Crime

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.‍ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.

തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.

നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ്‌ പുതുതായി നിർമിച്ച വീടിന്‌ കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.

ഇതനുസരിച്ച്‌ വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്‌, എം റെജി, എ ജെ തോമസ്‌ എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്‌ കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ്‌ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ചങ്ങനാശേരി നഗരസഭാ ഓഫീസില്‍ രണ്ട്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍ പിടിയില്‍.
കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ സൂര്യകിരണില്‍ പി.ടി. സുശീല (52), റവന്യു ഇന്‍സ്‌പെക്‌ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട്‌ പുതുശേരി വീട്ടില്‍ സി.ആര്‍. ശാന്തി (50) എന്നിവരെയാണ്‌ വിജിലന്‍സ്‌ എസ്‌.പി: വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി 35000 രൂപയും 3500 രൂപ കരമായും നഗരസഭയില്‍ അടച്ചെങ്കിലും ശാന്തിയും സുശീലയും 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടര്‍ന്ന്‌ ഈ തുകയുമായി ഇദ്ദേഹത്തിന്റെ ജോലിക്കാരന്‍ ബുധനാഴ്‌ച ഓഫീസിലെത്തി. ഈ പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ്‌ സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയാണ് നടനെതിരെ പരാതി നല്‍കിയത്.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്. കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് വേഷമിട്ടിട്ടുണ്ട്.

ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു. ബിനീഷും ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മില്‍ നടന്ന കോടികളുടെ കള്ളപണ ഇടപാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന കഴി‍ഞ്ഞ് എത്താന്‍ നിര്‍ദേശം. ആന്റിജന്‍ സ്വീകാര്യമല്ലെന്നും ഇ.ഡി. കോടതിയെ സമീപിക്കുമെന്ന് ബിനോയി.

ബെംഗളൂരുവില്‍ നിന്നുളള ഇ.ഡി. സംഘം തിരുവനന്തപുരത്ത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കുമെന്നു സൂചനയുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനീഷിന്റെ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷിനുമേല്‍ കുരുക്കു മുറുക്കി കൂടുതല്‍ കാര്യങ്ങള്‍ ഇ.ഡി കോടതിയെ അറിയിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണ് ബിനീഷെന്നും കസ്റ്റഡി നീട്ടാനുള്ള അപേക്ഷയോടപ്പം നല്‍കിയ രേഖയില്‍ പറയുന്നു.

തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം നാല്‍പതു മണിക്കൂറിലധികം സമയം ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിന് നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്നതാണ് ഇതില്‍ പ്രധാനം. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതുസംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.

ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നു. ഈ ബന്ധം വളര്‍ന്നു 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്.ഇവയെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേ സമയം അനൂപിന് കൂടെ അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി വിശദമായ അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബെനാമി കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി പ്രിയതമയെ കാത്തിരുന്ന സുധീഷിനെ തേടിയെത്തിയത് ദുരന്തവാർത്ത. ചൊവ്വാഴ്ചയിലെ വിവാഹവാർഷികം ആഘോഷിക്കാനായി അവധിദിനമായ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അഞ്ജു എത്തുന്നത് വൈകിയതോടെ വിളിച്ചുനോക്കിയ പെരുമ്പാവൂർ സ്വദേശി സുധീഷിന്റെ ഫോണിൽ മുഴങ്ങിയത് അഞ്ജു അപകടത്തിൽപെട്ടെന്ന ഹൈവേ പോലീസിന്റെ ശബ്ദമായിരുന്നു.

സുധീഷിനടുത്തേക്കുള്ള യാത്രയ്ക്കിടെ ഭാര്യ അഞ്ജു വി ദേവ്(26) വാഹനാപകടത്തിൽ പെട്ട് മരിച്ച വാർത്ത ഞെട്ടിച്ചത് സുധീഷിനേയും കുടുംബത്തേയും മാത്രമല്ല, ഒരു നാടിനെ ഒന്നാകെയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമായിരുന്നു അപടം. അഞ്ജുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെന്നി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇക്കാര്യമറിയാതെ അഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ച സുധീഷിനോട് എവിടെയായി, എപ്പോഴെത്തുമെന്ന് ചോദ്യത്തിന് അഞ്ജുവും വീട്ടുകാരും അപകടത്തിൽപ്പെട്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. പെരുമ്പാവൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സുധീഷ്. രണ്ടാഴ്ചയായി കുടുംബവീട്ടിലായിരുന്ന അഞ്ജു വിവാഹവാർഷികം ആഘോഷിക്കാനായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശൂരനാട്ടെ വീട്ടിൽ നിന്നും വീട്ടുകാരുടെ കൂടെ പുറപ്പെടുകയായിരുന്നു. അഞ്ജുവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും അപകടത്തിൽ പരിക്കേറ്റു.

കാറിന്റെ പിന്നിലേക്ക് ലോറി ഇടിച്ചുകയറുകയും പിൻസീറ്റിലായിരുന്ന അഞ്ജു തത്ക്ഷണം മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ രേണുകാദേവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ജുവിന്റെ അച്ഛൻ കൊല്ലം ശൂരനാട് കണ്ണമം അരുണോദയം വീട്ടിൽ വാസുദേവൻ നായർ, അമ്മ രേണുകാദേവി, സഹോദരൻ അരുൺ വി ദേവ് എന്നിവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാജ്കോട്ട്(ഗുജറാത്ത്): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി യുവാവ് സ്കൂട്ടറിൽ സഞ്ചരിച്ചത് പത്ത് കിലോമീറ്ററിലേറെ ദൂരം. ഒടുവിൽ നടുങ്ങുന്ന കാഴ്ച കണ്ട് യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലെ റോഹിശാല ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.

സിന്ധി ക്യാമ്പ് കോളനിയിൽ താമസിക്കുന്ന വെരാവൽ സ്വദേശി അമിത് ഹേമനാനി(34)യാണ് ഭാര്യ നൈന(30)യെ കൊലപ്പെടുത്തി പട്ടാപ്പകൽ മൃതദേഹവുമായി സ്കൂട്ടറിൽ യാത്ര ചെയ്തത്. റോഹിശാലയ്ക്ക് സമീപത്തെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ പദ്ധതി. സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കിടത്തിയിരുന്നത്. ഇതിനിടെ കാലുകൾ രണ്ടും റോഡിൽ ഉരസിയിരുന്നു. സ്കൂട്ടറിന്റെ മുൻവശത്ത് വിചിത്രമായ കാഴ്ച കണ്ട് നാട്ടുകാർ അമിത്തിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നാലെ അമിതവേഗത്തിൽ സ്കൂട്ടർ ഓടിച്ചുപോയ യുവാവിനെ നാട്ടുകാർ മറ്റു വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം യുവാവ് മൃതദേഹവുമായി സ്കൂട്ടറിൽ സഞ്ചരിച്ചെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർ തമ്മിൽ വീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് റോഹിശാലയിലെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായാണ് അമിത് മൃതദേഹവുമായി യാത്രതിരിച്ചതെന്നും കോവിഡ് പരിശോധന പൂർത്തിയായാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിചെയ്യുന്ന അമിതും നൈനയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.

കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലർത്താൻ മകൻ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ കേരള സർക്കാരിനേയും രാഷ്ട്രീയത്തേയും ഒക്കെ നിയന്ത്രിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബാല ഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ ഒരു വി.ഐ.പി ഉണ്ടായിരുന്നു എന്നും താൻ അയാളെ കണ്ടിരുന്നു എന്നും സി.ബി.ഐക്ക് മുന്നിൽ മുഖ്യ സാക്ഷിയായ കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു.

ഇയാളിൽ നിന്നും ഭീഷണി നിലനില്ക്കുന്നുണ്ടെന്ന് ഒരർത്ഥത്തിൽ പറയാം, അതിനാൽത്തന്നെ ആളെ തൊട്ടൊ ചൂണ്ടിയോ കാണിക്കാമെന്നാണ് സോബി പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. അയാൾ രാഷ്ട്രീയത്തിൽ വി.ഐ.പിയാണ്‌. സിനിമാ മേഖലയിൽ ഉണ്ട്. പല കേസുകളിലും പെട്ട ആളാണ്‌..പലതരത്തിലുള്ള ഭീഷണി അയാളിൽ നിന്നും ഉണ്ടായി. പോസ്റ്റുമോർട്ടം നടത്തി കോവിഡ് പോസിറ്റീവ് സർട്ടിഫികറ്റും ഉണ്ടാക്കി മൃതദേഹം രഹസ്യമായി സംസ്കരിക്കും എന്നു ഭീഷണി വന്നതായും കലാഭവൻ സോബി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു

കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊ‍ര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാ‍റിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.

ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.

RECENT POSTS
Copyright © . All rights reserved