കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്‍റെ മരണം കൊലപാതകം. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവദാസന് ലഭിച്ച മാധ്യമശ്രദ്ധയിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവിലെ കലാം പ്രതിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവദാസന്‍ പൂക്കള്‍ അര്‍പ്പിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. കലാം പ്രതിമയില്‍ പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത ശിവദാസന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസനെ തേടി പലരും വരികയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.

മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപംതന്നെ അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. കോവിഡ് കാലത്ത് മറൈൻ ഡ്രൈവിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രാജേഷായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞു. ഇതാണു മരണകാരണമായത്.

കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.