വെര്‍ജീനിയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി. പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണിലാണ് നടപ്പാക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രി 11.34 മണിക്ക് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ജോണ്‍സനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരും ചേര്‍ന്നാണ് എതിര്‍ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്. 1993 ല്‍ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറല്‍ പ്രിസണില്‍ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിര്‍ത്തുമാണ് കൊലപ്പെടുത്തിയത്.
45 ദിവസത്തിനുള്ളിലാണ് പ്രതികള്‍ എല്ലാവരേയും വധിച്ചത്. വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. വിഷം കുത്തിവെച്ച് 20 മിനിറ്റിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡന്‍ അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാല്‍ അവസാന നിമിഷം വരെ ജോണ്‍സന്റെ വധശിക്ഷ നീട്ടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
ഭക്ഷണം പാകം ചെയ്തത് ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞ സഹതാമസക്കാരനെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു. ബഹ്‌റൈന്‍ സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഇന്ത്യക്കാരനെ അറസ്റ്റുചെയ്തു. പാകം ചെയ്ത ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞതും കുറച്ച് ഭക്ഷണം മാത്രം ഉണ്ടാക്കിയത് ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം.
സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് ഓഗസ്റ്റ് 24നാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 23ന് രാത്രി എട്ടുമണിക്ക് ഇന്ത്യക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം നല്ലതല്ലെന്നും വീണ്ടുമുണ്ടാക്കണമെന്നും സഹതാമസക്കാരന്‍ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കില്‍ താമസസ്ഥലത്തിന് വെളിയില്‍ കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുമെന്ന് ഭീഷണിയും മുഴക്കി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നാലെ പിറ്റേന്ന് ഇന്ത്യക്കാരന്‍ സഹതാമസക്കാരനെ കുത്തിക്കൊല്ലുകയായിരുന്നു. അതേസമയം സഹതാമസക്കാരന്റെ സുഹൃത്തുക്കള്‍ ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് തന്നെ ആക്രമിച്ചതിനാലാണ് സഹതാമസക്കാരന്റെ നെഞ്ചില്‍ കുത്തിയതെന്നാണ് പ്രതിയായ ഇന്ത്യക്കാരന്‍ പറയുന്നത്.
കൃത്യം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാള്‍ അറസ്റ്റിലായി. അതേസമയം കേസില്‍ വിചാരണ തുടരുന്നത് ഞായറാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല കൃത്യം നടത്തിയതെന്ന് ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയിൽ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ കാണുന്നതിന് ആതിരയുടെ ഭർത്താവിന്റെ വീട്ടിലെത്തിയത്. വെന്നിയോട് താമസിക്കുന്ന ഇവർ രാവിലെ 10 മണിയോടെയാണ് കല്ലമ്പലത്ത് എത്തിയത്.
വീട്ടിൽ എത്തിയപ്പോൾ കതക് തുറന്നുകിടക്കുകയായിരുന്നെങ്കിലും ആരെയും കണ്ടില്ല. ആതിരയും ഭർത്താവ് ശരത്തുമാണ് വീട്ടിൽ താമസം. ഒന്നര മാസം മുൻപായിരുന്ന ഇവരുടെയും വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. വീട്ടിൽ ആരെയും കാണാത്തതിനാൽ ആതിരയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി.
ഇരുവരും ചേർന്ന് വീട്ടിനകത്ത് തിരിഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടർന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയിൽ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയിൽനിന്നു മടങ്ങി വരുകയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു.
വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവാഹത്തിനു തൊട്ടുമുൻപാണ് ശരത് വിദേശത്തുനിന്നു നാട്ടിലെത്തിയത്. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ആതിര അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെന്നെന്നാണ് നാട്ടുകാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പേരോട് ടൗണിനടുത്ത ഭര്‍ത്യവീട്ടില്‍ വാണിമേല്‍ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെ പറമ്ബത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തു മണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭര്‍തൃ വീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
ഇതിനിടെ നാദാപുരം പോലീസും തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാര്‍ഡ് മെമ്ബര്‍ റെജുല നിടുമ്ബ്രത്തും സ്ഥലത്തെത്തി. പ്രശ്നം ചര്‍ച്ചചെയ്യാമെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെ ബന്ധുക്കള്‍ തള്ളി. ഇതോടെ വീട്ടില്‍ കുടുംബം സമരം തുടരുകയായിരുന്നു. പതിനൊന്നുവര്‍ഷം മുമ്ബാണ് ഷഫീനയെ ഷാഫി വിവാഹംചെയ്തത്. മൂന്നുവര്‍ഷംമുമ്ബ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഇതിന് ശേഷം കുടുംബസമേതം ഗള്‍ഫിലേക്ക് പോയി. ഒരുമാസം ഗള്‍ഫില്‍ കഴിഞ്ഞതിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.
പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തംവീട്ടിലേക്ക് പോവാന്‍ ഷാഫി ആവിശ്യപ്പെട്ടതായും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഷഫീന പറഞ്ഞു. അതെ സമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഷാഫിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.
മലപ്പുറം താനൂരിലെ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിൽ. രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.
2014 ഏപ്രിൽ 27നാണ് ഓമച്ചപ്പുഴ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടിൽനിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പരേതനായ തറമ്മൽ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൈനുദ്ദീന്റെ കുടുംബത്തിൽനിന്നും എതിർപ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് 2014 ഏപ്രിലിൽ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
ഖദീജയെ കാണാതായ സംഭവത്തിൽ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വർഷങ്ങളോളം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. ഇതോടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത.
ഈ കേസിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽനിന്ന് അനുമതി തേടി. എന്നാൽ കഴിഞ്ഞദിവസം ഇവർ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതോടെ മറ്റുവഴികൾ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടുകയായിരുന്നു. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. പിന്നാലെ സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവർ പരപ്പനങ്ങാടി കോടതിയെ അറിയിച്ചത്.
അതേസമയം, ബന്ധു നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. ഷഫീഖിനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് പിതാവ് ഇസ്മയിൽ ആരോപിച്ചു.ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്.
‘അങ്ങനെ സംഭവിക്കണമെന്നു പൊലീസിന് ഉദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്തു നിന്നു കൊണ്ടുവന്നതു പോലും അറിയിക്കാതിരുന്നത്. പൊലീസ് അവനെ തല്ലിക്കൊന്നതാണ്. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്’. ഇസ്മയിൽ വിതുമ്പി പറയുന്നു.
ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഷെഫീക്കിന്റെ മുഖത്തു പൊലീസ് മർദിച്ചുവെന്നാണ് സഹോദരൻ പറയുന്നത്. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങളുണ്ടെന്നും സഹോദരൻ സമീർ വെളിപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷഫീഫ് മരിച്ചിരുന്നുവെന്നും ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ബിരിയാണിക്കു കാശ് ചോദിച്ചതിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞു ഹോട്ടല്‍ ഉടമയെ ഭീഷണി, ബി.ജെ.പി നേതാക്കള്‍ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ റോയപേട്ടയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. അമിത് ഷായുടെ സഹായി വിളിക്കുമെന്നും മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും പ്രസിഡന്റും ഭീഷണി മുഴക്കിയത്.
റോയപേട്ടയിലെ മുത്തയ്യ തെരുവിലെ ബിരിയാണി കടയില്‍ ഇന്നലെ രാത്രിയാണു സംഭവം. കട അടയ്ക്കുന്ന സമയത്തു മൂന്നുപേര്‍ എത്തി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി കിട്ടിയതോടെ പണം നല്‍കാതെ കടന്നു കളയാനായി ശ്രമം. ഉടമയും ജീവനക്കാരും ഇതു തടഞ്ഞു. ബി.ജെ.പി നേതാക്കളോടു ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്നായി ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സഹായി വിളിക്കുമെന്നു പറഞ്ഞു വിരട്ടാന്‍ നോക്കി. പിറകെ തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്ന മുന്നറിയിപ്പും മൂവര്‍ സംഘം നല്‍കി.
ഇതോടെ ഉടമ പൊലീസില്‍ അറിയിച്ചു. ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. വധഭീഷണിമുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബെന്നാർഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ശോഭ(44) കാമുകൻ രാമു(45) എന്നിവർ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേർന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭർത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാൾ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.
2020 ജൂൺ ഒന്നാം തീയതിയാണ് ശോഭയും രാമുവും ചേർന്ന് ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ചത്. ദിവസങ്ങൾക്ക് ശേഷം അഴുകിയനിലയിൽ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാൽ പോലീസ് മൃതദേഹം മറവുചെയ്യുകയായിരുന്നു.
ശിവലിംഗ വീടിനടുത്ത റോഡരികിലായിരുന്നു ആദ്യം ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാർഗട്ടയിൽ പുതിയ ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേർന്ന് നാട്ടിലെ ഭക്ഷണശാല നോക്കി നടത്താൻ തുടങ്ങി. ഈ സമയം ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും ലോക്ക്ഡൗൺ വന്നതോടെ ബെന്നാർഗട്ടയിൽനിന്ന് ശിവലിംഗ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ശോഭയുടെ ബന്ധം ശിവലിംഗ തിരിച്ചറിയുകയായിരുന്നു. ഇതോടെ ഇരുവർക്കുമിടയിൽ തർക്കങ്ങളും പതിവായി. ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
അതേസമയം, ശിവലിംഗയെ കാണാതായതോടെ തെരഞ്ഞെത്തിയവരോട് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീർന്നാൽ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരൻ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു.
പിന്നീട് മാസങ്ങൾക്ക് ശേഷം ഹോട്ടൽ ജീവനക്കാരൻ രാമുവുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കൾക്ക് മനസിലായതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു.
ആറ് മാസത്തോളം ആർക്കും സംശയമില്ലാത്തരീതിയിൽ ഇവർ കൊലപാതകം മറച്ചുവെച്ചെങ്കിലും പോലീസ് അന്വേഷിച്ചെത്തിയതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. തുടർന്ന് രണ്ടുപേരും കുറ്റംസമ്മതിക്കുകയായിരുന്നു. കൊലപാതകം നടത്തിയ രീതി പോലീസിനോട് വിവരിച്ച പ്രതികൾ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കോടതി കയറുന്നു. കണാതായ ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി.
പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.
കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. 2018 മാർച്ച് 22 ന് കാണാതായ ജെസ്‌നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ, ജെസ്‌ന എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞത്.
അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്. തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ വൈകാതെ തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം നടന്നു. കോവിഡ് പ്രതിസന്ധി അന്വേഷണത്തിനു മങ്ങലേൽപ്പിച്ചെന്നും കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.
ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.
ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേകസംഘവും തുടർന്ന് ക്രൈംബ്രാഞ്ചും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെ പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേസിൽ യാതൊരു വഴിതിരിവും ഉണ്ടായില്ല. ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.
അതിക്രമിച്ച് ക്ലാസ്സിലെത്തി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ജില്ലയിലെ ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന് കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശിയായ സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
സരിതയുടെ ഭര്‍ത്താവ് ബാബുരാജാണ് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. സരിതയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട ബാബുരാജ് ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തുകയായിരുന്നു.
ശേഷം ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബാബുരാജ് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു.
അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു.
ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.