തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളുടെ വക്കാലത്ത് പ്രതികൾ പോലും അറിയാതെ ഏറ്റെടുക്കാൻ ശ്രമിച്ച് സ്വയം മുന്നോട്ട് വന്ന വിവാദ അഭിഭാഷകൻ ബിഎ ആളൂരിനെ നാണംകെടുത്തി കോടതി. എൻഐഎ കോടതിയിലേക്ക് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ വന്ന അഭിഭാഷകൻ ആളൂരിന്റെ ജൂനിയേഴ്‌സിനെ എൻഐഎ കോടതിയാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കൊച്ചിയിലെ എൻഐഎ കോടതിയിലായിരുന്നു സംഭവം.

കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാനാണ് ആളൂരിന്റെ രണ്ട് ജൂനിയേഴ്‌സ് കോടതിയിലെത്തിയത്. കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു നാടകീയമായി ആളൂരിന്റെ ടീമിന്റെ എൻട്രി. കോടതിയിൽ സ്വപ്നക്കായി ആളൂരിന്റെ ആളുകൾ ഹാജരാവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വപ്നയെ വിളിച്ച് ഇവരെ അറിയുമോയെന്നും വക്കാലത്ത് നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു. എന്നാൽ, ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തന്റെ അഭിഭാഷകൻ ആരാണെന്ന് ഭർത്താവ് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

ഇതോടെ രോഷംപൂണ്ട ജഡ്ജ് രണ്ട് അഭിഭാഷകരേയും മുന്നിലേക്ക് വിളിച്ചുവരുത്തി ‘ഇത് എൻഐഎ കോടതിയാണ്, മറക്കരുത്…ഇനിയിത് ആവർത്തിക്കരുത്’ എന്ന് താക്കീത് നൽകുകയായിരുന്നു.

ഇതിനുമുമ്പ് യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻഐഎ കേസിലും വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികൾ അറിയില്ലെന്ന് പറഞ്ഞതോടെ അന്നും നാണംകെട്ട് മടങ്ങേണ്ടി വന്നിരുന്നു.