സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരി സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് വേദനാജനകമായ സംഭവം. കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ ആണ് മരിച്ചത്.
24 വയസ്സായിരുന്നു. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
അവിടെ വച്ചാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ എന്നാല്‍ കനത്തമഴ പെയ്തതിനാല്‍ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്‌ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടോയ്‌ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. സംഭവം രാജ്യത്തെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.
സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയിൽ സിബിഐ അന്വേഷണം തുടങ്ങി. പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കൈയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഇൻഷുറൻസ് കമ്പനി ജീവനക്കാരെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. നേരത്തെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു.
ബാലഭാസ്കര്‍ മരിക്കുന്നതിന് മുമ്പാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണുവിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.
ഫര്‍ഹാന എന്ന പെണ്‍കുട്ടിയാണ് ബന്ധുക്കള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. സ്വാലിഹ് എന്ന യുവാവുമായുള്ള വിവാഹത്തിന് തന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും സമ്മതമായിരുന്നുവെന്നുവെന്നും ഫര്‍ഹാന വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്.
ബന്ധുക്കളില്‍ നിന്നും ആക്രമണം ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പോലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു.
പ്രതികള്‍ നവ വരനായ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന വെളിപ്പെടുത്തി. പ്രതികള്‍ സ്വാധീനമുള്ളവരാണ്. അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും സ്വാലിഹ് പറഞ്ഞു.
യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എടവനക്കാട് കൂട്ടുങ്കല്‍ച്ചിറ മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (25), മക്കളായ സവിനയ് (4), ശ്രാവണ്‍ (2), ശ്രേയ (4മാസം) എന്നിവരാണു മരിച്ചത്.
കടപ്പുറത്തോടു ചേര്‍ന്നു തന്നെയാണു കൂട്ടമരണം നടന്ന വീട്. അയല്‍വാസികളാണു മരണവിവരം പൊലീസില്‍ വിവരമറിയിച്ചത്. വിനീതയുടെ ഭര്‍ത്താവ് സനല്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ രാത്രി വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്കു വിഷം നല്‍കിയ ശേഷം വിനീത ജീവനൊടുക്കുകയായിരുന്നുവെന്നാണു നിഗമനം.
വീടിന്റെ ഹാളില്‍ ഉറങ്ങിയിരുന്ന താന്‍ രാവിലെ മത്സ്യബന്ധനത്തിനു പോകാന്‍ വസ്ത്രം മാറുന്നതിനു മുറിയിലെത്തിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടതെന്നു സനല്‍ പൊലീസിനോടു പറഞ്ഞു. കുട്ടികള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും വിനീത സമീപത്തു തന്നെ തൂങ്ങിയ നിലയിലുമായിരുന്നു.
വിനീത എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതകളില്ലെന്നും കുടുംബപ്രശ്‌നങ്ങളാണു പ്രേരണയായതെന്നാണു സൂചനയെന്നും പൊലീസ് പറഞ്ഞു. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വിഷത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും.
കൊച്ചി ഞാറയ്ക്കലിൽ അമ്മയുടെയും മൂന്നു മക്കളുടെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിനോടുള്ള സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഞാറയ്ക്കൽ എടവനക്കാട് അമ്മയും പിഞ്ചുകുട്ടികളും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുട്ടികളുടെ അമ്മയായ 25 കാരി വിനീത എഴുതിയ ഡയറിക്കുറിപ്പ് ആണ് കണ്ടെത്തിയത്. ഭർത്താവിനോടുള്ള സംശയം മൂലമുണ്ടായ കുടുംബ കലഹമാണ് മരണകാരണമെന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.
മത്സ്യത്തൊഴിലാളിയാണ് മരിച്ച വിനീതയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനീത ഈ കടുംകൈ ചെയ്തത്. നാലും മൂന്നും മൂന്ന് മാസവും മാത്രം പ്രായമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ പേരും കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലത്തിൽ സൈക്കോ കില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊലയാളിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവൽ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ദേവലിനെതിരെ ആറ് കൊലക്കേസുകളാണുള്ളത്. രത്ലത്തിൽ ദേവലും സംഘവും ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.
നവംബർ 25 ന് ദിപാവലി ദിവസം പടക്കംപൊട്ടിച്ച് ആളുകൾ ആഘോഷിക്കുന്ന സമയമാണ് ദേവൽ കൊലയ്ക്ക് ഉപയോഗിച്ചത്. അടുത്തിടെ കുറച്ച് സ്ഥലം വിറ്റതായും വീട്ടിൽ പണം സൂക്ഷിച്ചിരിക്കാമെന്നും അറിഞ്ഞതിനെത്തുടർന്ന് രത്ലത്തിലെ കുടുംബത്തെ കൊള്ളയടിക്കാൻ ദേവാൽ തീരുമാനിക്കുകയായിരുന്നു. പ്രായമായവർ താമസിക്കുന്ന വീടുകളാണ് ഇയാൾ കവർച്ച നടത്താൻ തെരഞ്ഞെടുക്കുന്നത്. സാക്ഷികൾ അവശേഷിക്കാതിരിക്കാൻ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്യും. ജൂണിൽ ഒരു സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ദേവലിന്റെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.
വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.
വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.
ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..
ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും
സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ്. ഉറങ്ങിക്കിടന്ന ഭാര്യ ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്ന് അറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിരുന്നു.
കൊലപാതകം നടന്ന് ആറു മാസത്തിനു ശേഷമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് തുടക്കമായത്. ഇപ്പോള്‍ പാമ്പ് സുരേഷ് സൂരജിനെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. മന്ദബുദ്ധിയായതു കൊണ്ട് ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും മറ്റു ബുദ്ധിമുട്ടുകളില്ലാതെ ഒഴിവാക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനായാണ് പാമ്പിനെ വാങ്ങിയതെന്നും സുരേഷിനോട് പറഞ്ഞിരുന്നതായി പറയുന്നു.
എന്നാല്‍ ഉത്രയുടെ കൊലപാതകത്തിനു ശേഷം മാത്രമാണ് സൂരജ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയതെന്നും സുരേഷ് മൊഴി നല്‍കുന്നു. ഉത്രയെ കൊല്ലുക എന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് കേസില്‍ ആദ്യം പ്രതി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.
കേസിലെ പ്രതി സൂരജും, മാതപിതാക്കളും, സഹോദരിയും വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിചേര്‍ന്നിരുന്നു. കോടതി നടപടി ഉടന്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ഉത്രയുടെ
മാതാപിതാക്കളും ബന്ധുക്കളും.
പടിഞ്ഞാറൻ ജർമനിയിലെ ട്രയർ നഗരത്തിൽ അതിവേഗത്തിൽ വന്ന കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് സൈബര്‍ വിഭാഗം പരിശോധന നടത്തി.
വൈകീട്ട് 4.30 ഓടെയായിരുന്നു പരിശോധന. കൊട്ടാരക്കര കോട്ടത്തലയിലെ പ്രദീപിെൻറ വസതിയിലും ഇതോടൊപ്പം പരിശോധന നടന്നു. പ്രദീപ് ഉപയോഗിച്ചിരുന്ന ഫോണ്‍, ലാപ്ടോപ്, ഓഫീസ് കമ്പ്യൂട്ടര്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്താനും പരിശോധിക്കാനുമായിരുന്നു റെയ്ഡ്.
പത്തനാപുരം സി.ഐ. എന്‍. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന പരിശോധന ഏഴ് മണിയോടെ അവസാനിച്ചു. സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം പരിശോധിച്ചെന്നും സംശയിക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി. ഐ പറഞ്ഞു.
എസ്.ഐമാരായ സുബിന്‍ തങ്കച്ചന്‍, ഷിബു, അംബിക, റൂറല്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനായ ജഗദ്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ പൊലീസിൻെറ നേതൃത്വത്തിലായിരുന്നു കൊട്ടാരക്കയിലെ വീട്ടിലെ പരിശോധന.
റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.