Crime

സ്വന്തം ലേഖകൻ

ഡോൺകാസ്റ്റർ : പോലീസ് അന്വേഷണങ്ങൾക്കിടയിലും ഡോൺകാസ്റ്ററിൽ കൊലപാതകങ്ങൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. സൗത്ത് യോർക്ക്‌ഷെയറിലെ ഡോൺകാസ്റ്ററിൽ കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടയിൽ അഞ്ച് സ്ത്രീകളാണ് മരിച്ചത്. എല്ലാം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. അമൻ‌ഡ സെഡ്‌വിക്, മിഷേൽ മോറിസ്, ആമി-ലിയാൻ സ്ട്രിംഗ്ഫെലോ, ക്ലെയർ ആൻഡേഴ്സൺ എന്നിവരും പേരറിയാത്ത ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇത് ജനരോക്ഷത്തിലേക്ക് വഴി തുറന്നെങ്കിലും കൊലപാതകങ്ങൾ തമ്മിൽ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഒരു സീരിയൽ കില്ലർ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. “ഈ കേസുകളെല്ലാം ഓരോന്നോരോന്നായി ആണ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമില്ല.” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. എന്നിരുന്നാലും, സൗത്ത് യോർക്ക്ഷെയർ പട്ടണത്തിൽ അസാധാരണമാംവിധം കൊലപാതകകേസുകൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ അഞ്ച് സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ നരഹത്യ നിരക്കിനേക്കാൾ ആനുപാതികമായി വളരെ കൂടുതലാണ്.

നാല് മരണങ്ങൾക്ക് ശേഷം വിമൻസ് ലൈവ്സ് മാറ്റർ നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സൗത്ത് യോർക്ക്ഷെയറിൽ 2019 ൽ 23 കൊലപാതകങ്ങൾ രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2020 മെയ് 19 ന് രാത്രി 11 മണിയോടെ അസ്കെർനിലെ വീട്ടിൽ വെച്ചാണ് 49 കാരിയായ അമാൻഡ സെഡ്‌വിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകിയെന്ന് സംശയിച്ച് 48 കാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സെഡ് വിക്കിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം സ്റ്റെയിൻഫോർത്തിലെ വീട്ടിൽ വെച്ച് 52 കാരിയായ മിഷേൽ മോറിസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നു ദിവസത്തിന് ശേഷം മിഷേൽ മരിച്ചു. 47 നും 33 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാരെയും 24 കാരിയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടർന്ന് ജാമ്യത്തിൽ വിടുകയായിരുന്നു.

ജൂൺ 5നാണ് ആമി-ലിയാൻ സ്ട്രിംഗ്ഫെലോ എന്ന 26കാരി കൊല്ലപ്പെടുന്നത്. ഈ കൊലപാതകത്തിന് മൂന്നു ദിവസങ്ങൾക്കു ശേഷം മെക്‌സ്‌ബറോയിൽ വച്ചു 28കാരി കൊല്ലപ്പെടുകയുണ്ടായി. പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഡോൺകാസ്റ്ററിലെ വീട്ടിൽ വച്ചു ക്ലെയർ ആൻഡേഴ്സണെ (35) അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ സംഭവസ്ഥലത്ത് വച്ചുതന്നെ അവർ മരണമടഞ്ഞെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പ്രധാന വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോൺകാസ്റ്ററിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ മരണങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ഡോൺകാസ്റ്റർ ഡിസ്ട്രിക്ട് കമാൻഡർ ചീഫ് സൂപ്രണ്ട് ഷോൺ മോർലി പറഞ്ഞു. വിപുലമായ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതി സൂരജ് പരസ്യമായി കുറ്റം സമ്മതിച്ചിരിക്കുകയാണ്. മെയ് ഏഴിനാണ് കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. പാമ്പുകടിയേറ്റ് ചികിൽസയിലരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഉത്രയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.

മേയ് 25 ന് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ ഉത്രയുടെ അച്ഛനോട് കരഞ്ഞുകൊണ്ടാണ് ‘ഞാൻ ചെയ്തിട്ടില്ല അച്ഛാ’ എന്ന് സൂരജ് പറഞ്ഞത്. പിന്നീട ്പൊലീസ് തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അവകാശപ്പെട്ടു. സൂരജിന്റെ വീട്ടുകാരും മകൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് ആണയിട്ടു. ക്രിമിനൽ ബുദ്ധിയുള്ള ആളല്ലെന്നും നാട്ടിലും പരിസരത്തും അന്വേഷിച്ചു നോക്കൂവെന്നും അവർ പറഞ്ഞു. എന്നാൽ പിന്നീട് മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെയും ക്രൂര കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു.

മേയ് ഏഴിന് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സൂരജ് പൊലീസിനോട് വെളിപ്പെടുത്തി. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനായി യൂട്യൂബിന്റെയും സുരേഷിന്റെയും സഹായം സൂരജ് തേടിയിരുന്നു.

തലേന്ന് ഉത്രയുടെ വീട്ടിൽ പാമ്പുമായെത്തിയ സൂരജ് ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് സൂക്ഷിച്ച് വച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം സൂരജ് മുറിയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. ആറരയോടെ മുറിയിലെത്തിയ അമ്മയായിരുന്നു ഉത്രയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണത്തിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.

10,000 രൂപയ്ക്ക് സൂരജിന് പാമ്പിനെ വിറ്റ സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ കുരുക്കുകൾ കൂടുതൽ മുറുകി. മാസങ്ങൾ പിന്നിട്ടപ്പോൾ വനംവകുപ്പിന്റെ തെളിവെടുപ്പിനിടയിലാണ് സൂരജ് പരസ്യമായി കുറ്റം സമ്മതിക്കുന്നത്. ഞാനാണ് ചെയ്തതെന്നും വേറെ ആരുമല്ലെന്നും. കൊല്ലാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും സൂരജ് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. മാർച്ച് രണ്ടിനും ഉത്രയെ പാമ്പ് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെങ്കിലും ഉത്ര ഇതിനെ അതിജീവിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ കഴിയവേയാണ് സൂരജ് കൊലപ്പെടുത്തിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെ കോട്ടയത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രംഗത്തെത്തിയിരുന്നു.

ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്കിയത്.

സൗദിയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മക്കക്കടുത്ത് ജുമൂമിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാര്‍ (49) ആണ് അപകടത്തില്‍ മരിച്ചത്.

അല്‍ശുഐബ റോഡില്‍ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ബിനോജ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിക്ക് തീപിടിക്കുകയും അതില്‍പെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ മറ്റു രണ്ട് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച ബിനോജ് പതിമൂന്ന് വര്‍ഷമായി നാദക്ക് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. പിതാവ്: അയ്യപ്പന്‍, മാതാവ്: ദാക്ഷായണി, ഭാര്യ: ഷില്‍ജ, മക്കള്‍: മിലന്ദ് കുമാര്‍, വിഷ്ണു. മക്ക കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്നാണ് വിവരം.

തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളുടെ വക്കാലത്ത് പ്രതികൾ പോലും അറിയാതെ ഏറ്റെടുക്കാൻ ശ്രമിച്ച് സ്വയം മുന്നോട്ട് വന്ന വിവാദ അഭിഭാഷകൻ ബിഎ ആളൂരിനെ നാണംകെടുത്തി കോടതി. എൻഐഎ കോടതിയിലേക്ക് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ വന്ന അഭിഭാഷകൻ ആളൂരിന്റെ ജൂനിയേഴ്‌സിനെ എൻഐഎ കോടതിയാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കൊച്ചിയിലെ എൻഐഎ കോടതിയിലായിരുന്നു സംഭവം.

കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാനാണ് ആളൂരിന്റെ രണ്ട് ജൂനിയേഴ്‌സ് കോടതിയിലെത്തിയത്. കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു നാടകീയമായി ആളൂരിന്റെ ടീമിന്റെ എൻട്രി. കോടതിയിൽ സ്വപ്നക്കായി ആളൂരിന്റെ ആളുകൾ ഹാജരാവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വപ്നയെ വിളിച്ച് ഇവരെ അറിയുമോയെന്നും വക്കാലത്ത് നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു. എന്നാൽ, ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തന്റെ അഭിഭാഷകൻ ആരാണെന്ന് ഭർത്താവ് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

ഇതോടെ രോഷംപൂണ്ട ജഡ്ജ് രണ്ട് അഭിഭാഷകരേയും മുന്നിലേക്ക് വിളിച്ചുവരുത്തി ‘ഇത് എൻഐഎ കോടതിയാണ്, മറക്കരുത്…ഇനിയിത് ആവർത്തിക്കരുത്’ എന്ന് താക്കീത് നൽകുകയായിരുന്നു.

ഇതിനുമുമ്പ് യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻഐഎ കേസിലും വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികൾ അറിയില്ലെന്ന് പറഞ്ഞതോടെ അന്നും നാണംകെട്ട് മടങ്ങേണ്ടി വന്നിരുന്നു.

നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറ് ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിരു തടാകത്തില്‍ നിന്നാണ് നയായെ കണ്ടെത്തിയത്. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തടാകത്തില്‍ 33 കാരിയായ റിവേരയെ ബുധനാഴ്ചയാണ് കാണാതായത്.

നാല് വയസുള്ള മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നടി വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. കാണാതെ പോയിടത്ത് നിന്ന് 64 കിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്.

2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയിലൂടെയാണ് റിവേര ജനശ്രദ്ധ നേടുന്നത്. പരമ്പരയിലെ 113 എപ്പിസോഡുകളില്‍ റിവേര പ്രത്യക്ഷപ്പെട്ടു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലിങ്കലിനേയും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത്. റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു

ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്.ഇയാളെ അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിടികൂടി.

സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകള്‍ കണ്ടെത്തി.സിനിമയുടെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും നടന്നിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സിനിമ ചിത്രീകരിച്ചത് സംശയത്തോടെയാണ് കാണുന്നത്. എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം മലേഷ്യയിലും ഉണ്ടായിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കളളടത്ത് സംഘങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പിതാവും ഇത്തരം ഒരു സംശയം ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ അതീവ ഗുരുതരമായ ഒരു ആരോപണം ആണ് മിമിക്രിതാരം കലാഭവന്‍ സോബി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നു എന്നതാണത്.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു.

സരിത്ത് അപകട സ്ഥലത്ത്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല.

തിരിച്ചറിഞ്ഞത് ഇപ്പോള്‍

സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

സൈലന്റ് ആയി നിന്ന ആള്‍

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്.

കൂടുതല്‍ വെളിപ്പെടുത്തും

ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു.

ബാലുവിന്റെ സുഹൃത്തുക്കള്‍

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്. ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം

എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും 14 ദിവസം റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്ററിലേക്കും കൊണ്ടുപോകും. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടി.

എൻ.ഐ.എ പ്രത്യേക ജ‍ഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്. കനത്ത പൊലീസ് അകമ്പടിയിലായിരുന്നു കോടതിയിലേക്കുള്ള യാത്ര.

നേരത്തെ കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടയില്‍ സ്വപ്നയെ കൊണ്ടുവന്ന എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്വപ്നയേയും സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍.ഐ.എ ഓഫിസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.

സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടും മൂന്നുമൊബൈല്‍ ഫോണുകളും രണ്ടരലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. നൈറ്റ് കര്‍ഫ്യൂവും കര്‍ശനപരിശോധനയും പിന്നിട്ടാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്.

സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇരുവരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.

രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം

Copyright © . All rights reserved