Crime

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോൾവർഹാംപ്ടണിലെ പാർക്കിന് സമീപം 19 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 12 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഷോൺ സീസഹായ് എന്ന കൗമാരക്കാരനാണ് പ്രകോപനമൊന്നുമില്ലാതെ കുട്ടി കുറ്റവാളികളുടെ ആക്രമണത്തിന് ഇരയായത്.


പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആൺകുട്ടികൾ പരസ്പരം കുറ്റപ്പെടുത്താൻ ആണ് ശ്രമിച്ചത് . പ്രതികളുടെ പ്രായം കണക്കിലെടുത്ത് വിചാരണയ്ക്കായി കോടതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിരുന്നു. ജഡ്ജിയും അഭിഭാഷകരും ഗൗണുകളും തൊപ്പികളും ധരിച്ചിരുന്നില്ല. പ്രതികളെ കോടതിയിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം ഇരിക്കാൻ അനുവദിക്കുകയും ചെയ്തു.

ഇതിന് മുൻപ് 11 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ കൊലപാതകത്തിൽ യുകെയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1993 -ൽ റോബർട്ട് തോംസണും ജോൺ വെനബിൾസും ശിക്ഷിക്കപ്പെട്ടത് രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയതിനാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്ത് വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ പ്രൈമറി സ്കൂൾ ടീച്ചിങ് അസിസ്റ്റൻറ് കുറ്റക്കാരിയെന്ന് കോർക്ക് ക്രൗൺ കോടതി കണ്ടെത്തി. ഡെന്നിസ് പോവാൽ എന്ന് പേരുകാരിയായ ഇവർക്ക് 8 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.

റിപ്പണിൽ നിന്നുള്ള ഡെനിസ് പോവാലിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കൽ, സ്പർശനത്തിലൂടെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചിരിക്കുന്നത്. നിലവിൽ 61 വയസ്സുള്ള ഇവർ കുട്ടിയെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു. വളരെ ധീരതയോടെ താൻ നേരിട്ട ദുരനുഭവത്തിനെതിരെ ഇരയായ കുട്ടി മുന്നോട്ട് വന്നുവെന്ന് നോർത്ത് യോർക്ക്ഷെയർ പോലീസിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ മോറിസ് പറഞ്ഞു. പ്രതി എല്ലാ കുറ്റവും കോടതിയിൽ നിഷേധിച്ചിരുന്നു. എന്നാൽ ഇന്നലെ യോർക്ക് ക്രൗൺ കോടതി ഇവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2023 -ൽ വിദ്യാഭ്യാസ, ശിശു സംരക്ഷണ മേഖലയിൽ 347 സൈബർ ആക്രമണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022 നെ അപേക്ഷിച്ച് ഇത് 55 % വർദ്ധനവാണ് കാണിക്കുന്നത്.

ഇൻഫർമേഷൻ കമ്മീഷൻ ഓഫീസ് ആണ് ഈ ഞെട്ടിക്കുന്നത് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത് . മിക്ക സ്കൂളുകളിലും കോളേജുകളിലും കഴിഞ്ഞവർഷം സൈബർ സുരക്ഷാ ലംഘനം കണ്ടെത്തിയതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന സൈബർ ആക്രമണങ്ങൾ താത്കാലികമായ പ്രവർത്തി തടസ്സത്തിനും ചുരുക്കം ചില സ്ഥലങ്ങളിൽ ആഴ്ചകളോളം അടച്ചുപൂട്ടലിനോ വഴിയൊരുക്കിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കണമെന്നതിനെ കുറിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ സംഘത്തെ നിയോഗിച്ചതായി ഡിപ്പാർട്ട്മെൻറ് ഓഫ് എജുക്കേഷൻ വ്യക്തമാക്കി. സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകളും സോഫ്റ്റ്‌വെയർ സംവിധാനവും തടസ്സപ്പെടുത്തുന്നതിലൂടെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം താളം തെറ്റിക്കുകയാണ് സൈബർ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈസ്റ്ററിന് തൊട്ടുമുമ്പ് നടന്ന ആക്രമണത്തിൻ്റെ ഫലങ്ങൾ തൻ്റെ സ്കൂളുകൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് എംബ്രേസ് മൾട്ടി-അക്കാദമി ട്രസ്റ്റ് സിഇഒ ഷാരോൺ മുള്ളിൻസ് പറയുന്നു. സൈബർ ആക്രമണങ്ങളിൽ പല സ്കൂളുകളിലെയും ലഞ്ച് പീരീഡ്സിനെ പോലും സാരമായി ബാധിച്ചു. കുട്ടികൾക്ക് പണം അടയ്ക്കാൻ സാധിക്കാത്തതുമൂലം പലസ്ഥലങ്ങളിലും ഭക്ഷണത്തിനായുള്ള ക്യൂ ഇരട്ടിയായതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു . സൈബർ ആക്രമണത്തെ തുടർന്ന് പല വിദ്യാർത്ഥികൾക്കും ലഭിച്ച അസൈൻ്റ് മെൻ്റുകൾ അപ്‌ലോഡ് ചെയ്യാൻ യഥാസമയം സാധിച്ചില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

വടക്ക് കിഴക്കേ ലണ്ടനിൽ വാളുമായി കൊലയാളിയുടെ അഴിഞ്ഞാട്ടത്തിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഇതിനെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി ചേർന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മലയാളികളെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു 2022 മാർച്ച് 5-ാം തീയതി ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ വച്ച് ഒരു മലയാളി പെൺകുട്ടിക്ക് കുത്തേറ്റത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംമ്പർ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . സംഭവം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഇപ്പോൾ വിചാരണ പൂർത്തിയായി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. 16 വർഷം തടവു ശിക്ഷയാണ് ഇയാൾക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ പൊതുസ്ഥലത്ത് ആയുധം കൈവച്ചതിന് 12 മാസം തടവ് ശിഷ വേറെയും അനുഭവിക്കണം.

ഇരയാക്കപ്പെട്ട മലയാളി യുവതിയും ഇയാളും പഠന സമയത്ത് ഹൈദരാബാദിൽ വച്ചാണ് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത് . പിന്നീട് ഇവർ സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തി. എന്നാൽ യുകെയിൽ വച്ച് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പെൺകുട്ടി ഇയാളിൽനിന്ന് അകന്നതാണ് ക്രൂരകൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്.

പ്രതി ആക്രമണത്തിനായി ഒട്ടേറെ തയാറെടുപ്പുകൾ നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു. യുകെയിൽ വച്ച് കൊലപാതകം നടത്തുന്ന വിദേശിക്ക് എന്ത് സംഭവിക്കും, എങ്ങനെ പെട്ടെന്ന് ഒരാളെ കൊല്ലാം തുടങ്ങി ഇയാൾ ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ വിശദാംശങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് ഇയാൾ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ ഇനി യുവതിയുമായി നേരിൽ കാണുന്നതിൽ നിന്നും കോടതി ആജീവനാന്തകാലം ഇയാളെ വിലക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ് ത് 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന റിച്ചാർഡ് ബറോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഹീത്രു എയർപോർട്ടിൽ വച്ച് ബറോസിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 1969 നും 1971 നും ഇടയിൽ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.

1997 ചെസ്റ്റർ കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാൾ തായ് ലൻഡിലേയ്ക്ക് ഒളിവിൽ പോയത്. ചെസ്റ്റർ കോടതിയിൽ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉൾപ്പെടെ 13 കേസുകളാണ് ഇയാൾക്ക് എതിരെയുള്ളത്. ഇതിൽ ചില കുറ്റകൃത്യങ്ങൾ ചെഷയറിലെ ഒരു ചിൽഡ്രൻ ഫോമിലും മറ്റുള്ളവ മിഡ് ലാൻ്റിലുമാണ് നടന്നത് . ഒളിവിൽ പോയ പ്രതിയുടെ അറസ്റ്റ് ഉറപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നാഷണൽ ക്രൈം ഏജൻസിയുടെ സഹകരണത്തോടെ അന്വേഷണം നടത്തി വരുകയായിരുന്നു. അങ്ങനെയാണ് ഇയാൾ തായ്‌ലൻ്റിൽ ഒളിവിൽ കഴിയുന്നതും യുകെയിലേക്ക് വരാൻ പദ്ധതിയിടുന്നതുമായ വിവരങ്ങൾ തിരിച്ചറിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മ കേരളത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. സാറാമ്മ എന്ന 72 വയസ്സുകാരിയായ വയോധികയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കോതമംഗലം നഗരസഭയിലെ 6-ാം വാർഡായ കള്ളാടാണ് ഒരു നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3. 45 ഓടെ ടീച്ചറായ മരുമകൾ ജോലി കഴിഞ്ഞ് എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ജീവനക്കാർ കഴിഞ്ഞവർഷം മാത്രം 84,000 -ലധികം ലൈംഗികാതിക്രമങ്ങൾ നേരിട്ടതായി കണ്ടെത്തി. സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയിലാണ് ജോലി ചെയ്യുന്നത് എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭീക്ഷണിപ്പെടുത്തൽ, വിവേചനം, രോഗികളുടെ സുരക്ഷ എന്നിവയെ പറ്റി കടുത്ത ആശങ്കയാണ് സർവേയുടെ ഫലമായി ഉരുത്തിരിഞ്ഞിരിക്കുന്നത്.

58, 500 – ലധികം വരുന്ന ജീവനക്കാരിൽ 8.6 % പേർ രോഗികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ലൈംഗിക സംഭാഷണമോ അനുചിതമായ സ്പർശനമോ പെരുമാറ്റമോ അനുഭവിച്ചവരാണ്. സഹപ്രവർത്തകരിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി 26 ,000 ജീവനക്കാരാണ് പറഞ്ഞത്.

ഏറ്റവും കൂടുതൽ മോശം അനുഭവം നേരിട്ട ഒരു വിഭാഗം ആംബുലൻസ് ജീവനക്കാരാണ്. ആംബുലൻസ് പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്ന് ഒരു ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം പലരും ചൂണ്ടി കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആയിരക്കണക്കിന് ക്യാമറകളാണ് ആംബുലൻസ് ട്രസ്റ്റുകൾക്ക് നൽകിയിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ആംബുലൻസ് ജീവനക്കാർക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മുതൽ സുരക്ഷാപ്രശനങ്ങൾ ഉന്നയിക്കാനുളള ജീവനക്കാരുടെ ആത്മവിശ്വാസത്തിൽ 6% കുറവുണ്ടായതായി സർവേ കണ്ടെത്തി. കഴിഞ്ഞവർഷം 58,000 എൻഎച്ച്എസ് ജീവനക്കാർ പൊതുജനങ്ങളിൽ നിന്ന് അനാവശ്യ പെരുമാറ്റം നേരിട്ടതായുള്ള റിപ്പോർട്ട് സങ്കടകരമാണെന്നും അത്തരം പെരുമാറ്റം എൻഎച്ച് എസ് വച്ച് പൊറുപ്പിക്കുകയില്ലെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് വർക്ക് ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ ഡോ. നവീന ഇവാനോ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എക്സെറ്ററിലെ നേഴ്സിംഗ് ഹോമിലെ അന്തേവാസിയെ ശാരീരികമായി ഉപദ്രവിച്ചതിന് മലയാളിയായ കെയർ ഹോം ജീവനക്കാരന് ജയിൽ ശിക്ഷ വിധിച്ചു. എക്‌സെറ്ററിലെ ലാംഗ്‌ഫോർഡ് പാർക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജിനു ഷാജുവിനാണ് ശിക്ഷ ലഭിച്ചത്. 94 വയസ്സുകാരനായ ഒരു വയോധികനോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെയാണ് പോലീസിൽ പരാതി ലഭിച്ചത്. വൃദ്ധന്റെ കാലുകൾ പിടിച്ച് തലയ്ക്ക് മുകളിലൂടെ പിന്നിലേയ്ക്ക് തള്ളുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വയോധികന്റെ വേദന കൊണ്ടുള്ള കരച്ചിലും നിർത്താതെയുള്ള അഭ്യർത്ഥനയും ഇയാൾ അവഗണിക്കുകയും നാലു മിനിറ്റോളം ശാരീരിക ഉപദ്രവം തുടരുകയും ചെയ്തു. കെയർ ഹോമിലെ താമസക്കാരന്റെ ബന്ധുക്കൾ സ്ഥാപിച്ച ഒളിക്യാമറയിലൂടെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.

കെയർ ഹോമിലെ ശാരീരിക പീഡനം പരാതിയായതോടെ 26 വയസ്സുകാരനായ പ്രതി കേരളത്തിലേക്ക് കടന്നു കളഞ്ഞിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വിചാരണയ്ക്ക് ശേഷം എക്സെറ്റർ ക്രൗൺ കോടതിയാണ് ഇയാൾക്ക് ഒരു വർഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തത് . ക്രൂരതയ്ക്ക് ഇരയായ വയോധികൻ പിന്നീട് മരണമടഞ്ഞിരുന്നു. 38 വർഷത്തെ തന്റെ കെയർ ഹോം പരിചരണകാലത്ത് ജിനു ഷാജു ചെയ്തതു പോലെയുള്ള ക്രൂരത ഒന്നും താൻ കണ്ടിട്ടില്ലെന്നാണ് കെയർ ഹോം മാനേജർ വിചാരണ വേളയിൽ പറഞ്ഞത്. മുത്തച്ഛൻ വേദന കൊണ്ട് യാചിക്കുന്ന ശബ്ദം മരണം വരെ തന്റെ കാതുകളിൽ മുഴങ്ങുമെന്നാണ് ഈ വയോധികന്റെ കൊച്ചുമകൻ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

യുകെയിൽ ഉടനീളം ഏകദേശം 17 , 110 കെയർ ഹോമുകളിലായി 4 ലക്ഷം അന്തേവാസികൾ ഉണ്ട്. ഒട്ടേറെ മലയാളികൾ ആണ് യുകെയിലെ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ വിസയ്ക്കായി ലക്ഷങ്ങൾ കൈക്കൂലി മേടിക്കുന്ന ഏജൻസികളെ കുറിച്ച് വൻ ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ കുടിയേറ്റ നയവുമായി യുകെ സർക്കാർ മുന്നോട്ടുവന്നത്. മാർച്ച് 11 മുതൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്ന നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് .

യാതൊരു ജോലി പരിചയവും ആത്മാർത്ഥതയും അർപ്പണബോധവുമില്ലാതെ എങ്ങനെയും യുകെയിലെത്താൻ മാത്രമായി കെയർ ജോലിക്കാരൻ്റെ കുപ്പായം അണിഞ്ഞ് ഒട്ടേറെ മലയാളികളാണ് യുകെയിലെത്തിയത്. ഇതു കൂടാതെ കെയർ മേഖലയിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. അന്തേവാസികളായ വ്യക്തികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന ജീവനക്കാർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ശക്തമായ നടപടികളുമാണ് കാത്തിരിക്കുന്നത്

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയില്‍ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ് എന്നാണ് സൂചന. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ.

അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved