തമിഴ് സീരിയല്‍ താരം ചിത്ര തൂങ്ങിമരിച്ചതാണെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം പോസ്റ്റ് മോര്‍ട്ടം ചെയ്ത ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. അതിനിടെ മകളെ മരുമകന്‍ അടിച്ചുകൊന്നതാണെന്നു കുടുംബം ആരോപിച്ചു. ചിത്രയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും.
അകാലത്തില്‍പൊലിഞ്ഞ നടിമാരുെട കൂട്ടത്തിലെ ഒടുവിലത്തെ കണ്ണി. മിനി സ്ക്രീനില്‍ മുല്ലയായി നിറഞ്ഞു തമിഴകം കീഴടക്കിയ വി.ജെ ചിത്രയെന്ന നടി ഇനി ഓര്‍മ്മ. കില്‍പോക്ക് മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെയാണു കോട്ടൂര്‍പുരത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു പേര്‍ ആദരാഞ്ജലിയുമായി വീട്ടിലെത്തി. മരണകാരണം സില്‍ക്ക് സാരിയില്‍ തൂങ്ങിയതാണെന്ന നിഗമനത്തിലാണു പൊലീസ്.
പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. മുഖത്തുണ്ടായ മുറിവുകള്‍ മരണവെപ്രാളത്തിലുണ്ടായാതാകമെന്നും സര്‍ജന്‍ പൊലീസിനെ അറിയിച്ചു. മരണം കൊലപാതകമാണെന്നു ചിത്രയുടെ കുടുംബം ആരോപിച്ചു. മകളെ മരുമകന്‍ ഹേംനാഥ് അടിച്ചുകൊന്നതാണെന്നു ചിത്രയുടെ അമ്മ പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. ചിത്രയുടെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ ചോദ്യം ചെയ്യും. പ്രതിശ്രുതവരന്‍ ഹേംനാഥിനെ ഇന്നലെ വൈകിയാണു പൊലീസ് വിട്ടയച്ചത്. ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ ചിത്രയുടെയും ഹേംനാഥിന്റെയും ബന്ധത്തെ കുറിച്ചു ബന്ധുക്കളില്‍ ചിലരും സംശയമുന്നയിച്ചു രംഗത്തെത്തി.
ഇന്നലെ പുലര്‍ച്ചെയാണു തമിഴ് സീരിയല്‍ രംഗത്തെ മുന്‍നിര നടിയായ വി.ജെ. ചിത്രയെ നഗരത്തിനു പുറത്തുള്ള നസ്രത്ത്പേട്ടിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹേംനാഥിനെ പുറത്തുനിര്‍ത്തി കുളിക്കാനായി റൂമിലേക്കുപോയ നടി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തിനെ തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു.
പ്രിയ താരത്തിന്റെ ചേതനയറ്റ മുഖം കണ്ട് വിങ്ങിപ്പൊട്ടുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ–സീരിയൽ ലോകം. കിൽപോക് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.
അതേസമയം ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനശാസ്ത്രത്തിൽ ബിരുദധാരിയാണ്.
തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.
ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ മരണത്തിനു തൊട്ടു മുമ്പു വരെ സമൂഹമാധ്യമങ്ങളിൽ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായി. കേസില്‍ ഈ മാസം 22ന് സി.ബി.ഐ കോടതി വിധി പറയും. വൈദികരായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.
അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നുമാണ് ഫാദര്‍ കോട്ടൂര്‍ വാദിച്ചത്. അഭയ കൊല്ലപ്പെട്ടതാണെങ്കിലും താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസില്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മറുപടി പറഞ്ഞു.
പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2008ല്‍ സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. രമയുടേയും പ്രിന്‍സിപ്പാള്‍ ഡോ. ലളിതാംബിക കരുണാകരന്റേയും മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാന തെളിവായി ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്റെ മറുപടിക്കു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിക്കുന്നത്.
രാജ്യത്തെ ഞെട്ടിച്ച് ജാർഖണ്ഡിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. 35കാരിയായ യുവതിയെയാണ് 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെയും ഭർത്താവിനേയും സംഘം ആക്രമിക്കുകയായിരുന്നു.
പതിനേഴ് പേരടങ്ങുന്ന സംഘം ദമ്പതിമാരെ തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ കീഴ്‌പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സംഘത്തിലെ എല്ലാവരും ബലാത്സംഗം ചെയ്‌തെന്നും അഞ്ച് മക്കളുടെ മാതാവ് കൂടിയായ യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
കേസിൽ 16 പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ഡിഐജി സുദർശൻ മണ്ഡലും പ്രതികരിച്ചു. യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ജംഗിൾരാജ് ആണെന്നും ബിജെപി ആരോപിച്ചു.
കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരം പൂര്‍ത്തിയായി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുെട അച്ഛന്‍ മൊഴി നല്‍കി. പ്രതി സൂരജിനെ നാളെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നല്‍കിയത്. ആവശ്യപ്പെട്ടതു അനുസരിച്ച് നൂറു പവനോളം സ്വര്‍ണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്യ വീട്ടില്‍ വെച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷമൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനന്‍ മൊഴി നല്‍കി.
ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ സൂരജിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.
17 വയസ്സിൽ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തിയ കോന്നർ കെർണർക്ക് (19) 179 വർഷത്തെ ജയിൽ ശിക്ഷ. ഡിസംബർ 8 ചൊവ്വാഴ്ചയായിരുന്നു ജഡ്ജി വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട തോമസ് ഗ്രിൻ (18), മോളി ലൻഹാം (19) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോർട്ടർ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടർ അർമാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. ഒക്ടോബർ 22ന് കോന്നർ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.
2019 ഫെബ്രുവരി 25 നായിരുന്നു സംഭവം. മയക്കുമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് ഹെബ്രോൻ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്സിന്റെ വീടിനോടനുബന്ധിച്ച് ഗാരേജിൽ കൊല്ലപ്പെട്ട തോമസ് ഗ്രിൻ തന്റെ കൈവശമുണ്ടായിരുന്ന തുക കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിനെ തുടർന്ന് റിവോൾവർ ഉപയോഗിച്ചു തോമസിനു നേരെ വെടിയുതിർത്തുവെന്നും നിലത്തുവീണ തോമസ് ജീവനുവേണ്ടി യാചിച്ചെങ്കിലും നിർദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നർ വെടിയുതിർത്തു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കിൽ നിക്ഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാർ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകൻമാരായിരുന്നു.
ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്.
ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകശ്രമത്തിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. വീടിന്റെ ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഒരു പ്രാവശ്യം ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു വിട്ടതാണെന്നു പൊലീസ് അറിയിച്ചു.
അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിഷിലിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും പൊലീസ് അറിയിച്ചു.
കുത്തേറ്റവര്‍ പറയുന്നത് ഇങ്ങനെയാണ്: വീടിന്റെ താഴെ ഭാഗത്തു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുന്‍വശത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. നിഷില്‍ കത്തിയും ഇന്ധനവും കരുതിയാണു വീട്ടിലെത്തി ഒളിച്ചിരുന്നതെന്നും കുത്തേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്പോള്‍ ദമ്പതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തി. നാട്ടുകാര്‍ ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.
നിഷിലിനെ അങ്കമാലിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.
പ്രശസ്ത തമിഴ് സീരിയല്‍ താരം വിജെ ചിത്രയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിലെത്തിയ ചിത്രയെ ഇന്ന് പുലര്‍ച്ചയോടെയാണ് താരത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിശ്രുത വരന്‍ ഹേമന്ദ് ഉള്‍പ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. തമിഴിലെ ജനപ്രിയ സീരിയില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലില്‍ മടങ്ങിയെത്തിയത്. പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്‌റത്ത്‌പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ തൊട്ടുമുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ചിത്ര പങ്കുവച്ചിരുന്നു.
ലൊക്കേഷനില്‍ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനില്‍ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകള്‍ക്കകം ആത്മഹത്യ ചെയ്തുവെന്ന തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ഹേമന്ദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.
യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3ന് ആണ് സംഭവം. ജെസിയുടെ വീട്ടിലെത്തിയ ബിജു ഏണി ഉപയോഗിച്ച് വീടിനു മുകളിൽ കയറി ഓടിളക്കി മുറിക്കുള്ളിൽ ഇറങ്ങിയ ശേഷം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. കോന്നി പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുത്തതിനിടെയാണ് ബിജുവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.പീഡനക്കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.