പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.

പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.

കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.