സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒൻപത് മണിക്കൂറിലേറെ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. ഇന്നു രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതു രണ്ടാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി.വന്ദന, ബെംഗളൂരുവിൽ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാവിലെ നാലരയോടെ അദ്ദേഹം പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച ശിവശങ്കർ രാവിലെ 9.30ഓടെയാണ് കൊച്ചിയിൽ എത്തിയത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.
സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് കഴിഞ്ഞ മൂന്ന് തവണയും ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ഇടപെടൽ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വർണക്കടത്തിൽ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കസ്റ്റംസ് പ്രതി ചേർത്തു. പ്രത്യക സാമ്പത്തിക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇരുവരും യഥാക്രമം പതിനേഴും പതിനെട്ടും പ്രതികളാണ്. സ്വർണക്കടത്തിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി.
കേസിലെ മറ്റൊരു പ്രതിയായ റമീസിന്റെ കസ്റ്റഡി അപേക്ഷ നീട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു. മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡി നീട്ടി നൽകണമെന്നായിരുന്നു അപേക്ഷയിൽ ആവശ്യപ്പെട്ടത്. റമീസിനെ ഓഗസ്റ്റ് 10 വരെ റിമാൻഡ് ചെയ്തു. സ്വപ്നയുടേയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കാനായി കോടതി മാറ്റി.
സോഷ്യൽമീഡിയയിലൂടെയുള്ള അധിക്ഏഷപം സഹിക്കാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നടി വിജയ ലക്ഷ്മി. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.
നടിെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് വിജയലക്ഷ്മിക്കെതിരെ വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞിരുന്നത്. ഇതേതുടർന്ന് നടി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.
തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. ഫ്രണ്ട്‌സ്, ബോസ് എങ്കിറാ ഭാസ്‌കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
ചൈനീസ് കോടീശ്വരന്‍ ജാക്ക് മാക്കും അദ്ദേഹത്തിന്റെ കമ്പനിയായ ആലിബാബക്കും ഗുഡ്ഗാവ് കോടതി സമന്‍സ് അയച്ചു. കമ്പനി മുന്‍ ജീവനക്കാരന്റെ പരാതിയിലാണ് ജാക്ക് മാക്കിന് കോടതി സമന്‍സ് അയച്ചത്. കമ്പനിയുടെ ആപ്ലിക്കേഷനിലെ വ്യാജ വാര്‍ത്തയെ എതിര്‍ത്തതിനെ തുടര്‍ന്ന് തന്നെ പുറത്താക്കിയെന്നാണ് പരാതി.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടാഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുസി വെബ് ജീവനക്കാരനായിരുന്ന പുഷ്പേന്ദ്ര സിംഗ് പാര്‍മറാണ് പരാതി നല്‍കിയത്. ചൈനക്ക് അനുകൂലമല്ലാത്ത ഉള്ളടക്കങ്ങള്‍ കമ്പനി പതിവായി സെന്‍സര്‍ ചെയ്തെന്നും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ യുസി ബ്രൗസറും യുസി ന്യൂസും പ്രസിദ്ധീകരിച്ചുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം.
ജൂലായ് 29ന് അഭിഭാഷഷകന്‍ മുഖേന കോടതിയില്‍ ഹാജരാകാന്‍ ആലിബാബ കമ്പനിക്കും ജാക്ക് മായ്ക്കും മറ്റ് ഡസനോളം വ്യക്തികള്‍ക്കും ജഡ്ജി സോണിയ ഷിയോകാന്ത് നോട്ടീസ് നല്‍കി. 30 ദിവസത്തിനുള്ളില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.
പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ക്കുള്ളിലാണ് കമ്പനിയെന്ന് യുസി വെബ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് അധികൃതര്‍ തയ്യാറായില്ല. ജാക്ക് മായുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരണത്തിന് തയ്യാറായില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ തൊഴിലാളികളില്‍ ചിലരെ കമ്പനി ഒഴിവാക്കിയിരുന്നു. ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍, യുസി ന്യൂസ് തുടങ്ങിയ ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി പി.ജയരാജൻ. പാലത്തായിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ രക്ഷിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായാണ് സി.പി.എം നേതാവ് പി. ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. പോലീസ് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നും ആർക്കും സ്വാധീനിക്കാവുന്ന തരത്തിൽ കെട്ടുറപ്പുനഷ്ടപ്പെട്ട ഒരു സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്നുമാണ് പരോക്ഷമായി ജയരാജൻ ആരോപിക്കുന്നത്.
നേരത്തേ കണ്ണൂരിലെ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായി, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, തോൽക്കുമെന്നുറപ്പുള്ള മണ്ഡലമായ വടകരയിൽ മത്സരിപ്പിക്കുകയും ജില്ലാസെക്രട്ടറി സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പലരും പിന്നീട് ജില്ലാ സെക്രട്ടറിമാരായി തിരിച്ചു ചുമതലയേറ്റപ്പോഴും ജയരാജൻ മാറ്റിനിർത്തപ്പെടുകയായിരുന്നു.
പാർട്ടി അനുഭാവികൾ ജയരാജനെക്കുറിച്ചിറക്കിയ പാട്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. തന്നേക്കാൾ വലിയനേതാവായി ജയരാജൻ മാറിയിരിക്കുന്ന അവസ്ഥയാണ് ഇത്തരമൊരാരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോഴും അത്തരം പാട്ടുകളും ഫേസ്ബുക്കു പോസ്റ്റുകളുമായി പാർട്ടി അനുഭാവികളും നേതാക്കളും തങ്ങളുടെ പണി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
എസ്.ഡി.പി.ഐയും ലീഗും കോൺഗ്രസും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷിക്കാൻ ആർ.എസ്.എസിനൊപ്പം നിൽക്കുകയാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്.
പോലീസ് ഭാഷ്യത്തിനു വിരുദ്ധമായി, പീഡനത്തിന് ഇരയായ പെൺകുട്ടി പാനൂർ പൊലീസിൽ നൽകിയ മൊഴിയിലും ചൈൽഡ്ലൈനിന്റെ തെളിവെടുപ്പിൽ നൽകിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച് പറഞ്ഞിരുന്നില്ല എന്നും ജയരാജൻ ആരോപിക്കുന്നുണ്ട്. പോക്സോ ചുമത്താത്ത നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, “മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയപ്പോൾ തീയതി എങ്ങിനെ കടന്നു വന്നു എന്ന് ചർച്ച ചെയ്യണം.” എന്നൊക്കെ ജയരാജൻ പറയുന്നത്.
എസ്.ഡി.പി.ഐ വിചാരിച്ചാൽപ്പോലും സ്വാധീനിക്കാവുന്ന സംവിധാനമായി കേരളാപ്പോലീസ് മാറിയിരിക്കുന്നുവെന്ന സന്ദേശമാണ് അണികൾക്കും പൊതുസമൂഹത്തിനും ജയരാജൻ നൽകിയിരിക്കുന്നത്.
പ്രതിക്കുവേണ്ടി പോലീസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. വീട്ടുകാരുടെയും നിരവധി സമരസംഘടനകളുടേയും പ്രതിഷേധത്തെത്തുടർന്നാണ് ഇപ്പോൾ അന്വേഷണ ടീമിൽ രണ്ടു വനിതകളെ ഉൾപ്പെടുത്തിയ നടപടി. എന്നാൽ ശ്രീജിത്തിനെ അന്വേഷണ നേതൃത്വത്തിൽനിന്നും മാറ്റണമെന്നാണ് കുട്ടിയുടെ മാതാവിന്രെയുൾപ്പെടെയുള്ള ആവശ്യം. ഇത്തരമൊരാവശ്യം നിറവേറ്റാതെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്നു മാലോകർക്ക് വളരെ വ്യക്തമായ സാഹചര്യത്തിലാണ് ജയരാജന്റെ പ്രസ്താവന വരുന്നത്. സി.പി.എം. ആവശ്യപ്പെടുന്നത് തുടരന്വേഷണമാണ്, കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത് പുനരന്വേഷണവും.
ശ്രീജിത്തിന്രെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഫലമെന്താകുമെന്നതുസംബന്ധിച്ച് തുടക്കത്തിൽതന്നെ ഈ കേസിന്റെ നടപടിക്രമങ്ങൾ തെളിയിക്കുന്നുണ്ട്.
കേസിന്റെ നടത്തിപ്പുസംബന്ധിച്ച് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീജിത്തിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇന്നുമായി ഓൺലൈൻ പ്രതിഷേധവും ഉപവാസ സമരവും നടന്നിരുന്നു.
സ്വർണക്കടത്ത് കേസിൽ നാളെ നിർണായകം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യംചെയ്യും. ഇതു മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു.
നാളെ എൻഐഎ തന്നെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുക. കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.
സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും ശിവശങ്കർ സ്വര്‍ണക്കടത്ത് അറിഞ്ഞോ, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തും. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.
അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്‌ന പറഞ്ഞതായാണ് സൂചന.
കോൺസുലേറ്റ് അധികാരികളെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്‌ക്ക് കമ്മിഷന്‍ നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1,000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലമെന്നും സ്വപ്‌ന പറഞ്ഞതായാണ് സൂചന.
ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും ശിവശങ്കറിനു സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. “സ്വർണക്കടത്ത് പിടിക്കുമെന്നായപ്പോൾ അറ്റാഷെ കെെയൊഴിയുകയായിരുന്നു. സ്വർണം പിടികൂടിയ ദിവസം തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ അറ്റാഷെയ്‌ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്കും അതിന്റെ കോപ്പികൾ വച്ചത്,” സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയതായി പറയുന്നു.
കോൺസുലേറ്റ് ജനറലിന്റെ അറിവോടെയാണ് സ്വർണക്കടത്ത് ആദ്യം നടത്തിയത്. കോവിഡ് തുടങ്ങിയപ്പോൾ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വളരെ വെെകാരികമായാണ് സ്വപ്‌ന മൊഴി നൽകിയത്. അറ്റാഷെയെ സാധിക്കുമെങ്കിൽ പിടികൂടണമെന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.
കോൺസുലേറ്റ് ജീവനക്കാരെ പ്രതിരോധത്തിലാക്കുന്ന മൊഴി തന്നെയാണ് സരിത്തും റമീസും സന്ദീപ് നായരും നൽകിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഓരോ തവണ പാഴ്‌സൽ വരുമ്പോഴും പാഴ്‌സലിന്റെ കനം പരിഗണിച്ച് കോൺസുലേറ്റ് അറ്റാഷെയ്‌ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിത്തും റമീസും സന്ദീപും മൊഴി നൽകിയതായാണ് സൂചന.
സ്വന്തം ലേഖകൻ
തേംസ് വാലി : പിസി ആൻഡ്രൂ ഹാർപ്പർ കൊലപാതകത്തിൽ മൂന്നു കൗമാരക്കാർ കുറ്റക്കാരാണെന്ന് കോടതി. ജെസ്സി കോൾ, ഹെൻറി ലോംഗ്, ആൽബർട്ട് ബോവേഴ്സ് (എൽആർ) എന്നിവർക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച ഓൾഡ് ബെയ്‌ലിയിൽ പ്രഖ്യാപിക്കും. 2019 ഓഗസ്റ്റ് 19നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ കൊലപാതകം. ഒരു ക്വാഡ് ബൈക്ക് മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാർപറും സഹപ്രവർത്തകനും അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടത്. ഷിഫ്റ്റ് അവസാനിച്ച് നാല് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. സംഭവസ്ഥലത്തെത്തിയ ഹാർപ്പറെ പ്രതികൾ കാറിന് പിന്നിൽ കയറിൽ കെട്ടിയിട്ട് ബെർക്ക്‌ഷെയറിലെ പാതയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ക്രൂരവും വിവേകശൂന്യവുമായ കൊലപാതകമാണ് ഇതെന്നും ജീവിതകാലം മുഴുവൻ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ഹാർപ്പറിന്റെ വിധവ ലിസി വെളിപ്പെടുത്തി. കോടതിയുടെ വിധിയിൽ താൻ വളരെയധികം നിരാശയാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷമായിരുന്നു ഹാർപ്പർ കൊല്ലപ്പെട്ടത്.

പോലീസ് കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നുള്ള വീഡിയോ കോടതിയിൽ കാണിക്കുകയുണ്ടായി. സഹപ്രവർത്തകനായ ആൻഡ്രൂ ഷാ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ ഡ്രൈവർ ഹെൻറി ലോംഗും (19) യാത്രക്കാരായ ആൽബർട്ട് ബോവേഴ്‌സും ജെസ്സി കോളും (18) കൊലപാതകം നിഷേധിച്ചിരുന്നു. പ്രതികൾ ക്വാഡ് ബൈക്ക് മോഷ്ടിച്ച കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ വിസ്താരത്തിലാണ് മൂവരും കൊലപാതകത്തിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. “ആൻഡ്രൂവിന്റെ ജീവിതം അപഹരിക്കപ്പെട്ട രീതി ക്രൂരവും വിവരണാതീതവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് നൽകിയ വിധിയിൽ ഞാൻ നിരാശയാണ്.” ലിസി കൂട്ടിച്ചേർത്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത തേംസ് വാലി പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവർട്ട് ബ്ലെയ്ക്ക്, പിസി ഹാർപറിന്റെ മരണ രാത്രി “ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒരു രാത്രിയാണ്” എന്ന് പറഞ്ഞു. “ഒരു കുടുംബത്തിനും ഒരിക്കലും നേരിടേണ്ടിവരാത്ത ഒരു കാര്യത്തിലൂടെയാണ് ഹാർപ്പറിന്റെ കുടുംബം കടന്നുപോയത്. പക്ഷേ അവർ ഓരോ ഘട്ടത്തിലും അവിശ്വസനീയമായ അന്തസ്സും ധൈര്യവും പ്രകടിപ്പിച്ചു.” തേംസ് വാലി പോലീസ് ചീഫ് കോൺസ്റ്റബിൾ ജോൺ കാമ്പ്‌ബെൽ പറഞ്ഞു. പ്രണയിച്ചു കൊതിതീരും മുമ്പേ ഭൂമിയിൽ നിന്ന് അടർത്തിമാറ്റപെട്ട ഹാർപ്പറിന് മരണശേഷമെങ്കിലും ഉചിതമായ നീതി ലഭിക്കണമെന്ന ആവശ്യം ശക്തമാണ്.
മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.
ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി. കേസിലെ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റംസിനാണ് സ്വപ്ന മൊഴി നല്‍കിയത്. ദുബായില്‍വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്ന മൊഴി നല്‍കി. അടുത്തിടെ നടന്ന കോടികളുടെ ഇടപാടിനെ കുറിച്ച് എന്‍ഐഎയും കസ്റ്റസും അന്വേഷണം തുടങ്ങി.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തത് റമീസിനാണെന്ന് സന്ദീപ് നായരും മൊഴി നല്‍കി. താന്‍ വഴിയാണ് റമീസ് സരിത്തുമായും സ്വപ്നയുമായും പരിചയപ്പെടുന്നതെന്നും സന്ദീപ് വെളിപ്പെടുത്തി. കേസില്‍ അറ്റാഷെയുടെ പങ്ക് കസ്റ്റംസ് ചോദ്യം ചെയ്യലിലും സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്നയേയും ചോദ്യം ചെയ്തു.
സ്വപ്നയുടെ ലോക്കറില്‍ 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിവരം. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപ ലഭിച്ചു. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറില്‍ 64 ലക്ഷവും 982.5 ഗ്രാം സ്വര്‍ണവും ഉണ്ട്. സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണമാണിതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു. എന്നാൽ സ്വര്‍ണം വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പറഞ്ഞു
കൊച്ചിയിലെ എൻഐഎ കോടതി അടുത്തമാസം 21 വരെയാണ് സ്വപ്ന സുരേഷിനെയിം സന്ദീപ് നായരെയും സരിത്തിനെയും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോൾ എൻ.ഐ.എക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരാകും. എഎസ്ജിയുടെ സമയം പരിഗണിച്ച് ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. സ്വപ്നയ്ക്ക് ജയിലിൽ കുട്ടികളെ കുട്ടികളെ കാണാനുള്ള അനുമതി കോടതി കൊടുത്തു. എൻഐഎ ഓഫീസിൽവച്ചുള്ള കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിൽ മാനസിക സമ്മർദ്ദം നേരിട്ടതായി സ്വപ്ന കോടതിയിൽ പറഞ്ഞു.
മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്‌നക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീരപ്രദർശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകൾ നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദർശനം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മുൻപ് 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും വേറെയും കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന പ്രതിയുടെ വാദം കോടതി തള്ളി. ദൃശ്യങ്ങൾ പരിശോധിച്ച കോടതി പ്രതി കുട്ടികളെ ലൈംഗിക സംതൃപ്‌തിക്ക് വേണ്ടി ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.
കുട്ടികൾ ദേഹത്ത് ചിത്രങ്ങൾ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോസ്ഥൻ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ മാതാവിന് അവകാശമുണ്ടെന്നും നിയമം വിലക്കുന്നില്ലെങ്കിൽ അത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആവുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുട്ടികൾക്കും ലൈംഗിക ബോധവത്‌കരണത്തിനു വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി.
സമൂഹത്തിൽ മാതാവിന്റെ സ്ഥാനം മഹത്തരമാണന്ന് കോടതി ഓർമ്മിപ്പിച്ചു. കുട്ടിയുടെ ജീവിതത്തിൽ അമ്മയുടെ പങ്ക് വലുതാണ്. കുഞ്ഞിന്റെ ജീവിത നങ്കൂരമാണ് അമ്മ. പ്രതിസന്ധികളിൽ കുഞ്ഞിന് വൈകാരിക പിന്തുണയാകുന്നത് അമ്മയാണ്. അമ്മയിലൂടെയാണ് കുഞ്ഞ് ലോകത്തെ കാണുന്നത്. അമ്മക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും കുട്ടികൾക്ക് അമ്മയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി.അരുൺ പ്രകാശിന്റെ പരാതിയിൽ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെ തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അതു വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.
സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.