തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയർകുന്നം സ്വദേശികളായ ദമ്പതികൾ പ്രസവിച്ചയുടൻ കുഞ്ഞിനെ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.

അയർകുന്നം തേത്തുരുത്തിൽ അമൽ കുമാർ(31), ഭാര്യ അപർണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗർഭിണിയായത്. എന്നാൽ യുവതി തന്നിൽനിന്ന് അല്ല ഗർഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമൽകുമാർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേർപെടുത്താൻ ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാൽ പ്രസവ തീയതി അടുത്തതോടെ യുവതി ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗർഭത്തിന് ഉത്തരവാദിയെന്നും, അയാൾ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപർണ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ ഒപ്പം താമസിപ്പിക്കാമെന്നാണ് അമൽകുമാർ ഭാര്യയോട് പറഞ്ഞത്.

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമൽകുമാർ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാൽ തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവതി കാറിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്.

അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിൾക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നെല്ലാപാറയിലെത്തിയ അമൽകുമാറും അപർണയും ചേർന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളിൽ കഴിഞ്ഞു.

എന്നാൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയിൽ ദമ്പതികൾ വന്നുപോയ കാറിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൽകുമാറും അപർണയും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൽകുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.