Crime

അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസ്. തിരുവല്ല കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശി ഏബ്രഹാം തോമസിനാണ് മകന്റെ ക്രൂമര്‍ദനമേറ്റത്. മകന്‍ അനില്‍ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ഇതേതുടര്‍ന്ന് പൊലീസ് എബ്രഹാമിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

വീട്ടിലെത്തിയപ്പോള്‍ അനിലിനെ പിടികൂടാനായില്ല. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം. വലിയ വടി ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. അടിക്കരുതെന്ന് പിതാവ് കേണപേക്ഷിക്കുമ്പോഴും അനില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ക്രൂരമായ മര്‍ദ്ദനിത്തിന് ശേഷം എബ്രഹാം ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ കേസുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ മകനല്ലേ ക്ഷമിക്കാമെന്നായിരുന്നു പിതാവിന്റെ മറുപടി.

അയല്‍വാസിയാണ് മകന്‍ പിതാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേരളപൊലീസിന്റെ സൈബര്‍ സെല്ലും ഇടപെട്ടിരുന്നു. എബ്രഹാം മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനില്‍ സ്ഥിരം മദ്യപാനിയായതിനെ തുടര്‍ന്ന് ഭാര്യ മാറി താമസിക്കുകയാണ്.

സോഷ്യൽ മീഡിയ പൊതു ഗ്രൂപ്പിൽ അപ്‌ലോഡ് വീഡിയോയിലെ അസഭ്യമായ വാക്കുകൾ ന്യൂസ് ചാനലുമായി ബന്ധമില്ല….

വിവാഹസമയത്ത് ഭക്ഷണം വിളമ്പുന്നതിൽ തർക്കം. വധുവിന്റെ 9 വയസ്സുള്ള സഹോദരനെ കൊലപ്പെടുത്തി വരൻ. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കാറിടിച്ച് 3 പേർക്ക് പരുക്ക്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ഷംഷാബാദ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് വരന്‍ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുടെ നേര്‍ക്ക് തട്ടിക്കയറി. അതിനിടെ മദ്യലഹരിയിലായിരുന്ന മനോജും സംഘവും അമ്മാവന് നേരെ വെടിയുതിര്‍ത്തതായി വധുവിന്റെ സഹോദരന്‍ പുനീത് പറയുന്നു. തലനാരിഴയ്ക്കാണ് അമ്മാവന്‍ രക്ഷപ്പെട്ടത്.

തുടര്‍ന്ന് ഭക്ഷണം വിളമ്പിയ ഒന്‍പത് വയസുളള വധുവിന്റെ സഹോദരനെയും തട്ടിയെടുത്ത് മനോജും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എസ്‌യുവി കാറില്‍ രക്ഷപ്പെടുന്നതിനിടെ, നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന മൂന്നുപേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു കൗമാരക്കാരിയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.എന്നാല്‍ നിര്‍ത്താതെ മനോജ് വാഹനം ഓടിച്ചുപോയതായി പൊലീസ് പറയുന്നു.

ഒന്‍പത് വയസ്സുളള പ്രാണ്‍ശുവിനെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട്് മനോജിനെ തുടര്‍ച്ചയായി വിളിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കഴുത്തില്‍ ശ്വാസംമുട്ടിച്ചതിന്റെ പാടുണ്ട്.

ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട ഡൽഹിയിലെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ വൻട്വിസ്റ്റ്. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാനായി കൊലപ്പെടുത്താൻ ഇയാൾ സ്വയം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡൽഹി ഇന്ദ്രപ്രസ്ഥ എക്‌സറ്റൻഷനിൽ താമസിക്കുന്ന ഗൗരവിനെ(37) ജൂൺ ഒമ്പതിനാണ് കാണാതായത്. രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബൻസാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി റാൻഹൗലയിൽ ഗൗരവിനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായതിനാൽ തന്നെ കൊലപാതകമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. സംഭവത്തിൽ ഗൗരവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമായി ഗൗരവ് ഫോണിൽ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഈ ക്വട്ടേഷന് വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഗൗരവ് തെരഞ്ഞെടുത്തത്. തന്നെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചതിനൊപ്പം തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനൽകിയിരുന്നു.

ജൂൺ ഒമ്പതിന് പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ച് ഗൗരവ് റാൻഹൗലയിൽ എത്തിയത്. തുടർന്ന് ഗൗരവിനെ പ്രതികൾ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകൾ ബന്ധിച്ചശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, എത്ര തുകയ്ക്കാണ് ഗൗരവ് ക്വട്ടേഷൻ നൽകിയതെന്നോ എത്ര തുകയ്ക്കാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.

ബിസിനസുകാരനായ ഗൗരവ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഭാര്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ വെച്ചാണ് സുധാദേവി മരിച്ചത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. സുശാന്തിന്റെ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെ സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചത്.

സുശാന്തിന്റെ മരണവിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. യുവ നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു.

മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. നടനെ ഒരുനോക്ക് കാണാനും അവസാന യാത്ര പറയാനും. കനത്ത മഴയ്ക്കിടയിലും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.

സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് വിലക്കി. ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചാണ് സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാതെ സക്കീര്‍ ഹുസൈന്‍ പാമ്പിനെ പിടിക്കാന്‍ പോയത്. എന്നാല്‍ അവന്‍ ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.

ഞായറാഴ്ചയാണ് ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ഹുസൈന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പിടികൂടി നിമിഷങ്ങള്‍ക്കകം പാമ്പ് സക്കീറിന്റെ കൈയില്‍ കൊത്തി.
കടിയേറ്റ് വീണ് അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ലോക്ഡൗണ്‍ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാതെ വന്നതോടെയാണ് ഞായറാഴ്ച സക്കീര്‍ പാമ്പ് പിടിത്തത്തിന് ഇറങ്ങിയത്.

സുഹൃത്തുക്കള്‍ പോകരുതെന്ന് പറഞ്ഞെങ്കിലും കൈയ്യില്‍ ആകെയുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നതിനാലാണ് ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയത്. ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.

സക്കീറിന്റെ മരണം ഹസീനയെ തളര്‍ത്തി. മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുകയാണ്. ലൈറ്റ്‌സ് ആന്ഡ് സൗണ്ട് ജീവനക്കാരനായിരുന്ന സക്കീറിന് ലോക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. നടി റിയ ചക്രവർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

സുശാന്ത് മരിക്കുന്നതിന്റെ തലേന്ന് റിയയേയും മഹേഷ് ഷെട്ടിയേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. റിയ സുശാന്തിന്റെ ഗേൾഫ്രണ്ടാണെന്നും ബോളിവുഡിൽ സംസാരമുണ്ടായിരുന്നു.

അതേസമയം, സുശാന്ത് സിങിന്റെ മരണം കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കൾ പങ്കുവെയ്ക്കുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചിരുന്നു. അമിതമായി പണം പിൻവലിച്ചിട്ടില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും താരത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.

സുശാന്തിന്റെ സംസ്‌കാര ചടങ്ങുകൾക്കായി പാറ്റ്‌നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്റെ അമ്മാവൻ മരണത്തിൽ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ലെന്നും സുശാന്തിന്റെ അമ്മാവൻ പറഞ്ഞു. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സുശാന്തിൻറെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പോലീസ് ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

മലയാളികളെ ഞെട്ടിച്ച ഉത്തര വധക്കേസിൽസൂരജിനെ കുടുക്കിയത് ഈ പൊതുപ്രവർത്തകന്റെ സംശയങ്ങൾ .അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ ഇതിലെല്ലാം കാരണമായി മാറിയത്. ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. എന്തായാലും സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.

വേണുവിന്റെ സംശയങ്ങള്‍ വന്നതോടെ ഉത്രയുടെ വീട്ടുകാര്‍ക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ മൊഴിനല്‍കിയത്. ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.

ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി. തുടര്‍ച്ചയായുള്ള പാമ്പുകടികള്‍, നിരന്തരമായുള്ള പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടര്‍ന്ന് സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.

മുന്‍ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തതോടെ ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് ഇപ്പോള്‍ വധക്കേസായി മാറിയിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടറുടെ മൊഴിക്ക് സമാനമായ വിവരങ്ങളാണ് ശാസ്ത്രീയമായും പൊലീസിന് ലഭിച്ചിട്ടുള്ളത്. അണലി കടിക്കുന്നത് കാലിലാകുമെന്നാണ് വാവ സുരേഷ് അടക്കമുള്ളവരുടെ നിഗമനം. ഇതാണ് ഡോക്ടറും ശരിവയ്ക്കുന്നത്.

വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റത്. ഇതു സംശയം വരുത്തുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം അണലിയെ കൊണ്ടു കടുപ്പിക്കാനുള്ള സാധ്യതയാണ് ഈ മൊഴിയിലുള്ളത്. സൂരജ് അണലി വിലയ്ക്ക് വാങ്ങിയതും വീട്ടില്‍ കൊണ്ടു വന്നതുമെല്ലാം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ മൊഴിയിലൂടെ ഉത്രയെ പാമ്പ് കടിച്ചത് കാലിന് മുകളിലാണെന്നും വ്യക്തമാകുന്നു. ഇതോടെ ഉത്രയെ ബോധപൂര്‍വ്വം രണ്ടാമത്തെ അവസരത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന വസ്തുതയ്ക്ക് ബലമേകും.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ വിറങ്ങലിച്ച ബോളിവുഡ് ചലച്ചിത്രലോകത്തിന് വീണ്ടുമൊരു ഞെട്ടല്‍ കൂടി. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു.

സുശാന്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം. സുശാന്തിന്റെ മാതൃസഹോദരന്‍ പറഞ്ഞു.

അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷന്‍ ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും സംസ്‌കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.
സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ സപ്ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി പറഞ്ഞു. ബോളിവുഡ് ഇന്ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സപ്‌ന പറഞ്ഞു. ട്വീറ്റിലൂടെയാണ് സപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. 34 വയസ്സായിരുന്നു. ‘പവിത്ര രിഷ്ട’ എന്ന ടെലിവിഷന്‍ സീരീയലിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്തേക്കെത്തുന്നത്.

2019 ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. . 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നല്‍കുന്നത്.

ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.

 

ആലപ്പുഴ കാർത്തികപള്ളിയില്‍ ആത്മഹത്യചെയ്ത പന്ത്രണ്ടു വയസുകാരിയുടെ തലയിലും ശരീരഭാഗങ്ങളിലും ചതവുകൾ കണ്ടെത്തി. ഇതോടെ കുട്ടിക്ക് മര്‍ദനമേറ്റിരുന്നതായുള്ള നാട്ടുകാരുടെ പരാതി പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് ശരിവച്ചു. മുറിയില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തത് മരണത്തില്‍ ദരൂഹതയേറ്റി. ഇന്ന് രാവിലെയാണ് വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്

നാട്ടുകാര്‍ പറയുന്നത് അമ്മ അശ്വതി നിരന്തരമായി മകളെ ഉപദ്രവിച്ചിരുന്നു എന്നാണ്. ഇന്നലെ രാത്രിയിലും വഴക്കുണ്ടായി. ഇക്കാരണങ്ങളാലാകാം ആത്മഹത്യയെന്നാണ് ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് മര്‍ദനത്തില്‍ മകളുടെ കണ്ണിന് താഴെ പരുക്ക് പറ്റിയിരുന്നതായും അയയല്‍വാസികള്‍ പറയുന്നു. ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതികള്‍ പോയിരുന്നു.

മര്‍ദനം നടന്നുവെന്ന് തെളിയുംവിധം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനകളുണ്ട്. കുട്ടിയുടെ തലയിലും ശരീര ഭാഗങ്ങളിലും മൂന്ന് ചതവുകളുണ്ട്. ഇവയൊന്നും പക്ഷേ മരണകാരണമല്ല. തൂങ്ങിമരണമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പരിശോധനയില്‍ കിടപ്പുമുറിയില്‍നിന്ന് മദ്യവും ബ്ലേഡും കണ്ടെത്തി.

കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ കരുതിയതാണ് ബ്ലേഡ് എന്നാണ് പൊലീസ് നിഗനം. എങ്കിലും മദ്യക്കുപ്പി കണ്ടെത്തിയതില്‍ ദുരൂഹത ഏറുകയാണ്. അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ആത്മഹത്യചെയ്ത ഹര്‍ഷ. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്

RECENT POSTS
Copyright © . All rights reserved