Crime

സുശാന്ത് സിങ് രാജപുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. പിതാവിന്‍റെ പരാതിയില്‍ സുശാന്തിന്‍റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. പട്‍ന പൊലീസിന്‍റെ പ്രത്യേകസംഘം മുംബൈയിലെത്തി.

സുശാന്തിൻറെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിൽ പട്‍നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവർത്തിയുള്‍പ്പടെ 6 പേർക്കുമെതിരെ കേസ്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവരാണ് പ്രതികള്‍. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മിൽ വന്‍സാമ്പത്തിക ഇടപാടുകൾ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്‍റെ പരാതിയിൽ പറയുന്നു. നടന്‍റെ ബാങ്ക് സ്റ്റേറ്റുമെന്‍റുകള്‍ ഉള്‍പ്പടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം.

സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ കിടമല്‍സരമാണെന്ന ആക്ഷേപങ്ങളില്‍ മുംബൈ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാര്‍ പൊലീസ് കേസുടുത്തത്. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സിനിമ നിർമാണ കമ്പനിയായ ധർമ പ്രോഡക്ഷൻസിന്‍റെ സി.ഇ.ഒ അപൂർവ മേത്തയെ ഇന്ന് മൂന്ന് മണിക്കൂറോളം മുംബൈയില്‍ ചോദ്യം ചെയ്തു. ധർമ പ്രോഡക്ഷൻസിന്റെ ഉടമയും സംവിധായകനുമായ കരൺ ജോഹറേയും ഈയാഴ്ച ചോദ്യം ചെയ്യും. 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇൗ സൂചന നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സൂചന.

ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.

കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നൽകി.

ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു തവണ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ നിയമതടസ്സമില്ല.

അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊന്നത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.

മെറിന്‍ ജോലി ചെയ്തുമടങ്ങുമ്പോള്‍ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍കിങ് ഇടത്താണ് കൊല നടന്നത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിേവല്‍പിച്ചശേഷം കാറിടിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന്‍ കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി.

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ മല്ലികയെ(40) ജുലൈ 15 മുതല്‍ കാണാതായിരുന്നു. ഭര്‍ത്താവിന്റെ പരാതി പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുന്നംകുളം ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചു. അയല്‍വാസിയായ വിജീഷിനേയും കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഇരുവരുടേയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിനു കൈമാറി. ഇടയ്ക്കെപ്പോഴെ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സൈബര്‍ സെല്ലിന് ലൊക്കേഷന്‍ കിട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ ലോഡ്ജില്‍ കഴിയുകയായിരുന്നു ഇരുവരും. പൊലീസ് സംഘം തിരുവനന്തപുരത്ത് പോയി ഇരുവരേയും പിടികൂടി.

കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം ഭര്‍ത്താവിനേയും മക്കളേയും വിവരമറിയിച്ചു. മക്കള്‍ കരഞ്ഞു പറഞ്ഞിട്ടും വീട്ടമ്മ കൂട്ടാക്കിയില്ല. ഭര്‍ത്താവും പലതവണ പറഞ്ഞു. എല്ലാം മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന്.പക്ഷേ, കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് കൃത്യമായി പൊലീസിനോട് പറഞ്ഞു. കാമുകനാകട്ടെ അവിവാഹിതനുമാണ്. കൂലിപണിക്കാരനാണ് ഭര്‍ത്താവ്. കാമുകന്‍ അയല്‍വാസിയും കോണ്‍ക്രീറ്റ് പണിക്കാരനുമാണ്. ഭര്‍ത്താവും മക്കളും സ്റ്റേഷനില്‍ നിന്ന് മടങ്ങിയ ശേഷം പൊലീസ് ഒരു കാര്യം തീരുമാനിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് നിയമോപദേശം തേടി.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കെതിരെ കേസെടുത്തു. ഇതിനു പ്രേരണ നല്‍കിയതിന് കാമുകന്‍ വിജീഷും പ്രതിയായി. കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരേയും രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഉടനെ, മല്ലിക പൊലീസിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ജാമ്യത്തിലിറക്കാന്‍ നിയമസഹായം വേണം. ഒരാളെ ഫോണ്‍ ചെയ്യാനുണ്ട്. വിളിച്ചതാകട്ടെ ഭര്‍ത്താവിനെ. ‘‘ജാമ്യത്തിലിറക്കിയാല്‍ കൂടെ വരാമെന്നായിരുന്നു പറഞ്ഞത്’’.

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍. പെരുമ്ബാവൂര്‍ സ്വദേശി ബിനു പോളിന്റെയും മേരിയുടേയും മകളായ സമീക്ഷ പോളിനെയാണ് (15) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അജ്മാന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സമീക്ഷ. കുട്ടിയുടെ മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാര്‍ജയിലെ അല്‍ താവൂനിലെ താമസസ്ഥലത്ത് ഇന്നലെ അര്‍ദ്ധരാത്രിയാണ് സമീക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. മലയാളി ദമ്ബതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ചാടി ജീവനൊടുക്കിയതെന്നാണ് ആദ്യ വിവരം. കെട്ടിടത്തില്‍ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച്‌ ബുഹൈറ പൊലീസ് എത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് അപകടവിവരം സമീക്ഷയുടെ മാതാപിതാക്കളറിഞ്ഞത്. ഇവരെ ചോദ്യം ചെയ്ത പൊലീസ് മുറികള്‍ പരിശോധിച്ചു. ഇരട്ട സഹോദരിക്കൊപ്പമാണ് സമീക്ഷ ഉറങ്ങാന്‍ കിടന്നിരുന്നത്.

ബിനു പോള്‍ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സഹോദരി: മെറിഷ് പോള്‍. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിൻ്റെ നെറ്റിയിൽ ബൈക്കിൻ്റെ താക്കോൽ കുത്തിയിറക്കി. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരിൽ തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ നാട്ടുകാർ ചോദ്യം ചെയ്‌തതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. സംഭവത്തിൽ സബ് ഇൻസ്പെക്‌ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു.

ബൈക്ക് യാത്രികനായ ദീപക് (20) എന്ന യുവാവിനാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിടേണ്ടി വന്നത്. സുഹൃത്തിനൊപ്പം വരുന്നതിനിടെ ദീപക്കിനെ പോലീസ് തടഞ്ഞു. ഹെൽമറ്റ് ധരിക്കാത്തത് ചോദ്യം ചെയ്‌തു. പെട്രോൾ തീരാറായതിനാൽ പെട്രോൾ നിറയ്‌ക്കാൻ പോയതാണെന്ന് ദീപക് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് ബൈക്കിൻ്റെ താക്കോൽ ഊരിയെടുക്കുകയും യുവാവിൻ്റെ നെറ്റിയിൽ കുത്തിയിറക്കുകയും ചെയ്‌തു.

മൂന്ന് പൊലീസുകാരാണ് യുവാക്കൾക്ക് നേരെ അതിക്രമം നടത്തിയത്. ഇതിനിടെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്ത് നിന്നവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് ആളുകൾ കൂട്ടം കൂടിയതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. തടിച്ചു കൂടിയവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയതോടെ പ്രശ്‌നം കൂടുതൽ വഷളായി. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തു.

പോലീസ് നടപടിയിൽ ഭയന്ന യുവാവ് സംഭവസ്ഥലത്ത് നിന്നും അതിവേഗം മടങ്ങിയെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടപടി വിവാദമായതോടെ പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പോലീസ് സൂപ്രണ്ട് ദലീപ് സിംഗ് കുൻവാർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഐഎ സംഘം മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യംചെയ്യൽ നടത്തിയിരുന്നു. ഏതാണ്ട് ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനോട് ഇന്ന് വീണ്ടും എൻഐഎ ഓഫീസിൽ ഹാജരാകാൻ അന്വേഷണസംഘം നിർദേശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണസംഘത്തിന്റെ മുന്നിൽ ഹാജരായി. ശിവശങ്കർ നേരത്തെ തിരുവനന്തപുരത്ത് വെച്ച് നൽകിയ മൊഴിയും ഇന്നലെ കൊച്ചി ആസ്ഥാനത്ത് വെച്ച് നൽകിയ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തത വരുത്തുകയെന്നതാണ് എൻഐഎയുടെ ലക്ഷ്യം.

എന്നാൽ മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങാനും സാധ്യതയുണ്ട്. പ്രത്യേകം എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് ഇന്നലെ എൻഐഎ സംഘം ചോദിച്ചത്. എന്നാൽ പല ചോദ്യങ്ങൾക്കും വ്യക്തമായ രീതിയിലുള്ള ഉത്തരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എൻഐഎയുടെ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരിയെന്ന നിലയിലാണ് പരിചയമെന്ന് ശിവശങ്കർ പറഞ്ഞു.

സ്വപ്നയുടെ ഭർത്താവ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് സന്ദർശിച്ചതെന്നും ശിവശങ്കർ എൻഐഎയ്ക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾ ഗൂഢാലോചന നടത്തുന്നതിനായി തിരുവനന്തപുരത്ത് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് ശിവശങ്കർ സഹായിച്ചത് സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർത്ഥനയെ തുടർന്നാണ്. എന്നാൽ അവരുടെ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറച്ചു ദിവസത്തേക്ക് മാറി താമസിക്കുന്നതിനുവേണ്ടി ഫ്ലാറ്റ് വേണമെന്നുള്ള ആവശ്യം സ്വപ്നയുടെ ഭർത്താവ് ഉന്നയിചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് റെഡിയാക്കി കൊടുത്തതെന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.

ഏഴ് വര്‍ഷം മുന്‍പ് പള്ളിക്കത്തോട്ടില്‍ നിന്നും കാണാതായ ദമ്പതിമാരെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പില്‍ ടോം തോമസ് (36), ഭാര്യ റീജ തോമസ് (32) എന്നിവരെയാണ് ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു. സാമ്പത്തികബാധ്യത മൂലമാണ് ഇവര്‍ നാടുവിട്ടതെന്നും പോലീസ് വ്യക്തമാക്കി.

അടുത്തയിടെ ദമ്പതിമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആലപ്പുഴയില്‍ ഇവരെ കണ്ട ഒരാള്‍ ഇക്കാര്യം പോലീസിന് നല്‍കി. പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്. കാണാതായ സംഭവത്തില്‍ കേസുള്ളതിനാല്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പള്ളിക്കത്തോട് ബൈപ്പാസ് റോഡില്‍ ഹോട്ടല്‍ നടത്തിയിരുന്നു. നാടുവിട്ടശേഷം ആദ്യത്തെ 15 ദിവസം ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ശേഷം ആലപ്പുഴയില്‍ പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 25 മുറികളും ചെറിയ ഹട്ടുകളുമുള്ള സ്ഥാപനം വാടകയ്ക്ക് എടുത്ത് നടത്തുന്നതിനൊപ്പം ചെറിയ ഹോട്ടലും ഇവര്‍ നടത്തിയിരുന്നു.

 

ലോക്ഡൗണ്‍ സമയത്ത് കോടികളുടെ ചൂതാട്ടം നടത്തിയ തമിഴ് പ്രമുഖ നടന്‍ ഷാം ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ അറസ്റ്റില്‍. രാത്രിയിലാണ് ചൂതാട്ടം നടന്നത്. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.

ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ട കേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.

നടന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് ചൂതാട്ടം നടന്നത്. ഇവിടെനിന്നും ചൂതാട്ടത്തിനുള്ള ടോക്കണുകളും പോലീസ് കണ്ടെടുത്തു. നിരവധി നടന്മാര്‍ ഇവിടെ വന്നുപോകുന്നുവെന്നുള്ള വിവരവും പോലീസിന് ലഭിച്ചു.

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം.

മാതാവിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഫിറോസിനെതിരായ പരാതി. തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിലാണ് ചേരാനെല്ലൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. ഹർജി അടുത്ത തിങ്കളാഴ്‌ച കോടതി പരിഗണിക്കും.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഫിറോസിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

Copyright © . All rights reserved