Crime

തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഇളവംപാടം കളപുരയ്ക്കല്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയാറ് വയസ്സായിരുന്നു. കിഴക്കഞ്ചേരി ഇളവംപാടത്തെ വായനശാലയുടെ സമീപത്തെ പറമ്പിലാണു മൃതദേഹം കണ്ടത്.

ആത്മഹത്യാശ്രമത്തിനിടെയാണ് ശരീരം വേര്‍പെട്ടതെന്നാണ് പോലീസ് കരുതുന്നത്. പറമ്പിലുണ്ടായിരുന്ന 20 അടി ഉയരമുള്ള മാവില്‍ കയറി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയറിട്ടു താഴേക്കു ചാടിയപ്പോഴുള്ള ആഘാതത്തില്‍ തലയും ഉടലും വേര്‍പെട്ടതാകാമെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ സമീപത്തെ ആളുകളാണു പറമ്പില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹത്തില്‍നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി.

ആഴ്ചകള്‍ക്കു മുന്‍പ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി ആശുപത്രിയിലാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയാണ്. മംഗലംഡാം പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.കോവിഡ് പരിശോധനയ്ക്കു ശേഷം ശവസംസ്‌കാരം നടക്കും.

കൊച്ചിയില്‍ ലുലു മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയെ അപമാനിച്ചത് പിടിയിലായവര്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

യുവനടിയെ കഴിഞ്ഞദിവസമായിരുന്നു ഇരുവരും മാളില്‍ വച്ച് അപമാനിച്ചത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടിയാണ് വെളിപ്പെടുത്തിയത്. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു.

മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി.

ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങള്‍ അയച്ചു.

യുവാക്കള്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. എറണാകുളം ജില്ല വിടാന്‍ ഇവര്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്‍റെ മരണം കൊലപാതകം. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവദാസന് ലഭിച്ച മാധ്യമശ്രദ്ധയിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവിലെ കലാം പ്രതിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവദാസന്‍ പൂക്കള്‍ അര്‍പ്പിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. കലാം പ്രതിമയില്‍ പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത ശിവദാസന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസനെ തേടി പലരും വരികയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.

മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപംതന്നെ അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. കോവിഡ് കാലത്ത് മറൈൻ ഡ്രൈവിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രാജേഷായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞു. ഇതാണു മരണകാരണമായത്.

കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.

സിഐഡി ഡിവൈഎസ്പിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു സ്വദേശി ലക്ഷ്മിയെയാണ് ബുധനാഴ്ചയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 28കാരിയായ ലക്ഷ്മി 2017ലാണ് സർവീസിൽ കയറിയത്.

സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകി. മകളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ബംഗളുരു പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തേക്കും.

ബോളിവുഡിന് കുരിക്കായി വീണ്ടും ലഹരിമരുന്ന് ബന്ധം. ബോളിവുഡ് സംവിധായകനും നിർമ്മാതാവും കിങ് മേക്കറുമായ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്നു പാർട്ടി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് എന്ന് എൻസിബി പുറത്തുവിട്ടിട്ടില്ല. ദീപിക പദുക്കോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നാണ് വീഡിയോകൾ തെളിയിക്കുന്നത്

അന്ന് കരണിന്റെ വസതിയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ആ പാർട്ടിയിലേതെന്ന് കരുതുന്ന വിവാദ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ശിരോമണി അകാലിദൾ നേതാവായ മഞ്ജിന്ദർ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബറിലാണ് പരാതി നൽകിയിരിക്കുന്നത്. എൻസിബിയുടെ മഹാരാഷ്ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എൻസിബി വ്യക്തമാക്കി.

പന്തളത്ത് ഭാര്യയെ കുത്തിക്കൊന്ന് പൊതിഞ്ഞു കെട്ടി ചാക്കിലാക്കി മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുരമ്പാല പറയന്റയ്യത്ത് കുറിയ മുളയ്ക്കല്‍ സുശീല (61)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആനന്ദപ്പള്ളി സ്വദേശി മധുസൂദനന്‍ ഉണ്ണിത്താനെ(52) അടൂരില്‍ നിന്നാണ് പോലീസ് സംഘം വിദഗ്ധമായി പിടികൂടിയത്.

ഇയാളുടെ രണ്ടാം ഭാര്യയാണ് മരിച്ച സുശീല. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കുരമ്പാല ആനിക്കനാട്ടുപടി ഇടയാടി സ്‌കൂള്‍ റോഡില്‍ പൊതിക്കെട്ട് കണ്ടെത്തിയത്. സമീപവാസിയായ വെള്ളിനാല്‍ ബാലചന്ദ്രക്കുറുപ്പ് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരും വഴി പൊതിയുടെ വെളിയിലേക്കു പാദസരമണിഞ്ഞ കാല്‍ നീണ്ടു നിന്നത് കണ്ടു.

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യഭാര്യ മരിച്ച മധുസൂദനനും അട്ടത്തോട് പ്ലാന്റേഷനില്‍ ജീവനക്കാരിയുമായ സുശീലയും അഞ്ചു വര്‍ഷം മുമ്പാണ് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്.

കൈയിലുള്ള പണമെല്ലാം സ്വരുക്കൂട്ടി കുരമ്പാലയില്‍ വീട് വാങ്ങി താമസിച്ചു വരികയായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കിടുന്നതും പതിവായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രിയും ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതായി പ്രതി പോലീസിനോടു പറഞ്ഞു.

തുടര്‍ന്ന് ടാപ്പിങ് കത്തി കൊണ്ട് സുശീലയുടെ കഴുത്തിലും ശരീരത്തിലും കുത്തി വീഴ്ത്തി. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റും തുണിയും മറ്റും കൊണ്ട് പൊതിഞ്ഞു കെട്ടി സ്വന്തം ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിയെപ്പറ്റി സൂചന ലഭിച്ച പോലീസ് ടവര്‍ ലൊക്കേഷന്‍ നോക്കി അടൂര്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പ്രൈവറ്റ് ഓട്ടോ ആയതിനാല്‍ തിരിച്ചറിയാന്‍ പോലീസിന് എളുപ്പമായിരുന്നു.

കസ്റ്റഡിയിലായ പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് നടന്നതൊക്കെ പറഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവിംഗും ടാപ്പിംഗുമാണ് പ്രതിയുടെ തൊഴില്‍. പത്തനംതിട്ടയില്‍ നിന്നു വിരലടയാള വിദഗ്ദ്ധ ഷൈലജകുമാരി, സികെ രവികുമാര്‍, ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസര്‍ രമ്യ, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി തെളിവെടുത്തു.

ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, പന്തളം എസ്എച്ച്ഒ ശ്രീകുമാര്‍, എസ്‌ഐ. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ലോറിയേയും ഡ്രൈവറേയും ഈഞ്ചക്കലില്‍ നിന്നാണ് ഫോര്‍ട്ട് എ.സി പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്ററഡിയിലെടുത്തത്.

വെള്ളായണിയിലേക്ക് എം.സാന്‍റ് കയറ്റിപ്പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ജോയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് പൊലീസിനു നല്‍കിയമൊഴി. ഇയാളെകുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നു ഫോര്‍ട്ട് എ.സി പറ‍ഞ്ഞു

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അതേസമയം സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി.

പനച്ചിക്കാട് കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട്ട് പുലിയാട്ടുപാറക്കുളത്തില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് സൂചന.

ചിങ്ങവനം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്.

പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപിന്റെ വാഹനവും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്‍റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്‍റും ആവശ്യപ്പെട്ടു. മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.വി. പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Copyright © . All rights reserved