സ്വർണക്കടത്ത് കേസിൽ നാളെ നിർണായകം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യംചെയ്യും. ഇതു മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു.
നാളെ എൻഐഎ തന്നെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുക. കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.
സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും ശിവശങ്കർ സ്വര്‍ണക്കടത്ത് അറിഞ്ഞോ, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തും. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.
അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്‌ന പറഞ്ഞതായാണ് സൂചന.
കോൺസുലേറ്റ് അധികാരികളെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്‌ക്ക് കമ്മിഷന്‍ നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1,000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലമെന്നും സ്വപ്‌ന പറഞ്ഞതായാണ് സൂചന.
ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും ശിവശങ്കറിനു സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. “സ്വർണക്കടത്ത് പിടിക്കുമെന്നായപ്പോൾ അറ്റാഷെ കെെയൊഴിയുകയായിരുന്നു. സ്വർണം പിടികൂടിയ ദിവസം തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ അറ്റാഷെയ്‌ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്കും അതിന്റെ കോപ്പികൾ വച്ചത്,” സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയതായി പറയുന്നു.
കോൺസുലേറ്റ് ജനറലിന്റെ അറിവോടെയാണ് സ്വർണക്കടത്ത് ആദ്യം നടത്തിയത്. കോവിഡ് തുടങ്ങിയപ്പോൾ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വളരെ വെെകാരികമായാണ് സ്വപ്‌ന മൊഴി നൽകിയത്. അറ്റാഷെയെ സാധിക്കുമെങ്കിൽ പിടികൂടണമെന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.
കോൺസുലേറ്റ് ജീവനക്കാരെ പ്രതിരോധത്തിലാക്കുന്ന മൊഴി തന്നെയാണ് സരിത്തും റമീസും സന്ദീപ് നായരും നൽകിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഓരോ തവണ പാഴ്‌സൽ വരുമ്പോഴും പാഴ്‌സലിന്റെ കനം പരിഗണിച്ച് കോൺസുലേറ്റ് അറ്റാഷെയ്‌ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിത്തും റമീസും സന്ദീപും മൊഴി നൽകിയതായാണ് സൂചന.
സ്വന്തം ലേഖകൻ
തേംസ് വാലി : പിസി ആൻഡ്രൂ ഹാർപ്പർ കൊലപാതകത്തിൽ മൂന്നു കൗമാരക്കാർ കുറ്റക്കാരാണെന്ന് കോടതി. ജെസ്സി കോൾ, ഹെൻറി ലോംഗ്, ആൽബർട്ട് ബോവേഴ്സ് (എൽആർ) എന്നിവർക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച ഓൾഡ് ബെയ്‌ലിയിൽ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റ് 19നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ കൊലപാതകം. ഒരു ക്വാഡ് ബൈക്ക് മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാർപറും സഹപ്രവർത്തകനും അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടത്. ഷിഫ്റ്റ് അവസാനിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. സംഭവസ്ഥലത്തെത്തിയ ഹാർപ്പറെ പ്രതികൾ കാറിന് പിന്നിൽ കയറിൽ കെട്ടിയിട്ട് ബെർക്ക്‌ഷെയറിലെ പാതയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ക്രൂരവും വിവേകശൂന്യവുമായ കൊലപാതകമാണ് ഇതെന്നും ജീവിതകാലം മുഴുവൻ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ഹാർപ്പറിന്റെ വിധവ ലിസി വെളിപ്പെടുത്തി. കോടതിയുടെ വിധിയിൽ താൻ വളരെയധികം നിരാശയാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷമായിരുന്നു ഹാർപ്പർ കൊല്ലപ്പെട്ടത്.
പോലീസ് കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നുള്ള വീഡിയോ കോടതിയിൽ കാണിക്കുകയുണ്ടായി. സഹപ്രവർത്തകനായ ആൻഡ്രൂ ഷാ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ ഡ്രൈവർ ഹെൻറി ലോംഗും (19) യാത്രക്കാരായ ആൽബർട്ട് ബോവേഴ്‌സും ജെസ്സി കോളും (18) കൊലപാതകം നിഷേധിച്ചിരുന്നു. പ്രതികൾ ക്വാഡ് ബൈക്ക് മോഷ്ടിച്ച കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ വിസ്താരത്തിലാണ് മൂവരും കൊലപാതകത്തിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. “ആൻഡ്രൂവിന്റെ ജീവിതം അപഹരിക്കപ്പെട്ട രീതി ക്രൂരവും വിവരണാതീതവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് നൽകിയ വിധിയിൽ ഞാൻ നിരാശയാണ്.” ലിസി കൂട്ടിച്ചേർത്തു.
കോടതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത തേംസ് വാലി പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവർട്ട് ബ്ലെയ്ക്ക്, പിസി ഹാർപറിന്റെ മരണ രാത്രി “ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒരു രാത്രിയാണ്” എന്ന് പറഞ്ഞു. “ഒരു കുടുംബത്തിനും ഒരിക്കലും നേരിടേണ്ടിവരാത്ത ഒരു കാര്യത്തിലൂടെയാണ് ഹാർപ്പറിന്റെ കുടുംബം കടന്നുപോയത്. പക്ഷേ അവർ ഓരോ ഘട്ടത്തിലും അവിശ്വസനീയമായ അന്തസ്സും ധൈര്യവും പ്രകടിപ്പിച്ചു.” തേംസ് വാലി പോലീസ് ചീഫ് കോൺസ്റ്റബിൾ ജോൺ കാമ്പ്‌ബെൽ പറഞ്ഞു. പ്രണയിച്ചു കൊതിതീരും മുമ്പേ ഭൂമിയിൽ നിന്ന് അടർത്തിമാറ്റപെട്ട ഹാർപ്പറിന് മരണശേഷമെങ്കിലും ഉചിതമായ നീതി ലഭിക്കണമെന്ന ആവശ്യം ശക്തമാണ്.
മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.
ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി. കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റംസിനാണ് സ്വപ്ന മൊഴി നല്‍കിയത്. ദുബായില്‍വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്ന മൊഴി നല്‍കി. അടുത്തിടെ നടന്ന കോടികളുടെ ഇടപാടിനെ കുറിച്ച് എന്‍ഐഎയും കസ്റ്റസും അന്വേഷണം തുടങ്ങി.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തത് റമീസിനാണെന്ന് സന്ദീപ് നായരും മൊഴി നല്‍കി. താന്‍ വഴിയാണ് റമീസ് സരിത്തുമായും സ്വപ്നയുമായും പരിചയപ്പെടുന്നതെന്നും സന്ദീപ് വെളിപ്പെടുത്തി. കേസില്‍ അറ്റാഷെയുടെ പങ്ക് കസ്റ്റംസ് ചോദ്യം ചെയ്യലിലും സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്നയേയും ചോദ്യം ചെയ്തു.
സ്വപ്നയുടെ ലോക്കറില്‍ 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിവരം. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപ ലഭിച്ചു. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറില്‍ 64 ലക്ഷവും 982.5 ഗ്രാം സ്വര്‍ണവും ഉണ്ട്. സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണമാണിതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു. എന്നാൽ സ്വര്‍ണം വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു
കൊച്ചിയിലെ എൻഐഎ കോടതി അടുത്തമാസം 21 വരെയാണ് സ്വപ്ന സുരേഷിനെയിം സന്ദീപ് നായരെയും സരിത്തിനെയും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ എൻ.ഐ.എക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരാകും. എഎസ്ജിയുടെ സമയം പരിഗണിച്ച് ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. സ്വപ്നയ്ക്ക് ജയിലിൽ കുട്ടികളെ കുട്ടികളെ കാണാനുള്ള അനുമതി കോടതി കൊടുത്തു. എൻഐഎ ഓഫീസിൽവച്ചുള്ള കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിൽ മാനസിക സമ്മർദ്ദം നേരിട്ടതായി സ്വപ്ന കോടതിയിൽ പറഞ്ഞു.
മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്‌നക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീരപ്രദർശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകൾ നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദർശനം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മുൻപ് 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും വേറെയും കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന പ്രതിയുടെ വാദം കോടതി തള്ളി. ദൃശ്യങ്ങൾ പരിശോധിച്ച കോടതി പ്രതി കുട്ടികളെ ലൈംഗിക സംതൃപ്‌തിക്ക് വേണ്ടി ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.
കുട്ടികൾ ദേഹത്ത് ചിത്രങ്ങൾ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോസ്ഥൻ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ മാതാവിന് അവകാശമുണ്ടെന്നും നിയമം വിലക്കുന്നില്ലെങ്കിൽ അത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആവുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുട്ടികൾക്കും ലൈംഗിക ബോധവത്‌കരണത്തിനു വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി.
സമൂഹത്തിൽ മാതാവിന്റെ സ്ഥാനം മഹത്തരമാണന്ന് കോടതി ഓർമ്മിപ്പിച്ചു. കുട്ടിയുടെ ജീവിതത്തിൽ അമ്മയുടെ പങ്ക് വലുതാണ്. കുഞ്ഞിന്റെ ജീവിത നങ്കൂരമാണ് അമ്മ. പ്രതിസന്ധികളിൽ കുഞ്ഞിന് വൈകാരിക പിന്തുണയാകുന്നത് അമ്മയാണ്. അമ്മയിലൂടെയാണ് കുഞ്ഞ് ലോകത്തെ കാണുന്നത്. അമ്മക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും കുട്ടികൾക്ക് അമ്മയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി.അരുൺ പ്രകാശിന്റെ പരാതിയിൽ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെ തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അതു വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.
സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന സൂചനകളിലേക്കും അന്വേഷണം വ്യാപി പ്പിക്കാൻ എന്‍ ഐ എ. വിദേശത്തു നിന്നും കടത്തുന്ന സ്വര്‍ണം മെറ്റല്‍ മണിയായി സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം മറ്റൊരു പ്രതിയായ സരിത്ത് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഫൈസലിന്റെ സിനിമ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തു വരുന്നത്. നാല് മലയാള ചിത്രങ്ങള്‍ക്ക് ഫൈസല്‍ പണം മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നിലും തന്നെ ഫൈസല്‍ തന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനൊപ്പമാണ് 2014 ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ ദുബായ് പൊലീസിന്റെ വേഷത്തില്‍ നിമിഷ നേരത്തേക്ക് പ്രത്യക്ഷപ്പെട്ട നടന്‍ ഫൈസല്‍ ആണെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. എന്നാല്‍ ഇതിലൊന്നും ഇതുവരെ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് ഒട്ടേറെകഥകള്‍ പുറത്തു വരുന്നുണ്ടെങ്കിലും എല്ലാകഥകളിലും ഒരുപോലെ പറഞ്ഞിരുന്ന കാര്യമാണ് ഫൈസലിന്റെ സിനിമബന്ധം. ദുബായില്‍ എത്തുന്ന സിനിമാക്കാരുമായെല്ലാം ഇയാള്‍ ബന്ധം സ്ഥാപിക്കാറുണ്ടെന്നാണ് പറയുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലെ താരങ്ങളോടും ഇയാള്‍ അടുപ്പമുണ്ടാക്കിയിരുന്നു. ഫൈസലിന്റെ ജിനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്. കാര്‍ റേസിംഗിലും ആഢംബര കാറുകളിലും അതീവതത്പരനെന്നറിയപ്പെടുന്ന ഫൈസല്‍ തന്റെ ആതിഥേയത്വം സ്വീകരിക്കുന്ന സിനിമ താരങ്ങള്‍ക്ക് ആഢംബരകാറുകള്‍ ഉപയോഗിക്കാനും വിട്ടുകൊടുക്കാറുണ്ടായിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ അണിയറക്കാര്‍ക്കും ഒരു ആഡംബരകാര്‍ വിട്ടുനല്‍കിയാണ് അവരോട് അടുപ്പത്തിലായതെന്നു പറയുന്നു. ഇത്തരത്തില്‍ സ്ഥാപിച്ച ബന്ധം വഴിയാണ്് സിനിമയില്‍ ചെറിയൊരു വേഷത്തില്‍ ഫൈസല്‍ ഫരീദ് എത്തുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
എന്നാല്‍ സിനിമയുടെ സംവിധായകന്‍ വാസുദേവന്‍ സനലിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്. ദുബായില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു സീനിലേക്ക് പൊലീസ് വേഷം ചെയ്യാന്‍, അറബി ഭാഷ അറിയുന്നവരും അവിടുത്തെ പൗരന്മാരുടെ മുഖച്ഛായ ഉള്ളവരുമായ രണ്ടു യുവാക്കളെ വേണമെന്ന ആവശ്യം കോര്‍ഡിനേറ്ററെ അറിയിച്ചതിന്‍ പ്രകാരം എത്തിയവരാണ് തന്റെ സിനിമയില്‍ അറബ് പൊലീസുകാരുടെ വേഷം ചെയ്തതെന്നാണ് വാസുദേവന്‍ സനല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. അത്രപ്രാധാന്യമൊന്നുമില്ലാത്ത റോള്‍ ആയിരുന്നതുകൊണ്ട് അഭിനയിച്ചതാരാണെന്ന് ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളില്‍ ഫൈസലിന്റെ മുഖം കണ്ടിട്ടും അയാളാണോ ആ വേഷം ചെയ്തതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും വാസുദേവന്‍ സനല്‍ അദ്ദേഹം വിശദീകരിച്ചു. . സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫൈസല്‍ ഫരീദ് തന്നെയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ അഭിനയിച്ചതെന്ന് സ്ഥരീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.
അതേസമയം രണ്ടോ മൂന്നോ സെക്കന്‍ഡുകളില്‍ വന്നുപോകുന്നൊരു കഥാപാത്രമായിട്ടും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. വിക്കീപീഡിയയില്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ അഭിനേതാക്കളുടെ ലിസ്റ്റിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്(ഫൈസല്‍ ഫരീദ്- ഷാര്‍ജ പൊലീസ് ഓഫിസര്‍).മാത്രമല്ല, സിനിമയുടെ സഹ നിര്‍മാതാക്കളുടെ കൂട്ടത്തിലും ഫൈസല്‍ ഫരീദ് എന്ന പേരുണ്ട്. സംവിധായകന് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം മൂന്നു സെക്കന്‍ഡില്‍ മാത്രം വന്നുപോയൊരു നടന്റെ പേര് ടൈറ്റില്‍ കാര്‍ഡിലും വിക്കിപീഡിയയിലും ഉള്‍പ്പെടുന്നത് സിനിമയില്‍ അത്ര സാധാരണമല്ല. ഈ സംശയങ്ങളൊക്കെ ഫൈസല്‍ ഫരീദിന്റെ സിനിമബന്ധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സാമൂഹികമാധ്യമത്തിൽ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്ത് അമ്മയും മകനും ആരോടും ഒന്നും പറയാതെ ലോകത്ത് നിന്നും വിടപറഞ്ഞു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. മൂരാട് ആലയാറിൽ ലളിത (62), മകൻ അരുൺ (32) എന്നിവരെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പോസ്റ്റ്മാൻ വന്നുവിളിച്ചപ്പോൾ ആരും വിളി കേട്ടില്ല. തുടർന്ന് സമീപവീട്ടുകാർ പിറകുവശത്തെ വാതിൽ വഴി അകത്ത് കയറിപ്പോഴാണ് കിടപ്പുമുറിയിൽ അമ്മയെയും നടുമുറിയിൽ മകനെയും തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. മൊബൈൽ ഫോണിൽ പാട്ടും വെച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പാണ് അരുൺ ഇരുവരും കിടക്കയിൽ ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിലിട്ടിരുന്നത്. ഫോട്ടോയുടെ താഴെ ലൈക്കും കമന്റുകളും ചൊരിഞ്ഞവർക്ക് അധികം വൈകാതെ കേട്ട മരണവാർത്ത വിശ്വസിക്കാനായിട്ടില്ല. പത്ത് വർഷത്തിലേറെയായി അർബുദ രോഗിയാണ് ലളിത. മൂത്ത മകൻ വിപിൻ വീട്ടിലുണ്ടായിരുന്നില്ല.
പയ്യോളി എസ്‌ഐ പിപി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഭർത്താവ്: പരേതനായ പവിത്രൻ. ലളിതയുടെ സഹോദരങ്ങൾ: ബാബു, രഞ്ജിത്ത്, പ്രേമി, അനിത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക പ്രതിസന്ധി നേരിടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
ലോകം മുഴുവന്‍ കൊറോണ മഹാമാരിയെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. അതിനിടെ വൈറസിനെ തുരത്താനായി കുട്ടികള്‍ക്ക് മദ്യം നല്‍കി ഗ്രാമീണര്‍. ഒഡീഷയിലെ മല്‍ഗംഗിരി ജില്ലയിലെ പാര്‍സന്‍പാലി ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.
ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് 10-12 വയസ് പ്രായമുള്ള ഒരു ഡസനോളം കൗമാരക്കാര്‍ക്ക് നാടന്‍ മദ്യം നല്‍കിയത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ നാട്ടുകാര്‍ മാസ്‌ക് ധരിക്കാത്തതും കാണാം. സംഭവം അന്വേഷിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നാരായണ്‍ ദാസിനെ നിയോഗിച്ചിട്ടുണ്ട്.
ഒഡീഷയില്‍ അറിയപ്പെടുന്ന പ്രാദേശിക മദ്യമായ സല്‍പയാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇത് മുതിര്‍ന്നവര്‍ പലപ്പോഴും കുടിക്കാറുണ്ടെങ്കിലും സാധാരണയായി കുട്ടികള്‍ക്ക് നല്‍കാറില്ല. കൊറോണ വൈറസ് പിടിക്കുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഈ പാനീയം സഹായിക്കുമെന്നു പറഞ്ഞാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് നല്‍കിയത്.
കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ മദ്യത്തിന് കഴിയുമെന്ന് ഗ്രാമവാസികള്‍ മാത്രമല്ല വിശ്വസിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു വൈറല്‍ വീഡിയോയില്‍ മംഗളൂരുവിലെ ഉല്ലാലിലെ കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി വൈറസിനെ തോല്‍പ്പിക്കാന്‍ റമ്മും രണ്ട് പകുതി വേവിച്ച മുട്ടയും ഉത്തമമാണെന്ന് പറഞ്ഞിരുന്നു.
Despite relentless efforts to spread awareness about #COVID19, superstitions about the virus still rule interior pockets in #Odisha. An incident from Malkangiri where children were seen consuming country-made ‘salap liquor’ to prevent SARS-nCoV infection is a testimony to it. pic.twitter.com/qAsRVRvLkm
— OTV (@otvnews) July 21, 2020
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.
പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.