അഞ്ചലിലെ ഉത്ര വധക്കേസില്‍ തനിയ്ക്ക് ഒരു പങ്കുമില്ലെന്ന് രണ്ടാംപ്രതി സുരേഷ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല.
തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനിക്ക് മാപ്പ് തരുമെന്നും കോടതിവളപ്പില്‍ വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുരേഷ് പറഞ്ഞു.
എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസില്‍ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സുരേഷിന്റെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.
സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കല്‍ സുരേഷാണ്. ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പോലീസിന്റെ പ്രതികരണം. വരുംദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
ഗോവയില്‍ മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം. അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാസപരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.
അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത്.
ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.
അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഗോവയിലെത്തിയത്.
ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.
അഞ്ജനയെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്.
പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചത്.
തെലങ്കാനയില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മഖ്സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.
ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു ശേഷം കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേയ് 22 നാണ് തെലങ്കാനയിലെ വാറങ്കലില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ ആറ് പേര്‍, ത്രിപുരയില്‍ നിന്നുള്ള ഒരാള്‍, ബീഹാറില്‍ നിന്നുള്ള രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്.
മരിച്ചവരെല്ലാം ചണച്ചാക്ക് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്. മരിക്കുന്നതന് രണ്ടുദിവസം മുന്‍പ് ഇവരെയെല്ലാം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കമ്പനിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.
വാര്‍ത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കേരളം എന്നത് വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സംഭവം വന്‍ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.
കാലടി മണപ്പുറത്ത് പണിത മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കാലടി മണപ്പുറത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പൊളിച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളും നായകന്‍ ടൊവിനോ തോമസും വ്യക്തമാക്കി.
സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി
ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിനെയും കൊണ്ട് അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാവിലെ അഞ്ചരയോടെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്.
അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കൾ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു. മകളെ കൊന്ന അവനെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ കരഞ്ഞു. ഉത്രയുടെ അച്ഛനും പ്രതി സൂരജിനെ കണ്ടതോടെ ക്ഷുഭിതനായി.
ഇതോടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞു. എനിക്കൊന്നും കേൾക്കേണ്ടെന്നായിരുന്നു ഉത്രയുടെ അച്ഛന്റെ മറുപടി. വീട്ടിലെത്തിയ പൊലീസ് സംഘം സൂരജും ഉത്രയും കിടന്ന മുറി പരിശോധിച്ചു. ഉത്ര കിടന്ന സ്ഥലം സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉത്രയെ കൊലപ്പെടുത്താൻ മൂർഖൻപാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാർ പൊലീസിന് കാട്ടിക്കൊടുത്തത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
പ്രതി സൂരജിനെയും പാമ്പു നൽകിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു.
അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.
മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശി സുരേഷിൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും പാമ്പിനെ കടിപ്പിക്കാനുള്ള വൈദഗ്ധ്യം പഠിച്ചെടുത്തിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26-ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്.
വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ ഉത്രയുടെ മേൽ കുടഞ്ഞിട്ട് ഇയാൾ അവരെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിങ് റൂമിന്റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.
ഉത്രയും സൂരജും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുകയായിരുന്നു. സൂരജിന്റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാർ വിവാഹസമയത്ത് നൽകിയ 110 പവനിൽ നിന്ന് 92 പവൻ ലോക്കറിൽ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്‍റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി.
ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്‍റെ കുടുംബം കൂട്ടിച്ചേർത്തു.മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.
സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തിൽ ഉത്രയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം.
മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍.
ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.
മാര്‍ച്ച് രണ്ടാണ് സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു.
സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും ഭര്‍ത്താവ് സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.
അതേസമയം, സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം.
ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.
ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.
അതേസമയം, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍.
എറണാകുളം പെരുമ്പാവൂര്‍ പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ഇന്നലെയാണ് . ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി.
ആറുമാസം കൂടുമ്പോഴാണ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ വൃത്തിയാക്കാറുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴാണ് മൃതദേഹം പുകക്കുഴലിന് അകത്ത് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഴക്കം നിര്‍ണയിക്കാനാകൂ.
പ്ലൈവുഡ് കന്പനിയിലെ ജീവനക്കാരെ ആരെയും സമീപകാലത്ത് കാണാതായിട്ടില്ല. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മൃതദേഹം പുകക്കുഴലില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതല്‍ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൊലപാതക കാരണത്തെക്കുറിച്ചു വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. മരിച്ചത് ഇതര സംസ്ഥാനകാരനാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്താകാം കൊലപാതകം നടത്തിയിരിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലത്തു ഒളിപ്പിച്ച മൃതദേഹം ലോക്ക്ഡൗണ്‍ വിലക്കുകള്‍ പിന്‍വലിക്കുന്ന സമയത്താണ് കാണുന്നതും. ആളെ കാണാനില്ലെന്ന രീതിയില്‍ പ്രദേശവാസികളുടെ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം നീളുന്നത്.
കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ഇതിനിടെ കൊല്ലപ്പെട്ടത് സ്ത്രീ ആണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് പട്ടിമറ്റത്തു മൃതദേഹം കണ്ടെത്തിയത്. വാള്‍ മാക്‌സ് പെയിന്റ് കമ്പനിക്ക് സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടത്
കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.
റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു.
അതേസമയം മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു.
സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.