്താണെന്നല്ലേ? 1960 കാലഘട്ടത്തിൽ ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു മമ്മിയിൽ ഗവേഷകർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെടുന്പോൾ ഇതിന് 40 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. തലയിൽ ശക്തമായി ആഘാതമേറ്റതാണ് മരണകാരണമെന്നാണ് ഗവേഷകർ പറയുന്നത്.
കോടാലി പോലുള്ള വസ്തുകൊണ്ടാണ് തലയ്ക്ക് അടിച്ചിരിക്കുന്നത്. എക്സ്റേ, സിടി സ്കാൻ, ത്രീഡി ഇമേജിങ് തുടങ്ങിയവ നടത്തിയാണ് കൊലപാതകം ഗവേഷകർ തെളിയിച്ചിരിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച വ്യക്തതയ്ക്കായി കൂടുതൽ പരിശോധനകൾ നടത്തുകയാണ് ഗവേഷകർ.
ദൃശ്യം-2 റിലീസായ സമയത്താണ് ഈ വാർത്തയും പുറത്തുവരുന്നത്. ദൃശ്യത്തിൽ വരുണിനെ കൊന്നതിനു സമാനമായ രീതിയിലുള്ള ആക്രമണം. പക്ഷെ ഈജിപ്തിലെ അന്നത്തെ ജോർജുകുട്ടി ആരാണെന്ന ചോദ്യം അവശേഷിക്കുന്നു.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ കാണാതായ ജസ്‌നയെ കണ്ടെത്താൻ ഇനി സിബിഐയുടെ അന്വേഷണം. ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.
അതേസമയം ജസ്‌ന തിരോധാനക്കേസിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.
കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധമാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നുമുള്ള സോളിസിറ്റർ ജനറലിന്റൈ അപേക്ഷയും അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
ഗർഭിണിയായ ഭാര്യയുമായി മലമുകളിൽ സെൽഫി. അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ടർക്കിയിലെ മുഗ്ഡലയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018–ലാണെങ്കിലും ദൃശ്യം സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത് ഇപ്പോള്‍. 40–കാരനായ ഹകൻ അയ്സലാണ് 32–കാരിയായ ഭാര്യ സെമ്ര അയ്സലിനെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഡെയ്‍ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണഅ അയ്സൽ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. 1000 അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥതത്ത് വെച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. കരുതിക്കൂട്ടി, കൃത്യമായി ആവിഷ്ക്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസാണ് ഭാര്യ അപകടത്തിൽപ്പെട്ട് മരിക്കുകയാണെങ്കിൽ ഭർത്താവിന് ലഭിക്കുക. പണത്തിനോടുള്ള അതിമോഹം അയ്സലിനെ കൊടുംകുറ്റവാളിയാക്കുകയിയിരുന്നു.
ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിട്ടു. മരണശേഷം നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇൻഷുറൻസിനായുള്ള അപേക്ഷ നിരസിച്ചു. ഫെതിയെ ഹൈ ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിച്ചു. ‘ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവ്ശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല’. ചോദ്യം ചെയ്തപ്പോൾ അയ്സൽ പറഞ്ഞ വാദമാണിത്.
എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനെതിരെ സെമ്രയുടെ സഹോദരനും രംഗത്തെത്തി. നിലവിൽ ജയിലിൽ കഴിയുകയാണ് അയ്സൽ. ഈ സാഹചര്യത്തിലാണ് സംഭവം നടന്ന സമയത്തെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ലഖ്‌നൗ: സ്വതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് കഴുമരം ഒരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ യുപിയില്‍ ആരംഭിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
2008 ഏപ്രിലില്‍ ഷബ്നയും കാമുകന്‍ സലീമും ചേര്‍ന്ന് ഷബ്നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം.
കേസില്‍ പിടിയിലായ ഇരുവര്‍ക്കും 2010 ജൂലൈയില്‍ ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്.
ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍ വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഇവരെയും തൂക്കിലേറ്റുക. പവന്‍ രണ്ട് തവണ ജയിലിലെത്തി പരിശോധന നടത്തി. കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റ പണിയും ചെയ്തിട്ടുണ്ട്. ബക്സറില്‍ നിന്നുള്ള കയറും ജയിലില്‍ എത്തിച്ചു.
മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ജയിലില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി: ബസ് ജീവനക്കാരൻ മാനസിക രോഗിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാന്ഡിലായിരുന്നു. മാനസിക സ്ഥിരത നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ സ്റാൻലിയുടെ ദേഹത്താണ് ബസ് ജീവനക്കാരൻ ചൂട് വെള്ളമൊഴിച്ചത്. ചങ്ങനാശേരി കവിയൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാൻലിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചത്.
ചങ്ങനാശ്ശേരിയിലെ പെരുന്ന ബസ് സ്റ്റാൻഡിനു മുന്നിലെ സ്ഥിരം സാന്നിധ്യമാണ് സ്റ്റാൻലി. രോഗത്തിന്റെ ഭാഗമായി ആരെയും ഉപദ്രവിച്ചതായോ മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായോ ഇത് വരെ അറിവില്ല എന്നാണ് സ്റ്റാന്റിൽ ഉള്ളവർ പറയുന്നത്. ഒരു കാലത്ത് സ്വന്തമായി ബസ് വരെ ഉണ്ടായിരുന്ന ഇയാൾ റൂട്ടിലോടുന്ന ബസിൽ കയറി പോവുക പതിവായിരുന്നു. സംഭവത്തെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. മധുവിധുകാലം പിന്നിടും മുമ്പേയാണ് യുവതിയെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തിയത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
ദമ്പതികളുടെ മുറിയില്‍നിന്നു വലിയ ബഹളം കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്നു ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ചു കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നു പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുണ്ടറ സ്വദേശിയായ യുവതിയേയും രണ്ട് മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കുടുംബ പ്രശ്നമാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുണ്ടറ സ്വദേശിയായ യുവതി പറയുകയുണ്ടായി. കുട്ടികളെ തിരയില്‍ തള്ളുന്നത് കണ്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തുകയായിരുന്നു. മൂവരേയും ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇളയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.