Crime

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. 5ന് തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ഫിലോമിന ഇന്നലെ രാവിലെയാണ് മരിച്ചത്.

കൊലപാതകം സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടരന്വേഷണം നടത്തുമെന്ന് സൗത്ത് സിഐ എം.കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ 5ന് വൈകിട്ട് വീട്ടിൽ നിന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ഫിലോമിനയെ ജനറൽ ആശുപത്രിയിലും തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ അബോധാവസ്ഥയിലായിരുന്നു. തലയിൽ ഭാരമുള്ള എന്തോ വീണ് മുറിവുണ്ടായി എന്നാണ് ബന്ധുക്കൾ ഡോക്ടറെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് ഡോക്ടർ പൊലീസിനോടു പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ മരിച്ചു. അടിയേറ്റതിനെ തുടർന്ന് തലയിൽ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണു സൂചന. നാട്ടുകാരിൽ ചിലർ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതായി സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കൊലപാതകമാണെന്നു സംശയിക്കുന്നതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഫിലോമിനയുടെ മക്കൾ: സ്വപ്ന, സീമ, സീന, സുനീഷ്. മരുമക്കൾ: സാലി, ബോസ്, സുനിയപ്പൻ, ഫ്രാ‍ൻസി.

അന്തരിച്ച ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ഇറ്റലിയെ 1982-ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റോസിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ചത്. ഇറ്റലിയുടെ വടക്കു-കിഴക്കന്‍ നഗരമായ വിസെന്‍സയില്‍ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.

ഇതിനു ശേഷം ടസ്‌കാനിയിലെ വീട്ടില്‍ തിരിച്ചെത്തിയ റോസിയുടെ ഭാര്യ ഫെഡറിക്ക കാപ്പെല്ലെറ്റിയാണ് വീച്ചില്‍ കവര്‍ച്ച നടന്നത് കണ്ടത്. റോസി ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ച് അടക്കമുള്ള അദ്ദേഹത്തിന്റെ വസ്തുക്കളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

ഉടന്‍ തന്നെ താരത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുന്നു. ഫ്ളോറന്‍സിന്റെ തെക്കുകിഴക്കന്‍ നഗരമായ പോജിയോ സെന്നൈനയിലെ ഒരു ഫാം ഹൗസിലായിരുന്നു റോസിയുടെയും കുടുംബത്തിന്റെയും താമസം.

കുഞ്ഞിന് തന്റെ മുഖഛായ ഇല്ലെന്ന് ആരോപിച്ച് 19 ദിവസം മാത്രം പായമുള്ള ചോരക്കുഞ്ഞിനെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു. അന്തിയൂർ സെന്നംപെട്ടിയിൽ താമസിക്കുന്ന മണിയാണ് (35) ആൺകുഞ്ഞിനെ ഭാര്യ പവിത്ര ഉറങ്ങിക്കിടക്കുമ്പോൾ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. മണിയും പവിത്രയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. കഴിഞ്ഞമാസം അന്തിയൂർ സർക്കാർ ആശുപത്രിയിലാണ് പവിത്രയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

പവിത്രയ്ക്ക് അരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന ആൺ കുഞ്ഞിനെ മണി എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ഇയാളുടെ സഹോദരനും സഹായിച്ചിട്ടുണ്ടെന്ന് പിന്നീട് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങി കിടന്ന പവിത്രയുടെ അടുത്ത് കൊണ്ടുപോയി കിടത്തുകയായിരുന്നു. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയും ഇവരുടെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിക്കൂടുകയും ചെയ്തു. മണിയും അയൽവാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിച്ച് മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.

എന്നാൽ, പിന്നീട് കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ചില അയൽവാസികൾ ചൈൽഡ് വെൽഫെയറിൽ വിവരം നൽകുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. കേസ് അന്വേഷിച്ച അന്തിയൂർ പോലീസ് മണിയെയും പവിത്രയെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.

ജോലി സംബന്ധമായി മണി ഒരാഴ്ചയൊക്കെ വീട്ടിൽ നിന്നും മാറി നിൽക്കൽ പതിവായിരുന്നു. ഇതിനിടെ തന്റെ അനുജൻ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടുകാർ പറഞ്ഞ് പരത്തിയതോടെ സംശയം മണിയുടെ ഉള്ളിൽ വളരുകയായിരുന്നു. പിന്നീട് കുഞ്ഞ് ജനിച്ചപ്പോൾ കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ അനുജൻ രഞ്ജിത്തിനെ തന്നെ കൂട്ടുപിടിച്ച് കുട്ടിയെ കൊല്ലുകയായിരുന്നെന്ന് മണി പോലീസിനോട് പറഞ്ഞു. കേസിൽ രഞ്ജിത്തും കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മണിയെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയെയും മൂന്നു കുട്ടികളെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ നാലുപേരെയും രണ്ടുമാസമായി കാണാനില്ലായിരുന്നു. താനെ ജില്ലയിലെ ഭിവാണ്ടിയിൽ നിന്നാണ് മഹാരാഷ്ട്രയെ ഞെട്ടിച്ച സംഭവം. 30 കാരിയായ രഞ്ജന ബംഗാരി, മക്കളായ ദർശന (12), രോഹിത് (9), രോഹിണി (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ശ്രീപാദിനും രണ്ടാംഭാര്യ സവിതയ്ക്കുമെതിരെ പീഡനത്തിനും അത്മഹത്യാ പ്രേരണാകുറ്റത്തിനും കേസെടുത്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശ്രീപാദും സവിതയും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇരുവരും മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിലാണ്.

രഞ്നയെ അറിയിക്കാതെ ശ്രീപാദ് സവിതയെ വിവാഹം കഴിക്കുകയും വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷമായി ശ്രീപാദും സവിതയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് രഞ്ജനയുടെ അടുത്ത ബന്ധു പറയുന്നു. ഈ ബന്ധത്തെ പറ്റി രഞ്ജന അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ഒക്ടോബർ 20ന് ശ്രീപാദുമായി വഴക്കിട്ട് മൂന്നു കുട്ടികളുമായി രഞ്ജന വീട്ടിൽ നിന്ന് പോവുകയായിരുന്നുവെന്ന് താനെ റൂറൽ എസ്.പി വിക്രം ദേഷ്മാനെ അറിയിച്ചു.

രഞ്ജനയെയും കുട്ടികളെയും കാണാതായതോടെ ശ്രീപാദും മറ്റു ഗ്രാമവാസികളും തെരച്ചിൽ നടത്തി. 24 മണിക്കൂർ തിരച്ചിൽ നടത്തിയശേഷവും ഇവരെ കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ ശ്രീപാദ് പൊലീസിൽ പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമായി. ഒടുവില്‍ പോലീസിനു നേരെയും മര്‍ദനം.

സിഎംഎസ് കോളജ് റോഡില്‍ ചാലുകുന്നിലാണു സംഭവം. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി സര്‍വകലാശാലാ ഉദ്യോഗസ്ഥയും അതിരമ്പുഴ ബൂത്തിലെ പോളിങ് ഓഫിസറുമായിരുന്ന കാരാപ്പുഴ സ്വദേശിനിയുടെ കാറാണു ചാലുകുന്നില്‍ കുഴിയില്‍ വീണത്. റോഡരികിലെ വീടിനോടു ചേര്‍ന്ന മതിലില്‍ ഇടിച്ചാണു കാര്‍ നിന്നത്.

പിന്നാലെ മറ്റൊരു വാഹനത്തില്‍ എത്തിയവര്‍ ഇതു കണ്ടു സഹായിക്കാന്‍ ഇറങ്ങി. കാര്‍ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടനെ സമീപത്തുള്ള നാട്ടുകാരില്‍ ചിലര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി കുഴിയില്‍ നിന്നു മാറ്റി. ഈ സമയം കാറിന്റെ ടയര്‍ കുഴിയിലും റോഡിലും ഉരസി പൊട്ടി. ഇതോടെ ആദ്യത്തെ സംഘവും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.

തര്‍ക്കം അടിപിടിയിലായി. ഈ സമയം അതുവഴിയെത്തിയ വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണ്‍ സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യസംഘത്തിലെ 3 പേര്‍ ചേര്‍ന്ന് അരുണിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.

ഇതു കണ്ട് ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ജോണ്‍ തോമസിനെ അക്രമികള്‍ കൈക്കു കടിച്ചു പരുക്കേല്‍പിച്ചു. ഒടുവില്‍ അക്രമികളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

ബാങ്ക് ജീവനക്കാരന്‍ അയ്മനം പാണ്ഡവം വൈശാഖം വീട്ടില്‍ ആനന്ദ് കൃഷ്ണ, ഇദ്ദേഹത്തിന്റെ സഹോദരനും മൊബൈല്‍ കോടതി ജീവനക്കാരനുമായ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയമണിക്കല്‍ ഹേമന്ത് ചന്ദ്ര എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

മദ്യപിച്ചു രാത്രി നഗരത്തില്‍ കറങ്ങാനിറങ്ങിയതാണ് ഇവരെന്നു പോലീസ് പറഞ്ഞു. പോലീസിന്റെ ജോലിക്കു തടസ്സം ഉണ്ടാക്കിയതിനും ആക്രമിച്ചതിനുമാണു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ വെടിവെച്ച് കൊന്നു.ചാന്ദിനി കശ്യപ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ സഹോദരന്മാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര് ഒളിവിലാണ്.സഹോദരിയെ കൊലപ്പടുത്തിയ ശേഷം സഹോദരന്മാര്‍ സ്വന്തം ഫാമില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഭാര്യയെ കാണാന്‍ ഇല്ലെന്ന പറഞ്ഞ് ഭര്‍ത്താവ് അര്‍ജുന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരുന്നത്. ഈ വര്‍ഷം ജൂണിലാണ് ചാന്ദിനി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ദളിത് വിഭാഗത്തില്‍ പെട്ട അര്‍ജുനെ വിവാഹം ചെയ്തത്. ഇരുവരും അയല്‍വാസികളായിരുന്നു. അര്‍ജുന്‍ ദലിത് യുവാവ് ആയതിനാല്‍ ഈ ബന്ധത്തില്‍ സഹോദരങ്ങള്‍ വലിയ ഏതിര്‍പ്പായിരുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജ്ജുന്‍ കല്യാണ ശേഷം ചാന്ദ്‌നിയുമൊത്ത് കിഴക്കന്‍ ഡല്‍ഹിയിലേക്ക് താമസം മാറി. തുടര്‍ന്ന് നവംബര്‍ 17ന് സുനില്‍, സുശീല്‍, സുധീര്‍ എന്നീ സഹോദരന്മാര്‍ ചാന്ദിനിയെ കാണാന്‍ ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ചാന്ദിനിയെ യുപിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന്മാര്‍ ചാന്ദിനിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഫോണില്‍ പോലും ലഭിക്കാതിരുന്നതോടെ അര്‍ജ്ജുന്‍ ചാന്ദിനിയുടെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു.

എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ബന്ധുക്കള്‍ പറഞ്ഞത്. ചാന്ദിനി ആത്മഹത്യ ചെയ്‌തെന്നും ചാന്ദിനി വേറൊരാളെ വിവാഹം ചെയ്‌തെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അര്‍ജുന്‍ നവംബര്‍ 22ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്’.സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച പോയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പും. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസന്‍സിന്നെതിരെ നടപടിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്റെഷന്‍ ഓഫ് ക്രുവല്‍റ്റി റു അനിമല്‍ ആക്ട് പ്രകാരവും കേസ് എടുത്തു.നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്നത് കണ്ട അഖില്‍ വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇയാളോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

നായയുടെ കഴുത്തില്‍ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചത്. കാര്‍ ഓടുന്നതിനിടെ നായ തളര്‍ന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ മുന്നോട്ടുപോവുകയായിരുന്നു.

ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി അതില്‍ച്ചാടി ആത്മഹത്യക്കുശ്രമിച്ച വയോധികന്‍ മരിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായര്‍ ആണ് മരിച്ചത്.

പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് 72കാരന്‍ മരിച്ചത്. എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു.

നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്. ഭാര്യ സുധയും ഏകമകന്‍ ഹരിയും രോഗബാധിതരായി പത്തുവര്‍ഷംമുന്‍പ് മരിച്ചിരുന്നു.

തുടര്‍ന്ന് രാഘവന്‍ നായര്‍ തനിച്ചായിരുന്നു താമസം. തലവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.അരുവിത്തറ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഖജാന്‍ജിയും എക്‌സ് സര്‍വീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.

ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകൻ ആബിദ് (35), മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു.

ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം നടന്നത്. ഇതേകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്‌നമുണ്ടായിരുന്നു. ഇതിനിടയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്നും ഇറക്കിവിടാൻ ശ്രമിക്കുന്നെന്നും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് മകൻ ആബിദിനെതിരെ ഹംസ പോലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിനാണ് ഹംസ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്. ഇതിനിടയിൽ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടിലും കഴിയുകയായിരുന്നു. ഇതിനിടയിൽ സൈനബ പൊന്നാനി മുൻസിഫ് കോടതിയെ സമീപിച്ചു. വീട്ടിൽ കയറുന്നതിന് ഇവർക്ക് മാത്രമായി കോടതി അനുമതി നൽകി.

ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടിൽ എത്തിയപ്പോൾ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മിൽ ബഹളമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടു വീണത്. ഇതിനിടെ മകൻ ആബിദ് വീട്ടിൽ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിഡിപി സ്ഥാനാർത്ഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവർത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.

നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വെള്ളം കൊടുക്കാൻ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സ്ഥാനാർത്ഥിയായ മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.

മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികൾക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ കേഴ്‌സൺ മാർക്കോസ് പറഞ്ഞു.

പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്‌കറിയക്ക് 100 കോടിയുടെ വക്കീല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ യൂസഫലിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളിക്കെതിരെ ലുലുഗ്രൂപ്പ് നിയമ നടപടി തുടങ്ങിയിരിക്കുന്നത്.

ബോധപൂര്‍വ്വം സമൂഹമധ്യേ അപകീര്‍ത്തിപെടുത്താന്‍ വാര്‍ത്ത ചമക്കുകയായിരിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കടുത്ത നിയമ നടപടിയുമായി ലുലുഗ്രൂപ്പ് നീങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് വ്യാജവാര്‍ത്ത നല്‍തിയതിന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമ നടപടികള്‍ നടക്കുന്നത്.

വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിവാദമായ സ്വര്‍ണകടത്തില്‍ പിടികൂടിയ സ്വര്‍ണം യൂസഫിലയുടെ ബന്ധുമുഖേനെ യു എ ഇലേയ്ക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്ത.

ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് മടങ്ങാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജ വാര്‍ത്ത ചമച്ചത്.

ബ്രിട്ടനിലെ മലയാളി വ്യവസായിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കേസില്‍ നേരത്തെ ഷാജന്‍ സ്‌കറിയ ഒരു കോടിയലധികം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. പരസ്യം നല്‍കാത്തതിന്റെ പേരില്‍ തന്റെ സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളി വ്യവസായി ബ്രിട്ടനിലെ കോടതിയെ സമീപിച്ചേെതാടെയാണ് ഷാജന്‍ സ്‌കറിയയോട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Copyright © . All rights reserved