ഇന്നലെ പുലർച്ചെയാണ് നാടിനെ അമ്പരപ്പിച്ച വാർത്ത പുറത്ത് വരുന്നത്. തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ക്രൂരതയിൽ വിട്ടുമാറാതെയാണ് നാട്ടുകാരും വീട്ടുകാരും. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. എന്നാൽ കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് പിതാവ് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തിരുവല്ലം പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണന്‍ 40 ദിവസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. തിരുവല്ലത്തുളള അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്.
കുഞ്ഞിനെ കാണാതായതോടെ,ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നൂല് കെട്ട് ദിനമായ ഇന്നലെ നെടുമങ്ങാട്ടുളള വീട്ടിലായിരുന്നു കുടുംബം. തുടര്‍ന്ന് അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് ഉണ്ണികൃഷ്ണന്‍ പോയത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. തിരുവല്ലത്തേയ്ക്കുളള യാത്രയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയുടെ രണ്ടാം വിവാഹമാണിത്. ഉണ്ണികൃഷ്ണന്റെ വീട്ടുകാരുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ഗര്‍ഭിണിയായതോടെ ഭാര്യയുമായി ഉണ്ണികൃഷ്ണന്‍ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോള്‍ സംശയം തോന്നിയില്ലെന്ന് ഭാര്യയുടെ പരാതിയി്ല്‍ പറയുന്നു.
കുഞ്ഞിനെ കാണാതായ സമയത്ത് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണനെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും പൊലീസ് പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.
വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവും യുവതിയും വിവാഹം കഴിച്ചതിന് പിന്നാലെ ഒത്തുതീർപ്പിനെന്ന വ്യാജേനെ എത്തി തട്ടിക്കൊണ്ടുപോയി നവവരനെ കൊലപ്പെടുത്തി വധുവിന്റെ വീട്ടുകാർ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവിനെയാണ് ഭാര്യ അവന്തിയുടെ ബന്ധിക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഹേമന്തിന്റെ കൊലപാതകം ദുരഭിമാന കൊലയാണെന്നാണ് റിപ്പോർട്ടുകൾ. വൈശ്യ സമുദായക്കാരനായ ഹേമന്തും റെഡ്ഡി സമുദായംഗമായ അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ ഇവരുടെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ച് ഈ വർഷം ജൂലൈയിൽ ഹേമന്തും അവന്തിയും വിവാഹിതരായി. തുടർന്ന് ഇവർ ഗാച്ചിബൗളിയിലെ ടിഎൻജിഒ കോളനിയിൽ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങൾ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താൻ ആവശ്യപ്പെട്ടു. ഹേമന്തിന്റെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടർന്ന് അവരുടെ വാഹനത്തെ പിന്തുടർന്നു പോയെങ്കിലും കണ്ടെത്താനായില്ല. ഗോപൻപള്ളിയിൽവെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു.
ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയിൽനിന്ന് കണ്ടെത്തി. അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നൽകിയതെന്ന് പോലീസ് പറയുന്നു. മറ്റൊരു ജാതിയിൽപ്പെട്ടയാളെ അവന്തി വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
പുത്തന്‍ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പുത്തന്‍ചിറ സ്വദേശിനി കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്ത് (30) ആണ് മരിച്ചത്. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദിനെ മാള ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി അറസ്റ്റ് ചെയ്തു. പിണ്ടാണി ഷാപ്പിന് സമീപം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം.
കൃത്യം നടത്തിയ ശേഷം ഷംസാദ് രണ്ടു മക്കളെയും കൊണ്ട് പറവൂരിലെ വീട്ടിലേക്ക് പോയി. മക്കളെ അവിടെയാക്കി തിരികെ പുത്തന്‍ചിറയിലേക്ക് തിരിച്ചെങ്കിലും പാതിവഴിയില്‍ പറവൂരിലേക്ക് മടങ്ങി. ഇയാള്‍ പറവൂരിലെ കുടുംബാംഗങ്ങളോട് താന്‍ കുറ്റകൃത്യം ചെയ്ത വിവരം പറഞ്ഞിരുന്നത്രേ. ഇവരാണ് പുത്തന്‍ചിറയിലേക്ക് വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞത്.
സമീപവാസിയായ പൊലീസ് ഉദ്യോഗസ്ഥ വീടിനകത്തു കയറി നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാള പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ഷംസാദ് വടക്കേക്കര സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ തന്ത്രപൂര്‍വം ഷംസാദിനെ വടക്കേക്കര സ്റ്റേഷനില്‍ എത്തിച്ച് മാള പൊലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് വടക്കേക്കരയിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ ഇയാളുമായി തെളിവെടുപ്പിനു പുത്തന്‍ചിറയിലെത്തി. ഇതേസമയം റഹ്മത്തിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിക്ക് നേരെ ആക്രോശവുമായി അടുത്തു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധർ എത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യൽ ആറു മണിക്കൂർ പിന്നിട്ടു. ഇത് മൂന്നാംതവണയാണ് എന്‍ഐഎ ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യൽ. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരിച്ചത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) , കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.
സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത്. മൂവരും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
മൂന്ന് പേരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്..
ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാട് ആരോപണങ്ങൾ സംബന്ധിച്ച കേസിൽ മുൻനിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു.
സെപ്റ്റംബർ 25 നാണ് ദീപിക ഏജൻസിക്ക് മുൻപിൽ ഹാജരാവേണ്ടത്. ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവർ 26 നും എൻസിബിയിൽ ഹാജരാവണം.
കേസിൽ ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനും എൻസിബി നടപടി സ്വീകരിച്ചിരുന്നു. കരിഷ്മ പ്രകാശിനൊപ്പം അവർ ജോലിചെയ്യുന്ന ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയുടെ സി ഇഒ ആയ ധ്രുവ് ചിത്ഗോപേക്കറിനും എൻസിബി ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നു. സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് ഈ ആഴ്ച തന്നെ സമൻസ് അയക്കുമെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞിരുന്നു.
കരിഷ്മ പ്രകാശും “ഡി” എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കേസിൽ ദീപികയുടെ പേര് ഉയർന്നുകേട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കരീഷ്മ പ്രകാശ് എൻസിബിക്ക് മുന്നിൽ ഹാജരാവേണ്ടിയിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവർ ഹാജരായിരുന്നില്ല. ഏജൻസിക്ക് മുൻപാകെ ഹാജരാവുന്നതിന് അവർക്ക വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ സെപ്റ്റംബർ 6 നും 9 നും ഇടയിൽ ഏജൻസി ചോദ്യം ചെയ്ത സമയത്ത് അവർ സാറയുടെയും രാകുൽ പ്രീതിന്റെയും ഡിസൈനർ സിമോൺ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എൻസിബി പറയുന്നു. അവരുമായി എന്ത് ബന്ധമാണന്നാണ് റിയ ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നതെന്ന കാര്യം അൻന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ ടാലന്റ് മാനേജർ ജയ സാഹയെ ചൊവ്വാഴ്ചയും എൻസിബി ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ.
ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ റിയയും സഹോദരനും ഉൾപ്പെടെ 19 പേരെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി വൈപ്പിനില്‍ ചൊവ്വ പുലര്‍ച്ചെയുണ്ടായ അരുംകൊലക്ക് കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം. യുവതിയുടെ ഫോണില്‍ നിന്ന് മെസേജ് അയച്ചാണ് കൊലപ്പെടുത്താനായി പ്രതികള്‍ പ്രണവിനെ വിളിച്ചുവരുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ശരത്തിന്റെ കാമുകിയുമായി അടുക്കാൻ പ്രണവ് ശ്രമിച്ചതായിരുന്നു പ്രകോപനം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ പ്രണവ് ശല്യം ചെയ്യുന്നതായി കാമുകി ശരത്തിനോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയെന്ന വ്യാജേന ശരത് പ്രണവുമായി ചാറ്റിങ് തുടങ്ങി. വൈപ്പിനിലെത്താനാണ് സന്ദേശം അയച്ചത്. ഇത് കിട്ടിയയുടന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തി.
കത്തികൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപിച്ചു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. ചൊവ്വ പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. മുഖ്യപ്രതി ശരത് കൊലപാതകശ്രമക്കേസിലും പ്രതിയാണ്.. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്.
2016 ൽ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്ന ആ ചെറിയ ഗ്രാമത്തിൽ റബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടയം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ ഗ്രാമം.
സന്ദര്‍ശകര്‍ അതിക്രമിച്ചുകയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലായി, രാവിലെ വിവരം അറിഞ്ഞയുടന്‍തന്നെ ആ പ്രദേശത്തേക്ക് ആരും തള്ളിക്കയറാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമ്മഞ്ചേരി ഐക്കരക്കുന്ന് ജംക്ഷനു സമീപം റോഡില്‍നിന്നു നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരുന്നു ചാക്കുകെട്ട്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ്, നീല പോളിത്തീന്‍ കവറില്‍ കെട്ടിയ മൃതദേഹം ഒരു സ്ത്രീയുടേതായിരുന്നു.
സംഭവം നടന്ന സ്ഥലത്തെത്തി പരിശോധിച്ചതില്‍ മൃതദേഹം കിടന്ന സ്ഥലത്ത് എന്തെങ്കിലും അക്രമം നടന്നതിന്റെ തെളിവൊന്നുമില്ലാതിരുന്നതിനാല്‍ ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത എന്നു തോന്നി. അടുത്തുള്ള സിസിടിവികള്‍ പരിശോധിച്ചെങ്കിലും ഏതെങ്കിലും വാഹനം സംശയാസ്പദ നിലയില്‍ സ്ഥലത്തോ പരിസരത്തോ വന്നുപോയതായി കണ്ടില്ല. സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി. ഒരു നാടോടിസ്ത്രീ മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നും അവരുടേതാണ് മൃതദേഹമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞത് താല്‍ക്കാലികമായി ഒരങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും കൃത്യമായ സ്ഥിരീകരണത്തിലൂടെ അവരല്ല എന്നു പിന്നീടു തെളിഞ്ഞു. മരിച്ച സ്ത്രീ ഗര്‍ഭിണിയായിരുന്നു എന്നു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മനസ്സിലായി.
‘മൃതദേഹത്തില്‍ കണ്ട ഒരു സാധനവും കളയരുത്’ എന്ന്് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അതെല്ലാം കൃത്യമായി സൂക്ഷിച്ചുവച്ചു. മൃതദേഹം ഒളിപ്പിച്ചിരുന്ന നീല പോളിത്തീന്‍ ബാഗിന് ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാലും ആ കവര്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചു.
അന്വേഷണോദ്യോഗസ്ഥനായ എന്‍.രാമചന്ദ്രന്റെ കണ്ണിലുടക്കിയത് കവറിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്ത ബാര്‍കോഡ് ആണ്. MQ എന്നു തുടങ്ങുന്ന ബാര്‍കോഡാണ്. ഏതായാലും ഒരുകാര്യം തീര്‍ച്ചയായി. ഏതോ ഒരു കണ്‍സൈന്‍മെന്റ് ആര്‍ക്കോ വന്നത് പൊതിഞ്ഞിരുന്ന കവറാണിത്. ഉടന്‍തന്നെ ഈ ബാര്‍കോഡ് എല്ലാ തദ്ദേശ, വിദേശ കുറിയര്‍ കമ്പനികള്‍ക്കും അയച്ചുകൊടുത്തു.
GATI എന്ന കുറിയര്‍ കമ്പനിയില്‍ നിന്ന്, ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ അവര്‍ വിതരണം ചെയ്ത ഒരു പാഴ്‌സലിന്റേതാണെന്ന വിവരം ലഭിച്ചു. ഉടന്‍തന്നെ അവരുടെ ഡല്‍ഹി ഓഫിസുമായി ബന്ധപ്പെടുകയും ഈ പാഴ്‌സല്‍ ആര്‍ക്കു വിതരണം ചെയ്തതാണെന്ന് അറിയാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു നമ്പറുകള്‍ പരിശോധിച്ചു. ഈ നമ്പറിലുള്ള പാഴ്‌സല്‍ ഒന്നര വര്‍ഷം മുന്‍പു ഗള്‍ഫില്‍നിന്ന് അയച്ചതാണെന്നും അത് ആദ്യം ഡല്‍ഹിയില്‍ വന്നെത്തിയെന്നും തുടര്‍ന്ന് മംഗലാപുരത്തുള്ള ഓഫിസില്‍ എത്തിച്ചേരുകയും അവിടെനിന്നു കോഴിക്കോട്ട് അവരുടെ പാഴ്‌സല്‍ കമ്പനി ഗോഡൗണിലേക്കു പോയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
ഡല്‍ഹിയിലെയും മംഗലാപുരത്തെയും ഓഫിസുകള്‍ കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ പാഴ്‌സലിന്റെ നീക്കം കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, കോഴിക്കോട്ടെ ഗോഡൗണില്‍ ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല.
കോഴിക്കോട് ഗോഡൗണിലെ പഴയ റെക്കോര്‍ഡ് ബുക്കുകള്‍ മാത്രമായിരുന്നു അഭയം. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് കോഴിക്കോട്ടുനിന്ന് എങ്ങോട്ടാണ് അയച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചേ തീരൂ. ഇതു പൊലീസ് സാന്നിധ്യത്തില്‍ നടത്തിയാല്‍ മാത്രമേ, ഗുണപ്രദമായ എന്തെങ്കിലും തെളിവുകള്‍ ലഭിക്കൂ. പാലാ ഡിവൈഎസ്പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ ഈ വിവരം ശേഖരിക്കാനുള്ള ദൗത്യമേല്‍പിച്ചു. കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണറായിരുന്ന മുഹമ്മദ് റസാക്കിനെ കണ്‍സൈന്‍മെന്റ് എങ്ങോട്ടുപോയി എന്നു കണ്ടുപിടിക്കാന്‍ ചുമതലപ്പെടുത്തി. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് അവിടെനിന്ന് എങ്ങോട്ടുപോയി എന്നറിയുന്നത് അതിദുഷ്‌കരമായ കാര്യമാണെന്നതിനു സംശയമില്ല.
കോട്ടയത്തിനടുത്ത് ഖാദര്‍ യൂസഫ് എന്നയാളുടെ പേരിലയച്ച പാഴ്‌സല്‍ നമ്പറാണ് അതെന്ന് തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കണ്‍സൈന്‍മെന്റിലെ കോണ്‍ടാക്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ അതു ഖാദര്‍ യൂസഫിന്റേതാണെന്നു മനസ്സിലായി. ഇയാള്‍ കുറെ വര്‍ഷങ്ങള്‍ വിദേശത്തായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു നാട്ടില്‍ തിരിച്ചെത്തിയത്. അതോടനുബന്ധിച്ചു നാട്ടിലേക്കയച്ച ഒരു പാഴ്‌സലിന്റെ ബാര്‍കോഡായിരുന്നു അത്. ഏതായാലും ഒരു കാര്യം വ്യക്തമായി. ആ നീല പോളിത്തീന്‍ കവര്‍ ഖാദര്‍ യൂസഫിന്റേതു തന്നെ.
മൃതദേഹത്തിന്റെ ഒരു ഫോട്ടോ ഖാദര്‍ യൂസഫിനെ കാണിച്ച് ഭാഗ്യപരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. കോട്ടയത്തെ ഒരു സര്‍ജിക്കല്‍ എക്യുപ്‌മെന്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്നു അപ്പോള്‍ ഖാദര്‍ യൂസഫ് (ബഷീര്‍). ഫോട്ടോ കാട്ടി ഇതാരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു. ഇത് അശ്വതിയല്ലേ എന്ന് അറിയാതെ അയാള്‍ പറഞ്ഞുപോയി. അതോടുകൂടി സംഭവം കുറച്ചുകൂടി എളുപ്പമായി. അയാളെ ചോദ്യം ചെയ്യുന്ന സമയംതന്നെ മറ്റൊരു പൊലീസ് സംഘം അയാളുടെ വീടു പരിശോധിക്കുകയായിരുന്നു.
അയാളുടെ വീട്ടില്‍ ആകെ മൂന്നു കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കിടപ്പുമുറിയിലെ കട്ടിലില്‍ ഷീറ്റ് വിരിച്ചിരുന്നില്ല. മൃതദേഹം പൊതിയുന്നതിന് ഒരു ബെഡ്ഷീറ്റ് കൂടി ഉപയോഗിച്ചിരുന്നു എന്നത് സംശയങ്ങള്‍ക്കു ബലം കൂട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അയാള്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.
അയാളുടെ വീടിനു സമീപം താമസിക്കുന്ന അശ്വതി എന്ന പെണ്‍കുട്ടിയെ കുറച്ചു നാളുകളായി അറിയാമെന്നും അവളുടെ അച്ഛനുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. വിദേശത്തായിരുന്ന ഭാര്യയുടെ അസാന്നിധ്യത്തില്‍ തന്റെ വീട്ടില്‍ പലപ്പോഴും ആ പെണ്‍കുട്ടി വരാറുണ്ടായിരുന്നുവെന്നും അയാള്‍ സമ്മതിച്ചു. അയാളില്‍ നിന്നും ഗര്‍ഭിണിയായ അവളെ ഒഴിവാക്കേണ്ടത് അയാളുടെ ആവശ്യമായി മാറി.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറായില്ല. ഇതില്‍ കോപാക്രാന്തനായ യൂസഫ് അവളുടെ കഴുത്തു ഞെരിച്ചശേഷം തറയിലേക്കു തള്ളിയിട്ടു. തലപിടിച്ച് നിലത്തടിക്കുകയും വായും മൂക്കും അടച്ചുപിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് നീല പോളിത്തീന്‍ കവറിനുള്ളിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്നു രാത്രി തന്റെ കാറില്‍കയറ്റി റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഈ കൊലപാതകം നടന്ന ശേഷവും എന്തുകൊണ്ട് അവളുടെ പിതാവ് പരാതിയുമായി വന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു. ഇവിടെയാണ് ഖാദര്‍ യൂസഫിന്റെ പൈശാചിക ബുദ്ധി തെളിയുന്നത്. 2015-ല്‍ അശ്വതി അവളുടെ ബന്ധുഗൃഹമായ ആറന്മുളയില്‍പോയി താമസിച്ചിരുന്നു. ഒരുദിവസം ആ വീട്ടില്‍നിന്ന് അവള്‍ അപ്രത്യക്ഷയായി. ഖാദര്‍ യൂസഫിന്റെ നിര്‍ബന്ധപ്രകാരം അശ്വതിയുടെ പിതാവിനെക്കൊണ്ട് ആറന്മുള പൊലീസ് സ്റ്റേഷനില്‍ അവളെ കാണ്‍മാനില്ല എന്നൊരു പരാതി കൊടുപ്പിച്ചിരുന്നു. എന്നിട്ട് അവളെ തന്റെ അമ്മഞ്ചേരിയിലുള്ള വീട്ടില്‍ ആരുമറിയാതെ രഹസ്യമായി പാര്‍പ്പിക്കുകയായിരുന്നു. തൊട്ടുമുന്‍പിലാണ് അവളുടെ വീടെങ്കിലും ഒരു സംശയത്തിനും ഇടവരാതെയാണ് ഖാദര്‍ യൂസഫിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നത്.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസ് സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി എടുത്തിരുന്നു. എന്നാല്‍ അശ്വതിയെ കാണാനില്ല എന്ന പരാതി പത്തനംതിട്ട ജില്ലയില്‍പെടുന്ന ആറന്മുള പൊലീസ് സ്റ്റേഷനില്‍ ആണ് കൊടുപ്പിച്ചിരുന്നത്.
പോളിത്തീന്‍ കവറിലെ ഒരു ചെറിയ ബാര്‍കോഡാണ് പ്രതിയിലേക്കു നയിച്ചത്. ആ ബാര്‍കോഡില്ലായിരുന്നുവെങ്കില്‍ കുറ്റവാളിയെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമായി മാറിയേനെ.
(കേരള പൊലീസില്‍ സീനിയര്‍ പദവികള്‍ വഹിച്ച എന്‍.രാമചന്ദ്രന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്ന്)
വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. അയ്യന്പള്ളി കൈപ്പൻ വീട്ടിൽ അന്പാടി ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ ഇന്ന് രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡിൽ മർദ്ദനമേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അമ്പാടി ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് പത്തൊന്‍പത് വയസ്സാണ്.പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് മുനമ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പാടിയെ പിടികൂടിയത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം.
മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.