Crime

യെമന്‍ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാലുമലയാളികൾക്ക് വധശിക്ഷ. ഖത്തർ ക്രിമനൽ കോടതിയുടേതാണ് വിധി. കേസിൽ 27 മലയാളികളെയാണ് പ്രതിചേർത്തിരുന്നത്. കണ്ണൂർ സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരും. മറ്റുപ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും കോടതി വിധിച്ചു. ചിലരെ വെറുതേവിട്ടു.

കണ്ണൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്.

പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.

പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.

കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.

ഡോക്ടറെ പറ്റിച്ച് രണ്ടരക്കോടി രൂപ തട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. അലാവുദ്ദീൻ്റെ അത്ഭുത വിളക്കാണ് തെറ്റിദ്ധരിപ്പിച്ച് സാദാ വിളക്ക് നൽകി കോടികൾ തട്ടിയ രണ്ട് പേരാണ് അറസ്റ്റിലായത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്.

ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് സംഭവം. ഡോ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. മുൻപൊരിക്കൽ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയിൽ നിന്നാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രവാദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇസ്ലാമുദ്ദീനാണ് വിളക്കിനെപ്പറ്റി ഡോക്ടറോട് പറഞ്ഞത്. തനിക്ക് അത്ഭുത സിദ്ധികൾ ഉണ്ടെന്നും കയ്യിൽ അലാവുദ്ദീൻ്റെ അത്ഭുത വിളക്കുണ്ടെന്നും ഇയാൾ ഡോക്ടറെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി തട്ടിപ്പിനു കൂട്ടുനിന്നു. അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയുമ്പോൾ അതിനുള്ളിൽ നിന്ന് പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും അത് തന്നെ സാധിച്ചു തരും എന്നും അവർ ഡോക്ടറോട് പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് വിളക്ക് നൽകി കാശുമായി അവർ പോയി.

ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി ഡോക്ടർ മീററ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമുദ്ദീനും സഹായിയും കുടുങ്ങുകയായിരുന്നു. ഇസ്ലാമുദ്ദീനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയ യുവതിയെയും പൊലീസ് തിരയുന്നുണ്ട്.

ഫ്രാൻസിലെ നൈസ് നഗരത്തിൽ പള‌ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേ‌റ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പള‌ളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാ‌റ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയർകുന്നം സ്വദേശികളായ ദമ്പതികൾ പ്രസവിച്ചയുടൻ കുഞ്ഞിനെ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.

അയർകുന്നം തേത്തുരുത്തിൽ അമൽ കുമാർ(31), ഭാര്യ അപർണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗർഭിണിയായത്. എന്നാൽ യുവതി തന്നിൽനിന്ന് അല്ല ഗർഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമൽകുമാർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേർപെടുത്താൻ ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാൽ പ്രസവ തീയതി അടുത്തതോടെ യുവതി ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗർഭത്തിന് ഉത്തരവാദിയെന്നും, അയാൾ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപർണ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ ഒപ്പം താമസിപ്പിക്കാമെന്നാണ് അമൽകുമാർ ഭാര്യയോട് പറഞ്ഞത്.

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമൽകുമാർ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാൽ തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവതി കാറിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്.

അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിൾക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നെല്ലാപാറയിലെത്തിയ അമൽകുമാറും അപർണയും ചേർന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളിൽ കഴിഞ്ഞു.

എന്നാൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയിൽ ദമ്പതികൾ വന്നുപോയ കാറിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൽകുമാറും അപർണയും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൽകുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചെന്ന് ആരോപണം നേരിട്ട എ.ബി.വി.പി ദേശീയ പ്രസിഡന്റ് ഡോ.ഷണ്‍മുഖം സുബ്ബയ്യയെ എയിംസ് ബോര്‍ഡ് അംഗമാക്കി നിയമിച്ചതായി റിപ്പോര്‍ട്ട്. മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്.

പ്രതിപക്ഷ എംപിമാരുടെ അടക്കം എതിർപ്പ് അവഗണിച്ചാണ് തീരുമാനം. ചെന്നൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നിലനിൽക്കുന്നുണ്ട്. വീട്ടുപടിയ്ക്കല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ സുബ്ബയ്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ജൂലായ് 11-ന് ആദംപാക്കം പൊലീസ് സ്റ്റേഷനിലാണ് 63-കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.

യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ അമ്മായിയമ്മയെ കൊലപ്പെടുത്തി. 28–കാരിയായ യുവതിയും കാമുകനും ചേർന്നാണ് 57–കാരിയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നത്. കാമുകന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. തുടര്‍ന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയിലാണ് സംഭവം. വീട്ടില്‍ കല്ല് കൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ 57കാരിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 28കാരിയെയും കാമുകന്‍ ദീപക് മാനെയും ഒരുമിച്ച കണ്ട 57കാരി ഇരുവരും തമ്മിലുളള ബന്ധം മകനോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഭര്‍തൃമാതാവിനെ കൊല്ലാന്‍ യുവതിയെയും കാമുകനെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.

പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. ദീപക് മാനെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാൽവി മൽഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാർ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

നടി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.

വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.

Copyright © . All rights reserved