എറണാകുളം പെരുമ്പാവൂര്‍ പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ഇന്നലെയാണ് . ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി.

ആറുമാസം കൂടുമ്പോഴാണ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ വൃത്തിയാക്കാറുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴാണ് മൃതദേഹം പുകക്കുഴലിന് അകത്ത് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഴക്കം നിര്‍ണയിക്കാനാകൂ.

പ്ലൈവുഡ് കന്പനിയിലെ ജീവനക്കാരെ ആരെയും സമീപകാലത്ത് കാണാതായിട്ടില്ല. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മൃതദേഹം പുകക്കുഴലില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതല്‍ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൊലപാതക കാരണത്തെക്കുറിച്ചു വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. മരിച്ചത് ഇതര സംസ്ഥാനകാരനാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്താകാം കൊലപാതകം നടത്തിയിരിക്കുന്നത്.

ആളൊഴിഞ്ഞ സ്ഥലത്തു ഒളിപ്പിച്ച മൃതദേഹം ലോക്ക്ഡൗണ്‍ വിലക്കുകള്‍ പിന്‍വലിക്കുന്ന സമയത്താണ് കാണുന്നതും. ആളെ കാണാനില്ലെന്ന രീതിയില്‍ പ്രദേശവാസികളുടെ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം നീളുന്നത്.

കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ഇതിനിടെ കൊല്ലപ്പെട്ടത് സ്ത്രീ ആണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് പട്ടിമറ്റത്തു മൃതദേഹം കണ്ടെത്തിയത്. വാള്‍ മാക്‌സ് പെയിന്റ് കമ്പനിക്ക് സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടത്