Crime

കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് വെച്ച കെണിയില്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് സംഭവം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്ഫോടനത്തില്‍ തകരുകയായിരുന്നു. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്.

പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു. കാട്ടുപന്നിയെ പിടികൂടാനായി ചിലര്‍ ഒരുക്കിയ കെണിയിലാണ് പിടിയാന അകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആന ചെരിഞ്ഞത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ ആന അസഹ്യമായ വേദന സഹിച്ചാണ് ചത്തത്. ഭക്ഷണം കഴിക്കാനാകാത്തതോടെ ജനവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു.

നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും ചങ്ക് തകര്‍ക്കുന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.

അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.11 ദിവസം മൂര്‍ഖന്‍ പാമ്പിനെ പട്ടിണിയ്ക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് പ്രതി സൂരജിന്റെ കുറ്റസമ്മതം. കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയില്‍.

ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ കുപ്പിക്കുള്ളിലായിരുന്നു മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചത്. ഉത്രയുടെ ശരീരത്തിലേയ്ക്ക് തുറന്നു വിട്ട ഉടന്‍ പാമ്പ് തന്റെ നേരെ ചീറ്റുകയായിരുന്നു. തുടര്‍ന്ന് ഉത്രയെ ആഞ്ഞു കൊത്തുകയും ചെയ്തുവെന്ന് പ്രതി സൂരജ് പറഞ്ഞു.

ഭക്ഷണമില്ലാതെ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ ചീറ്റലില്‍ താന്‍ ഭയന്നു. അണലിലെ കൊണ്ട് കടുപ്പിച്ചത് മാര്‍ച്ച് 2 ന് രാത്രി 12. 45 ന് ആയിരുന്നു എന്ന് പ്രതി പറയുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്തതില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്നതായി സഹോദരി സമ്മതിച്ചു.

അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും.

കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയയാളുടെ മൃതദേഹത്തെ പോലും ഉപദ്രവിച്ച് ചിലർ. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ സമീപവാസികൾ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാതികത്തിയ മൃതദേഹവുമായി കുടുംബത്തിന് ഓടിരക്ഷപ്പെടേണ്ടിവന്നു. ഒടുവിൽ അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വേറൊരിടത്ത് ശവസംസ്‌കാരം നടത്തി.

ജമ്മു ദോഡ സ്വദേശിയായ 72കാരന്റെ കുടുംബത്തിനാണ് ഈ ദുര്യോഗം. ജമ്മുമേഖലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളാണ് ഇദ്ദേഹം. ജമ്മു മെഡിക്കൽ കോളേജിൽ തിങ്കളാഴ്ചയാണ് 72കാരൻ മരിച്ചത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ തൊട്ടടുത്ത ദൊമാനയിലുള്ള ശ്മശാനത്തിൽ ചിതയൊരുക്കുകയായിരുന്നു.

ഇതിനിടെയാണ് ചിത കത്തിത്തുടങ്ങിയപ്പോഴേക്കും നാട്ടുകാർ സംഘടിതരായി വന്ന് ആക്രമണം അഴിച്ചുവിട്ടത്. പരേതന്റെ അടുത്തബന്ധുക്കളും ഭാര്യയും രണ്ടുമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്ലുംവടികളുമായി വന്ന അക്രമികളിൽനിന്നു രക്ഷപ്പെടാൻ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടേണ്ടിവന്നെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞു. പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. കൂടെവന്ന ഉദ്യോഗസ്ഥർ അപ്രത്യക്ഷരായി. എന്നാൽ ആരോഗ്യപ്രവർത്തകരും ആംബുലൻസ് ഡ്രൈവറും ആത്മാർത്ഥമായി സഹകരിച്ചു അദ്ദേഹം പറഞ്ഞു.

പിന്നീട് കനത്ത സുരക്ഷയിൽ, ഭഗവതി നഗറിലുള്ള ശ്മശാനത്തിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശവസംസ്‌കാരം നടന്നു. സ്വന്തംജില്ലയായ ദോഡയിലേക്കു മൃതദേഹംകൊണ്ടുപോകാൻ അനുമതിതേടിയെങ്കിലും ഇവിടെത്തന്നെ സംസ്‌കരിക്കാൻ അധികൃതർ നിർബന്ധിക്കുകയായിരുന്നു.

അഞ്ചൽ ഉത്രവധക്കേസിൽ സൂരജിന്റെ കുടുംബത്തിന് കുരുക്ക് മുറുകുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇരുവരേയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

ഇതിനിടെ, ഉത്രയുടെ സ്വർണത്തെക്കുറിച്ച് അന്വേഷണസംഘം കണക്കെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. അടൂരിലെ ബാങ്കിലെ ലോക്കർ പരിശോധിച്ച് സ്വർണ്ണത്തിന്റെ വിവരങ്ങൾ ശേഖരിക്കും.

സൂരജിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണ്ണം കഴിഞ്ഞദിവസം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരെ ബുധനാഴ്ച അടൂരിലെത്തിച്ച് തെളിവെടുക്കും.

കേസിലെ മറ്റുപ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ ചാത്തന്നൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.

തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം അമ്മയെ കൊലപ്പെടുത്തിയ മകന്റെ വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. 55കാരിയായ കുഞ്ഞന്നാമ്മയെ കൊലപ്പെടുത്തിയ മകന്‍ 27കാരന്‍ നിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിതിന്റെ മൊഴികള്‍ വ്യത്യസ്ഥമാണ്. അമ്മയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിക്കുമ്പോള്‍ അമ്മയെക്കുറിച്ച് കുറ്റങ്ങള്‍ മാത്രമേ നിതിന് പറയാനുണ്ടായിരുന്നുള്ളൂ. നിതിന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള്‍ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കള്‍ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്‍കിയില്ലെന്നും ഉപദ്രവിച്ചതായും നിതിന്‍ പറഞ്ഞു.

അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന്‍ അതേ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയും തുടര്‍ന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച് പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരിയിലാണു നിതിന്‍ നാട്ടിലെത്തിയത്.

വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച് നല്‍കുമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന്‍ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ നിതിനും അമ്മയും തമ്മില്‍ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

വളാഞ്ചേരിയില്‍ തീകൊളുത്തിമരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ “ഞാന്‍ പോകുന്നു” എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

അതേസമയം സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.

സ്മാര്‍ട്ട്‌ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി. ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

കൊല്ലം ∙ അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. നേരത്തെ, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 36 പവൻ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

സ്വർണം കാണിച്ചു കൊടുത്തത് സുരേന്ദ്രനണ്. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

ഉത്ര കൊലക്കേസില്‍ തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി സൂരജിന്റെ വെളിപ്പെടുത്തല്‍. ഉത്രയെ ആദ്യം കടിച്ച അണലിയെ
പാമ്പുപിടുത്തക്കാരന്‍ സുരേഷ് വീട്ടിലെത്തിയാണ് കൈമാറിയത്. അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പോലീസിനോട് സമ്മതിച്ചത്.

ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.

വീട്ടില്‍ കണ്ടത് ചേരയാണെന്നും അതിനെ താന്‍ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് പാമ്പിനെ സ്റ്റെയര്‍കേസില്‍ കൊണ്ടിട്ടത്. ഉത്രയോട് മുകളിലുള്ള ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടന്‍ തന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.

അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാല്‍ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പിനെ സുരേഷില്‍ നിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂര്‍ഖനെ സൂരജ് കൈപ്പറ്റിയത്.

ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചല്‍ ഏറത്തുള്ള വീട്ടില്‍വെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാര്‍ത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.

കൂടാതെ, സൂരജിനെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതും നിയമവിദഗ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവില്‍ പോയത്. ഫോണ്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ സഹോദരി ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതികളായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അധ്യാപികയെ വീട്ടമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. നങ്ങ്യാര്‍കുളങ്ങര ടി കെ .എം .എം.കോളേജിന് സമീപം കളത്തില്‍ ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദിനെയാണ് (40) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് പ്രേമ. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പ്രേമയുടെ മൃതദേഹം കണ്ടത്. വീട്ടിലെ അടുക്കളക്ക് സമീപത്തായായിരുന്നു മൃതദേഹം. സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. മേല്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

വെള്ളിയാഴ്ച രാത്രി പ്രേമ അത്താഴം കഴിച്ച് കിടന്നതാണെന്ന് ഭര്‍തൃമാതാവ് സൗദാമിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് കിണറിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയില്‍ കാണുകയായിരുന്നുവെന്നും സൗദാമിനി പറഞ്ഞു.

അമ്മയെ മകൻ വെട്ടിക്കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്

Copyright © . All rights reserved