സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ സപ്ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി പറഞ്ഞു. ബോളിവുഡ് ഇന്ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സപ്‌ന പറഞ്ഞു. ട്വീറ്റിലൂടെയാണ് സപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. 34 വയസ്സായിരുന്നു. ‘പവിത്ര രിഷ്ട’ എന്ന ടെലിവിഷന്‍ സീരീയലിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്തേക്കെത്തുന്നത്.

2019 ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. . 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നല്‍കുന്നത്.

ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.