കുഞ്ഞിന് തന്റെ മുഖഛായ ഇല്ലെന്ന് ആരോപിച്ച് 19 ദിവസം മാത്രം പായമുള്ള ചോരക്കുഞ്ഞിനെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു. അന്തിയൂർ സെന്നംപെട്ടിയിൽ താമസിക്കുന്ന മണിയാണ് (35) ആൺകുഞ്ഞിനെ ഭാര്യ പവിത്ര ഉറങ്ങിക്കിടക്കുമ്പോൾ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. മണിയും പവിത്രയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. കഴിഞ്ഞമാസം അന്തിയൂർ സർക്കാർ ആശുപത്രിയിലാണ് പവിത്രയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

പവിത്രയ്ക്ക് അരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന ആൺ കുഞ്ഞിനെ മണി എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ഇയാളുടെ സഹോദരനും സഹായിച്ചിട്ടുണ്ടെന്ന് പിന്നീട് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങി കിടന്ന പവിത്രയുടെ അടുത്ത് കൊണ്ടുപോയി കിടത്തുകയായിരുന്നു. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയും ഇവരുടെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിക്കൂടുകയും ചെയ്തു. മണിയും അയൽവാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിച്ച് മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.

എന്നാൽ, പിന്നീട് കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ചില അയൽവാസികൾ ചൈൽഡ് വെൽഫെയറിൽ വിവരം നൽകുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. കേസ് അന്വേഷിച്ച അന്തിയൂർ പോലീസ് മണിയെയും പവിത്രയെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.

ജോലി സംബന്ധമായി മണി ഒരാഴ്ചയൊക്കെ വീട്ടിൽ നിന്നും മാറി നിൽക്കൽ പതിവായിരുന്നു. ഇതിനിടെ തന്റെ അനുജൻ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടുകാർ പറഞ്ഞ് പരത്തിയതോടെ സംശയം മണിയുടെ ഉള്ളിൽ വളരുകയായിരുന്നു. പിന്നീട് കുഞ്ഞ് ജനിച്ചപ്പോൾ കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ അനുജൻ രഞ്ജിത്തിനെ തന്നെ കൂട്ടുപിടിച്ച് കുട്ടിയെ കൊല്ലുകയായിരുന്നെന്ന് മണി പോലീസിനോട് പറഞ്ഞു. കേസിൽ രഞ്ജിത്തും കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മണിയെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.